വിമോചനത്തിന്റെ കാണാ കുരുക്ക് :വി.എം. കെബീര്‍.
ആദാമിന്റെ വാരിയെല്ലുമായി കടിപിടി കൂടുന്നവന്‍ സ്ത്രീയെ പുരുഷനില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു.പുരുഷന്റെ എല്ലാ ഗുണങ്ങളും അവര്‍ സ്ത്രീകളില്‍ ആരോപിക്കുന്നു.അവരുടെ സവിശേഷത നിരാകരിക്കുകയും ചെയ്യുന്നു.സ്ത്രീകളേക്കാളേറെയും പുരുഷന്മാരാണ് ഈ ചിന്തക്ക് പിന്നില്‍ എന്നത് ഒരു തമാശയാണ്.സ്വന്തം വിമോചനത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും സ്ത്രീ അശക്തയാണന്ന ദുഃസൂചനയെക്കാളേറെ വിമോചനത്തിന്റെ പേരിലും പുരുഷന്‍ അവളെ പറ്റിക്കുമെന്നുളള പേടിയും ഇതിലുണ്ട്.പാശ്ചാത്യ ലോകത്ത് ഈ അപകടം മറ നീക്കി പുറത്തു വന്നു കഴിഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ താങ്ങാനാവാത്ത ഭാരമാണ് സ്ത്രീ അവിടെ പേറി കൊണ്ടിരിക്കുന്നത്.അവളുടെ ശരീരവും ആത്മാവും അന്തസ്സും പവിത്രതയും പിച്ചി ചീന്തപ്പെടുന്നു.രാവും പകലും അവള്‍ കൊള്ളയടിക്കപ്പെടുന്നു അവള്‍ ചിരിക്കുന്നതും ചിന്തിക്കുന്നതും കരയുന്നതും വസ്ത്രമണിയുന്നതും വിവസ്ത്രയാകുന്നതും പുരുഷനെ സുഖിപ്പിക്കാന്‍ വേണ്ടി. ഒപ്പം പുരുഷന്റെ എല്ലാ ചുമതലകളും അവള്‍ പങ്ക് വെക്കുകയും ചെയ്യുന്നു.അടുക്കളയിലും അങ്ങാടിയിലും ഓഫീസുകളിലും അവള്‍ ഭാരം ചുമക്കുന്നു.. ഇത് വിമോചനത്തിന്റെ ഭാരം! യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ നടക്കുന്ന എല്ലാ ചൂഷണങ്ങളും ഇവിടെയുമുണ്ട്.ഒരു വ്യത്യാസം മാത്രം അവിടെ അത് നടന്നത് അടിമത്തത്തിന്റെ പേരിലും ഇവിടെ വിമോചനത്തിന്റെ പേരിലും. യഥാസ്ഥിതികര്‍ സ്ത്രീകളെ ചൂഷണം ചെയ്തെങ്കിലും കബളിപ്പിച്ചിട്ടില്ല.പുരോഗമനവാദികള്‍ ഇത് രണ്ടും ചെയ്യുന്നു!!
യഥാസ്ഥിതികര്‍ക്ക് സ്ത്രീ ഒരു കാഴ്ച വസ്തുവാണ്.പുരോഗമനവാദികള്‍ക്ക് കമ്പോളവസ്തുവും.സ്ത്രീയുടെ സൗന്ദര്യംപോലും കമ്പോളവത്കരിക്കപ്പെട്ടു.മാറ് മറയ്‌ക്കാനുളള അവകാശത്തിന് വേണ്ടി മുമ്പ് സ്ത്രീ പൊരുതിയിട്ടുണ്ട് നമ്മുടെ നാട്ടില്‍. ഇന്ന് അവള്‍ മാറ് മറയ്‌ക്കാതിരിക്കുവാനുളള തങ്ങളുടെ അവകാശത്തിന് വേണ്ടി പൊരുതുകയാണ്.
പെണ്ണ് മാറ് കാണിച്ചാലേ ഉപ്പ് പോലും വിറ്റഴിക്കപ്പെടൂ എന്നായി സ്ഥിതി. ഈ അപമാനത്തില്‍ മനം നൊന്ത് മാറത്തടിച്ച് കരയാന്‍ പോലും സ്ത്രീക്ക് സ്വാതന്ത്ര്യമില്ല.ഇവിടെ അവളുടെ മാറിടം പരസ്യ കമ്പനികള്‍ വിലക്കെടുത്തിരിക്കുന്നു.പുരുഷന്മാര്‍ ഈ സത്യം കാണാതെ പോകും സ്ത്രീകളെങ്കിലും അങ്ങനെ ആകരുതായിരുന്നു.
