"അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍"-ഖുർആൻ.
ലോകത്ത് എക്കാലവും വ്യാപകമായ കുഴപ്പങ്ങൾക്കും കൂട്ടക്കൊലകൾക്കും കാരണമായ വമ്പിച്ച തിന്മകളാണ് ,വംശീയത,വർഗ്ഗീയത എന്നിവ.വര്‍ഗം, വര്‍ണം, ഭാഷ, ദേശം, ജനത തുടങ്ങിയ പക്ഷപാതിത്വങ്ങളിലൂടെ പൌരാണിക കാലം തൊട്ട് ഇന്നുവരെ എല്ലാ കാലഘട്ടങ്ങളിലും മനുഷ്യന്‍ പൊതു മാനവികതയെ അവഗണിച്ചുകൊണ്ട് തനിക്കു ചുറ്റും ഏതാനും ചെറിയ വൃത്തങ്ങള്‍ വരയ്ക്കുകയുണ്ടായി. ആ വൃത്തത്തിനുള്ളില്‍ ജന്മംകൊള്ളുന്നവരെ സ്വന്തക്കാരായും അതിനു വെളിയില്‍ ജീവിക്കുന്നവരെ അന്യരായും കണക്കാക്കിപ്പോന്നു. ഈ വൃത്തമാകട്ടെ ബുദ്ധിപരമോ ധാര്‍മികമോ ആയ ഏതെങ്കിലും അടിത്തറയിലല്ല. പ്രത്യുത, യാദൃച്ഛികമായ ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.ചിലയിടങ്ങളില്‍ അതിന്റെ അടിസ്ഥാനം ഒരു കുടുംബത്തില്‍, ഗോത്രത്തില്‍, അല്ലെങ്കില്‍ വര്‍ഗത്തില്‍ പിറക്കുക എന്നതായിരിക്കും. ചിലപ്പോള്‍ ഒരു ഭൂവിഭാഗത്തില്‍, അല്ലെങ്കില്‍ സവിശേഷ വര്‍ണമുള്ളതോ ഭാഷ സംസാരിക്കുന്നതോ ആയ സമുദായത്തില്‍ പിറന്നുവെന്നതായിരിക്കും. തുടര്‍ന്ന് ഈ അടിസ്ഥാനത്തില്‍ സ്വന്തക്കാര്‍, അന്യര്‍ എന്നിങ്ങനെയുള്ള തരംതിരിവുകളുണ്ടാകുന്നു. സ്വന്തക്കാരായി കരുതുന്നവരോട് ആപേക്ഷികമായി കൂടുതല്‍ സ്നേഹവും സഹകരണവും പുലര്‍ത്തുന്നതില്‍ പരിമിതമായിരിക്കുകയില്ല ഈ തരംതിരിവ്. അത് അതിനപ്പുറം വൈരാഗ്യം, ശത്രുത, നിന്ദ, അക്രമമര്‍ദനങ്ങള്‍ തുടങ്ങിയ ദുഷ്ടതകളിലേക്ക് കടക്കുന്നു. അതിനുവേണ്ടി തത്ത്വശാസ്ത്രങ്ങള്‍ മെനഞ്ഞെടുക്കുകയുണ്ടായി. മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടു. സദാചാരതത്ത്വങ്ങള്‍ ആവിഷ്കരിക്കപ്പെട്ടു. ജൂതന്മാർ ,തങ്ങൾ ദൈവത്തിന്റെ ഇഷ്ടക്കാരും പ്രത്യേകം തെരഞ്ഞെടുവരുമാണെന്ന് കരുതുകയും പരലോകത്ത് തങ്ങളെ തീ സ്പർശിക്കുകയില്ലെന്നും ഇതിനേക്കാൾ മെച്ചമായ വിഭവങ്ങൾ അവിടെയും നൽകപ്പെടുമെന്നും ഊറ്റം കൊള്ളുന്നതായി വിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട്. തങ്ങളുടെ മത നിയമങ്ങളില്‍ വരെ ഇസ്രായേലികളല്ലാത്തവരുടെ അവകാശങ്ങളും പദവിയും ഇസ്രായേലികളുടേതിനേക്കാള്‍ താണതായി നിശ്ചയിക്കുകയും ചെയ്തു. ഇതേ വിവേചനം ഹിന്ദുക്കള്‍ക്കിടയില്‍ വര്‍ണവ്യവസ്ഥയ്ക്ക് ജന്മംനല്‍കുകയും തദടിസ്ഥാനത്തില്‍ ബ്രാഹ്മണരുടെ ഔന്നത്യം സ്ഥാപിക്കപ്പെടുകയും ചെയ്തു. `ഉന്നത കുലജാതരെ` അപേക്ഷിച്ച് മറ്റെല്ലാ മനുഷ്യരും നീചരും മ്ളേഛരുമായി പരിഗണിക്കപ്പെട്ടു. ശൂദ്രര്‍, നിന്ദ്യതയുടെ അടിത്തട്ടിലേക്കെറിയപ്പെട്ടു. കറുത്തവര്‍, വെളുത്തവര്‍ എന്ന വിവേചനം മൂലം ആഫ്രിക്കയിലും അമേരിക്കയിലുമുള്ള കറുത്തവര്‍ഗക്കാര്‍ക്കെതിരില്‍ അഴിച്ചുവിടപ്പെട്ട അക്രമമര്‍ദനങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ അന്വേഷിക്കേണ്ട ആവശ്യമില്ലഉത്തരേന്ത്യയിൽ നിന്ന് നിത്യേനയെന്നോണം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ മനസ്സാക്ഷിയുള്ളവരെ ലജ്ജിച്ചു തലതാഴ്ത്തിക്കുന്നതാണ്.