നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, February 13, 2016

ശ്രീ.ഒ.എൻ .വി യ്‌ക്ക്‌ ആദരാഞ്ജലികൾ ...

 ആദരാഞ്ജലികൾ ...സൈനുദ്ധീന്‍ ഖുറൈശി.
ശ്രീ.ഒ.എൻ .വി സാറിന്റെ കവിതകൾ കേട്ട് എഴുതാൻ ശ്രമിച്ചു തുടങ്ങിയ ഒരാളാണ് ഞാൻ . അദ്ദേഹത്തിന്റെ കവിതകളിലെ ലളിത സൗകുമാര്യം മറ്റെവിടെയും ഞാൻ വായിച്ചിട്ടുമില്ല. കൃത്യമായ താളത്തിൽ ഹൃദ്യമായ വരികൾ സമ്മാനിച്ച ശ്രീ.ഒ .എൻ .വി. മലയാള സാഹിത്യത്തിനു തീരാനഷ്ടം തന്നെയാണ്‌ .
എന്റെ സുഹൃത്ത് ഗായകൻ ശ്രീ.കബീർ ഇദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത സൌഹൃദം ഉള്ള ആളാണ്‌ . കബീർ മുഖേന ഞാൻ കൊടുത്തയച്ച വരികൾ പ്രിയപപെട്ട കവി വായിക്കുകയും തെറ്റ് തിരുത്തുകയും ആ കടലാസിൽ വ്യക്തമായി അദ്ദേഹത്തിന്റെ അഭിപ്രായവും ആശംസയും രേഖപ്പെടുത്തുകയും കയ്യൊപ്പ് ചാർത്തുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയിൽ വളരെ യാദൃശ്ചികമായി ഫെസ് ബുക്കിൽ അദ്ദേഹത്തിന്റെ ചിത്രവും ആഡ് ഫ്രെണ്ട് എന്ന ഒപ്ഷ്യനും കണ്ടപ്പോൾ തീരെ പ്രതീക്ഷയില്ലാതെ ഒരു റിക്വസ്റ്റ് അയച്ചു . രണ്ട്‌ ദിവസം മുമ്പ്‌ അദ്ദേഹം അത്‌ സ്വീകരിച്ചു. മനസ്സു കൊണ്ടു പ്രണമിച്ച് നന്ദി അറിയിച്ചു.
ഇന്നത്തെ അദ്ദേഹത്തിന്റെ മരണ വാർത്ത തികഞ്ഞ ദുഃഖ വും നഷ്ട ബോധവും ഉണ്ടാക്കുന്നു.
മറവിയും മരണവും ഇല്ലാത്ത സ്നേഹാക്ഷരങ്ങളെ സമ്മാനിച്ച പ്രിയ കവിക്ക് കണ്ണീരിന്റെ നനവുള്ള പ്രണാമങ്ങൾ....
ആദരാഞ്ജലികൾ ...
എന്‍റെ പ്രീ ഡിഗ്രീ പഠന കാലത്തായിരുന്നു പ്രിയ കവി ശ്രീ.ഒ.എന്‍.വിയെ കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഗോതമ്പുമണികള്‍, വീടുകള്‍, ഉപ്പ് അപരാഹ്നം തുടങ്ങിയ കവിതകള്‍ അതില്‍ പ്രധാനങ്ങള്‍ ആയിരുന്നു. ആയിടക്ക് മുല്ലശ്ശേരി ബ്ലോക്ക്‌ മിനി ഹാളില്‍ വെച്ച് നടന്ന ശ്രീ.മുല്ലനേഴിയുടെ നാറാണത്ത് ഭ്രാന്തന്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടക്കുന്നു.പ്രഗത്ഭരായ കവികള്‍ പ്രൊ. സച്ചിദാനന്ദന്‍ അടക്കം പങ്കെടുക്കുന്ന പരിപാടി. സാഹിത്യ ഐക്യ വേദി ആയിരുന്നു സംഘാടകര്‍. അതിന്‍റെ വൈസ് പ്രസിടന്റ്റ് കൂടി ആയിരുന്ന എന്നോട് നിര്‍ബന്ധമായും ഒരു കവിത അവതരിപ്പിക്കണം എന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. അതും സ്വന്തം കവിത ആവണം. അന്ന് മനസ്സില്‍ നിറയെ ശ്രീ. ഓ.എന്‍.വി. മാത്രം. അദ്ധേഹത്തിന്റെ ഈണം....എഴുതി. അന്നത്തെ ഏറ്റവും ചൂടുള്ള കാലിക വിഷയം. പഞ്ചാബിലെ കൂട്ടക്കൊലകള്‍.... പത്രത്താളുകളില്‍ മുന്‍ പേജില്‍ ഈ ഒരു വിഷയം മാത്രമേ കാണൂ. പഞ്ച നദത്തിലെ മുത്തശ്ശി അങ്ങനെ എഴുതി. ആദ്യത്തെ കവിത. മനസ്സ് നിറയെ ഓ. എന്‍. വി ആയിരുന്നു. ഒരര്‍ത്ഥത്തില്‍ എന്‍റെ ദ്രോണാചാര്യര്‍. വളരെ സ്നേഹപൂര്‍വ്വം അന്നത്തെ ശ്രോതാക്കള്‍ ഈ കവിതയെ സ്വീകരിച്ചു.പ്രത്യേകം അഭിനന്ദിച്ചു.ഇത് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

