നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, September 14, 2015

ഈദ്‌ സുഹൃദ്‌ സം‌ഗമം

ആഘോഷങ്ങളും സന്തോഷങ്ങളും പരസ്‌പരം പങ്കുവെക്കാനുള്ളതാണ്‌.വിവിധ രൂപങ്ങളിലും നിറങ്ങളിലുമുള്ള മലരുകള്‍ ഒന്നിച്ചു വിടര്‍‌ന്നുല്ലസിക്കുമ്പോഴാണ്‌ ആഘോഷത്തിന്റെ മലര്‍‌വാടിക്ക്‌ കൂടുതല്‍ കാന്തിയുണ്ടാവുക.

പരസ്‌പരം പങ്കുവെക്കലുകള്‍പോലും അന്യമായിക്കൊണ്ടിരിക്കുന്ന വര്‍‌ത്തമാനകാലത്ത് നമുക്കൊത്തുകൂടാം.ദുഖങ്ങള്‍ പങ്കിട്ടാല്‍ കുറഞ്ഞുപോകും.സന്തോഷങ്ങള്‍ പങ്കിട്ടാല്‍ അധികരിക്കും.

ബലിപ്പെരുന്നാളിനോടനുബന്ധിച്ച്‌ ജമാ‌അത്തെ ഇസ്‌ലാമി പാവറട്ടി ഒരുക്കുന്ന സൗഹൃദസം‌ഗമത്തിലേക്ക്‌ താങ്കളെ ഹൃദയപൂര്‍‌വ്വം ക്ഷണിക്കുന്നു.

ഹൃദ്യമായ ഈദാശംസകളോടെ .......

ജമാ‌അത്തെ ഇസ്‌ലാമി പാവറട്ടി
........

രണ്ട് ആഘോഷങ്ങളാണ്‌ വിശ്വാസികള്‍ക്ക് ദൈവം അനുവദിച്ചിട്ടുള്ളത്.ഒരുമാസക്കാലത്തെ ആത്മ സംസ്‌കരണത്തിന്‌ ശേഷമുള്ള ഈദുല്‍ ഫിഥ്‌ര്‍ ,ത്യാഗ സ്‌മരണകളുടെ പശ്ചാത്തലത്തില്‍ ഉള്ള ഈദുല്‍ അഥ്‌ഹ.

പ്രവാചകനെ അനുധാവനം ചെയ്യുവാനും ജീവിതത്തില്‍ പകര്‍ത്താനും പ്രസരിപ്പിക്കുവാനും വിശ്വാസി ബാധ്യസ്ഥനാണ്‌.പ്രവാചകന്മാരുടെയും ,പരിഷ്‌കര്‍ത്താക്കളുടെയും ജനന മരണങ്ങള്‍ ആഘോഷിക്കുന്ന സംസ്‌കാരത്തെ പൂര്‍വസൂരികള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല.വ്യക്തി പൂജ ഏക ദൈവ വിശ്വാസത്തെ വഴിതിരിച്ചുവിടാന്‍ പ്രേരകമാകും എന്നത് കൊണ്ടും സമൂഹത്തെ ദുഷിപ്പിക്കുന്ന ആള്‍ദൈവ സംസ്‌കാരത്തിന്‌ ഇസ്‌ലാമില്‍ തീരെ ഇടമില്ല എന്നതിനാലുമാണ്‌ ഇവ്വിഷയത്തില്‍ വളരെ കടുത്ത നിലപാട്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌.

വിശ്വാസിയുടെ സംസ്‌കരണ പ്രക്രിയയ്‌ക്ക് ആത്മാവ്‌ നല്‍കുന്ന ശിക്ഷണങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരുന്നതാണ്‌ നിഷ്‌കര്‍‌ഷിക്കപ്പെട്ട അനുഷ്‌ഠാനങ്ങളോരോന്നും .മനുഷ്യനെ ഉത്തമനായ മനുഷ്യനാക്കിമാറ്റുന്ന പാഠങ്ങളും സന്ദേശങ്ങളുമാണ്‌ ആഘോഷങ്ങളില്‍ പോലും ഇസ്‌ലാമിന്റെ വിഭാവന.വിശ്വാസിയുടെ കര്‍മ്മവും ധര്‍മ്മവും സമൂഹത്തിന്‌ ഉപകരിക്കുന്നതാകണം .അഗതിയെ സഹായിക്കുന്നതും ,അശരണര്‍ക്ക്‌ അഭയം നല്‍കുന്നതും ആരാധനയുടെ ഭാഗമാണ്‌.വിശക്കുന്നവനെ ഊട്ടുന്നവനും ദാഹിക്കുന്നവനെ കുടിപ്പിക്കുന്നവനും രോഗിയെ സന്ദര്‍ശിക്കുന്നവനും ദൈവ സേവകനാണ്‌.സൃഷ്‌ടികള്‍ സ്രഷ്‌ടാവിലേയ്‌ക്ക് അടുക്കണം. സമസൃഷ്‌ടികളോടുള്ള സ്‌നേഹവും കാരുണ്യവുമാണ്‌ ഇതിനുള്ള പോവഴി.

