നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, January 31, 2016

ഇനിയും എഴുതാത്ത കവിത

ഇനിയും എഴുതാത്ത കവിത :റഷീദ്‌ പാവറട്ടി.

ഒരുകവിത കൂടി എഴുതി ഞാനീ സർഗ്ഗ-
ഭൂമിയിൽ നിന്നുമകന്നുപോകും
ഇല്ലതിൽ വാസന്ത വർണ്ണങ്ങളൊന്നുമെ
ഇല്ലതിൽ സൗന്ദര്യ സൗരഭ്യവും
ഇല്ലതിൽ തെല്ലൊന്നു കുളിരാർന്നുറങ്ങുവാൻ
കരളിൽ നിറമാർന്നൊരോർമ്മകളും
ഇല്ലതിൽ കനിവിന്റെ തെളിനീരൊഴുക്കുന്ന
മഴയും പുഴയും പൂങ്കിനാവും
ഇല്ലതിലുയിരിന്റെ ചൂടു തുടിക്കുന്ന
ചെടികളും തൊടിയിലെ തുമ്പികളും
ഇല്ലതിൽ പാർവ്വണം പാതിരാനേരത്ത്‌
പാതി വിടർത്തും നിശാഗന്ധവും
ഇല്ലതിൽ നദികൾക്ക്‌ നാണം തുടിക്കുമ്പോൾ
ജലകണം കൊഞ്ചുന്ന കളകളങ്ങൾ
ഇല്ലതിൽ പാടത്തും പറമ്പിലും പാറുന്ന
പൊന്നോമൽ കിളികൾതൻ കൊക്കുരുമ്മൽ
ഇല്ലതിൽ കുയിലിന്റെ കൂജനം
കൊഞ്ചലും
കൊതിയൂറുമണ്ണാന്റെ
ചിലമ്പൊച്ചയും
ഇല്ലതിലപരന്റെ വേദനകാണുന്ന
കണ്ണും കരളും കരുണഹൃത്തും
ഇല്ലതിലൊന്നുമെ
നന്മയെന്നോതുവാൻ
ഒരുതുള്ളി സ്നേഹത്തിൻ
കണ്ണുനീരും
ഉള്ളതു ദുഷ്ടത തട്ടിയെടുത്തൊരാ
ചതിയും സ്വാർത്തമാം ദാർഷ്ട്യങ്ങളും
ഒരുവൻ അപരനെ കൊന്നുതിന്നീടുന്ന
വന്ന്യതയാണെൻ വരണ്ട കാവ്യം
മതം നോക്കി മനസ്സിലുയിരിന്റെയുയരത്തിൽ
മതിൽകെട്ടും
മനിതനാണിന്നെന്റെയാത്മ ദു:ഖം
കൊന്നും കവർന്നും കായം ഒടുക്കുന്ന
കനിവില്ലാകാലത്തിന്നെഴുത്തുകാരൻ
ഞാനാകവനം
എഴുതിയൊടുങ്ങുമ്പോൾ
ഈ ഭൂമിയഗ്നിയിലമർന്നു കാണും......

റഷീദ്‌ കെ മുഹമ്മദ്‌.

(റഷീദ്‌ പാവറട്ടി.)