പഞ്ചനദത്തിലെ മുത്തശ്ശി. ( കവിത )
മണ്‍കലത്തുണ്ടിലൊരു പിടി
പച്ചരിച്ചോറുമായ് മുത്തശ്ശി
പടി കടന്നെത്തേണ്ട പേരക്കിടാവിനെ
വഴിക്കണ്ണ് നട്ടങ്ങിരിക്കുന്നുറങ്ങാതെ.
എന്തിത്ര വൈകിയെന്നരുമക്കിടാവിന്ന്
സന്ധ്യകള്‍ക്കൊപ്പമിങ്ങെത്തുന്ന പൊന്നുമോന്‍!!

ഉള്ളിലെ തീരാത്ത വ്യഥയായിരുന്നെന്‍റെ
ഉണ്ണിയെ ഉമ്മറ ഭ്രഷ്ടനായ് തീര്‍ത്തത്.
ഇരുളില്‍ ലയിക്കുമാ തെരുവിലെ കൂരയില്‍
ഇറയത്ത് കാതോര്‍ത്തിരിക്കുന്നു മുത്തശ്ശി...
ഇമ പാര്‍ത്ത്, ചെവിയോര്‍ത്ത്, കണ്ണുനീരാല്‍
പൂര്‍വ്വ കഥയോര്‍ത്ത് കേഴുന്നു സാധുവാ വൃദ്ധ.
ഇടവത്തിലൊരു വര്‍ഷാനിശീഥത്തിലെന്നുണ്ണി
വിടകൊണ്ടതാണീ പടി കടന്നങ്ങ് ദൂരെ.
പോകുന്ന നേരത്ത് ചാരത്ത് നിന്നൂണ്ണി
ചതുരനാം സേനാനിയെന്ന പോല്‍ ചൊല്ലി;
വറുതികളിലെരിയുന്ന, എരിതീയിലുരുകുന്ന
വദനങ്ങളെത്ര നാം കാണുന്നു മുന്നില്‍...!?

അകലത്ത് ഗോതമ്പ് വിളയുന്ന നാട്ടിലെന്‍
അരുമയാം കൂട്ടരെ ചുട്ട് തിന്നുന്നു...
തടയരുത്, തടയുവാനാവില്ല മുത്തശ്ശി
വിട തരികയെന്‍ കര്‍മ്മവീഥിയെ പുക്കുവാന്‍.
ഓര്‍ത്തുപോയ് ഭൂതകാലത്തിന്‍റെ വേദന
തീര്‍ത്തുപോല്‍ യാത്രാമൊഴിക്കന്ന് ചോദന.
രാക്കിളികളുറങ്ങുന്നു, പൂങ്കോഴി കൂവുന്നു
രാവിന്‍ കരിമ്പടം പാടെ മറയുന്നു
പൂവാകച്ചില്ലയില്‍ ഹിമകണം മിന്നുന്നു
എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ...??

തിമിരം പുകമറ തീര്‍ത്തൊരീ കണ്ണിലെ
തീരാത്ത കണ്ണുനീര്‍ വാര്‍ന്നൊലിയ്ക്കുന്നു
ശോകമാം ലൂതകള്‍ തീര്‍ത്ത മാറാലയില്‍
ശോണിതം പടരുന്നു പിടയുന്നു മനവും..
കലിയിളകിയൊഴുകുമീ നദികള്‍ക്കുമപ്പുറം
ചിതയെത്ര തീര്‍ത്തു മരിക്കുന്ന പകലിനായ്!!!
എന്നിട്ടുമെന്‍റുണ്ണി എന്തിത്ര വൈകി നീ
ഇമ്മട്ടിലുരുകുമെന്‍ വേദനയോര്‍ത്തുവോ...??

തിരിയിളകിയാളുമാ മണ്‍വിളക്കിന്‍ മുന്നില്‍
ഒരു ശിലാപ്രതിമയായ് മുത്തശ്ശി മാറി..
കൈകള്‍ ബലം വെച്ചു, കാലുകള്‍ മരവിച്ചു
മണ്ണെണ്ണ തീര്‍ന്നൊരാ മണ്‍വിളക്കും കെട്ടു.
മുത്തശ്ശിതന്‍ ചോര വാര്‍ന്നൊരാ മൂക്കിലും
പാതി തുറന്നൊരാ കണ്ണിലും വായിലും
മണ്‍കലത്തുണ്ടിലെ പച്ചരിച്ചോറിലും
ഇര തേടിയകലുന്നു കുനിയനുറുമ്പുകള്‍.
ഗോതമ്പ് വയലുകള്‍ക്കോരത്ത് പാതയില്‍
നിണമറ്റ് ശവമായ്, പഥികന്‍റെ ശാപമായ്
നിശ്ചലം കിടന്നുണ്ണി, ചലിച്ചു പുഴുക്കളായ്
മണ്ണിന്ന് വളമായ് - ചെടികളില്‍ വിളയായ്
പരിവൃത്തി തീര്‍ത്തുണ്ണി ജന്മാന്തരങ്ങളില്‍.