ലൈംഗീകത ഒരു നൈസര്‍ഗിക ചോദനയാണ് തീര്‍ച്ചയായും അത് പാപമല്ല.അടിച്ചമര്‍ത്തപ്പെടേണ്ടതുമല്ല നിയന്ത്രിക്കപ്പെടേണ്ടതാണ്.അല്ലെങ്കില്‍ അരാജകത്വം തന്നെയായിരിക്കും ഫലം. സെക്സിന്റെ വിഷയത്തില്‍ ചില പുരോഹിതമതങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ട് ഒരു വ്യക്തിക്ക് ലൈംഗികചോദനകള്‍ ഇല്ലങ്കില്‍ ആ വ്യക്തി അത്രയും പവിത്രനാണ് എന്ന തോന്നല്‍ ചില കൃസ്ത്യന്‍ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മതങ്ങളുടെ പൊതുവായ അവസ്ഥ ഇതല്ല.ലൈംഗീകത നൈസര്‍ഗികമാണന്ന് മാത്രമല്ല അത് പവിത്രവും പ്രതിഫലാര്‍ഹമാണന്ന് കൂടി ഇസ്ലാം മതം സിദ്ധാന്തിച്ചിരിക്കുന്നു.
വിവാഹം നീട്ടി കൊണ്ട് പോകരുതെന്നും ലൈംഗീകത ആണിന്റേയും പെണ്ണിന്റെയും അവകാശമാണന്നും അത് നിഷേധിക്കപ്പെട്ടാല്‍ വേര്‍പിരിയാനുളള അവകാശം ആണിനും പെണ്ണിനും ഉണ്ടെന്നും മതം വ്യക്തമാക്കിയിരിക്കുന്നു .എന്നാല്‍ ലൈംഗീകതക്ക് വിവാഹത്തിലൂടെ അനുവാദം വാങ്ങാണമെന്ന് മതം പഠിപ്പിച്ചു. വിവാഹേതര ലൈംഗീക ബന്ധങ്ങളെ ആണിന്റേതായാലും പെണ്ണിന്റെതായാലും വിരോധിച്ചിട്ടുണ്ട്. ലിംഗാടിസ്ഥാനത്തിലുളള ഒരു വിവേചനവും ഇക്കാര്യത്തില്‍ മതം കാണിച്ചിട്ടില്ല.എന്നാല്‍ സമൂഹത്തില്‍ പുരുഷന് അനുകൂലമായ സമീപനങ്ങള്‍ നില നില്‍ക്കുന്നുണ്ട് ഇതിന് മതം ഉത്തരവാദിയല്ല.
അനിയന്ത്രിതമായ ലൈംഗീകതക്ക് വേണ്ടിയുള്ള വാദങ്ങള്‍ അംഗീകരിക്കാവുന്നവയല്ല.അന്തിമമായി സ്ത്രീയുടെ പരാജയത്തിലാണ് അതും കലാശിക്കുക.തന്തയില്ലാത്ത കുഞ്ഞുങ്ങളെ പോറ്റേണ്ട ഗതി അവള്‍ക്ക് വന്ന് ചേരുന്നു. പാശ്ചാത്യ സമൂഹത്തില്‍ ഇത് വന്നു കഴിഞ്ഞു കുടുംബം അവിടെ തകര്‍ന്നടിഞ്ഞു.സെക്സിന്റെ അമിതമായ വിളവെടുപ്പ് ഒരു തരം മടുപ്പിലേക്ക് എത്തിക്കുകയും പുതിയ മേച്ചില്‍ പുറം തേടി പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഇത് പാശ്ചാത്യ സമൂഹത്തിന്റെ രീതിയായി മാറിക്കഴിഞ്ഞു..സെക്സിന്റെ സുഖവും സൗന്ദര്യവും നിലനിര്‍ത്താന്‍ നിയന്ത്രിക്കുക തന്നെ വേണം നിയന്ത്രിക്കുക എന്നാല്‍ പിടിച്ചു വെക്കുക എന്നല്ല.പിടിവിട്ട് പോകതിരിക്കാന്‍ സൂക്ഷിക്കുക പുരുഷനും സ്ത്രീക്കും ഒരു പോലെ ബാധ്യതയാണ്......സൂക്ഷിക്കുക!!സൂക്ഷിക്കുക!!
വി.എം. കെബീര്‍ തിരുനെല്ലൂര്‍.