നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, July 19, 2017

നാല്‌ പഞ്ചായത്തുകളില്‍ ഹര്‍‌ത്താല്‍

പാവറട്ടി:തൃശൂര്‍ ജില്ലയിൽ 4 പഞ്ചായത്തുകളിൽ ജൂലായ്‌ 19 ന്‌ കോൺഗ്രസ്‌ ഹർത്താലിന് ആഹ്വാനം. ഏങ്ങണ്ടിയൂർ, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി വെങ്കിടങ്ങ് പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം. പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച  യുവാവ് ജീവനൊടുക്കിയതിൽ  പ്രതിഷേധിച്ചാണ് ഹർത്താൽ.

ഏങ്ങണ്ടിയൂരിൽ പോലീസ് മർദനത്തിൽ മനംനൊന്ത് ദളിത് യുവാവ് തൂങ്ങി മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് റോഡിലൂടെ തന്റെ പെൺസുഹൃത്തമായി നടന്നു വരുമ്പോൾ ബൈക്കിൽ എത്തിയ പോലീസുകാരൻ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.  ബൈക്കുമായിഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും പാവറട്ടി പോലീസ്സ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് വിനായകിനെ പോലീസുകാരന്റെ ബൈക്കിൽ തന്നെ കയറ്റി കൊണ്ടു പോകുകയായിരുന്നു.

സ്റ്റേഷനിൽ എത്തിയ ഉടനെ മറ്റു പോലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നു.ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചു വാങ്ങി. മാല മോഷ്ടിച്ചത് തങ്ങളാണ് എന്ന് സമ്മതിച്ചാൽ വിടാമെന്നും പോലീസ് പറഞ്ഞുവത്രെ. പിന്നീട് 4 മണിക്ക് ഇവരുടെ ബൈക്ക് വാങ്ങി വച്ച് ബുക്കും പേപ്പറും കൊണ്ടുവരാൻ ആവശ്യപ്പെട്ട് പറഞ്ഞു വിടുകയായിരുന്നു.

വീട്ടിൽ വന്ന് സമീപത്തെ സുഹൃത്തുക്കളോട് പോലീസ് മർദ്ദിച്ച വിവരം പറഞ്ഞിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇന്ന് എന്തെങ്കിലും തീരുമാനമെടുക്കാമെന്ന് കൂട്ടുകാർ പറഞ്ഞുവെങ്കിലും ഇന്ന് ഉച്ചക്ക് 12 മണിയോട് വീട്ടിലെ മുറിയിൽ വിനായക് ജീവനൊടുക്കുകയായിരുന്നു.
പാവറട്ടി ന്യൂസ്‌