നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, March 30, 2016

പാശ്ചാത്താപം സ്വീകരിക്കപ്പെടുന്ന വിധം

പാശ്ചാത്താപം സ്വീകരിക്കപ്പെടുന്ന വിധം :പുതിയവീട്ടിൽ.
തെറ്റുകളും കുറ്റങ്ങളും സംഭവിക്കുക മനുഷ്യ സഹജമാണ്.മാലാഖമാരെ പോലെ പാപസുരക്ഷിതത്വം മനുഷ്യര്‍ക്കില്ല.അഥവാ ,അല്ലാഹുവിനെ ധിക്കരിക്കാൻ മലക്കുകൾക്ക് സാധ്യമല്ല,അല്ലാഹു കൽപ്പിക്കുന്നതെന്തോ അത് പ്രവർത്തിക്കുക എന്നതാണ് മലക്കുകളുടെ പ്രകൃതം.മനുഷ്യന് നന്മയും തിന്മയും പ്രവത്തിക്കാനുള്ള സ്വാതന്ത്ര്യം അല്ലാഹു നൽകിയിരിക്കുന്നു. അതുകൊണ്ടാണ് "മനുഷ്യനെ നാം ഏറ്റവും ശ്രേഷ്ടമായ ഘടനയിൽ സൃഷ്ടിച്ചു"എന്ന്പറഞ്ഞുകൊണ്ട് തന്നെ സൽക്കർമ്മങ്ങൾ അനുഷ്ടിച്ച് മുന്നേറുന്ന മനുഷ്യന് മലക്കുകളേക്കാൾ ഉന്നതസ്ഥാനീയനാകാൻ കഴിയുമെന്നും,ദുഷ്ക്കർമ്മങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നവൻ നീചരിൽ നീചനാണെന്നും വിശേഷിപ്പിച്ചത്‌.സൽക്കർമ്മങ്ങൾ അനുഷ്ടിച്ചാൽ ലഭിക്കാൻ പോകുന്ന സൌഭാഗ്യങ്ങളെ കുറിച്ചും ദുഷ്കർമ്മങ്ങൾ ചെയ്‌താൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും എല്ലാം മുന്നറിയിപ്പുകളും നല്‍കിയ ശേഷം മനുഷ്യന് ചിന്താ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു.ഇഷ്ടമുള്ള മാർഗ്ഗം അവന്ന് തെരഞ്ഞെടുക്കാം.

തെറ്റ് പറ്റുക എന്നത് മനുഷ്യ സഹജമാണെന്ന് പറഞ്ഞുവല്ലോ തെറ്റ് സംഭവിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ അതിൽ പാശ്ചാത്തപിച്ചു മടങ്ങാനും അല്ലാഹു വഴി പറഞ്ഞു കൊടുത്തു.ആദമിനും ഹവ്വക്കും സ്വർഗ്ഗത്തിൽ സർവ്വ സൌകര്യങ്ങളും ചെയ്തുകൊടുത്തതിന്നു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ഒരു വൃക്ഷത്തെ ചൂണ്ടിക്കൊണ്ട് അല്ലാഹു പറഞ്ഞു "നോക്കൂ,നിങ്ങൾക്കിവിടെ സകല സൌകര്യങ്ങളും വേണ്ടുവോളം ആസ്വദിക്കാം,പക്ഷെ,അതാ ആ മരം കൊള്ളെ മാത്രം നിങ്ങൾ
അടുക്കരുത്.അതിലെ ഫലങ്ങൾ ഭക്ഷിക്കയുമരുത്.അങ്ങനെ ചെയ്‌താൽ നിങ്ങൾ അക്രമികളിൽ പെട്ടുപോകും."പിന്നീട് നടന്ന സംഭവങ്ങളെല്ലാം വ്യക്തമാണ്.മനുഷ്യന്റെ ആജന്മ ശത്രുവായ പിശാച് അവരെ പ്രലോഭിപ്പിക്കുകയും വിലക്കപ്പെട്ട പഴം അവരെ ഭക്ഷിപ്പിക്കുകയും ചെയ്തു.അബദ്ധം മനസ്സിലാക്കിയ അവർ രണ്ടു പേരും അല്ലാഹുവോട് ആവലാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ,അല്ലാഹു വിലക്കിയ ഒരു കാര്യം പ്രവർത്തിക്കുക എന്ന അപരാധം ചെയ്തതിൽ നിന്ന് മുക്തി നേടാൻ വേണ്ടി അല്ലാഹു തന്നെ അവർക്ക് ഒരു വാക്യം പഠിപ്പിച്ചു കൊടുക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തതിനാൽ അല്ലാഹു അവർക്ക്
രണ്ടു പേർക്കും മാപ്പ് കൊടുത്തു.

