നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, April 2, 2021

പരിശുദ്ധ മാസത്തിന്‌ സ്വാഗതം

മുല്ലശ്ശേരി:സര്‍‌വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങൾ പെയ്‌‌തിറങ്ങുന്ന ഒരു റമദാന്‍ വസന്തത്തിന്‌ കൂടി സാക്ഷ്യം വഹിക്കാനുള്ള സൗഭാഗ്യം പടി വാതിലിൽ എത്തി നിൽക്കുകയാണ്.

ആരാധനയും പ്രാർത്ഥനയും സഹനവും സമർപ്പണവും കാരുണ്യവും പരക്ഷേമ തൽപരതയും എല്ലാം ഉൾച്ചേർന്ന റമദാനിലൂടെ സഞ്ചരിക്കുന്ന ഓരോ വിശ്വാസിയും  അനിര്‍ വചനീയമായ ആത്മീയാനുഭൂതിയാണ് സ്വായത്തമാക്കുന്നത്.


ഭൂമിയിൽ അല്ലാഹു നൽകിയ ആയുസ്സ് മുഴുവൻ അഭിമാനത്തോടെ ജീവിക്കാനുള്ള കരുത്ത് നേടിയെടുക്കുവാനുമുള്ള സന്ദർഭമാണ് റമദാൻ. ജീവിതം മുഴുവൻ സർവ്വശക്തന്റെ മുമ്പിൽ സമർപ്പിച്ചു പുണ്യ കർമ്മങ്ങളിൽ സജീവരാകാനും അല്ലാഹു വിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ട് ജീവിതത്തെ പുതുക്കിപ്പണിയാനുള്ള ശിക്ഷണ പാഠ ശാല കുടിയാണ് റമദാൻ.

വിശ്വാസികള്‍ പരിശുദ്ധ റമദാനിനെ സ്വാഗതം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്‌.പ്രാദേശിക തലത്തില്‍ ഓണ്‍ ലൈനിലും ഓഫ്‌ലൈനിലും വിജ്ഞാന സദസ്സുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍‌ട്ട്‌ ചെയ്യപ്പെടുന്നു.

ഏപ്രില്‍ 4,8,10 ദിവസങ്ങളില്‍ കാരക്കാട്‌,വെങ്കിടങ്ങ്,പാവറട്ടി,പാടൂര്‍ എന്നീ സ്ഥലങ്ങളില്‍ യഥാക്രമം എം.എ ആദം മൗലവി,അബ്‌‌ദുല്‍ അസീസ്‌ മഞ്ഞിയില്‍,മുനീര്‍ വരന്തരപ്പിള്ളി,ഇ.എം അമീന്‍ തുടങ്ങിയ  പ്രഗത്ഭര്‍  പ്രഭാഷണം നടത്തുന്നു.വൈകുന്നേരം 4.30 നാണ്‌ സദസ്സ്‌ ആരം‌ഭിക്കുക എന്ന്‌ പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രദേശത്തെ ഗുണകാം‌ക്ഷയുടെ നേതൃത്വത്തില്‍ 2021ഏപ്രിൽ 6 മുതൽ 11 വരെ ഓരോ ദിവസവും സുബ്ഹി നമസ്‌‌കാര ശേഷം ഓണ്‍ ലൈന്‍ പ്രഭാഷണ പരമ്പരയും ഒരുക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മർഹബൻ റമദാൻ എന്ന പരിപാടിയില്‍ ഡോ:അബ്‌ദുല്ലത്തീഫ്,ശറഫുദ്ദീൻ നദ്‌വി,യൂസഫ് അന്‍‌സാരി,റഹ്‌‌മത്തെ ഇലാഹി നദ്‌വി,അബ്‌‌ദുല്‍ അസിസ് മഞ്ഞിയിൽ.പി.കെ. ജമാൽ തുടങ്ങിയ പ്രഭാഷകര്‍ പങ്കെടുക്കും.