ഉദയം ഇന്റര്‍നാഷണല്‍ - കാര്യമാത്ര പ്രസക്തമായ വിഷയങ്ങളുമായി സശ്രദ്ധം ജന മദ്ധ്യത്തിലേക്ക് തുറന്ന ചര്‍ച്ചകള്‍ക്കായി തുറന്നു വെച്ച വാതായനമാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ദൈവീകത എന്ന അടിസ്ഥാനപരമായ വിശ്വാസത്തില്‍ ഉറച്ച് നിന്ന് കൊണ്ടാണ് ഇതിന്റെ പ്രയാണം എന്ന് മുമ്പ് പ്രസിദ്ധീകരിച്ച പംക്തികള്‍ വിളിച്ച് പറയുന്നുമുണ്ട്. നല്ലത്.വിശ്വാസത്തെയും അവിശ്വാസത്തെയും സംയമനത്തോടെ ചര്‍ച്ചചെയ്യപ്പെടണം എന്നതും ഇന്നിന്റെ ഒരു വാസ്തവാധിഷ്ടിത സിദ്ധാന്തമാണ്.എന്നാല്‍ ഒരു വിശ്വാസവും ഹനിക്കപ്പെടരുത് എന്നത് ഒരോരുത്തരുടേയും കടമയായും ഏറ്റെടുക്കേണ്ടതുണ്ട്.
ഈ മാധ്യമത്തില്‍ സാഹിത്യം കൈകാര്യം ചെയ്യാന്‍ എന്നെ ഏല്‍പിച്ചത് അഭിമാനപൂര്‍വ്വം ഏറ്റെടുക്കുന്നു. സത്യസന്ധമായി ഇത് കൈകാര്യം ചെയ്യാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.
തിരക്കുള്ളതും വിഷാദഭരിതവുമായ സമ്മിശ്ര ജീവിത വീഥിയാണ് പ്രവാസിയുടെത്. എങ്കിലും കഴിയും പോലെ ഇവിടെ സജീവമാകാന്‍ ശ്രമിക്കും.അല്ലാഹു അനുഗ്രഹിച്ച് നല്‍കിയ സര്‍ഗാത്മകത വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വേണ്ടിയും നിലവിലുള്ള സാമൂഹിക അസമത്വത്തിനും അനീതിക്കും എതിരെയും കഴിയുന്ന രീതിയില്‍ പ്രയോഗിക്കാന്‍ എഴുത്തിലൂടെ ശ്രമിക്കുന്നുണ്ട്.
എന്റെ “ ഭ്രാന്തിന്റെ പുരാവൃത്തം “ എന്ന കവിതാ സമാഹാരത്തിലെ ഒരു കൊച്ചു കവിത 'ഖബര്‍' അവതരിപ്പിച്ചു കൊണ്ട് ഈ പംക്തി തുടങ്ങാം. തുടര്‍ന്നു ലോക സാഹിത്യത്തിലെയും മലയാള സാഹിത്യത്തിലെയും നല്ല കൃതികളെ കുറിച്ച് ഹൃസ്വമായി അവതരിപ്പിച്ചും ചര്‍ച്ച ചെയ്‌തും നമുക്ക് മുന്നേറാം. ഇന്‍ശാ അല്ലാഹ്.
പുറത്തെ വെളിച്ചമാണെന്റെ
കണ്ണുകള്‍ അടച്ചത്..
അകത്തെ ഇരുട്ടാണെന്റെ
കണ്ണുകള്‍ തുറന്നത്..
ഇരുട്ടിനുമിരുട്ടിനുമിടയിലെ
വെളിച്ചമാണ് ജീവിതമെന്ന്
ഇരുളാണ് പറയുന്നത്.
വായിക്കാന്‍ വൈകിയൊരു
എഴുത്തോല തിരയാനിത്തിരി
വെളിച്ചമില്ലീ ഖബറിനുള്ളില്‍.
സ്വന്തം രചന ആയതിനാല്‍ ഒരു വിശദീകരണം തരുന്നില്ല. അനുവാചകരുടെ ചര്‍ച്ചകളിലൂടെ ആവശ്യമാണെങ്കില്‍ നമുക്ക് സംവദിക്കാം.
നന്ദി.
സൈനുദ്ധീന്‍ ഖുറൈശി.
ഖബര്‍ ചിന്തോദ്ധീപകമാണ്. ഖബറടക്കം ചെയ്യപ്പെട്ട ചിന്തകള്‍ക്ക് വെളിച്ചം പകരനാകുന്ന വരികള്‍.അനുഗ്രഹിച്ചരുളപ്പെട്ട ജീവിതത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം എന്ന വെളിച്ചത്തെ ഉപയോഗപ്പെടുത്തുന്നതില്‍ അശ്രദ്ധനായി ഒടുവില്‍ ഇരുട്ടിന്റെ ഇരുട്ടില്‍ അകപ്പെട്ട നേരത്ത് വെളിച്ചത്തെ കുറിച്ച് ഓര്‍ക്കുന്ന ഹതഭാഗ്യനെ നന്നായി വരച്ചു വെക്കുകയാണ് ഈ കവിതയില്‍.സത്യ നിഷേധം എന്ന ഇരുട്ടിന്റെയും സാക്ഷാല്‍ സത്യമായി പുലരുന്ന മരണമെന്ന ഇരുട്ടിന്റേയും ഇടയിലായിരുന്നു വെളിച്ചമെന്നു മനുഷ്യനോട് പറഞ്ഞു തരികയാണ് ഖബര്‍.
ഉദയം ഇന്റര്‍നാഷണല്‍.