നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, February 9, 2016

അളിയാ ഞാന്‍ ഇവിടെ ഇറങ്ങീണ്ട്‌ ട്ടാ

അളിയാ ഞാന്‍ ഇവിടെ ഇറങ്ങീണ്ട്‌ ട്ടാ:ഖുറൈശി.
അന്നൊരിക്കല്‍ ചന്ദനക്കുടത്തില്‍ തുടങ്ങി പള്ളിക്കാട്ടിലവസാനിച്ചു. അറിഞ്ഞോ അറിയാതെയോ. ചിലത് അങ്ങനെയാണ്. തുടങ്ങിയിടത്താവില്ല അവസാനിക്കുക. ജീവിതം പോലെ.പള്ളിക്കാട്ടില്‍ വീണ് കാലൊടിഞ്ഞ ബദറുക്ക പൂര്‍വ്വസ്ഥിതിയിലെത്താന്‍ കുറച്ചു നാളുകള്‍ വേണ്ടി വന്നു. ഇടതു കാലിനു നേരിയൊരു മുടന്തും കൂടിയായപ്പോള്‍ ബദറുക്കാക്ക്‌ "ദുര്‍നടപ്പ്" കൂടിയെന്ന് " ഹറാം പിറന്നവര്‍ക്ക് " പറച്ചിലായി. ഇതൊക്കെയാണെങ്കിലും ആന വണ്ടിയിലും പ്രൈവറ്റ് ബസ്സിലും സീറ്റ് ഉണ്ടെങ്കിലും ബദറുക്ക നില്‍ക്കുകയെ ഉള്ളൂ.കമ്പിയില്‍ പിടിക്കാതെ ചുവടു വെച്ച് വലിഞ്ഞമര്‍ന്ന് തന്റെ കളരി പാടവം വിളിച്ചോതി ബദര്‍ കുരിക്കള്‍ അങ്ങനെ നില്‍ക്കും.മകരത്തിലാണ് ചന്ദനക്കുടം നേര്‍ച്ച.മകരത്തിലെ കുളിര്‍മഞ്ഞു പെയ്യുന്ന പുലരികള്‍ മനസ്സില്‍ നിത്യ ഹരിതമായ അനുഭവചിത്രങ്ങളാണ്.

പടിഞ്ഞാറെകരയ്ക്കും കിഴക്കേകരയ്ക്കും ഇടയില്‍ പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ക്കിടയിലൂടെ സാമാന്യം വീതിയുള്ള വലിയ വരമ്പിന്റെ ഇരു ഭാഗവും കറുകപ്പുല്‍ നാമ്പുകളില്‍ സൂര്യ കിരണമേറ്റു തിളങ്ങുന്ന മഞ്ഞു തുള്ളികള്‍ , നാണിച്ചു നില്‍ക്കുന്ന തട്ടമിട്ട മാപ്പിള പെണ്‍കിടാവിന്റെ ചേലിനെ ഓര്‍മ്മിപ്പിക്കുന്നു.വരമ്പിനിരുവശമുള്ള ചാലുകളില്‍ നീരൊഴുക്കിനെതിരെ മത്സരിച്ചു നില്‍ക്കുന്ന പരല്‍ മീനുകള്‍ പിടിച്ച് ചെളിച്ചൂരുമായി വീട്ടിലെത്തുന്ന ആ സുവര്‍ണ്ണ കാലം തിരിച്ചെടുക്കാനാവാത്ത ഒരു നഷ്ടമാണെന്ന് തിരിച്ചറിയുന്നു.പാടം മുഴുവന്‍ ഉണങ്ങി കിടക്കുകയാണ്. ഇരു കരകളിലും ഉള്ള മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഫുട്ബോളും ക്രിക്കെട്ടും കളിക്കാനുള്ള മൈതാനമായി മാറുന്നു ഈ പാടങ്ങള്‍.