നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, December 20, 2015

സൌരഭ്യം നല്‍കുന്ന വഴി

ഐഹിക ജീവിതത്തിന് ദൈവീകമായ സൌരഭ്യം നല്‍കുന്ന വഴി തിരഞ്ഞെടുത്ത ഒരു വിഖ്യാതനായ എഴുത്തുകാരനിലൂടെ ആവട്ടെ ഇന്നത്തെ വായനായാനം. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന പുസ്തകം വായനക്കാരന് ഒരു വെറും വായനയല്ല നല്‍കുന്നത്. സന്ദേഹിയായ ഒരു മനുഷ്യന്‍റെ അന്വേഷണാത്മകമായ ഒരു യാത്രയെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
സാന്‍റിയാഗോ എന്ന ഇടയബാലന് ഒരു സ്വപ്‌ന ദര്‍ശനം ഉണ്ടാകുന്നു. ആട്ടിന്‍ പറ്റങ്ങളെ മേച്ചു നടക്കുമ്പോള്‍ ഒരു കുഞ്ഞ് അവന്‍റെ കൈ പിടിച്ച് ഈജിപ്റ്റിലെ പിരമിഡുകളുടെ അരികില്‍ കൊണ്ട് പോയി അവിടെയുള്ള നിധി കാട്ടി കൊടുക്കുന്നു. ഈ സ്വപ്‌നത്തിന്‍റെ പിറകെ സാന്‍റിയാഗോ യാത്ര തിരിക്കുന്നു. ആ യാത്രയുടെ കഥയാണ് “ദി ആല്‍കെമിസ്റ്റ്”.

വായനയുടെ പ്രാധാന്യം വളരെ അടിവരയിട്ട് അടയാളപ്പെടുത്തുന്ന ഒരു യാത്രയാണിത്. അറിവ് ലഭിക്കുവാന്‍ വായനയെക്കാള്‍ കൂടുതല്‍ ജീവിതാനുഭവങ്ങളും ലോക പരിചയവും അത്യന്താപേക്ഷിതമാണെന്ന് പറയുമ്പോളും വായനയുടെ പ്രാധാന്യം ഒട്ടും മറച്ചു വെക്കുന്നില്ല. ആദ്യം പുസ്തകവായനയില്‍ നിന്ന് തുടങ്ങി സഞ്ചാരങ്ങളിലൂടെ നീങ്ങുന്ന അന്വേഷണം പൂര്‍ത്തിയാകുന്നത് പിന്നെയും പുസ്തകങ്ങളിലേക്ക് ആണെന്നത് എനിക്ക് കണ്ടെത്താനായ ഒരു സൌഭാഗ്യമാണ്. കാരണം – “വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്‍റെ നാഥന്റെ നാമത്തില്‍..” എന്ന ഖുര്‍ആനിക ആഹ്വാനം ഇവിടെ വായനാലോകവും അംഗീകരിക്കുകയാണ്.

സ്പയിനിലെ ഒരു ഗ്രാമത്തില്‍ ഇടയന്മാരും അവരുടെ ആടുകളും വിശ്രമിക്കുന്ന ഒരു പള്ളി മുറ്റത്തു നിന്നാണ് സാന്‍റിയാഗോ യാത്ര തുടങ്ങുന്നത്. തന്‍റെ സ്വപ്നത്തിലെ നിധിയും തേടി അവന്‍ ഈജിപ്തിലെ പിരമിഡുകള്‍ വരെ എത്തി. ഒടുവില്‍ താന്‍ അന്വേഷിക്കുന്ന നിധി യാത്ര തുടങ്ങിയ ആ പള്ളി മുറ്റത്ത് തന്നെയെന്ന് അവന്‍ അറിയുന്നു. താന്‍ ചെയ്ത യാത്ര തന്നെയാണ് നിധി എന്ന അറിവ് അവനുണ്ടാകുന്നു. വാക്കുകളില്ലാത്ത ഭാഷ കൊണ്ട് ലോകത്തിന്‍റെ വഴികള്‍ അറിഞ്ഞ യാത്ര. ഒരു ആല്‍കെമിസ്റ്റ് യാത്ര.

നമ്മുടെ കൈകളും ലോകത്തിന്‍റെ ചരിത്രവും ഒരേ കയ്യാല്‍ വിരചിതമാണ് എന്ന അറിവാണ് പ്രധാനം എന്ന്‍ ഈ പുസ്തകത്തിന്‍റെ അവതാരികയില്‍ ഡോ. കെ.എം. വേണുഗോപാല്‍ ചൂണ്ടിക്കാണിക്കുന്നു.

ഭൂമിയിലെ അടയാളങ്ങള്‍ ശ്രദ്ധിച്ചു ജീവിച്ചാല്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ ആകും എന്ന് “ ദി ആല്‍കെമിസ്റ്റും “ പറയുന്നു. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഉണ്ട് എത്രയോ മുമ്പ് ഖുര്‍ആന്‍ നമ്മോട് പറഞ്ഞിരിക്കുന്നു.

“ഈ ലോകം ഒരു മറു ലോകത്തിന്‍റെ പകര്‍പ്പാണ്. പൂര്‍ണ്ണതയുള്ള മറ്റൊരു ലോകം ഉണ്ട് എന്നതിന്‍റെ തീര്‍ച്ചയാണ് ഈ ലോകം. യഥാര്‍‌ഥത്തില്‍ ഒരു മണല്‍ത്തരി മതി ലോകത്തിന്‍റെ അത്ഭുതങ്ങള്‍ അറിയാന്‍. സൃഷ്ടിയുടെ വിസ്മയങ്ങള്‍ വിടര്‍ന്ന് വരാന്‍. അതിന് ഹൃദയത്തെ ശ്രദ്ധിക്കണം, സംശുദ്ധീകരിക്കണം.“

നല്ലൊരു വായനാനുഭവം നല്‍കുന്ന പുസ്തകമാണ് “ ദി ആല്‍കെമിസ്റ്റ്”.ഉപരിപ്ലവമായ വായന ഒരു ഫാന്റസിയുടെ ആസ്വാദനം മാത്രം നല്‍കുമെങ്കിലും ആഴങ്ങളില്‍ വളരെ ബൃഹത്തായ ചില താത്വിക ദര്‍ശനങ്ങള്‍ വായിച്ചെടുക്കാനാവും ഈ പുസ്തകത്തില്‍ ഒരു ചെറിയ കവിതയിലൂടെ ഉപസംഹരിക്കുന്നു.

മത്സരത്തിരക്കില്‍ മറന്ന്‍
വെച്ചതൊക്കെയും തിരഞ്ഞെടുക്കണം.
മറവിയില്‍ നിന്ന് ഓര്‍മ്മയിലേക്കുള്ള
ദൂരത്തിനെത്ര ദൂരം...!
വാശിക്കുരുക്കില്‍ കെട്ട്പിണഞ്ഞതൊക്കെയും
ഇഴ പേര്‍ത്ത്പേര്‍ത്തഴിച്ചെടുക്കണം.
കാഴ്ചക്കും വിരലുകള്‍ക്കുമിടയിലെ
ദൂരത്തിനെത്ര ദൂരം...!
വലുതായി വലുതായി ചെറുതായിപ്പോയത്
മണ്ണിലേക്കുള്ള ദൂരം മാത്രം...!!!

സൈനുദ്ധീന്‍ ഖുറൈശി