നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, February 11, 2016

ആ ചോദ്യം പിന്തുടരുമ്പോൾ

ആ ചോദ്യം പിന്തുടരുമ്പോൾ:റഷീദ്‌ പാവറട്ടി:

ഓർമ്മകളുടെ ഗ്രന്ഥാലയത്തിൽ ചിതറിക്കിടക്കുന്ന പുസ്തകത്താളുകളിൽ നിന്നും ഒന്നെടുത്ത്‌ മറിച്ചു നോക്കവെ അന്ന് അനുഭവപ്പെട്ട അതെ കണ്ണുനീർ കണങ്ങൾ തന്നെ ഇന്നും കവിളിണകളെ ഈറനണിയിച്ചു...

ചെന്നൈ, ടി.നഗർ വെങ്കിട്ടനാരായണ റോഡിൽ ഞാനുൾപ്പെടുന്ന ഹോട്ടൽ ശൃംഗലയുടെ ഒരു ബ്രാഞ്ചുണ്ട്‌.ആങ്ങ്‌ഗൻ റസ്റ്റോറന്റ്‌.എന്റെ സിനിമാ ജീവിത പ്രവർത്തന കാലത്തിന്റെ ഇടത്താവളമായിരുന്നു അത്‌.ലക്ഷ്യ ബോധങ്ങളിൽ നിന്നും കച്ചവടക്കാഴ്ച്ചയിലേക്ക്‌ തിരിഞ്ഞു നോക്കാൻ ഞാൻ നിർബന്ധിക്കപ്പെട്ട കാലം.എഡിറ്റിംഗ്‌ നടക്കുന്ന പുതിയ ചിത്രത്തിന്റെ ഔട്ട്‌ ഓഫ്‌ കേരള ബിസിനസ്സ്‌ സംസാരിച്ചു കൊണ്ടിരിക്കെയാണ്‌ സുമുഖനായ ആ ചങ്ങനാശ്ശേരിക്കാരൻ കൃസ്ത്യൻ ചെറുപ്പക്കാരൻ കടന്നു വന്നത്‌. ജോലി ആയിരുന്നു ആവശ്യം.അനാഥനാണന്നുപറഞ്ഞു.പരിചയപ്പെടുത്തിയത്‌ സ്റ്റാഫ്‌ തന്നെ ആയതിനാൽ അവർകൊപ്പം നിന്നു കൊള്ളാൻ പറഞ്ഞു.ഞാനും എന്റെ സഹപ്രവർത്തകരും കോടമ്പാക്കത്തെ വിജയ വാഹിനി സ്റ്റുഡിയോവിലെ എടിറ്റിംഗ്‌ റൂം ലക്ഷ്യമാക്കി പുറപ്പെട്ടു.അവിടെ എത്തുമ്പോള്‍ പാരലിങ്ങിംഗ്‌ ചെയ്യാൻ ഫിലിമുകൾ  എഡിറ്റിങ് ടേബിളിൽ ട്രാക്കു ചെയ്‌തിട്ടുണ്ടായിരുന്നു.സ്റ്റാർട്ട്‌ പറഞ്ഞു.വർക്ക്‌ തുടങ്ങി.തൊട്ടടുത്ത മൂവ് വേളയിൽ ഒരു തമിഴ്‌ പടത്തിന്റെ ഡബ്ബിൾ പോസ്സറ്റീവ്‌ ഓടുന്ന ശബ്ദം എന്റെ ശ്രദ്ധ മാറ്റിക്കൊണ്ടിരുന്നു.ഞാൻ പുറത്തേക്കിറങ്ങി. നേരത്തെ മുതൽ ആ അനാഥൻ എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.