ഇവിടെ തന്നെയാണ് ചന്ദനക്കുടം നേര്‍ച്ചയുടെ മുഖ്യ ഘടകങ്ങളായ കച്ചവടക്കാര്‍ തങ്ങളുടെ ഷെഡുകള്‍ കെട്ടുന്നതും രാത്രിയെ പ്രശോഭിതമാക്കുന്ന വെടിമരുന്ന് പ്രയോഗം നടക്കുന്നതും.കുപ്പിവളകള്‍ വാങ്ങാനെത്തുന്ന മൊഞ്ചത്തികളുടെ വായില്‍ നോക്കി അവരുടെ വായില്‍ നിന്ന് ഇടിവെട്ട് ചീത്ത ഞങ്ങളുടെ മുഖത്തേക്കു പൊട്ടിവിരിയുന്നതും ഈ പാടത്ത്‌ തന്നെ.റംല ബീഗത്തിന്റെയും ആയിഷ ബീഗത്തിന്റെയും ബദറുല്‍ മുനീറും ഹുസനുല്‍ ജമാലും കുറെ ജിന്നുകളും ഉമ്മമാര്‍ മൂക്കിന്‍ തുമ്പത്ത് വിരല്‍ വെച്ച് വായടക്കാതെ കേട്ട് കൊണ്ടിരിക്കുന്നതും ഇവിടെ തന്നെ. കൊമ്പന്‍ അവറാന്റെയും ഉമ്മാച്ചുത്തയുടെയും റൂഹാനികള്‍ക്ക് പൊതു അവധി നല്‍കുന്ന ദിവസവും ഈ ചന്ദനക്കുടത്തിന്റെ അന്നാണ്.ചന്ദനക്കുടം നേര്‍ച്ചയുടെ മര്‍മ്മപ്രധാനമായ രണ്ടിനങ്ങളാണ് ഒന്ന് ഉച്ചയോടു അടുത്ത്‌ നടക്കുന്ന കൊടിയേറ്റക്കാഴ്ചയും മറ്റൊന്ന് രാത്രിയിലെ നാട്ടു കാഴ്ചയും.പുന്നക്കാട്ടു തറവാട്ടു മുറ്റത്തു നിന്ന് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വാദ്യാഘോഷങ്ങള്‍ക്കും കളരിപ്പയറ്റിനും ശേഷം നെയ്ച്ചോറും പോത്തിറച്ചിയും കഴിച്ചാണ് കൊടിയേറ്റക്കാഴ്ച പള്ളിയിലേക്ക് പുറപ്പെടുക. അറബനമുട്ട് , കോല്‍ക്കളി, ബാന്റ്ടു വാദ്യം, ചെണ്ട, തപ്പ്, മുട്ടും വിളി, കളരിപ്പയറ്റ്‌, തുടങ്ങിയവയൊക്കെ ശബ്ദ മുഖരിതവും ആവേശഭരിതവും ആക്കുന്ന കാഴ്ചയില്‍ ഏറെ ആകര്‍ഷണീയമാകുന്നത് നെറ്റിപ്പട്ടം കെട്ടിയ അഞ്ചുപത്തു ഗജവീരന്മാര്‍ ആണ്.ഇതിനെല്ലാം ഇടയില്‍ , ഇതെല്ലാം നടക്കുന്നത് തന്റെ ഒരാളുടെ കഴിവിലാണ് എന്ന അഹങ്കാരമില്ലായ്മയോടെ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ബദറുക്ക മറ്റൊരു സുപ്രധാന ആകര്‍ഷണമാണ്. നേര്‍ച്ച കമ്മിറ്റി പ്രസിഡന്റായ മൊയ്തീന്‍ക്ക കഴിഞ്ഞാല്‍ പിന്നെ മൂപ്പന്‍ ബദറുക്കയാണ്. ഒരു കമ്മിറ്റിയിലും ഇല്ലെങ്കിലും എല്ലാ കമ്മിറ്റ്മെന്റും സ്വയം ഏറ്റെടുക്കുന്ന ബദറുക്ക.