വിദ്വേഷങ്ങളുടെ സൈബറിടങ്ങള്‍ :മര്‍സൂഖ് .
ആധുനികതയുടെ അനുഗ്രഹങ്ങൾ ആയ സോഷ്യൽ മീഡിയയെ കൃത്രിമ വാർത്തകളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും വൈകാരികതയുടെ വിളനിലമാക്കി വിദ്വേഷത്തിന്റെ വിത്തിറക്കി അരാജകത്തത്തിന്റെ വിളവെടുപ്പിനു കോപ്പ് കൂട്ടുകയാണ് ഒരു കൂട്ടർ. സങ്കുചിതത്തിന്റെ മന്ത്രമോതി, മനസ്സും മസ്തിഷ്കവും സ്വം എന്ന അഹം ബോധത്തിലേക്ക് ആപതിച്ച് നന്മയുടെ നറുമണം പോലും നുകരാൻ അറിയാത്ത ഒരു തലമുറയിലൂടെ കടന്നു പോകുകയാണ് സോഷ്യൽ മീഡിയ എന്ന മാധ്യമം.
അവസരത്തിനനുസരിച്ച് ആവിഷ്കാര സ്വാതന്ത്രത്തിന്റെ അപ്പോസ്തലൻ പട്ടം അണിയുന്ന ഇവർ തലതിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ഇന്ത്യ എന്തെന്നറിയണമെങ്കിൽ ആദ്യം ഇന്ത്യയുടെ ചരിത്രം എന്തെന്നറിയണം..ഇന്ത്യ ഉയർത്തിപിടിക്കുന്ന ജനാധിപത്യം എന്തെന്നറിയണം.ഇന്ത്യ ഉൾകൊള്ളുന്ന സമഭാവനയുടെ,സാഹോദര്യത്തിന്റെ,സഹവർത്തിത്തത്തിന്റെ അന്തസത്ത എന്തെന്നറിയറിയണം.
സോഷ്യൽ മീഡിയകളിൽ കൂടിയും, പടച്ചുണ്ടാക്കുന്ന പുത്തൻ ചരിത്രങ്ങളിലൂടെയും നിങ്ങൾ കാണുന്ന ഇന്ത്യയല്ല യാഥാർത്ഥ്യങ്ങളുടെ ഇന്ത്യ...പിറന്ന നാടിനു വേണ്ടി ജാതിയും മതവും നോക്കാതെ ജീവൻ ബലി നല്കിയ മഹാത്മാക്കളുടെ ഇന്ത്യ---സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തത്തിനെതിരെ അഹിംസയിലൂന്നിയ സമരമാർഗ്ഗം കൊണ്ട് പൊരുതി മനുഷ്യകുലത്തിനു മഹത്തായ സന്ദേശം നല്കിയ ഇന്ത്യ ---- വൈരുദ്ധ്യങ്ങളുടെ വൈജാത്യങ്ങൾ കൊണ്ട് വിസ്മയം തീർത്ത് സാഹോദര്യത്തിന്റെ പുതിയ ഗാഥകൾ രചിച്ച ആ ഇന്ത്യ....
ഇന്ന് ... !!!
കോർപ്പറേറ്റ് അച്ചുതണ്ടിൽ തിരിയുമ്പോൾ പാർശ്വവൽകൃത സമൂഹമായി അവഗണനയുടെ സൂര്യതാപം മാത്രം ഏറ്റുവാങ്ങാൻ വിധിക്കപെടുന്ന മഹാഭൂരിപക്ഷത്തിന്റെ ഇന്ത്യ --- ആത്മഹത്യ ചെയ്യപെടുന്ന കർഷകരുടെ ഇന്ത്യ---ജന്മം ശാപമെന്ന് വിലപിക്കുന്ന യുവത്വങ്ങളുടെ ഇന്ത്യ --മണ്ണിന്റെ മക്കളെ മാറ്റിനിർത്തി കോർപറേറ്റുകൾക്ക് കുഴലൂത്ത് നടത്തി കെട്ടിപടുക്കുന്ന ഭൂരഹിതരുടെ ഇന്ത്യ --ചിന്തിക്കുന്ന തലകളെയും ചിന്തിപ്പിക്കുന്ന എഴുത്തുകളും ഭയപെടുന്ന ഇന്ത്യ .. .. തെരുവിൽ അപമാനിക്കപെടുന്ന സ്ത്രീത്വത്തങ്ങളുടെ ഇന്ത്യ---മലിനമാക്കപെടുന്ന ജലവും വായുവും ഉപയോഗിക്കാൻ വിധിക്കപെടുന്നവരുടെ ഇന്ത്യ ---രാഷ്ട്രീയക്കാർ കലാപങ്ങൾ കൊണ്ട് നെയ്തെടുത്ത നിണങ്ങളുടെ തീർത്ഥസ്നാനങ്ങളാൽ സമൃദ്ധമായ ഇന്ത്യ. ഒരു തിന്മയെ മൂടിവെക്കുവാൻ അതിനും വലിയ തിന്മക്കു സാധിക്കുമെന്ന് പരീക്ഷിക്കുന്ന ഇന്ത്യ --- ആൾദൈവങ്ങളും കുത്തകദൈവങ്ങളും തരാതരം തിരിക്കുന്ന കച്ചവടങ്ങളുടെ ഇന്ത്യ --- മനസ്സിൽ ചങ്ങല കെട്ടുകൾ തീർക്കുന്ന അടിമത്തത്തിന്റെ പുതിയ നയതന്ത്രം പയറ്റുന്ന രാഷ്ട്രീയ ഇന്ത്യ ---
ഈ ഇന്ത്യയുടെ ആത്മാവ് അറിയണമെങ്കിൽ മനസ്സിൽ സ്നേഹമുണ്ടാകണം, സഹിഷ്ണുതയുണ്ടാകണം,സഹോദര്യമുണ്ടാകണം. അതോടൊപ്പം മനുഷ്യൻ എന്ന വാക്കിൻറെ അർത്ഥം ഉൾകൊള്ളണം.
മർസൂഖ് സെയ്തുമുഹമ്മദ്.