പിറ്റേന്ന് അവനുമായി സംസാരിച്ചു.അനാഥത്വം പകർന്ന് നൽകിയ അനുഭവപാഠങ്ങളിലൂടെ അവൻ മനസ്സു തുറക്കുകയായിരുന്നു.അവനെ കേൾക്കുന്ന ഈ ലോകത്തിലെ ആദ്യത്തെ വ്യക്തിയാണു ഞാനെന്നു എനിക്ക്‌ ബോധ്യമായി.ദിനരാത്രങ്ങളിലൂടെ കാലഗമനം തുടർന്നു പോന്നു.എന്റെ സുജൂദുകളിൽ പോലും ഈ അനാഥൻ എനിക്ക്‌ വേദനയായി.പ്രാർത്ഥനകളിൽ അസ്വസ്ഥമായിക്കൊണ്ടിരുന്ന മനസ്സിൽ മഹാ ദൗത്യത്തിന്റെ പർവ്വതഭാരം അൽപാൽപമായി കുന്നുകൂടുന്നതായി ഞാനറിഞ്ഞു.അന്ന് ഒരു സാമ്പ്രദായിക മുസ്‌ലിം മാത്രമായിരുന്ന എനിക്ക്‌ 'ദഅവത്തിന്റെ സാധുതയെ കുറിച്ച്‌ ചില സംശയങ്ങൾ ഉണ്ടായിരുന്നു,അതും ഒരു സിനിമാ പ്രവർത്തകൻ കൂടി ആയതിനാലാവാം അത്‌.

അപ്പോഴും മനസ്സിൽ ആ നബി വചനം പ്രതിധ്വനിച്ചു "അലീ നിന്റെ കാരണത്താൽ ഒരുമനുഷ്യൻ ഹിദായത്തിലായാൽ ഈ ലോകം മുഴുവൻ നേടുന്നതി നേക്കാൾ നിനക്ക്‌ ഉത്തമം അതാണ്‌ "  ഞാൻ മനസ്സിൽ ഉറച്ചു. ആ അനാഥനെ സനാഥനാക്കണം.

അവനെ കണ്ടു.കൂടുതൽ സംസാരിച്ചു.സൗഹൃദം സ്ഥാപിച്ചു. സൂറത്ത്‌ അള്ളുഹായുടെ ആന്തരീകാർഥങ്ങളിലൂടെ ആ അനാഥ ഹൃദത്തിൽ സനാഥത്വത്തിന്റെ സംരക്ഷണ കവചം തീർക്കാൻ ശ്രമിച്ചു.ഇസ്‌ലാമിനെ പരിചയപ്പെടുത്തി.അൽ ഹംദു ലില്ലാഹ്‌ അവൻ കേൾക്കാൻ താൽപര്യം കാണിക്കുന്നതായി എനിക്ക്‌ അനുഭവപ്പെട്ടു.അവന്‌ പള്ളിയും നിസ്കാരവും ഞാൻ പരിചയപ്പെടുത്തി.എനിക്കൊപ്പം അവൻ നമസ്കരിച്ചു.ദിവസങ്ങൾ കടന്നു പോയി.ഇപ്പോൾ അവൻ ഇസ്‌ലാമിക ബാല പാഠം പഠിച്ചിരിക്കുന്നു.ഞാൻ ചോദിച്ചു "സഹോദരാ നീ ഈ വിശ്വാസം സ്വീകരിച്ച്‌ മുസ്‌ലിം ആകാൻ തയ്യാറുണ്ടോ" ഒട്ടും വൈകിയില്ല അവൻ സമ്മദിച്ചു കൊണ്ട്‌ തലയാട്ടി.പിന്നെ ഞാൻ അസ്വസ്ഥനാവുകയും അനാഥൻ സ്വസ്ഥത പൂകുന്നതായും ഞാനറിഞ്ഞു.പ്രവാചകരിലൂടെ,സഹാബികളിലൂടെ,താബിഉകളിലൂടെ,താബിഉത്താബിഉകളിലൂടെ, തുടർന്നു വന്ന ആ അനിർവ്വചനീയ സന്ദർഭം ഇതാ എന്റെ മുന്നിൽ നിൽക്കുന്നു.സത്യ സാക്ഷിത്വത്തിന്റെ കർമ്മ സാക്ഷ്യം എന്റെ മനസ്സിലും വചസ്സിലും ജിഹ്വയിലുമായി താളം തുള്ളുന്നു.