യൂനുസ് (അ ) അല്ലാഹുവിന്റെ അനുമതി കിട്ടുന്നതിന്റെ മുമ്പായി തന്റെ പ്രബോധിത സമൂഹത്തെ വിട്ട് പുറത്ത് പോയതിനാൽ അപകടത്തിൽ പെട്ട് മത്സ്യത്തിന്റെ വയറ്റിൽ അകപ്പെടുകയും അല്ലാഹുവോട് ഖേദിച്ചു മടങ്ങുകയും ചെയ്തതിനാൽ രക്ഷപ്പെട്ട സംഭവം ഖുർആൻ വിശദീകരിക്കുന്നു, പാശ്ചാത്താപം ചെയ്യുന്ന ജനതക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങൾ മലർക്കെ തുറക്കുമെന്നും സമ്പാദ്യ സന്താന സൌഭാഗ്യങ്ങൾ കൈവരിക്കാമെന്നും മഴ ധാരാളമായി വർഷിക്കുമെന്നും എല്ലാം അല്ലാഹു വാഗ്ദാനം നൽകുന്നു."മനുഷ്യരെല്ലാം തെറ്റ് പറ്റുന്നവരാണെന്നും ,തെറ്റ് പറ്റുന്നവരിൽ ഏറ്റവും ഉത്തമർ പാശ്ചാത്തപിച്ചു മടങ്ങുന്നവരാണെന്നും " പ്രവാചകൻ (സ ) പറഞ്ഞു. "ആർ പാശ്ചാത്തപിച്ചു മടങ്ങുന്നില്ലയോ ,അവർ തന്നെയാണ് അക്രമികൾ "- ഖുർആൻ..

ഇനി എങ്ങനെയാണ് പാശ്ചാത്തപിച്ചു മടങ്ങേണ്ടത് ? ഇതിനെക്കുറിച്ച് ധാരാളം നബിവചനങ്ങളും നിർദ്ദേശങ്ങളും കാണാൻ കഴിയും. ചെയ്തു പോയ പാപങ്ങളിൽ നിന്ന് പാടെ വിട്ട് നിന്ന് കൊണ്ട് ആത്മാർഥമായി അല്ലാഹുവോട് ഖേദിച്ചു മടങ്ങുന്നതാണ് പാശ്ചാതാപം.ആത്മാർഥതയില്ലാതെ ,മനസ്സിൽ തട്ടാതെ ,ഒരായിരം തവണ അസ്തഗ്ഫിറുല്ലാഹ് എന്ന് പറയുന്നത് അർത്ഥ ശൂന്യമാണ്.ഇതിന്റെ മൂർത്തമായ ഒരു സംഭവം ഖുർആൻ വളരെ വിശദമായി തന്നെ തൗബ അദ്ധ്യായത്തിൽ വരച്ചു കാട്ടുന്നു.