ആദിവാസി ഊരുകളിൽനിന്നും സമാനമായ വാർത്തകൾ തന്നെ. നഗ്നയാക്കി നടത്തിക്കുക,തല ഭാഗികമായി മുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ചു കഴുതപ്പുറത്തിരുത്തി ഊരു ചുറ്റിക്കുക തുടങ്ങിയവയെല്ലാം സവർണ്ണ മേലാളന്മാരുടെ ക്രൂര വിനോദങ്ങളിൽ പെട്ടതാണ്. ബാംഗ്ലൂരില്‍ ഒരു താന്‍സാനിയന്‍ യുവതിയുടെ വാഹനം ജനകൂട്ടം ആക്രമിക്കുകയും, അവരെ അര്‍ദ്ധനഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവം നാം അറിഞ്ഞു. ഇന്ത്യന്‍ സമൂഹം എത്രത്തോളം വംശവെറിയുടെ കാര്യത്തില്‍ അധഃപതിച്ചിരിക്കുന്നു എന്ന വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത സംഭവം. തീര്‍ച്ചയായും വംശീയവെറിയന്‍മാരും ജാതിവെറിയന്‍മാരുമായിരുന്നു ആ ജനകൂട്ടം. മുകളിൽ ഉദ്ധരിച്ച സംക്ഷിപ്ത സൂക്തത്തില്‍ അല്ലാഹു മുഴുവന്‍ മനുഷ്യരെയും അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമായ മൂന്ന് യാഥാര്‍ഥ്യങ്ങള്‍ ഉണര്‍ത്തിയിരിക്കുന്നു: ഒന്നാമത്തെ യാഥാര്‍ഥ്യം ഇതാണ്: നിങ്ങളുടെയെല്ലാം മൂലം ഒന്നാണ്. ഒരേ ആണില്‍നിന്നും പെണ്ണില്‍നിന്നുമാണ് നിങ്ങളുടെ വര്‍ഗം മുഴുവന്‍ നിലവില്‍ വന്നിട്ടുള്ളത് ഈ സൃഷ്ടിപരമ്പരയില്‍ നിങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള വിവേചനത്തിനും ഉച്ചനീചത്വത്തിനും യാതൊരു അടിസ്ഥാനവുമില്ല. ഒരേ ഒരു ദൈവമാണ് നിങ്ങളുടെയെല്ലാം സ്രഷ്ടാവ്.ചിലര്‍ പരിശുദ്ധമായ മേത്തരം പദാര്‍ഥങ്ങളില്‍നിന്നും മറ്റു ചിലര്‍ മ്ളേച്ഛവും താഴ്ന്നതുമായ പദാര്‍ഥങ്ങളില്‍നിന്നും ഉണ്ടായിട്ടുള്ളവരല്ല. ഒരേരീതിയിലാണ് നിങ്ങളുടെയെല്ലാം ജനനം.രണ്ടാമതായി,സ്രഷ്ടാവ് മനുഷ്യവിഭാഗങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമായി ക്രമീകരിച്ചതിന്റെ കാരണം അവര്‍ക്കിടയില്‍ പരസ്പരം പരിചയപ്പെടാനും സഹകരിക്കാനുമുള്ള സ്വാഭാവികമായ രീതി എന്ന നിലയിലാണ്.മൂന്നാമതായി,ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ ശ്രേഷ്ഠത കൈവരിക്കുന്നതിനുള്ള അടിസ്ഥാനവസ്തുത അയാള്‍ മറ്റുള്ളവരെക്കാള്‍ ദൈവത്തെ ഭയപ്പെടുന്നവനും തിന്മകളില്‍നിന്ന് അകന്നുനില്‍ക്കുന്നവനും നന്മയുടെയും വിശുദ്ധിയുടെയും മാര്‍ഗം അവലംബിക്കുന്നവനും ആവുകയെന്നതാണ്ഇസ്ലാം സർവ്വ വർണ്ണ-വർഗ്ഗ-വംശ-സങ്കൽപ്പങ്ങളെയും തൂത്തെറിഞ്ഞു കൊണ്ട് പ്രഖ്യാപിച്ചു,"നിങ്ങളെല്ലാവരും ആദമിൽ നിന്ന്,ആദമാകട്ടെ മണ്ണിൽനിന്നും" കറുകറുത്തവനായ ബിലാലിന് മാനവകുലത്തിന്റെ വിമോചകനായ പ്രവാചകൻ തന്റെ ചുമലിൽ ചവുട്ടികൊണ്ട് കഅബാലയത്തിന്റെ ഉത്തുംഗതയിലേക്ക് ആനയിച്ചുകൊണ്ട് അതിപ്രകാരം വിളംബരം ചെയ്യിച്ചു " അല്ലാഹു അക്‌ബർ ,ലാഇലാഹ ഇല്ലല്ലാഹ് "
അബ്‌ദുല്‍ ഖാദർ പുതിയ വീട്ടിൽ. പുതിയ വീട്ടില്‍