നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, November 13, 2021

നവാഗതന്റെ മുടി

ലോക്‌‌ഡൗണ്‍ കാലത്ത് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോങ്ങാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെയും മണി എന്ന ബാര്‍ബറുടെ ജീവിതത്തെയും ആസ്‌‌പദമാക്കിയുള്ളതാണ്‌ ചിത്രം.

--------

മാതൃഭൂമി

നവാഗതനായ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്‌ത സിനിമ നീസ്ട്രീം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്‌‌തു. ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. യാസിര്‍ മുഹമ്മദും കെ. ഹാഷിറും ചേര്‍‌ന്നാണ് തിരക്കഥയൊരുക്കിയത്.       

ലോക്‌‌ഡൗണ്‍ കാലത്ത് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട കോങ്ങാട് എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെയും മണി എന്ന ബാര്‍ബറുടെ ജീവിതത്തെയും ആസ്‌‌പദമാക്കിയുള്ളതാണ് ചിത്രം. ജാതി വിവേചനവും, പ്രണയവും സൗഹൃദവും ഇഴചേർത്ത് അവതരിപ്പിക്കുന്നതിനൊപ്പം കൊവിഡ് തീവ്ര നാളുകളുടെ ഓർമ്മകളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു ഈ ചിത്രം.

സെന്‍‌ടല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി,എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബ്.വിമല്‍,റനീഷ് എന്നിവരാണ് സംഗീതം.ഗാന രചന മെഹദ് മഖ്ബൂല്‍.ആലാപനം - ഉണ്ണിമായ നമ്പീശന്‍.പശ്ചാത്തല സംഗീതം - ഇഫ്‌‌തി.

മനോഹരമായ ഒരു ദൃശ്യാനുഭവമാണു നവാഗതനായ യാസിർ മുഹമ്മദിൻ്റെ' മുടി '  എന്ന കൊച്ചു സിനിമ.സിനിമ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ നിൽക്കുന്ന ചില രംഗങ്ങളും, സംഭാഷണങ്ങളും;വീണ്ടും വീണ്ടും മനസ്സിൽ വിരുന്നെത്തുന്ന പശ്ചാത്തല സംഗീതവും, പാട്ടുകളിലെ വരികളും;മനോഹരമായി ഒപ്പിയെടുത്ത ഗ്രാമീണ ദൃശ്യങ്ങളും - 

സിനിമ പെട്ടെന്ന് തീർന്നു പോയത്‌ പോലെ ഒരു തോന്നൽ.അഭിനേതാക്കളിൽ പ്രധാന വേഷങ്ങൾ ചെയ്‌‌തവർ ഒഴികെ എല്ലാവരും പുതു മുഖങ്ങളാണു.എന്നാൽ  വളരെ സ്വാഭാവികമായി അവരെ പ്ലേസ്‌ ചെയ്യാൻ സംവിധായകനു സാധിച്ചിട്ടുണ്ട്‌. പശ്ചാത്തല സംഗീതവും, ഗാനവും മനോഹരമായി ഇഴുകിച്ചേർന്നിരിക്കുന്നു. 

ചിത്രത്തിലെ എറ്റവും സുപ്രധാന രംഗം എറ്റവും കയ്യടക്കത്തോടെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്‌. അദേഹത്തിൻ്റെ പ്രതിഭ മനസ്സിലാക്കാൻ ആ ഒരൊറ്റ രംഗം മതി.ബ്രില്ല്യന്റ്‌ എന്നേ പറയുന്നുള്ളൂ! 

എടുത്തു പറയേണ്ട മറ്റൊരു കാര്യം കീഴാള രാഷ്ട്രീയം കൈകാര്യം ചെയ്‌‌ത രീതിയാണു. സിനിമയുടെ പൊതുവെയുള്ള സൗമ്യമായ ഒഴുക്കിൽ നിന്ന് വ്യത്യസ്തമായി വളരെ തീക്ഷണമായും, ഉച്ചത്തിലും തന്നെ അത്തരം രംഗങ്ങളിൽ ഇടപെടൽ നടത്തിയിട്ടുണ്ട്‌. എന്നാൽ കഥയുടെ താളത്തെ അത്‌ ഒരു തരത്തിലും ബാധിച്ചിട്ടില്ല. 

സ്വാഭാവിക നർമ്മം കൈകാര്യം ചെയ്‌‌ത രീതിയും ആകർഷണീയമായി തോന്നി. പ്രധാന തീമിൽ നിന്ന് വേർപ്പെട്ട പൊലെ ഒരിക്കൽ പോലും അനുഭവപ്പെട്ടില്ല.