കളരിപ്പയറ്റ് കണ്ട് അന്തം വിട്ടു നില്‍ക്കുന്ന മാന്മിഴിയാളുകള്‍ക്ക് മുന്നില്‍ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ ബദറുക്ക ഉറുമി വീശും. ഹരത്തിലങ്ങനെ വീശുമ്പോള്‍ കണംകാലില്‍ നിന്ന് ഒലിക്കുന്ന രക്തം ബദറുക്കക്ക് സാരമേയല്ല." ഡാ...ഹംക്കേ...ഇയ്യൊന്ന്....പണ്ടാറടങ്ങണ്ണ്ടാ....." എന്ന മൊയ്തീന്‍ക്കയുടെ ഉച്ചത്തിലുള്ള ശകാരം കേട്ടാലെ ബദറുക്ക അടങ്ങൂ.പ്രേം നസീറിനെ പോലെ നെറ്റിയിലെ വിയര്‍പ്പു ചൂണ്ടു വിരലാല്‍ വടിച്ച് മൊഞ്ചത്തികളുടെ നേരെ ഒരു നോട്ടമുണ്ട്.അപ്പോഴായിരിക്കും മുഖത്തടിച്ചത് പോലെ നീലിത്തള്ളയുടെ ഉപദേശം."ഡാ...കാദരെ...മോനാ ..കാലിന്മേ...ഇച്ചിരി മഞ്ഞള് വാരിപ്പൊത്ത് ..... ചോര നിക്കട്ടെ......"ഇത് കേട്ട് അടക്കി ചിരിക്കുന്ന മൊഞ്ചത്തികളുടെ കാതിലേക്ക് എത്തും വിധം ബദറുക്ക തിരിച്ചടിക്കും..." അതേയ്...അത് ഞാന്‍ നോക്കിക്കൊളാ......ങ്ങള് ....ആ .. ആനന്റെ കാലിന്റെടെല്...കുടുങ്ങാണ്ട് നോക്കിക്കോ.."പിന്നത്തെ തിരക്ക് ആനപ്പുറത്ത് കയറാനും കയറ്റാനുമാണ്. മൂന്നാളെ ഫ്രീ ആയും ബാക്കിയുള്ളവരെ ആളൊന്നുക്ക് പത്തു രൂപയും ആണ് ബദറുക്കയും മൊയ്തീന്‍ക്കയും നേര്‍ച്ച കമ്മിറ്റിയിലേക്ക് ഈടാക്കുന്നത്.കൂട്ടുങ്ങലില്‍ ( ചാവക്കാട്) നിന്ന് വന്ന അളിയനടക്കം പതിനെട്ടു പേരടങ്ങുന്ന ഭാര്യാ കുടുംബം ആണ് ബദറുക്ക നേര്‍ച്ച കാണാനെത്തിയ അതിഥികള്‍.ഭക്ഷണശേഷം കൊടിയേറ്റ കാഴ്ച പള്ളിയെ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. മുന്നില്‍ കൊല്‍കളിക്കാര്‍ , പിന്നെ അറബനമുട്ട് , മറ്റു വാദ്യ മേളക്കാര്‍ ഒന്നിന് പുറകെ ഒന്നായി കൊടിയേറ്റ കാഴ്ച അരിച്ചരിച്ച് നീങ്ങുന്നു.ബദറുക്കയുടെ വീരഗാഥകള്‍ പാടിപ്പതിഞ്ഞ അളിയന്‍ അലിക്കുട്ടി ഏറ്റവും തലയെടുപ്പുള്ള ആനയുടെ പുറത്ത്‌ ആറാമനായി സാഹസികതയോടെ ഇരിക്കുന്നു. ബദറുക്ക സംഘടിപ്പിച്ച് കൊടുത്ത സീറ്റാണത്.മൊയ്തീന്‍ക്കയുടെ താക്കീത് വക വെയ്ക്കാതെയാണ്‌ അതേ ആനപ്പുറത്ത് അവസാനത്തെ ആളായി ബദറുക്കയും കയറിക്കൂടിയത്.

