''വിധിയെന്തുമാകട്ടെ ക്ഷമിക്കുക നീ,
നിന്റെ വേദനകള്‍ ആനന്ദത്തിലേക്ക്
മൊഴിമാറ്റം ചെയ്യപ്പെടുന്നത് വരെ''-
(ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി)
എത്ര സുന്ദരമായ, അര്‍ഥഗര്‍ഭമായ വാക്കുകള്‍! ഇന്നല്ലെങ്കില്‍ നാളെ നിന്റെ വിളിക്ക് നാഥന്‍ ഉത്തരം നല്‍കും എന്നുള്ള ഈമാനിക പ്രതീക്ഷയാണിവിടെ കവി കാല്‍പനികമായി പങ്കുവെക്കുന്നത്. ആധുനിക കാലത്ത് മനുഷ്യന് നഷ്ടമായ ഒരു മൂല്യമാണ് ''ക്ഷമ'' എന്നുള്ളത്. ''തീര്‍ച്ചയായും അള്ളാഹു ക്ഷമിക്കുന്നവരോട് കൂടെയാണ് (ഖുര്‍ആന്‍ 2:153 )
ഇസ്ലാമിക തത്വശാസ്ത്രം പടിഞ്ഞാറ് കൂടുതല്‍ പുല്‍കുകയും, പ്രസ്തുത അധ്യാപനങ്ങളെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തി ഗ്രന്ഥങ്ങള്‍ രചിച്ച് തത്വ-ഭൌതീക-സാഹിത്യ-ശാസ്ത്ര രംഗങ്ങളില്‍ മുന്നേറുകയും, മുസ്ലിം -അറബ് ലോകം അത്തരം മഹാന്മാരെ തള്ളി പടിഞ്ഞാറിനെ പുല്‍കാന്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന ഒരു കാലത്തിന്റെ നിഴലില്‍ ഇരുന്നു വേണം സുഹൃത്തുക്കള്‍ ഇത്തരം വരികളും അവരുടെ ജീവിതവും വായിക്കാന്‍..
പേര്‍ഷ്യയില്‍ ക്രി.1077-ല്‍ ആയിരുന്നു അദ്ധേഹത്തിന്റെ ജനനം എന്ന് വിശ്വസിക്കപ്പെടുന്നു. ചെറുപ്പത്തിലേ അദ്ദേഹത്തിന് തന്റെ പിതാവും അക്കാലത്തെ പ്രശസ്ത പണ്ഡിതനും ആയ അബുസ്വാലിഹ് മൂസ എന്നവരെ നഷ്ടമായി. പിന്നീടങ്ങോട്ട് തന്റെ പ്രിയ മാതാവിനൊപ്പമായിരുന്നു അദ്ധേഹത്തിന്റെ ജീവിതം. സദാ സമയവും ഇലാഹീ ചിന്തയില്‍ മുഴുകിയിരുന്ന ആ മഹതി തന്റെ മകനെ ദീനിചിട്ടയില്‍ വളര്‍ത്തി. ഇമാം അബ്ദുല്‍ ഖാദിര്‍ ആകട്ടെ ചെറുപ്പം മുതലേ എഴുത്തിലും വായനയിലും അതീവ തല്പരനും ആയിരുന്നു.ദിവസങ്ങളും മാസങ്ങളും പിന്നിട്ടു, ആ പട്ടണം അദ്ധേഹത്തിന്റെ വിജ്ഞാനത്തോടുള്ള ദാഹം തീര്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. അദ്ദേഹം അങ്ങിനെ അറിവ് തേടി ബാഗ്ദാദ് എന്ന മഹാ നഗരത്തിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. അദ്ദേഹം തന്റെ വന്ദ്യ മാതാവിനെ സമീപിച്ചു ഇങ്ങനെ പറഞ്ഞു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
'പ്രിയ മാതാവേ, എത്രത്തോളം അറിവ് എനിക്ക് സമ്പാദിക്കാന്‍ എനിക്ക് കഴിയുമോ അത്രത്തോളം എന്നെ അതിനു അനുവദിക്കൂ.., എന്തെന്നാല്‍ അറിവില്ലാത്തവന്‍ മൂഡനും ഉപകാരമില്ലത്തവനും ആയി പരിഗണിക്കപ്പെടും. അവര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ദ്യനായി തീരും. അവനൊരു അന്ധനെ പോലെ.. ചുറ്റും നടക്കുന്നതോ നാളെ പരലോകത്ത് നടക്കാന്‍ പോകുന്നതോ എന്താണെന്നു അവനറിയാന്‍ കഴിയില്ല. എല്ലായിടത്തുനിന്നും ഒഴിവാക്കപ്പെടുന്ന അവന്റെ അവസ്ഥ മരിച്ചവനെ പോലെയാകും, എന്നാല്‍ അറിവുള്ളവന്‍ നല്ലവനായി അറിയപ്പെടും, അള്ളാഹു തെരഞ്ഞെടുത്തവനായി മാറുന്നവരിലും ഉള്‍പ്പെട്ടേക്കാം. അറിവില്ലാത്തവനോ, പ്രാര്‍ത്ഥിക്കാന്‍ പോലും അറിയാത്തവനായി മാറും.''
