നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, January 27, 2016

വിജ്ഞാനത്തെ വിഭജികുന്നവന്‍

വിജ്ഞാനത്തെ വിഭജികുന്നവന്‍ :പുതിയവീട്ടില്‍.
'വായിക്കുക സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍, ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലിക കൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു'.(അല്‍ അലഖ് 1-5)

വിജ്ഞാനത്തെ ഭൗതികമെന്നും മതപരമെന്നും വേർതിരിച്ചു ,മതപരത്തെ കൂടുതല്‍ മതേതരവല്‍ക്കരിക്കാനും ഭൌതികത്തെ കൂടുതല്‍ ഭൌതികവല്‍ക്കരിക്കാനും അതീവ ശ്രമം നടക്കുന്ന കാല ഘട്ടത്തിലൂടെയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.മുസ്ലിം സമൂഹത്തിലും ഈ പ്രവണത ഒട്ടും കുറവല്ലാത്ത രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ ഒരു മുസ്ലിമിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഈ വിദ്യാഭ്യാസ വിഭജനം.എല്ലാ വിജ്ഞാനങ്ങളും അല്ലാഹുവില്‍ നിന്നാണെന്നും ആ വിജ്ഞാന സമ്പാദനം അല്ലാഹുവിന്റെ സ്മരണയിലായിരിക്കണം എന്നും വിജ്ഞാനം കരഗതമാകുന്നതിലൂടെ അത് അല്ലാഹുവിന്റെ ഏകത്വത്തിന് കൂടുതല്‍ ശക്തിപകരുന്നതും തന്റെ ഈമാനികാദര്‍ശത്തെ ദൃഡപ്പെടുത്തുന്നതുമാകണം എന്ന് മുസ്ലിം നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ സൂക്തങ്ങളില്‍ തന്നെ മനുഷ്യ സൃഷ്ടിപ്പിന്റെ അതിനിഗൂഢമായ ശരീര ശാസ്ത്രത്തെ അനാവരണം ചെയ്യുകയാണ് ചെയ്യുന്നത്.ഈ ദൈവീകമായ വിജ്ഞാനത്തെ ഭൗതികമെന്നും മതപരമെന്നും വേര്‍തിരിക്കാന്‍ ഒരു മുസ്ലിമിന് എങ്ങിനെയാണ് കഴിയുക? 

ശാസ്ത്രലോകത്ത് ഒട്ടനേകം ഗവേഷണങ്ങള്‍ നടന്ന വിഷയമാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്. വീണ്ടും പറയുന്നു വായിക്കുക. രണ്ട് തവണ പഠനത്തിന് ആഹ്വാനം ചെയ്തു കൊണ്ട് സൂചന നല്‍കിയ വിഷയം ഇന്ന് നാം ഭൗതിക പഠന ഗവേഷണങ്ങള്‍ എന്ന പറഞ്ഞ് മറ്റാര്‍ക്കോ വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് വിശ്വാസികള്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെടേണ്ട വിഷയങ്ങളാണിവ.

ഭൂമിയില്‍ മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് സൂചന നൽകിക്കൊണ്ട് മലക്കുകളുമായി അല്ലാഹു നടത്തിയ ഒരു സംഭാഷണം വളരെ വിശദമായി തന്നെ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്.ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിശ്ചയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മലക്കുകള്‍ പറഞ്ഞു:"ഭൂമിയില്‍ രക്തം ചിന്തുകയും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗത്തെയാണോ നീ സൃഷ്ടിക്കാന്‍ പോകുന്നത്?."ഇവിടെ ഞങ്ങള്‍ നിന്നെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ"എന്ന് മലക്കുകള്‍ അല്ലാഹുവിനോട് ചോദിച്ചപ്പോഴാണ് നിങ്ങള്‍ക്ക് അറിഞ്ഞു കൂടാത്തത് ഞാനറിയുന്നു എന്നും ആദമിനെ സകല നാമങ്ങളും പഠിപ്പിച്ചു എന്നും പറയുന്നത്. അതായത് കേവല സ്തുതി, പ്രകീര്‍ത്തന, ജപങ്ങള്‍ക്കപ്പുറം വിശാലമായ ജ്ഞാനമണ്ഡലങ്ങളെക്കുറിച്ചുളള അറിവാണ് ആദമിന് നല്‍കിയത് എന്നു വ്യക്തം. മദ്രസകളില്‍ അറബിയും ഉര്‍ദുവും പഠിപ്പിക്കുന്നത്‌ വിലക്കണമെന്ന് ശിവസേന നേതാവ് അലറിവിളിക്കുമ്പോഴത്തിനു വിറളി പിടിക്കേണ്ട കാര്യമില്ല.