കറകളഞ്ഞ സത്യവിശ്വാസികളായിട്ടും അൽപ്പം അലസതയുടെ പേരിൽ തബൂക് യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയ കഅബ്‌ ഇബിനു മാലിക് , ഹിലാല്‍ ഇബിനു ഉമയ്യത്ത് , മുറാറത്ത്‌ ഇബിനു റുബൈഅ് എന്നിവരുടെ ഹൃദയ ഭേദകമായ കഥ. നീണ്ട 50 ദിനരാത്രങ്ങൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും തിരസ്കൃതരായി ഏകാന്തതയിൽ കഴിയേണ്ടിവന്നവരുടെ തിക്താനുഭവങ്ങൾ. അതിതീഷ്ണമായ പരീക്ഷണത്തിന്റെ തീച്ചൂളയിൽ കാച്ചിയെടുത്ത ആദർശ ദൃഡതയുടെ പൊൻതൂവൽ.മൂവരില്‍ ഒരാളായ കഅബ്‌ ഇബിനു മാലിക്(റ) അത്യന്തം ഗുണപാഠമുള്‍ക്കൊള്ളുന്ന തന്റെ കഥ സവിസ്തരം വിവരിക്കുന്നുണ്ട്.വാര്‍ധക്യകാലത്ത് അന്ധനായിത്തീര്‍ന്നപ്പോള്‍ കഅ്ബിനെ കൈപിടിച്ചു കൊണ്ടുനടന്നിരുന്ന പുത്രന്‍ അബ്ദുല്ലക്ക് അദ്ദേഹം ആ കഥ ഇങ്ങനെ പറഞ്ഞു കൊടുത്തു. "നബി തിരുമേനി തബൂക്കില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ പതിവുപോലെ ആദ്യം പള്ളിയില്‍ ചെന്നു രണ്ടു റക്അത്ത് നമസ്കരിച്ചു. പിന്നെ ജനങ്ങളുമായി കൂടിക്കാഴ്ചക്കിരുന്നു. കപടവിശ്വാസികള്‍ തിരുസന്നിധിയില്‍ ചെന്നു നീണ്ട നീണ്ട ഒഴികഴിവുകള്‍ ആണയിട്ടു ബോധിപ്പിച്ചു തുടങ്ങി  തിരുമേനി അവരില്‍ ഓരോരുത്തരുടേയും വ്യാജമൊഴികള്‍ കേട്ടുകൊണ്ടിരുന്നു.  അങ്ങനെ എന്റെ ഊഴം വന്നു. ഞാന്‍ മുന്നോട്ടു ചെന്നു സലാം ചൊല്ലി. തിരുമേനി എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: `വരൂ, താങ്കള്‍ക്കെന്തായിരുന്നു തടസ്സം?` ഞാന്‍ ബോധിപ്പിച്ചു: `അല്ലാഹുവാണ! ലോകരില്‍ മറ്റാരുടെയെങ്കിലും മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നതെങ്കില്‍ എന്തെങ്കിലും കാരണം കെട്ടിച്ചമച്ചു അവരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു. സത്യത്തില്‍ എനിക്ക് ഒരു കാരണവും സമര്‍പ്പിക്കാനില്ല. യുദ്ധത്തിനു പോവാന്‍ എനിക്ക് ശരിക്കും കഴിവുണ്ടായിരുന്നു.`ഇത് കേട്ടു തിരുമേനി അരുളി: `ഇദ്ദേഹമാണു സത്യംപറഞ്ഞത്. ശരി, താങ്കള്‍ക്കു പോകാം. അല്ലാഹു പ്രശ്നത്തിനു വല്ല തീരുമാനവും ഉണ്ടാക്കുന്നതുവരെ കാത്തിരിക്കുക.` "ഞങ്ങള്‍ മൂവരുമായി ആരും സംസാരിക്കരുതെന്ന് നബി(സ)പൊതു കല്‍പന നല്‍കി. അവര്‍ രണ്ടു പേരും ദുഃഖഭാരത്താല്‍ വീട്ടിലിരിപ്പായി.