നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, November 21, 2015

സുല്‍‌ത്താന്റെ വരകളും വരികളും

കഥകളുടെ സുല്‍ത്താന്‍ ആയ ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചിന്തോദ്ദീപകവും നര്‍മ്മരസ പ്രധാനവുമായ കുറെയേറെ എഴുത്തുകളുടെ ഒരു സമാഹാരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ കണ്ടെത്തിയ ചിലത് ഇവിടെ പങ്ക് വെയ്ക്കാം.“യാ ഇലാഹി “ എന്ന ഈ പുസ്തകത്തിലെ എല്ലാ രചനകളും ഒന്നിനൊന്ന് മെച്ചമാണ്.അതില്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന ഒരു രചനയാണ്‌  “ വര “. 

വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് ഒരു കാലയളവിനു ശേഷം ഈശ്വര നിഷേധത്തില്‍ നിന്ന് – ജന്മനാ ഉള്ളില്‍ വേരോടിയിരുന്ന അല്ലാഹ് എന്ന അനശ്വരതയിലേക്ക് – തിരിച്ച് വരുന്ന സുവ്യക്തമായ ഒരു ചിത്രം ഈ പുസ്തകത്തിലെ മിക്ക രചനകളിലും നമുക്ക് കാണാന്‍ കഴിയും. അതാണെങ്കില്‍ വളരെയയേറെ വിശ്വസനീയവുമാണ്. കാരണം ഇതിലെ എഴുത്തുകള്‍ അധികവും കഥകളോ കവിതകളോ അല്ല. മറിച്ച് വ്യക്തിപരമായ കുറിപ്പുകള്‍ ആണ്. “ അലിഫ് ഒരു വരയാകുന്നു.ധീരമായി കുത്തനെ നില്‍ക്കുന്ന വൃക്ഷം പോലെ. നീണ്ടു നിവര്‍ന്നു നില്‍ക്കുന്ന പുരുഷനെ പോലെ, സ്ത്രീയെ പോലെ..അറബി ഭാഷയിലെ ആദ്യത്തെ അക്ഷരമാകുന്നു അലിഫ്. അതി പുരാതനമായ ഭാഷയാകുന്നു അറബി. ഭാഷകളുടെയെല്ലാം മാതാവാണ് അറബി ഭാഷ. ഈ ഭാഷയിലാണല്ലോ ഖുര്‍ആന്‍.മാനുഷ കുലത്തിനുള്ള സമഗ്രമായ ജീവിത പദ്ധതിയുടെ മഹാ സന്ദേശമാകുന്നു ഖുര്‍ആന്‍. ഭൂഗോള നിവാസികളുടെ ഇടയില്‍ ശാന്തിയും സമാധാനവും സ്ഥാപിക്കാനുള്ള തത്വ സംഹിത, അത് സൗന്ദര്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും കൂടി മതമാണ്‌. മാനുഷ കുലത്തിന്റെ ആരംഭം മുതല്‍ ഇസ്ലാം ഉണ്ടായിരുന്നു. അനന്ത കോടി പ്രപഞ്ചങ്ങളുടെ ഗോചരവും അഗോചരവുമായ സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവാണ് അല്ലാഹു. പ്രപഞ്ചങ്ങളുടെ ചൈതന്യവും വെളിച്ചവുമാണ് അല്ലാഹ് - സനാതനസത്യം.ദൈവത്തിന്റെ ഈ ഭൂമിയിലെ പ്രതിനിധികള്‍ ആണ് നമ്മള്‍ എന്നും നന്മ ചെയ്യുക, മനസ്സും ശരീരവും ശുദ്ധമാക്കി വെയ്ക്കുക, ആരോഗ്യം സൂക്ഷിക്കുക, ഈ ലോകം കുറെ കൂടി സുന്ദരമാക്കുക . അനന്തമായ പ്രാര്‍ത്ഥനയാകുന്നു ജീവിതമെന്നും തെല്ലും സംശയമില്ലാതെ കഥകളുടെ കുലപതി നമ്മോട് പറയുന്നു. 

ഒരു മനുഷ്യനെ തിരിച്ചറിയുന്നതും അടയാളപ്പെടുത്തുന്നതും അവന്‍റെ പ്രവര്‍ത്തികള്‍ ആണ് എന്ന സത്യം മുകളിലെ വരികളില്‍ വൈക്കം മുഹമ്മദ്‌ ബഷീറും വായനക്കാരോട് പറയുന്നു. സാമൂഹികമായ കടമകള്‍ നിവര്‍ത്തിക്കുന്ന ഒരു മനുഷ്യനെ വായിച്ചെടുക്കാനും അവന്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തെ ഉള്‍ക്കൊള്ളാനും ഇതര  മതസ്ഥര്‍ക്ക് പോലും സംശയിക്കേണ്ടി വരില്ല.കലുഷിതവും ഭീതിതവുമായ വര്‍ത്തമാനകാല ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ പ്രവര്‍ത്തികള്‍ വൈയക്തിക ക്രിയകളില്‍ മാത്രം ഒതുങ്ങാതെ സാമൂഹിക ബാധ്യതകള്‍ നിറവേറ്റുന്നതിലേക്കും വ്യാപിക്കേണ്ടതുണ്ട് എന്ന് സവിനയം ഓര്‍മ്മപ്പെടുത്തുന്നു.“ മക്കളെ നിങ്ങളുണരുക...ഉറക്കിലും ഉറങ്ങാത്ത മയക്കത്തിലും നിങ്ങള്‍ ഉള്ളിലുണര്‍വ്വിന്‍ തീജ്വാല കരുതുക പുനര്‍ജ്ജനിക്കുന്നുണ്ടെവിടെയെന്നോ ചിതലായ നാശത്തിന്‍ നിസ്തുല രൂപങ്ങളാം ദിനോസറുകള്‍....”
നന്ദി. നന്മകള്‍ 
സൈനുദ്ദീന്‍ ഖുറൈഷി