മൊത്തത്തിൽ മനോഹരമായ ഒരു ദൃശ്യാനുഭവം.തീർച്ചയായും ഈ ചെറുപ്പകാരൻ ഒരു  പ്രതീക്ഷയാണ്. 

----------

നവാസ്‌ അബ്‌ദുല്‍‌ഖാദര്‍

========

കോങ്ങാടെന്ന ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കോവിഡ് കാലത്തെ കഥ പറയുകയാണ് മുടി. പ്രണയവും രാഷ്ട്രീയവുമെല്ലാം കടന്നുവരുന്നുണ്ട് ഈ ചിത്രത്തില്‍.

മീഡിയാ വണ്‍

കോവിഡ് കാലം ആരും മറന്നു കാണില്ല. ഓരോ വാര്‍ഡും മല്‍സരിച്ച് അടച്ചു പൂട്ടിയിരുന്ന കാലം. ഒരു വാര്‍ഡില്‍ ഒരു കട മാത്രം തുറക്കാന്‍ മാത്രം അനുവാദമുണ്ടായിരുന്ന കാലം. പല ചരക്ക്, പച്ചക്കറിയുടെയും മാത്രം കടകള്‍ തുറന്ന കാലം. അവശ്യ സാധനങ്ങള്‍ വാങ്ങിക്കണമെങ്കില്‍ കാശ് വേണം, അതിന് മററു കടകളും തുറക്കണമെന്നും മറ്റു തൊഴിലുകള്‍ ചെയ്യാനുള്ള അവസരമുണ്ടാകണമെന്നുമുള്ള ലളിതമായ കാര്യം അധികാരികള്‍ക്ക് മാത്രം മനസ്സിലാകാതിരുന്ന കാലം. അസുഖം ബാധിച്ചവരെ, മരണാസന്നരെ കാണുക എന്നത് പോലും അസാധ്യമായി മാറിയ കാലം, വളരെ പേര്‍ വേദനയോടെ കഴിഞ്ഞ കാലം, ഒരു കുറ്റവും ചെയ്യാത്ത പാവം മനുഷ്യര്‍ പോലീസിന്റെ ലാത്തിയടിയേറ്റ് അഭിമാനം വ്രണപ്പെട്ട കാലം.

ആ ഒരു കാലത്തേക്കുള്ള വാതില്‍ തുറന്ന് വെക്കുകയാണ് നവാഗതനായ യാസിര്‍ മുഹമ്മദ് സംവിധാനം ചെയ്ത് നീ സ്ട്രീമില്‍ റിലീസായ മുടി എന്ന സിനിമ. കോങ്ങാടെന്ന ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കോവിഡ് കാലത്തെ കഥ പറയുകയാണ് മുടി. പ്രണയവും രാഷ്ട്രീയവുമെല്ലാം കടന്നുവരുന്നുണ്ട് ഈ ചിത്രത്തില്‍. സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഈ സിനിമയുടെ പ്രത്യേകത. ക്യാമറാ മികവ് പറയാതിരിക്കാന്‍ കഴിയില്ല. സിനിമയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത വിധം സുന്ദരമാണ് ഓരോ ദൃശ്യവും. മണിയെന്ന ബാര്‍ബറുടെ രാഷ്ട്രീയവും പ്രണയവും കോവിഡ് കാല പ്രതിസന്ധിയുമെല്ലാം ഹൃദയസ്പര്‍ശിയായാണ് സിനിമ പറയുന്നത്. കുശുമ്പും അസൂയയും ദേഷ്യവുമെല്ലാം ഉള്ളതോടൊപ്പം തന്നെ എില്ലാ മനുഷ്യരിലും നന്‍മയും സ്‌നേഹവുമുണ്ട് എന്നാണ് സിനിമ പങ്കു വെക്കുന്നത്.

തനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഏറ്റവും അടുത്തയാള്‍ക്ക് നല്‍കി എന്ന് കരുതിയാല്‍ പോരെ അച്ഛാ എന്ന മകളുടെ വാക്കുകള്‍ പ്രണയത്തെ കുറിച്ച പുതിയ കാഴ്ചപ്പാടാണ് മണിക്ക് നല്‍കുന്നത്. മുടി എന്ന പേരു കേള്‍ക്കുമ്പോഴേ എന്തോ പോലെ തോന്നുന്ന പൊതു ബോധത്തെയും സിനിമ ചോദ്യം ചെയ്യുന്നു. മുടിക്ക് പോലും ജാതിയുണ്ട് എന്നും സിനിമ പറഞ്ഞുവെക്കുന്നു. യാസിര്‍ മുഹമ്മദും കെ ഹാഷിറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആനന്ദ് ബാല്‍, മഞ്ജു സുനിച്ചന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബ്യൂറോ ഗ്രൂപ്പ് ഗ്ലോബലിന്റെ ബാനറില്‍ ഹംസം പാടൂര്‍ നിര്‍മിച്ച ചിത്രത്തില്‍ നാസര്‍ കറുത്തേനി, എം നിവ്യ, അവിസെന്ന എന്നിവരാണ് മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് അഹമ്മദ് നസീബാണ്. ബി.ജി എം ചെയ്‌തിരിക്കുന്നത് ഇഫ്‌‌തിയാണ്. വീണ്ടും കേട്ടിരിക്കാന്‍ തോന്നുന്ന മനോഹരമായൊരു ഗാനവും ഈ സിനിമയിലുണ്ട്. മെഹദ് മഖ്ബൂല്‍ രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിമല്‍, റനീഷ് എന്നിവരാണ്. ആലാപനം ഉണ്ണിമായ നമ്പീശന്‍. സിനിമയുടെ സൗണ്ട് ഡിസൈനും ആര്‍ട്ടും ഏറെ മികവുറ്റതും പ്രത്യേകം പരാമര്‍ശവിധേയമാകേണ്ടതുമാണ്. എം ഷൈജുവാണ് സൗണ്ട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്, ആര്‍ട്ട് ശശിമേമുറിയും.

=========
''എങ്കിൽ ഏറ്റവും പ്രിയപ്പെട്ടതിനെ കൂട്ടുകാരന് കൊടുത്തു എന്ന് കരുതിക്കൂടേ?' 

ഒറ്റ ചോദ്യം കൊണ്ട് കാലങ്ങളായിത്തുടർന്ന അച്ഛൻ്റെ വാശിയെ മകൾ അലിയിച്ചു കളയുന്ന ഒരു സീനുണ്ട് യാസിർ പാടൂർ സംവിധാനം ചെയ്‌‌ത 'മുടി' എന്ന ഹൈകു സിനിമയില്‍ . എല്ലാവരാലും കുറ്റപ്പെടുത്തപ്പെട്ടപ്പോഴും അച്ഛൻ്റെ വാശിയായിരുന്നു ശരി എന്ന് ഏറ്റവും മനോഹരമായി ചേർത്തു പിടിച്ച് ആ മനുഷ്യൻ്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചവൾ...

അംബേദ്‌‌ക‌റെ വരയ്ക്കുന്ന, മുഷിഞ്ഞ തുണിയലക്കാനാണോ മോളെ കെട്ടിച്ചു വിടുന്നത് എന്ന് അമ്മയോട് കാമ്പുള്ള തറുതല പറയുന്ന, മുടിവെട്ടുകാരനായ അച്ഛൻ്റെ ജോലിയിൽ അപകർഷതാബോധം ഒട്ടുമേ ഇല്ലാത്ത ഒരു പെൺകുട്ടി. ആ ഒരൊറ്റ കഥാപാത്രം മതി ഈ കൊച്ചു സിനിമ ഇഷ്ടപ്പെടാൻ ...

റോഡും പാലവും സൗകര്യങ്ങളുമില്ലാതെ പുറം ലോകത്തു നിന്നും ഒറ്റപ്പെട്ട് എന്നും 'കണ്ടെയ്ൻമെൻ്റ് സോണിലായ ' ഒരു നാട്ടിലെ കൊറോണാ കാലമാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.  അയ്യങ്കാളിക്കും അംബേദ്‌‌ക‌റിനും ദൃശ്യത ലഭിക്കുന്ന സൂക്ഷമ രാഷ്ട്രീയം തനിമ ചോരാതെ ഉടനീളം പറഞ്ഞു വെക്കുന്നുണ്ട് ഇതിൽ.  

വെളുത്തവരല്ലാത്തവരെ പരിഹാസ കഥാപാത്രങ്ങളായോ, ഏറിപ്പോയാൽ ദൈന്യത നിറഞ്ഞ 'റിയൽ ലൈഫ് എ‌ക്‌‌സ്‌‌പീരിയൻസ് കാണിക്കാനോ മാത്രം വെളളിത്തിരയിൽ കണ്ടു ശീലിച്ച നമ്മൾക്ക് ഒരു തിരുത്ത് സമ്മാനിക്കുന്നുണ്ട് മുടി'.