ഞാന്‍ പുറത്തുപോയി ജമാഅത്ത് നമസ്കാരത്തില്‍ പങ്കുകൊള്ളുകയും തെരുവീഥികളില്‍ സഞ്ചരിക്കുകയും ചെയ്തു. എന്നാല്‍ ഒരാളും എന്നോട് ഒരക്ഷരം ഉരിയാടിയില്ല. നാട് ആകെ മാറിപ്പോയെന്നു തോന്നി. ഞാന്‍ വെറുമൊരു അന്യന്‍. എന്നെ അറിയുന്ന ഒരാളും ഇവിടെയില്ല. പള്ളിയില്‍ നമസ്കാരത്തിനു പോയാല്‍ പതിവുപോലെ നബി(സ)ക്കു സലാം ചൊല്ലും. സലാം മടക്കാനായി അവിടുന്ന് ചുണ്ടനക്കുന്നുണ്ടോ എന്നു ഞാന്‍ ശ്രദ്ധിക്കും. നമസ്കാരത്തില്‍ ഞാന്‍ തിരുമേനിയെ ഇടങ്കണ്ണിട്ടു നോക്കും; അവിടത്തെ ഭാവമെന്തെന്ന് അറിയാന്‍. ഞാന്‍ നമസ്കാരത്തിലേര്‍പ്പെട്ടാല്‍ അവിടുന്ന് എന്നെ നോക്കുമായിരുന്നു. സലാം വീട്ടുന്നതോടെ എന്നില്‍നിന്നു ദൃഷ്ടി തിരിച്ചുകളയുകയും ചെയ്യുംനിസ്സഹകരണം നീണ്ടു പോയിഇതേ കാലത്ത്, മറ്റൊരു സംഭവമുണ്ടായി. ഞാന്‍ മദീനയിലെ തെരുവീഥിയിലൂടെ നടന്നു പോവുകയായിരുന്നു. സിറിയയിലെ നബ്തികളിലൊരാള്‍ എന്നെ വന്നു കണ്ടു. അദ്ദേഹം ഗസ്സാന്‍ രാജാവിന്റെ വക പട്ടില്‍ പൊതിഞ്ഞ ഒരു കത്ത് എന്നെ ഏല്‍പ്പിച്ചു. തുറന്നു വായിച്ചുനോക്കിയപ്പോള്‍ അതിലെഴുതിയിരിക്കുന്നു: `താങ്കളുടെ നേതാവ് താങ്കളെ കൈവെടിഞ്ഞതായി നമുക്ക് വിവരം ലഭിച്ചിരിക്കുന്നു. അങ്ങനെ തള്ളപ്പെടുകയോ നിന്ദിക്കപ്പെടുകയോ ചെയ്യേണ്ട ആളല്ല താങ്കള്‍. അതുകൊണ്ട് താങ്കളെ നാം സ്വാഗതം ചെയ്യുന്നു. നമ്മുടെ അടുത്തേക്കു വരിക. താങ്കള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കും.`ഇത് മറ്റൊരു പരീക്ഷണമാണല്ലോ`-ഞാന്‍ പറഞ്ഞുപോയി. കത്ത് അടുപ്പിലെറിയുകയും ചെയ്തു. "നാല്‍പത് ദിവസം ഇങ്ങനെ കഴിഞ്ഞപ്പോള്‍ ഭാര്യയെ വിട്ടുനില്‍ക്കണമെന്ന കല്‍പനയുമായി നബി(സ)യുടെ ദൂതന്‍ വന്നു.വിവാഹമോചനമാണോ ഉദ്ദേശ്യമെന്നു ഞാന്‍ ചോദിച്ചു. വേറിട്ടുനിന്നാല്‍ മതിയെന്നാണു മറുപടി ലഭിച്ചത്. അല്ലാഹു പ്രശ്നത്തില്‍ ഒരു തീരുമാനം കല്‍പിക്കുന്നതുവരെ ഭാര്യയോട് സ്വന്തം വീട്ടില്‍ പോയി താമസിക്കാന്‍ ഞാന്‍ പറഞ്ഞു. "നിസ്സഹകരണത്തിന്റെ അമ്പതാം ദിവസം പ്രഭാത നമസ്കാരാനന്തരം അസഹനീയമായ ദുഃഖഭാരവുമായി ഞാന്‍ വീടിന്റെ തട്ടിലിരിക്കുകയായിരുന്നു.പെട്ടന്നതാ ഒരു ശബ്ദം: "കഅ്ബുബ്നു മാലിക്, സന്തോഷിച്ചുകൊള്ളുക!