വേദേതിഹാസ പൊരുളുകളില്‍ അഭിമാനം കൊള്ളുന്ന ഒരു നാട്.സഹസ്രാബ്‌ധങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന ഒരുപാടു സംസ്കാരങ്ങള്‍ അതൊന്നും ഒരുകൂട്ടം കോമാളികളുടെ ആവേശം കൊണ്ട് തകര്‍ന്നു പോകുന്നതല്ല. ശിലായുഗത്തില്‍ നിന്നും ആധുനിക മാനവിക സംസ്കൃതിയിലേക്കുളള പ്രയാണ ഘട്ടങ്ങളില്‍ ഒരു ജനതതി ചോരയും നീരും നല്‍കി, നീതിസാരങ്ങളും നല്‍കി രചിച്ച് മനുഷ്യ കുലത്തിനു മുഴുവന്‍ മുന്നേറാന്‍ കഴിഞ്ഞുതിനു പിന്നില്‍ ശാസ്ത്ര സാങ്കേതിക സാംസ്കാരിക സാഹിത്യാധി വിഷയങ്ങളള്‍ക്ക് വലിയ പങ്കുണ്ട്.മാനവാശിയുടെ സമസ്ത ജനവിഭാഗങ്ങള്‍ക്കാവുന്ന വികാസത്തിന്റെയും ഉടമസ്ഥാവകാശം മതവത്കരികപെടുമ്പോഴാണ് ചരിത്രം നീതിരാഹിത്യത്തെ നേരിടുന്നത്.മതങ്ങള്‍ക്കുള്ളില്‍ വിയോജനക്കുറിപ്പ് ഇടമില്ല.ഓരോ കാലഘട്ടത്തിലും എതിര്‍പ്പ് കൂടുതല്‍ ധ്വംസികപെട്ടിട്ടുണ്ട്.ഭൂമിയെ പരത്താനും ഗോളമാണെന്നു സ്ഥാപിച്ചവനെ വകവരുത്താനും മതങ്ങള്‍ക്കായിട്ടുണ്ട്." മതനിന്ദ"എന്ന ചാട്ടവാറാണ് ഇവരുടെ വലിയ ആയുധം. അതെല്ലാം സത്യത്തിന്റെ മുതുകില്‍ ആഞടിക്കാറുണ്ട്.പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ അവകാശികളെ അവര്‍ തിരിച്ചഞ്ഞിട്ടില്ല.അംഗീകചിട്ടുമില്ല.
എഴുത്തുകാരും ചരിത്രകാരന്മാരും കൊല്ലപ്പെടുന്ന കാലം വിനാശകാലം തന്നെയാണ്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല വരാന്‍ പോകുന്ന കാലത്തിന്റെ വിപത് സൂചനകളും പ്രവചിക്കുന്നവരാണ് കലാ സാഹിത്യ സാങ്കേതിക ചിന്തകന്മാര്‍.കൊടുങ്കാറ്റിനേയും അഗ്നി പര്‍വതങ്ങളെയും അവരെപ്പോഴും ഹൃദയ നൊമ്പരമായി കൊണ്ട് നടക്കും.അവര്‍ ഈ നാടിന്റെയും സംസ്കാരത്തിന്റെയും ദിശാസൂചികളാണ്.മൈല്‍കുറ്റികള്‍ പിഴുത് മാറ്റുന്നത് കൊണ്ട് ദൂരം കുറക്കാനാവുന്നില്ലെന്നു ഈ വഴിയെ കടന്ന് പോകുന്നവര്‍ ശ്രദ്ധിക്കുന്നില്ല ഓര്‍ക്കുന്നത് നല്ലതാണ്. എഴുത്തുകാരുടെ പ്രതിഷേധത്തെ കടലാസ് വിപ്ലവമെന്നും വിദ്യാര്‍ത്ഥികളുടെ സമരത്തെ വികലമനസ്സുകളുടെ അരാജകവാദമെന്നും വിലയിരുത്തുന്ന അധികാരികള്‍ പക്ഷേ കരിഓയില്‍ പ്രയോഗം നടത്തുന്നവരെയും അടുക്കളയില്‍ വരെ കയറി അരുംകൊല ചെയ്യുന്നവരെയും വേദോപനിഷത്തുകള്‍ ഉദ്ധരിച്ച് ന്യായികരിക്കുന്നു.ദേശസ്നേഹികളാക്കുന്നു.ഗര്‍ഭിണികളുടെ വയറ്റില്‍ തൃശൂലമിറക്കിയ അതേ ചേതോവികാരം തന്നെയാണ് അണ്ണാക്കില്‍ കത്തിയിറക്കി ആഹരിച്ച മാംസത്തിന്റെ കൂടെ അയാളുടെ ചങ്കും തുരന്നെടുക്കുമ്പോള്‍.
ദാഭോല്‍കറിന്റെയും കല്‍ബുര്‍ഗിയുടേയും ഘാതകസംഘത്തിനു വേണ്ടി ഇരുന്നൂറും മുന്നൂറും അഭിഭാഷകരെ അണിനിരത്തുകയും ദുര്‍ബലമായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിരത്തി കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ തന്നെ ഒരു പുസ്തകം കയ്യില്‍വെച്ചതിനും ഭൂരഹിതര്‍ക്ക് വേണ്ടി വാദിച്ചതിനാലും നൂറ് കണക്കിന് ആളുകളെ വിചാരണ പോലുമില്ലാതെ ജയിലുകളില്‍ അടച്ചിരിക്കുകയാണ്. അവസാനമായി ഏതൊരു മഹാത്മാവിന്‍ ആത്മസത്തയിലാണോ ഈ മഹാ രാജ്യം നിലനില്‍ക്കുന്നതും വളര്‍ന്നതും ലോകത്തിന് മാതൃകയായതും ആ മഹാത്മാവിന്റെ ഘാതകനു വേണ്ടി അമ്പലം പണിയുമ്പോള്‍ അവിടെ പ്രാണ പ്രതിഷ്ഠ നടത്താന്‍ പോകുന്ന ദിവ്യ പരമ പൂജ്യ ശ്രേഷ്ഠാദികളേ നിങ്ങളോട് ഒരു എളിയ നിവേദനം അദ്ദേഹത്തിന്റെ അവസാന വാചകം 'ഹേ റാം 'ആ ക്ഷേത്രത്തില്‍ ഒരിടത്തുപോലും ആലേഖനം ചെയ്യരുതേ..
ആ ആത്മാവിനെ കൂടി വധിക്കരുതേ....
അസഹിഷ്ണുത ഇവിടെ അവസാനിക്കുന്നില്ല.
കബീര്‍ വി.എം തിരുനെല്ലൂര്‍