കൊറോണാ കാലത്ത് കാരണങ്ങളില്ലാതെ പൊലീസിൻ്റെ അടി കിട്ടിയവർ 45 മിനിറ്റ് ഉറപ്പായും മാറ്റിവെക്കണം. ഈ സിനിമയിൽ നിങ്ങളുണ്ട്.നാട് കണ്ടെയ്ൻമെൻ്റാകുമെന്ന് മറ്റൊരു സ്ഥലത്തു നിന്ന് അറിയേണ്ടിവന്നവർ, അറിയാതെ സമ്പർക്കം സംഭവിച്ച് ക്വോറന്റൈനിലായവർ,  ഏറ്റവും പ്രിയപ്പെട്ടവരുടെ  അന്ത്യയാത്ര പോലും ജനലഴിക്കുള്ളിലൂടെ മാത്രം നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നവർ..... അങ്ങനെയങ്ങനെ  ലോക് ഡൗൺ കാലത്ത് നാട്ടുമ്പുറത്ത് ജീവിക്കേണ്ടി വന്ന നമ്മളോരോരുത്തരുമുണ്ട്...

അതീവ സുന്ദരമായ ഛായാഗ്രഹണവും അതിലേറെ സുന്ദരമായൊരു പാട്ടും സിനിമക്ക് മിഴിവ് കൂട്ടുന്നു. മറ്റുള്ള ബഹളങ്ങൾക്കിടയിൽ മറന്നു പോവാൻ പാടില്ലാത്ത ഫീൽ ഗുഡ് മൂവി.

-------

സഹ്‌ല പെരുമാള്‍

===========

മുടി

---------

ഹസ സിതാര വാഹിദ്

===========

നമ്മുടെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ഇടമില്ലാതിരുന്ന കാര്യങ്ങളാണ് കോവിഡ് കാലത്ത് സംഭവിച്ചത്. പഞ്ചായത്ത് റോഡുകളില്‍ പോലും രാജ്യാതിര്‍ത്തികളെ ഓര്‍മിപ്പിക്കുംവിധമുള്ള പോലീസ് സന്നാഹങ്ങളായിരുന്നു. കുടുംബക്കാരും അയല്‍ക്കാരുമെല്ലാം വാര്‍ഡുകളായി വിഭജിക്കപ്പെട്ട ആ കാലം യാഥാര്‍ത്ഥ്യമായിരുന്നോ എന്നാലോചിച്ച് ഇപ്പോഴും നടുക്കം വരുന്നുണ്ട്. ആ നടുക്കത്തിലൂടെ സഞ്ചരിക്കുകയാണ് യാസിര്‍ മുഹമ്മദിന്റെ 'മുടി' എന്ന സിനിമ.ഈ സിനിമയില്‍ നമ്മളുണ്ട്, കാരണമില്ലാതെ പോലീസിന്റ് തല്ല് കിട്ടി അഭിമാനം വ്രണപ്പെട്ട നമ്മള്‍. പ്രിയപ്പെട്ടവരെ കാണാന്‍ സ്ഥിര വഴികള്‍ അടഞ്ഞപ്പോള്‍ ഊടുവഴികള്‍ തേടിയലഞ്ഞ നമ്മള്‍.

കോങ്ങാടെന്ന ഗ്രാമത്തിനും നാട്ടുകാര്‍ക്കും കോവിഡ് സമ്മാനിച്ച പകപ്പാണ് 'മുടി' സിനിമ പങ്കു വെക്കുന്നത്.മണി എന്ന ബാര്‍ബറുടെ ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. 


മണിയുടെ പ്രണയവും പ്രണയ നൈരാശ്യവും വാശിയും ജാതിയുമെല്ലാം സിനിമയില്‍ കടന്നുവരുന്നു. ജാതിബോധങ്ങള്‍ എങ്ങനെയാണ് ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്കുന്നതെന്ന് സിനിമ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.എല്ലാ വാശിയെയും അതിജയിക്കാന്‍ മാത്രമുള്ള നന്‍മയും സ്‌നേഹവും ഏതൊരു മനുഷ്യനിലുമുണ്ട് എന്നും സിനിമ ആണയിടുന്നു. 

-------------

വാരാദ്യമാധ്യമത്തിൽ