`` അതു കേട്ടതും അല്ലാഹുവിന്റെ മുമ്പില്‍ ഞാന്‍ സുജൂദായി വീണു. എനിക്ക് മാപ്പ് അരുളിക്കൊണ്ടുള്ള കല്‍പന വന്നതായി ഞാന്‍ മനസ്സിലാക്കി.” ജനങ്ങള്‍ കൂട്ടംകൂട്ടമായി വരാന്‍ തുടങ്ങി. ഓരോരുത്തരും മത്സരിച്ചു മത്സരിച്ചു എന്നെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. എന്റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ട സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരുന്നു. ഞാന്‍ നേരെ മസ്ജിദുന്നബവിയിലേക്കു പുറപ്പെട്ടു. തിരുമേനിയുടെ മുഖം സന്തോഷാതിരേകത്താല്‍ തിളങ്ങുന്നുണ്ടായിരുന്നു. ഞാന്‍ സലാം ചൊല്ലി, അവിടന്നു പ്രതിവചിച്ചു: `സന്തോഷിച്ചുകൊള്‍ക; ഇന്നു നിന്റെ ജീവിതത്തിലെ മഹത്തായ ദിവസമാണ്.` `എനിക്കുള്ള മാപ്പ് തിരുമേനിയില്‍നിന്നോ അതോ അല്ലാഹുവിങ്കല്‍ നിന്നു തന്നെയോ? ഞാന്‍ ചോദിച്ചു. അല്ലാഹുവിങ്കല്‍ നിന്നുതന്നെ.`

എന്റെ പശ്ചാത്താപത്തിന്റെ ഭാഗമായി എനിക്കുള്ള മുഴുവന്‍ സമ്പത്തും ദൈവമാര്‍ഗത്തില്‍ നീക്കിവെക്കാന്‍ തീരുമാനിച്ചതായി തിരുമേനിയെ ഞാന്‍ അറിയിച്ചു. അപ്പോള്‍ അവിടുന്നു പറഞ്ഞു: കുറച്ചു ഭാഗം നിനക്കായി നീക്കിവെക്കുക. അതാണുത്തമം.ഇതാണ് യഥാർത്ഥ വിശ്വാസികളുടെ പശ്ചാത്താപത്തിന്റെ അവസ്ഥ.ഭൂമി അതിന്റെ പൂർണ്ണവിശാലതയോടെയിരിക്കെതന്നെ,ഖബറിടം പോലെ കുടുസ്സായ അവസ്ഥ.സ്വന്ത ബന്ധങ്ങളും സുഹൃത്തുക്കളും കണ്മുന്നിൽ അന്യരായി മാറിയ ദുരന്തം.സമാശ്വസിപ്പിക്കാനും സാന്ത്വനം നൽകാനുമുള്ള ഭാര്യയെപ്പോലും അകറ്റി നിറുത്താനുള്ള കൽപ്പന .ഒരു മനുഷ്യന് താങ്ങാവുന്നതിലധകം ഇനി എന്തുവേണം?.മറുഭാഗത്ത് ,സാഹചര്യം മുതലെടുത്ത്‌ കൊണ്ട് അധികാരവും സ്ഥാനമാനങ്ങളും വെച്ചുനീട്ടികൊണ്ടുള്ള പ്രലോഭനങ്ങൾ . തികച്ചും നിസ്സാരമെന്ന് നാം കരുതുന്ന അലസത എന്ന മാനുഷികമായ ദൗർബല്യത്തിന്റെ പേരിൽ ഇത്രമാത്രം തീഷ്ണമായ പരീക്ഷണത്തിന്റെ തീച്ചൂളയിൽ ഊതിക്കാച്ചിയ പൊന്ന് പോലെ വിജയശ്രീലാളിതരായി വെന്നിക്കൊടി പാറിച്ചെങ്കിൽ ,പാപങ്ങളുടെ കാണാകയത്തിൽ മുങ്ങിത്താഴുന്ന നാം എങ്ങിനെയൊക്കെ പാശ്ചാത്താപം ചെയ്യേണ്ടി വരും.?

സ്വന്തം സംഘടനയിൽ അച്ചടക്കത്തിന്റെ പേരിലോ മറ്റോ ചെറിയൊരു അഭിപ്രായ വ്യത്യാസമുണ്ടായാൽ മതി,എതിർ ഭാഗത്ത് നിന്നും വരുന്ന ഏതൊരു ചെറിയ ഓഫറും സ്വീകരിച്ചു കൊണ്ട് മാതൃ സംഘടനയെ കരിവാരിത്തേക്കുന്ന പ്രവണത ഇന്ന് സർവ്വസാധരണമാണ്. ഒരു ക്ഷമാപണ കുറിപ്പ് നേരത്തെ തയാറാക്കി വെച്ച് ഒരു വിഭാഗത്തെ മനപൂർവ്വം പ്രകോപിതരാക്കുന്ന മഞ്ഞപ്പത്രമിറക്കി പ്രതിഷേധം ശക്തമാകുമ്പോൾ ,നേരത്തെ തയാറാക്കിയ ക്ഷമാപണ കുറിപ്പിറക്കി വിഡ്ഢികളാക്കാൻ ശ്രമിക്കുന്നവരും കുറവല്ല.

അബ്ദുൽ ഖാദർ പുതിയവീട്ടിൽ.