ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ആത്മകഥ “അഗ്നിച്ചിറകുകള്‍“ വായിക്കാനിടയായി. നാട്ടില്‍ നിന്ന് അബുദാബിയിലേക്കുള്ള എല്ലാ യാത്രയിലും എയര്‍ പോര്‍ട്ടിലെ ഡി സി ബുക്‌സില്‍ നിന്ന്‍ ഒരു പുസ്തകം വാങ്ങുകയും ആ യാത്രയില്‍ അത് വായിച്ചു തീര്‍ക്കുകയും എന്നത് കുറെ നാളുകള്‍ ആയുള്ള പതിവാണ്.റൂമില്‍ ഇരുന്നുള്ള വായനക്ക് ക്ഷീണം നേരിട്ടു തുടങ്ങിയത് ഇന്റര്‍ നെറ്റ് വ്യാപകമായതോടെയാണ്. ഈ വിഷയം പലയിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നതും നമുക്കും ഒരു പംക്തി അതിനായി മാറ്റി വെയ്ക്കാവുന്നതുമാണ്.
എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു വായനയായിരുന്നു അഗ്നിച്ചിറകുകള്‍ ഒരു വ്യക്തിയുടെ വൈയക്തികവും സാമൂഹികവുമായ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക്, ചുറ്റുപാടുകള്‍ക്ക് ഒക്കെയുള്ള സ്വാധീനം എത്ര മാത്രമെന്നും സ്വയം ഉരുത്തിരിയുന്നതും മനസ്സില്‍ അരക്കിട്ടുറപ്പിക്കുന്നതുമായ നിശ്ചയങ്ങളും ആഗ്രഹങ്ങളും എങ്ങനെ പ്രായോഗിക തലത്തിലേക്ക് വ്യാപരിക്കുന്നു എന്നും ഈ പുസ്തകം ലളിതമായി നമ്മെ ബോധ്യപ്പെടുത്തുന്നു.പഠിക്കുന്ന നമ്മളുടെ മക്കള്‍ക്ക് തീര്‍ച്ചയായും വായിക്കാന്‍ നല്‍കേണ്ട ഒരു പുസ്തകമായി അഗ്നിച്ചിറകുകളേയും അദ്ദേഹത്തിന്‍റെ മറ്റു പുസ്തകങ്ങളെയും ചൂണ്ടിക്കാണിക്കാം എന്ന് നിസ്സന്ദേഹം പറയട്ടെ.
അബ്ദുല്‍ കലാമിന്റെ അദ്ധ്യാപകന്‍ ആയിരുന്ന ഇയ്യാദുരെ സോളമന്റെ വാക്കുകള്‍ ഇങ്ങനെ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.“ജീവിത വിജയം നേടാനും നേട്ടങ്ങള്‍ കൊയ്തെടുക്കാനും സാധിക്കണമെങ്കില്‍ മൂന്ന് സുപ്രധാന ശക്തികളെ കുറിച്ച് മനസ്സിലാക്കുകയും അവ പ്രയോഗിക്കാന്‍ പ്രാവീണ്യം നേടുകയും വേണം. ആഗ്രഹം, വിശ്വാസം, പ്രതീക്ഷ ഇവയാണ് ആ ശക്തികള്‍. “ എന്തെങ്കിലും കാര്യം സംഭവിക്കണമെന്നു എനിക്ക് ഉദ്ദേശം ഉണ്ടെങ്കില്‍ ഞാന്‍ അതിന് വേണ്ടി അതി തീവ്രമായി ആഗ്രഹിക്കുകയും അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചത് പിന്നീടൊരു പാതിരിയായിത്തീര്‍ന്ന ഇയ്യാദുരെ ആണെന്ന് അബ്ദുള്‍ കലാം പറയുന്നു.
ഒരിടത്ത് അദ്ദേഹം ചോദിക്കുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്ന ഒന്നായി ചിലര്‍ ശാസ്ത്രത്തെ കാണാന്‍ ശ്രമിക്കുന്നത് എന്ത് കൊണ്ടാണെന്ന് ഞാന്‍ വിസ്മയിക്കുന്നു. എന്‍റെ കാഴ്ച്ചപ്പാടില്‍, ശാസ്ത്രത്തിന്റെ പാതകള്‍ക്ക് എന്നും മനുഷ്യ ഹൃദയങ്ങളിലൂടെ കടന്നു പോകാന്‍ കഴിയും. എനിക്ക് ശാസ്ത്രമെന്നത് ആത്മീയ സമ്പന്നതയിലെക്കും ആത്മ സാക്ഷാത്കാരത്തിലേക്കും ഉള്ള പാതയാണ്.സര്‍ഗാത്മകമായ ആശയങ്ങളെ പ്രചോദിപ്പിക്കുകയാണ് പ്രാര്‍ത്ഥനയുടെ സുപ്രധാന ദൌത്യങ്ങളില്‍ ഒന്നെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിജയകരമായ ജീവിതത്തിനുള്ള വിഭവങ്ങളെല്ലാം മനസ്സിന്‍റെ കലവറയില്‍ ഉണ്ട്. ബോധ തലത്തിലുള്ള ആശയങ്ങളെ പുറത്തെടുക്കുകയും വളര്‍ന്ന് സാക്ഷാത്കൃതമാകാന്‍ അവസരം കൊടുക്കുകയും ചെയ്‌താല്‍ അവയ്ക്ക് വിജയകരമായ സംഭവങ്ങളിലേക്ക് നമ്മെ നയിക്കാന്‍ കഴിയും. സ്രഷ്ടാവായ ദൈവം നമ്മുടെ മനസ്സുകളിലും വ്യക്തിത്വങ്ങളിലും വളരെ വലുതായ ശക്തിയും കഴിവുമൊക്കെ സംഭരിച്ച് വെച്ചിട്ടുണ്ട്. ഈ ശക്തികളെ പുറത്തെടുത്ത് വികസിപ്പിക്കാന്‍ പ്രാര്‍ത്ഥന സഹായിക്കുന്നു എന്നും അദ്ദേഹം അടിവരയിടുന്നു.പുതു തലമുറയെ, ഉണര്‍ന്നിരിക്കുമ്പോള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച മഹാനായ എ.പി.ജെ അബ്ദുല്‍ കലാമിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് വിരാമമിടുന്നു.
നന്മകള്‍ നേര്‍ന്നു കൊണ്ട്.
സൈനുദ്ധീന്‍ ഖുറൈശി