സിനിമയുടെ വർക്കുകൾ എഡിറ്റിംഗ്‌ കഴിഞ്ഞു. ഫസ്റ്റ്‌ പ്രിന്റ്‌ വന്നു.ഇനി സെൻസർ ചെയ്യണം.സ്‌ക്രിപ്‌റ്റു വർക്കുകൾ മറ്റ്‌ ഡോക്യുമെന്റുകൾ എല്ലാം ശരിയാക്കി സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭമാണത്‌.എല്ലാവരും ടെൻഷനിലാണ്‌.ഞാനും.എന്റെ ടെൻഷൻ ആ അനാഥനായിരുന്നു.അനാഥന്‌ചൊല്ലി കൊടുക്കേണ്ട ശഹാദത്തിൽ ആയിരുന്നു.

ഒരു വേള ഞാൻ കരുതി.മറ്റാരെയെങ്കിലും ഈ ദൗത്യം ഏൽപിക്കാം.ഞാൻ സ്ഥിരമായി പോകുന്ന സി.ഐ.ടി നഗർ ജുമാമസ്ജിദിലെ ഇമാമിനോട്‌ പറയാം.അങ്ങിനെ ഉറക്കം വരാതെ കിടന്നു.
സുബ്‌ഹിക്ക്‌ പള്ളിയിലെത്തി.നമസ്കരിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു സംശയം ഈ പുണ്ണ്യം എന്തിന്ന് ഞാൻ തട്ടിക്കളയണം.അല്ലാഹു സ്വീകരിക്കുമെങ്കിൽ ഞാൻ എത്ര ധന്യൻ.തിരിച്ചു നടന്നു.അനാഥനെ കണ്ടു. വീണ്ടും ചോദിച്ചു "നീ തയ്യാറാണോ. ഈ മതത്തിൽ നിർബന്ധത്തിന്റെ ഒരു കണിക പോലും ഇല്ല.പൂർണ്ണ മനസ്സോടെ മാത്രമെ ആകാവൂ.ഒന്നു കൂടെ ആലോചിച്ച്‌ ഉറച്ചിട്ട്‌ മതി" മറുപടിക്ക്‌ കാത്തു നിൽക്കാതെ ഞാൻ അവനെ കടന്നു പോയി.ആ നടത്തത്തിലൊക്കയും കുറ്റബോധം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു."ഭീരു ഒരാൾ ഹിദായത്തിലാകാൻ കാത്തു നിൽക്കെ നീ ഒളി ച്ചോടുന്നുവോ.നീയൊ അവനൊ ഇപ്പോൾ മരിച്ചു വീണാൽ എന്ത്‌ സമാധാനം പറയും 
നിന്റെ റബ്ബിനോട്‌" ഇത്രയും നിണ്ണായകമായ മറ്റൊരു ഘട്ടത്തെയും ഞാനൊരിക്കലും അഭിമുഖീകരിച്ചിട്ടില്ല.പിന്നീടുള്ള നിമിഷങ്ങളത്രയും പ്രാർത്ഥനകളായിരുന്നു.ഒടുവിൽ ഞാൻ അവനുമായി പള്ളിയിലേക്ക്‌ കുതിച്ചു.അസർ നമസ്കരിച്ചു.ഞാൻ ആ അനാഥന്‌ അഭിമുഖമായി ഇരുന്നു.

"അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അശ്‌ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്‌" ശഹാദത്തുൽ ഹഖ്‌ ഞാൻ ചൊല്ലി കൊടുത്തു അനാഥൻ അത്‌ ഏറ്റ്‌ ചൊല്ലി സനാഥനായി.അബ്ദുറഹ്‌ മാൻ എന്നു ഞാൻ അവനെ പേർ വിളിച്ചു.മാറോട്‌ ചേർത്ത്‌ ഞാൻ അവനെ കെട്ടിപ്പുണർന്നപ്പോഴും ഇപ്പോഴും ആ ചോദ്യം എന്നെ പിന്തുടരുന്നു.

'എന്നിൽ നിന്നും ആ 'സത്യ സാക്ഷ്യ' സാക്ഷ്യം അല്ലാഹു സ്വീകരിച്ചിരിക്കുമൊ...' ? 
എന്റെ തെറ്റു കുറ്റങ്ങൾക്കെതിരിൽ ആ സത്യ സാക്ഷ്യം കനം തൂങ്ങുമോ.......

പ്രാർത്ഥനയോടെ:റഷീദ്‌ പാവറട്ടി.