“സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.”
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.”
നെഞ്ചോട് ചേര്‍ത്ത് വെയ്ക്കാവുന്ന നിരവധി വരികള്‍ സമ്മാനിച്ച മഹാനായ ദാര്‍ശനിക കവിയാണ് ശ്രീ. വയലാര്‍ രാമവര്‍മ്മ. എന്നാല്‍ എക്കാലവും എന്നെ സ്വാധീനിച്ച വരികളാണ് ഞാന്‍ മുകളില്‍ എഴുതിയത്.കമ്മ്യൂണിസവും ഗാന്ധിസവും എല്ലാം അതിന്‍റെ വക്താക്കളാല്‍ തന്നെ കൊല ചെയ്യപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നമ്മുടെ യാത്ര. ജനാധിപത്യം ഭരണകൂടത്തിലേക്ക് ചുരുങ്ങുകയും ഭരണാധിപത്യം ജനങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു അവസ്ഥാ പരിണാമം ക്രമേണ ശക്തിയാര്‍ജ്ജിച്ച് സാധാരണക്കാരന് ജീവിതം ദുസ്സഹമായി കൊണ്ടിരിക്കുന്നു.ഭരിക്കുന്നവരും അവരുമായി ബന്ധപ്പെട്ട രാഷ്ട്രീയവൃന്ദവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പരസ്പര വിട്ടു വീഴ്ച്ചകളോടെ ചെയ്യുന്ന വെറും ഒരു ബിസിനസ്സ് ആയി ജനാധിപത്യം മാറിയിരിക്കുന്നു. ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ജുഡീഷ്യറി പോലും പക്ഷഭേദങ്ങളുടെ കേന്ദ്രമായി മാറുന്ന അതീവ ഗുരുതരമായ ഒരു അവസ്ഥയും നമ്മള്‍ കാണുന്നു.ജനങ്ങളാല്‍ തിരഞ്ഞെടുത്ത് നിയമസഭയില്‍ എത്തുന്നവര്‍ ജനോപകാരപ്രദമായ എന്ത് പരിഷ്കാരങ്ങളാണ് നടത്തിയിട്ടുള്ളത്. അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഏത് പദ്ധതികള്‍ക്കായാണ് സമരം ചെയ്തതും സംസാരിച്ചതും. ചാനലുകള്‍ ഇട മുറിയാതെ ചര്‍ച്ച ചെയ്തത് ഭരണ-പ്രതിപക്ഷ സാരഥികളുടെ നെറികേടുകളെ പറ്റിയല്ലേ..?
ബഹുഭൂരിപക്ഷവും രാഷ്ട്രീയം ഉള്ളവരാണ്. ഓരോരുത്തരും ജയിപ്പിച്ച് പറഞ്ഞയക്കുന്നത് അവരുടെ ഇഷ്ടക്കാരെയും. പ്രത്യയ ശാസ്ത്രമോ വ്യക്തി ബന്ധമോ അതില്‍ സ്വാധീനം ചെലുത്താം. പാര്‍ട്ടിക്ക് വേണ്ടി മരിച്ചവരും മരിക്കാന്‍ തയ്യാറുള്ളവരും തല്ലു കൊള്ളുന്നവരും ഇഷ്ടം പോലെ. ഒടുവില്‍ അവനവന് ന്യായമായ ഒരു അവകാശം ചുരുങ്ങിയ പക്ഷം ഒരു പഞ്ചായത്തില്‍ നിന്നെങ്കിലും ലഭിക്കണം എങ്കില്‍ തന്‍റെ പാര്‍ട്ടിക്കാരനായ മെമ്പറെയോ പ്രസിടണ്ടിനെയോ പല തവണ കാണണം. അല്ലാതെ നേരിട്ട് ബന്ധപ്പെട്ട ഓഫീസില്‍ ചെന്ന് അപേക്ഷ കൊടുത്താല്‍ അത് സാധ്യമാകുന്നില്ല. അവിടെ ഉദ്യോഗസ്ഥ മേധാവിത്വം തന്നെ മുഖ്യം. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് പ്രാധിമുഖ്യം നല്‍കുന്ന ഭരണ വ്യവസ്ഥിതി നടപ്പില്‍ വരുത്തുവാനും ജനോപകാരപ്രദങ്ങളായ സ്ഥാപനങ്ങളും പരിഷ്കാരങ്ങളും ഉണ്ടാക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഇതിലൊന്നും ഒരു രാഷ്ട്രീയ കക്ഷിക്കും താത്പര്യമില്ല. “അത്താഴം തന്നെ കൊത്തും പിടി...പിന്നല്ലേ പഴം ചോറ്....” എന്ന അവസ്ഥയില്‍ ആണ് ഭരണ കര്‍ത്താക്കള്‍. അവരുടെ കാര്യം തന്നെ ചര്‍ച്ചിച്ച് തീര്‍ന്നിട്ടില്ല. പിന്നല്ലേ നമ്മുടെ കാര്യം.
