നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, November 9, 2011

കര്‍മ്മങ്ങളില്ലാത്ത.....


കര്‍മ്മങ്ങളില്ലാത്ത വിശ്വാസമൊ വിശ്വാസമില്ലാത്ത കര്‍മ്മങ്ങളൊ വിശ്വാസി പഠിപ്പിക്കപ്പെടുന്നില്ല.


പുവ്വത്തൂര്‍ : കൈരളി സെന്റര്‍ 
കര്‍മ്മങ്ങളില്ലാത്ത വിശ്വാസമൊ വിശ്വാസമില്ലാത്ത കര്‍മ്മങ്ങളൊ വിശ്വാസി പഠിപ്പിക്കപ്പെടുന്നില്ല.അബ്‌ദുല്‍ അസീസ്‌ പറഞ്ഞു.കൈരളി സെന്റര്‍ ഖുബ മുറ്റത്ത് സംഘടിപ്പിക്കപ്പെട്ട ഈദ്‌ സൌഹൃദ സദസ്സില്‍ സന്ദേശം നല്‍കുകയായിരുന്നു അസീസ്‌.


രണ്ട് ആഘോഷങ്ങളാണ്‌ വിശ്വാസികള്‍ക്ക് ദൈവം അനുവദിച്ചിട്ടുള്ളത്.ഒരുമാസക്കാലത്തെ ആത്മ സംസ്‌കരണത്തിന്‌ ശേഷമുള്ള ഈദുല്‍ ഫിത്വര്‍ ,ത്യാഗ സ്‌മരണകളുടെ പശ്ചാത്തലത്തില്‍ ഉള്ള ഈദുല്‍ അദ്‌ഹ.പ്രവാചകന്മാരുടെയും ,പരിഷ്‌കര്‍ത്താക്കളുടെയും ജനന മരണങ്ങള്‍ ആഘോഷിക്കുന്ന സംസ്‌കാരം ഇസ്‌ലാമിന്‌ അന്യമാണ്‌.വ്യക്തി പൂജ ഏക ദൈവ വിശ്വാസത്തെ വഴിതിരിച്ചുവിടാന്‍ പ്രേരകമാകും എന്നത് കൊണ്ടൂം സമൂഹത്തെ ദുഷിപ്പിക്കുന്ന ആള്‍ദൈവ സംസ്‌കാരത്തിന്‌ ഇസ്‌ലാമില്‍ തീരെ ഇടമില്ല എന്നതിനാലുമാണ്‌ ഇവ്വിഷയത്തില്‍ വളരെ കടുത്ത നിലപാട്‌ ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്.


ഇത്തരം ചരിത്ര പ്രാധാന്യമുള്ള നാളുകളെ കേവലം ആഘോഷങ്ങളുടെ വികാര രംഗമാക്കുന്നതിനു പകരം പുതിയ ആലോചനകളുടെ വിചാര വേദികളാക്കാനുള്ള ശ്രമങ്ങളായിരിക്കും അഭികാമ്യം . 


വിശ്വാസിയുടെ സംസ്‌കരണ പ്രക്രിയയ്‌ക്ക് ആത്മാവ്‌ നള്‍കുന്ന ശിക്ഷണങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുന്നതാണ്‌ ഇസ്‌ലാമിലെ അനുഷ്‌ഠാനങ്ങളോരോന്നും .ആദ്യപിതാവ്‌ മുതല്‍ അന്ത്യ പ്രവാചകന്‍ വരെയുള്ളവരെയും, മാനവ രാശിയ്‌ക്ക് വേണ്ടി ഇറക്കപ്പെട്ട സകല വേദങ്ങളെയും അംഗീകരിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌.ദൈവത്തെ അനുസരിക്കുന്നവന്‍ (മുസ്‌ലിം )എന്ന പദവിയ്‌ക്ക് അര്‍ഹനാകണമെങ്കില്‍ എല്ലാ പ്രവാചകന്‍മാരിലും വിശ്വസിക്കേണ്ടതുണ്ട്‌.അന്ത്യ പ്രവാചകനായ മുഹമ്മദിനെ(സ)മാത്രം വിശ്വസിക്കുന്നവനും ഖുര്‍ആനില്‍ മാത്രം വിശ്വസിക്കുന്നവനും മുസ്‌ലിം എന്ന പദവിയ്‌ക്ക് അര്‍ഹനല്ല.


മനുഷ്യനെ ഉത്തമനായ മനുഷ്യനാക്കിമാറ്റുന്ന പാഠങ്ങളും സന്ദേശങ്ങളുമാണ്‌ ആഘോഷങ്ങളില്‍ പോലും ഇസ്‌ലാമിന്റെ വിഭാവന.
വിശ്വാസിയുടെ കര്‍മ്മവും ധര്‍മ്മവും സമൂഹത്തിന്‌ ഉപകരിക്കുന്നതാകണം .അഗതിയെ സഹായിക്കുന്നതും ,അശരണര്‍ക്ക്‌ അഭയം നല്‍കുന്നതും  ആരാധനയുടെ ഭാഗമാണ്‌.വിശക്കുന്നവനെ ഊട്ടുന്നവനും ദാഹിക്കുന്നവനെ കുടിപ്പിക്കുന്നവനും രോഗിയെ സന്ദര്‍ശിക്കുന്നവനും ദൈവ സേവകനാണ്‌.സൃഷ്‌ടികള്‍ സ്രഷ്‌ടാവിലേയ്‌ക്ക് അടുക്കണം .സമസൃഷ്‌ടികളോടുള്ള സ്‌നേഹവും കാരുണ്യവുമാണ്‌ ഇതിനുള്ള പോവഴി.പ്രഭാഷകന്‍ വിശദീകരിച്ചു.


പുവ്വത്തൂര്‍ പരിസരത്തെ പൌര പ്രമുഖരും വിവിധ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രഗത്ഭരും സംബന്ധിച്ച സദസ്സില്‍ ഡോക്‌ടര്‍ പിഎ സെയ്‌തു മുഹ്ഹമ്മദ്‌ സ്വാഗതം പറഞ്ഞു.എ.വി ഹംസ സമാപന പ്രസംഗം നിര്‍വഹിച്ചു.


--