അറിവിനോടുള്ള മകന്റെ ആഗ്രഹം മാതാവിന്റെ ഹൃദയം പ്രകാശപൂരിതമാക്കി, അവര്‍ മകനോട് പറഞ്ഞു '' മകനേ, ഞാന്‍ നിന്നോട് എപ്പോളും ഓര്‍ക്കേണ്ടുന്ന, ജീവിതത്തില്‍ നടപ്പിലാകേണ്ടുന്ന, ജീവിത വിജയം നേടിത്തരുന്ന ഒരു കാര്യം പറയാം: എന്തൊക്കെ സംഭവിച്ചാല്‍ തന്നെയും നീ സത്യം മാത്രമേ പറയാവൂ, ആത്യന്തികമായി അത് നിന്നെ വിജയിപ്പിക്കും''
തുടര്‍ന്ന് അവര്‍ മകന് ബാഗ്ദാദിലേക്കുള്ള യാത്രക്കുള്ള പണം ഒരു ചെറു സഞ്ചിയില്‍ വസ്ത്രത്തിനിടയില്‍ ഒളിപ്പിച്ചു വെച്ചു കൊടുത്തു. അദ്ധേഹം ഒരു കച്ചവട സംഘത്തോടൊപ്പം യാത്രയായി. കാട്ടിലൂടെയുള്ള യാത്രാമദ്ധ്യേ കൊള്ളക്കാര്‍ ചാടിവീണു. അവര്‍ അവരോട് നിങ്ങള്‍ ആരാണെന്നും എവിടെക്കാണ് പോകുന്നത് എന്നുമൊക്കെ ചോദിച്ചു. എല്ലാ മറുപടികള്‍ക്ക് ശേഷം അവര്‍ എല്ലാവരെയും പരിശോദിച്ചു കൊള്ളയടിച്ചു. എല്ലാം കൈക്കലാക്കിയ ശേഷം അവരോടായി ചോദിച്ചു, നിങ്ങളുടെ കയ്യില്‍ ഇനി വല്ലതും അവശേഷിക്കുന്നുണ്ടോ? ആരും ഒന്നും മിണ്ടിയില്ല, എന്നാല്‍ ബാലനായ ഷെയ്ഖ് ജീലാനി പറഞ്ഞു: ''ഉണ്ട് എന്റെ വസ്ത്രത്തിന് ഇടയില്‍ എന്റെ മാതാവ് എനിക്കായി പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അത് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല'' എല്ലാവരും നിശബ്ദരായി, കൊള്ളത്തലവന്‍ പുരികമുയര്‍ത്തി ആ ബാലനോട് ചോദിച്ചു:
'' നീ തമാശ പറയുകയാണോ?''
ഷെയ്ഖ് ജീലാനി പറഞ്ഞു'' അല്ല, എന്റെ കയ്യില്‍ ഉണ്ട്''
കൊള്ളക്കാരന്‍ കൌതുകത്തോടെ ചോദിച്ചു ''ഇങ്ങനെയുള്ള അവസ്ഥകളില്‍ ഇത്തരം കാര്യങ്ങളില്‍ കളവു പറയുകയല്ലേ വേണ്ടത്? നിനക്ക് അത് അറിയില്ലേ?'' അദ്ദേഹം പ്രതിവചിച്ചു ''എന്ത് കാര്യത്തിന് വേണ്ടിയായാലും കളവു പറയരുത് എന്നാണു എന്റെ മാതാവ് എന്നെ പഠിപ്പിച്ചത്, അത് എന്റെ വിശ്വാസത്തിന്റെ ഭാഗവുമാണ് ''
ഇത് കേട്ട കൊള്ളതലവന്റെ തല അപമാന ഭാരത്താല്‍ കുനിഞ്ഞു, ചെയ്തു പോയ പാപങ്ങള്‍ ഓര്‍ത്തു അയാള്‍ കണ്ണീര്‍ വാര്‍ത്തു. അയാള്‍ പറഞ്ഞു:
''എന്നോട് ക്ഷമിക്കൂ മകനേ, ഞാന്‍ ഇനി കള്ളത്തരവും അക്രമവും അവസാനിപ്പിച്ചു നല്ല ഒരു വ്യക്തിയായി ജീവിക്കും''
അല്‍-ഫത്-ആ റബ്ബാനി, ഖംസത അശറ മക്തൂബാന്‍, ബശായിത് അല്‍-ഖൈറാന്‍, തഫ്സീര്‍ അല്‍ ജീലാനി തുടങ്ങിയവ ലോക പ്രശസ്തമായ അദ്ധേഹത്തിന്റെ കൃതികളാണ്.
''ഒരു നല്ല കാര്യം ചെയ്യുന്നതില്‍ നീ മാധുര്യം കണ്ടെത്തിയില്ലെങ്കില്‍ നീ ശ്രദ്ധിക്കുക, ആ നല്ല കാര്യം നീ ചെയ്തിട്ടില്ലായിരിക്കാം'' - ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി.
സുലൈമാന്‍ മുഹമ്മദ്.