വിശ്വാസ സംഹിതകളും കര്‍മ്മ നിബന്ധനകളും കൃത്യവും സൂക്ഷ്‌മവുമായി വിശുദ്ധഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്‌.വിശുദ്ധ വേദം ദര്‍ശനവും പ്രവാചകന്‍ അതിന്റെ ദര്‍പ്പണവുമത്രെ.
ഇസ്‌ലാം ഒരു ദര്‍ശനമാണ്‌ അതിനെ മനസാ വാചാ കര്‍മ്മണാ അംഗീകരിക്കുന്നവനെയാണ്‌ അനുസരിക്കുന്നവന്‍  (മുസ്‌ലിം)എന്ന്‌ പറയുന്നത്‌.ഒരു ശക്തിയും ഇല്ല പ്രപഞ്ച നാഥനല്ലാതെ എന്നതാണ്‌ ഈ ദര്‍ശനത്തിന്റെ അടിസ്ഥാന ഫലകം.പ്രസ്‌തുത മന്ത്രധ്വനിയെ യഥാവിധി മനസ്സിലാക്കി ജീവിതം നയിക്കുക എന്നതത്രെ ഈ  ദര്‍ശനത്തിന്റെ വക്താക്കളുടെ ധര്‍മ്മം.ഇത്തരത്തിലുള്ള നിഷ്‌കളങ്കമായ ബോധം ആരുടെയെങ്കിലും മനസ്സില്‍ അങ്കുരിച്ച്‌ കഴിഞ്ഞാല്‍ അഥവാ മനം മാറ്റം നടന്നുകഴിഞ്ഞാല്‍ ഒരു ശക്തിക്കും അവനെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഈ മഹദ്‌ മന്ത്രം ഹൃദയാന്തരങ്ങളില്‍ വേണ്ടവിധം മുദ്രണം ചെയ്യപ്പെടാത്തവരും പൊതു സമൂഹത്തില്‍ ഇതേ ധാരയുടെ വിലാസം പേറുന്നവരാണെന്നതും ഒരു വസ്‌തുതയാണ്‌.

ദൈവത്തിലും അവന്റെ മാലാഖമാരിലും ഉള്ള വിശ്വാസം ,മുന്‍ കഴിഞ്ഞ സകല പ്രവാചകന്മാരിലും അവര്‍ക്ക്‌ അവതീര്‍ണ്ണമായതിലും ഉള്ള വിശ്വസം മരണാനന്തരവും വിധിയിലുമുള്ള വിശ്വാസം നന്മതിന്മകള്‍ ദൈവത്തില്‍ നിന്നാണെന്നുമുള്ള  ദൃഡബോധ്യവും വിശ്വാസകാര്യങ്ങളായി പഠിപ്പിക്കപ്പെട്ടവയാണ്‌.ഇസ്‌ലാമിലെ പഞ്ച സ്തം‌ബങ്ങളിലിലൊന്നാണ്‌  ഹജ്ജ്‌. ഇതില്‍ ആദ്യാന്തം മുഴങ്ങിക്കൊണ്ടിരിക്കുന്നതാണ്‌ 'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍മുല്‍ക്, ലാ ശരീക ലക ലബ്ബൈക്' ഞാനിതാ ഇവിടെ, നിന്റെ കല്‍പ്പന കേള്‍ക്കാന്‍ ! നിനക്കു പങ്കാളികളില്ല. സ്തുതിയും അനുഗ്രഹവും അധികാരവും നിന്റെ വരുതിയില്‍. ഇതാ ഞാനിവിടെ...

എല്ലാം ദൈവത്തില്‍ അര്‍‌പ്പിച്ച്‌ സകലവിധ അടിമത്തങ്ങളില്‍ നിന്നും മോചനം സിദ്ധിക്കുന്നതിലാണ്‌ വിശ്വാസത്തിന്റെ പരിശുദ്ധി പൂര്‍‌ണ്ണാര്‍‌ഥത്തില്‍ സാധ്യമാകുന്നത്‌.സകല അനുഷ്‌ഠാനങ്ങളും സാമൂഹ്യ ബോധത്തെ കാര്യക്ഷമമാക്കുമ്പോഴാണ്‌ കര്‍‌മ്മങ്ങളുടെ പ്രതിഫലനം പ്രകടമാകുന്നത്‌.വിശ്വാസപരമായ പ്രഖ്യാപനങ്ങളിലൂടെ വിമോചനവും ഹൃദയവിശാലതയും കൈവരിക്കാനാകണം . അനുഷ്‌ഠാന കര്‍‌മ്മങ്ങളിലൂടെ  നിഷ്‌കളങ്കമായ ഭക്തിയും പരക്ഷേമ തല്‍‌പരതയും ജനിപ്പിക്കാനും കഴിയണം.

വിശ്വാസത്തിന്റെ ആകാശത്തിലെ താരകങ്ങളെ പ്രോജ്ജ്വലമാക്കാനും കര്‍‌മ്മങ്ങളുടെ ഭൂമികയിലെ ഓരോ മണ്ഡലത്തേയും യഥാവിധി പാകപ്പെടുത്താനും ഉപകരിക്കുന്ന അനുഷ്‌ഠാനമുറകളാണ്‌ ഹജ്ജ്.തങ്ങള്‍ക്കിഷ്‌ടപെട്ടതിനെ ത്യജിക്കാന്‍ വിശ്വാസികള്‍ക്ക്‌ പ്രചോദനം നല്‍കുന്ന മഹത്തായ കര്‍മ്മമാണ്‌ ബലിയുടെ ഓര്‍മ്മപ്പെരുന്നാളിലൂടെ സാധിച്ചെടുക്കേണ്ടത്‌.മതം വികാരമാക്കുന്നതിന്‌ പകരം വിചാരമാക്കി വളര്‍ത്തിയെടുക്കുക.മാനുഷികതയുടെ ഉയര്‍ന്ന വിതാനമായി ആത്മിയതയെ സ്വന്തം ജിവിതത്തിലൂടെ പ്രസരിപ്പിക്കുക.വായിച്ചെടുക്കുന്നതിനെ കൃത്രിമമായിബോധ്യപ്പെടുത്തുന്നതിന്‌ പകരം നിഷ്‌കളങ്കമായി അനുഭവേദ്യമാക്കിക്കൊടുക്കുക.

ഈദ്‌ ആശം‌സകള്‍ ...