നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, March 31, 2016

നമുക്ക് ഒന്നിക്കാം

നമുക്ക് ഒന്നിക്കാം :അബ്ദുൽ ഖാദർ പുതിയവീട്ടിൽ.
സുന്നികൾ ഒരിക്കലും ഭിന്നിച്ചു നിൽക്കേണ്ടവരല്ല.ആർക്കാണ് അവർ ഭിന്നിച്ചു തന്നെ നിൽക്കണമെന്ന് ഇത്ര നിർബന്ധം? "നിങ്ങൾ മുസ്ലികളായി കൊണ്ടല്ലാതെ മരിച്ചു പോകരുത്" എന്ന് പരിശുദ്ധ ഖുർആന്‍ പറയുന്നു.അപ്പോൾ പിന്നെ മുസ്ലിംകൾ ആരും ഭിന്നിച്ചു നിൽക്കെണ്ടവരല്ല എന്ന് നമുക്കൊന്നു തിരുത്തി പറഞ്ഞുകൂടെ? അൽപ്പം കൂടെ മുന്നോട്ടു പോയാൽ കാണാം,"അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്‍. ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍" എന്ന സൂറ; “അന്നിസാ”ഇലെ വിശുദ്ധ വാക്യം. അപ്പോൾ മുസ്ലിംകൾ എല്ലാവരും ഒന്നിച്ചേ തീരൂ എന്നാകും."കക്ഷിത്വത്തിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല,കക്ഷിത്വത്തിനു വേണ്ടി നിലകൊള്ളുന്നവൻ നമ്മിൽ പെട്ടവനല്ല,കഷിത്വത്തിനു വേണ്ടി പോരാടുന്നവൻ നമ്മിൽ പെട്ടവനല്ല"- എന്ന പ്രവാചക വചനം കൂടി കൂട്ടി വായിക്കുമ്പോഴേ ചിത്രം പൂർത്തിയാകുന്നുള്ളൂ.

അപ്പോൾ ഗ്രൂപ്പുകളില്ലാതെ,കക്ഷികളായി പിരിയാതെ,വിഭാഗീയത ഇല്ലാതെ മുസ്ലിംകൾ ഒന്നടങ്കം ഒരേ ആദർശത്തിന് കീഴിൽ അണി നിരക്കണമെന്നാണ് അല്ലാഹുവും റസൂലും താൽപ്പര്യപ്പെടുന്നത് . പിന്നെ എവിടെ നിന്നാണ് ഭിന്നത ഉടലെടുക്കുന്നത്? ഉത്തരം ലളിതമാണ്. ലൌകിക പ്രമത്തത ,സ്ഥാനമാനങ്ങളിലുള്ള അഭിനിവേശം,അധികാര മോഹം, ഒക്കെയാണെന്ന് കാണാൻ കഴിയും.താൻ കൈപ്പിടിയിലൊതുക്കിയ സാമ്രാജ്യത്തിൽ നിന്നും വല്ലതും നഷ്ടപ്പെടുമോ താൻ അധികാര കേന്ദ്രങ്ങളിൽ നിന്നും നേടിയെടുത്ത സ്ഥാന മാനങ്ങൾക്ക് വല്ല കോട്ടവും സംഭവിക്കുമോ എന്നൊക്കെയുള്ള ആശങ്കയായിരിക്കാം ഐക്യപ്പെടുന്നതിനുള്ള തടസ്സം.ചുരുക്കി പറഞ്ഞാൽ അല്ലാഹുവും റസൂലും താൽപര്യപ്പെടുന്നതിനേക്കാൾ കൂടുതൽ ഐഹിക നേട്ടങ്ങൾ നഷ്ടപ്പെടുന്നതിലുള്ള ബേജാർ.

ഇപ്പോൾ സമസ്ത ജന;സെക്രടറി സുന്നികൾ ഐക്യപ്പെടുന്നതിന്നു വേണ്ടി പുറപ്പെടുവിച്ച ആഹ്വാനം സ്വാഗതാർഹാമാണ്.പക്ഷെ.ഇസ്ലാമിന്റെയും മുസ്ലിംകളുടെയും അസ്തിത്വവും വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സംഭവലോകത്ത് മുസ്ലിയാർ ഉദ്ദേശിക്കുന്ന സുന്നികളുടെ ഏതാനും ഗ്രൂപ്പുകൾ മാത്രം യോജിച്ചാൽ മതിയോ? മുസ്ലിംകളുടെ കിടപ്പറയും വിട്ടു അടുക്കളയിലേക്ക് വരെ എത്തിനോക്കിക്കൊണ്ടിരിക്കുന്ന ഫാസിസത്തിന്റെ ഭീബൽസ രൂപം ,അതിന്റെ സർവ്വ അതിരുകളും ഭേദിച്ച് കൊണ്ട് സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കെ ,അതിനെതിരെ പ്രതിരോധം തീർക്കാൻ മുസ്ലിംകൾ ഒന്നടങ്കം ഐക്യപ്പെടെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമല്ലേ? അപ്പോഴല്ലേ "ക അന്നഹും ബുൻയാനുൻ മര്സൂസ് "( സുഭദ്രമായ ഭിത്തിയെന്നോണം ഒറ്റക്കെട്ടായി അണിനിരന്ന്, അവന്റെ മാര്‍ഗത്തില്‍ പോരാടുന്നവർ ) എന്ന വിശേഷണത്തിന് അര്‍ഹരാകുകയുള്ളൂ.അധികാരത്തിന്റെ ഇടനാഴികകളിൽ എറിഞ്ഞു കിട്ടുന്ന ഏതാനും അപ്പക്കഷണങ്ങൾ കൊണ്ട് സമുദായത്തെ മൊത്തം മയക്കി കിടത്തികൊണ്ട് ഏമാന്മാരുടെ കാൽക്കീഴിൽ അടിയറവ് വെക്കെണ്ടതാണോ ബദറും,ഖന്തഖും,തബൂക്കും താണ്ടി വന്ന ഉത്കൃഷ്ടമായ ആദർശം? ആധുനിക സൂഫിസത്തിന്റെ പേരിൽ ,ഭരണകൂടം എന്നും ഭയപ്പാടോടെ നോക്കിക്കാണുന്ന യുവശക്തിയെ അരാഷ്ട്രീയ വൽക്കരിക്കാനുള്ള നീക്കം ഒരുഭാഗത്ത്,അതിനെതിരെ നീതിബോധമുള്ള വിദ്യാർഥി സമൂഹം കാമ്പസിനകത്തും പുറത്തും സമരമുഖത്താണ്.സവർണ്ണ മേധാവിത്വത്തിനെതിരെ ,ഭരണകൂട ഭീകരതക്കെതിരെ,മനുഷ്യാവകാശ ധ്വംസനത്തിനെതിരെ,ഫാസിസത്തിനെതിരെ ഈ മുന്നേറ്റം ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.ചരിത്രം നമ്മോട് പറയുന്നതതാണ്. നമ്മുടെ മുൻകടന്ന സലഫുസ്സാലിഹീങ്ങൾ കാണിച്ചു തന്ന പോലെ നമുക്കും ഈ അനീതികൽക്കെതിരായ സമരത്തെ പിന്തുണക്കാം.അതല്ലേ ഖൂർആൻ പറഞ്ഞത് " നിങ്ങളാണത്യുന്നതർ , നിങ്ങൾ വിശ്വാസികളെങ്കിൽ "