എന്‍ഡോ സള്‍ഫാന്‍ ബാധിതരായ കാസര്‍കോടും സമീപ പ്രദേശങ്ങളിലും ഉള്ള ഹത ഭാഗ്യരായ സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ഒരു കവിത.
ഇരകളുടെ വിലാപം
ജീവശ്ചവങ്ങള്‍തന്‍ ശവപ്പറമ്പാകുമീ-
കശുമാവിന്‍ തോപ്പിലൊരു മാത്ര നില്‍ക്കാം,
കണ്ണീരിലുയിരിട്ട, കരള്‍ പൊട്ടി ചാലിട്ട-
കളിചിരികള്‍ കുഴിച്ചിട്ട ഖബറുകള്‍ കാണാം.
ഒരു മൂട് കപ്പയിലൊരു കപ്പ് ചായയില്‍
ദശാബ്ദങ്ങളായെത്ര സ്വര്‍ഗ്ഗങ്ങള്‍ തീര്‍ത്തവര്‍.!!
ചിരിക്കുവാനരുതാതെ, കരയുവാനാവാതെ
അസ്ഥികള്‍ പൊട്ടുന്ന വേദനകള്‍ താങ്ങാതെ..!!
ഉള്ളില്‍ നെരിപ്പോടിന്‍ തീക്ഷ്ണമാം നീറ്റല്‍
തൊണ്ടയില്‍ പിടയുന്ന വാക്കിന്‍ പെരുപ്പം..
ഓടാന്‍ കൊതിക്കുന്ന കാലിന്‍ കുതിപ്പുകള്‍..,
കാണാന്‍ വിതുമ്പുന്ന കണ്ണിന്‍റെ ദാഹങ്ങള്‍..,
ഒരു ചാണ്‍ വയറിന്‍ വിശപ്പിന്നു പകരമായ്
എന്തിനീ..കൊച്ചു കിനാക്കള്‍ കരിച്ചു നീ…?
കുരുക്ഷേത്രമദ്ധ്യെ അപഹരിച്ചനിച്ചത്
കവചകുണ്ഡലമല്ല; മാനവകുലത്തിന്‍
സഹജസ്നേഹ സ്നിഗ്ദ്ധ വൈഡൂര്യം!!
ആണിപ്പഴുതിലംഗുലിയാല്‍ നേടിയത്
ആര്‍ത്തിയിലേക്കുള്ള ദശരഥചക്രങ്ങളും.!!
ചരിത്രമുരുണ്ടതു,മുരുളുന്നതും തഥാ-
ചാരിത്ര്യരഹിതമാം കാലത്തിനിരുട്ടിലേക്ക്!!
ഡോളറുകളിലരിച്ച പുഴുക്കളോടൊപ്പം
കരിച്ചതും കൊന്നതും കൊല്ലാതെ കൊന്നതും
പാതിപ്രാണനായ്, ചത്ത പുഴുക്കള്‍ക്കൊപ്പം
പുഴുവായ് പിന്നെയുമിഴയും മര്‍ത്ത്യജന്മങ്ങള്‍.
കോടിയ രൂപങ്ങള്‍തന്‍ ശപ്ത വൈരൂപ്യങ്ങളാല്‍
കോടികള്‍ കൊയ്യുന്നു.. ദൃശ്യസംവേദനം..!!
ആഗോളവിപണികളില്‍ ആര്‍ത്തിയുടെ ഗര്‍ജ്ജനം
അഴലിന്‍റെ പുരികളില്‍ ആതുരരോദനം..!!
മലര്‍ക്കെ പറക്കും ലോഹച്ചിറകുള്ള കാക്കകള്‍
മരണം വിതച്ചു, മഹാമാരിയും പെയ്യിച്ചു
മറക്കാവതല്ലിരോഷിമയും നാഗസാക്കിയും
മാറിയിട്ടില്ലിന്നും ഭോപ്പാലിന്‍ തലവരയും.
ആര്‍ക്കെതിരെ നിങ്ങളീ സമരമുഖങ്ങളില്‍..???
വാരിക്കുന്തങ്ങള്‍ മുന കൂര്‍പ്പിച്ച് വെയ്ക്കാം
വാത്മീകം പൊളിച്ച് വെളിപാട് നല്‍കാം
പട്ടിണി പൂഴ്ത്തിയ പാവം ജന്മിയുടെ
പത്തായം പൊളിച്ച് കമ്മ്യൂണിസ്റ്റാവാനല്ല;
പണാധിപതികളാം അധിനിവേശകന്‍റെയും
വെള്ളിക്കാശ് കിലുക്കുമൊറ്റുകാരന്‍റേയും
നെഞ്ച് തുരന്ന് പ്രതിക്രിയ ചെയ്യുവാന്‍.
സൈനുദ്ധീന്‍ ഖുറൈശി..