കഴിഞ്ഞ ദിവസം ഉദയം ദേശാന്തര ബ്രോഡ്‌കാസ്റ്റിങ്ങില്‍ വായനയുടെ വാതായനങ്ങൾ തുറന്നും വാക്കുകളുടെ വാൾമുനകൾ കൊണ്ടും കൊടുത്തും ശ്രദ്ധേയമായിരിന്നു .തുറന്നു വെച്ച കണ്ണുകൾ കൊണ്ടുള്ള സ്വപനമാണ് വായന .മണ്ണില്‍ ജലസേചനത്താല്‍ വിത്തുകള്‍ മുളപൊട്ടുന്നതു പോലെ മനസ്സില്‍ വായനയുടെ തേന്മാരി പെയ്‌തിറങ്ങുമ്പോളാണ് പുതിയ നിരീക്ഷണങ്ങളും വിഭാവനകളും കൂമ്പെടുക്കുന്നത്.വായനക്ക് പല വിതാനങ്ങളുമുണ്ട്.പുസ്തക വായന, സംഗീതോപകരണങ്ങളുടെ വായന,വരകളിലൂടെയും വരികളിലൂടെയുമുള്ള വായന, മനസ്സു വായന തുടങ്ങി ഗ്രാമ്യ ഭാഷയില്‍ പറഞ്ഞാല്‍ എഴുതാപുറം വായിക്കൽ വരെയുണ്ട്. വായന എന്നാൽ ഒരു വഴക്കമാണ്.പുസ്തക വായനയിൽ അക്ഷരങ്ങൾ കൊണ്ട് അനുവാചകരുമായി മാനസികമായ ഒരു വഴക്കം സൃഷ്ടിക്കുന്നതിലൂടെ വായന ഹൃദ്യമാകുന്നു . അതുപോലെ വായിക്കുന്ന വ്യക്തിയും സംഗീത ഉപകരണവും തമ്മിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ വഴക്കത്തിലൂടെയാണ് അത് ഹൃദയഹാരിയാകുന്നത്.ഇത്തരം ആസ്വാദനങ്ങള്‍ വഴിയും സര്‍ഗസിദ്ധി പോഷിപ്പിക്കപ്പെടും.മാനവകുലത്തിനു മാർഗ്ഗദർശനമോതികൊണ്ട് 'വായിക്കുക,നിന്നെ സൃഷ്‌ടിച്ച നിൻറെ നാഥൻറെ നാമത്തിൽ'എന്ന് തുടങ്ങിയിടത്ത് സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു വായനയിലൂടെയുള്ള ഒരു വഴക്കം ദർശിക്കപെടുന്നു.വായനയുടെ മറ്റൊരു വിതാനം തെറ്റായി വായിക്കുക എന്നതത്രെ.ഒരു ദർശനത്തെയോ ചരിത്രത്തെയോ തന്നെ വികലമാക്കുവാൻ വായനയുടെ വക്രത കൊണ്ട് സാധിക്കുന്നു . വായിക്കുന്നത് നല്ലതല്ലെങ്കിൽ വായനക്ക് അർത്ഥമില്ലാതെയാകും.
നല്ല വായന നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുവാനും പരിവർത്തിപ്പിക്കുവാനും കഴിയും.നല്ലത് വായിക്കുവാനും നല്ലത് മനസ്സിലാക്കുവാനും നമുക്ക് കഴിയട്ടെ എന്നാശംസിച്ചു കൊണ്ട്.
മർസൂഖ് സെയ്‌തു മുഹമ്മദ് .