" ഡാ .....ഹിമാറെ....കെട്ടി മറിഞ്ഞു വീണ്.. യ്യീ.............നേര്‍ച്ച കൊളാക്കണ്ട...........""
ങ്ങള്‍ ഒന്ന് മുണ്ടാണ്ടിരിക്ക് ..ന്റെ ..മൊയ്തീന്‍ക്കാ... ..അതെത്ര ...കൊളം കണ്ടതാ...കൊളത്ര...."
" ഫ്ബ....ബലാലെ..അന്റെ ...കുണ്ടീം കൊളോം.... അറിയാത്ത പുള്ള ചൊറീംമ്പോ ...അറീം..."
ബദറുക്ക ആനയുടെ വാലിന്റെ തൊട്ടു മുകളില്‍ തന്റെ അഭ്യാസ പ്രകടനത്തിന്റെ മികവ് കാട്ടി പിടിക്കാതെ അങ്ങനെ ഇരിക്കുന്നു.
"അളിയാ...ന്നെ....വട്ടനെ പിടിച്ചോ....ഇല്ലെങ്കീ....ബീണാലോ......"
അളിയന്റെ അളിയന്‍ സ്നേഹത്തോടെ പറഞ്ഞു.
" അളിയോ....അലിക്കുട്ട്യെ....ഇത്‌ന്റെ...എത്രാമത്തെ..ആനപ്പൊറാന്ന് അറിയോ അനക്ക്...?"
അലിക്കുട്ടി ഒന്നും പറയാതെ ബീടിക്കറ പിടിച്ച പല്ല് കാട്ടി ഒന്ന് ചിരിച്ചു.
ആനയുടെ നടത്തത്തിന് അനുസരിച്ച് ലെഫ്റ്റ് റൈറ്റ് ഉയര്‍ന്നും താഴ്ന്നും അളിയനും അളിയനും മുന്നിലെ വാദ്യ മേളങ്ങളുടെ താളത്തില്‍ മുഴുകി...കൊടിയേറ്റ കാഴ്ച ഇപ്പോള്‍ പടിഞ്ഞാറെ പാടത്ത്‌.മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യന്റെ ചൂട് നേര്‍ച്ചക്കാരെ തെല്ലും ബാധിക്കുന്നില്ല.
പള്ളിക്കാട്ടിലെ കൊടിമരത്തില്‍ കൊടിയേറ്റുമ്പോള്‍ ഒപ്പം ഒരാളും കൊടിമരത്തില്‍ കയറും. മരത്തിന്റെ ഉച്ചിയില്‍ അള്ളിപ്പിടിച്ചു നിന്ന് കൊടിമരം കുലുക്കും. താഴെ അറബന മുട്ട് തിമര്‍ക്കും.സാധാരണ കൊടിമരത്തില്‍ കയറാറ് ബദറുക്കയാണ്. ഈ നേരം ആകാശത്തു വട്ടമിടുന്ന ഒരു കൃഷ്ണപ്പരുന്ത് ചന്ദനക്കുടം നേര്‍ച്ചയുടെ *പോരിശ ആയി കണക്കാക്കുന്നു.കൊടിയേറ്റകാഴ്ച മന്ദം മന്ദം പാടം കടന്ന് റോഡിലേക്ക്‌ കയറാന്‍ തുടങ്ങി. പാടത്ത്‌ നിന്ന് ആറടിയോളം പകുതി ചെങ്കുത്തായ മാട്ടം ആണ് റോഡിലേക്ക്‌. നടന്നു കയറി രൂപപ്പെട്ട പടവുകളിലൂടെ ആളുകള്‍ക്ക് നിഷ്പ്രയാസം മുകളിലെത്താം. എന്നാല്‍ ആനകള്‍ക്ക് ഇതൊരു പതിനെട്ടാം പടി ആയിരുന്നു. വളരെ പ്രയാസപ്പെട്ട് ഓരോ ആനയും മുകളില്‍ റോഡിലെത്തി.അടുത്ത ഊഴം ബദറുക്കയും അളിയനും കയറിയിട്ടുള്ള ആനയുടെതാണ്.