കേരളത്തിലെ അറബിക് യൂണിവേഴ്സിറ്റിക്കെതിരെ ഉയരുന്ന അലമുറയും തമ്മില്‍ കാര്യമായ സാദൃശ്യമുണ്ട്.മദ്രസകളില്‍ കണക്കും സയന്‍സും പഠിപ്പിക്കണമെന്ന് പറയുമ്പോഴുമുള്ള സ്വരം മുസ്ലിം കുട്ടികളോടുള്ള സ്നേഹ വാല്‍സല്യത്തിന്റേതല്ല,അതിലൂടെ വിദ്യാഭ്യാസ അധിനിവേശം നടത്തി മദ്രസാ പ്രസ്ഥാനത്തെ തകിടം മറിക്കാനുള്ള സൂത്ര വാക്യമായേ കാണേണ്ടതുള്ളു.അല്ലാതെ മദ്രസകളില്‍ ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ആര്‍ക്കും എതിര്‍‌പ്പുണ്ടാവേണ്ട കാര്യമില്ല.

ഇന്ന് ലോകം നേടിയിട്ടുള്ള മുഴുവന്‍ വിജ്ഞാനങ്ങളുടെയും ഉത്ഭവം ഇത്തരം മദ്രസകളില്‍ നിന്നുതന്നെയായിരുന്നു. ഇസ്‌ലാമിക പണ്ഡിതനായിരുന്ന ഇബ്‌നു സീന വൈദ്യശാസ്ത്രം,ഗോളശാസ്ത്രം,സൈക്കോളജി,തുടങ്ങി നിരവധി വിജ്ഞാന ശാഖകളില്‍ ബൃഹത്തായ സംഭാവനകള്‍ നല്‍കിയ മഹാനാണ്.അതുപോലെ അല്‍ ഫാറാബി,അല്‍ ബിറൂനി,ഇബ്ന്‍ ഖല്‍ദൂന്‍ അങ്ങനെ അനവധി നിരവധി മഹാരഥന്മാരെ നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയും.ഇവരാരും വിജ്ഞാനങ്ങളെ ഭൗതികം,മതപരം എന്ന് വിഭജിച്ചവരായിരുന്നില്ല. മനുഷ്യന്റെ നിസ്സാരതയെ തിരിച്ചറിഞ്ഞ്, അല്ലാഹുവിന്റെ മഹത്വത്തെ മനസ്സിലാക്കി അറിവിനെ സമീപിക്കുമ്പോഴാണ് വിജ്ഞാനങ്ങള്‍ മനുഷ്യന് ഉപകാരപ്രദമായി മാറുന്നത്.'നാഥാ, എനിക്ക് നീ ഉപകാരപ്രദമായ വിജ്ഞാനം നല്‍കേണമേ' എന്നായിരുന്നു പ്രവാചകന്‍(സ)യുടെ പ്രാര്‍ത്ഥന.ഉപകാരപ്രദമായ വിജ്ഞാനം നല്‍കി അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീന്‍.
അബ്ദുല്‍ഖാദര്‍ പുതിയവീട്ടില്‍.