നിരനിരയായി ആനയുടെ വാല് വരെ ആളുകള്‍. അവസാനത്തെ ധീരന്‍ ബദറുക്കയും. ആന ഒറ്റടി
വെച്ച് മെല്ലെ മെല്ലെ മാട്ടം കയറാന്‍ തുടങ്ങി. ആനയുടെ ഓരോ കാല്‍ വെയ്പ്പിലും പുറത്തിരിക്കുന്നവര്‍ ഇന്ത്യയുടെ ഭൂപടം പോലെ ചുരുളാനും നിവരാനും കൊടാനും തുടങ്ങി.
എല്ലാവരും വീഴുമെന്ന ഭയത്തില്‍ അന്യോന്യം അരയ്ക്കു വട്ടം പിടിച്ച് ഈ കടമ്പ
കടക്കാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് ഇരിക്കുന്നു. ബദറുക്ക ഒഴികെ.!
" അളിയാ .....ന്നെ ...മുറുക്കെ പിടിച്ചോ...ഇല്ലെങ്കീ ബീയും....."
അലിക്കുട്ടിയുടെ അളിയസ്നേഹം അല്പം പോലും വക വെച്ചില്ല ബദറുക്ക.
ആനയിപ്പോള്‍ ഏകദേശം മുന്‍കാലുകള്‍ രണ്ടും മാട്ടത്തിനു മുകളിലും പിന്‍കാലുകള്‍ ഒന്ന്
മാട്ടത്തിന്റെ മധ്യത്തിലും മറ്റൊന്ന് താഴെയുമായി ഒരു എടങ്ങേറിന്റെ സെമി വെര്‍ട്ടിക്കല്‍
ലെവലില്‍. സംഗതി പന്തിയല്ലെന്ന് കണ്ട ബദറുക്ക മുന്നിലിരിക്കുന്ന അളിയനെ വട്ടം
പിടിക്കാനൊരു ശ്രമം നടത്തിയെങ്കിലും ആനയുടെ അടുത്ത കാല്‍ വെപ്പ്‌ ബദറുക്കയെ
അതിനു അനുവദിച്ചില്ല. ദേ..കിടക്കുന്നു.. ബദറുക്ക താഴെ.!!!
പിന്നില്‍ നിന്ന് വരുന്ന മൊയ്തീന്‍ ക്കയുടെ ഹംക്കെന്ന വിളിക്കൊപ്പം " ഹറാം
പിറന്നവന്‍മാരുടെ " പരിഹാസച്ചിരിയുടെ നടുവില്‍ ബദറുക്ക ഒരു ഇളിഞ്ഞ ചിരിയുമായി...
" അന്നോട്‌ ....അപ്പളെ...പറഞ്ഞതല്ലേ....ഹംക്കേ.....?"
മൊയ്തീന്‍ക്കയെ തറപ്പിച്ചൊന്നു നോക്കി, തിരിച്ച് ഹോറിസെന്‍റല്‍ ലെവലില്‍ എത്തിയ
ആനപ്പുറത്തിരുന്ന് തന്നെ തിരിഞ്ഞു നോക്കുന്ന അളിയന്‍ അലിക്കുട്ടിയോട് ബദറുക്ക
ഉറക്കെ വിളിച്ചു പറഞ്ഞു.
" അളിയാ....ഞാനിവ്ടെ ...ഇറങ്ങീട്ട്ണ്ട് ട്ടാ...."
സൈനുദ്ധീന്‍ ഖുറൈശി
***************