നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, July 19, 2017

കെടാത്ത ജ്വാല

ദോഹ:പ്രതികൂലമായ കാലത്തെ പരീക്ഷണങ്ങളിലും പരാധീനതകളിലും അടിപതറാതെത്തന്നെയാണ്‌ നമ്മുടെ ചുവടുവെപ്പുകള്‍.തുടര്‍‌ച്ചയായ സംഗമങ്ങളും സദസ്സുകളും ഒരുക്കാനാകാത്തതിനാല്‍ പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെ പ്രഭ കെടുത്തിയിട്ടുണ്ടെന്നത് നേരാണ്‌.എന്നാല്‍ ഈ തിരി അണയാതെ കൊണ്ടു നടക്കാനുള്ള പ്രചോദനം നമ്മുടെ ഒക്കെ ഉള്ളിന്റെ ഉള്ളില്‍ ഇപ്പോഴും ജ്വാലയായി നില നില്‍‌ക്കുന്നു എന്നതും പരമാര്‍‌ഥമത്രെ.ഉദയം പഠന വേദിയുടെ സാരഥി എം.എം അബ്‌ദുല്‍ ജലീല്‍ പറഞ്ഞു.

ഉദയം മജ്‌ലിസില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട പ്രവര്‍‌ത്തക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു അബ്‌ദുല്‍ ജലീല്‍.തുടര്‍‌ന്നു നടന്ന ചര്‍ച്ചയില്‍ സകാത്ത്‌ വിതരണം,ഇനിയും ലഭിക്കാനുള്ള സമാഹരണം,മുടങ്ങിക്കിടക്കുന്ന വരി സം‌ഖ്യാ സമാഹരണം തുടങ്ങിയ വിഷയങ്ങള്‍ സവിസ്‌തരം ചര്‍ച്ച ചെയ്‌തു.മേച്ചേരിപ്പടി,പാലുവായ്,കാക്കശ്ശേരി എന്നിവിടങ്ങളിലെ ഗുണ ഭോക്താക്കളില്‍ ഇത്തവണത്തെ സകാത്ത് വിതരണത്തിനു ഉപയോഗപ്പെടുത്താമെന്നു തത്വത്തില്‍ ധാരണയായി.

ജൂലായ്‌ 27 വ്യാഴാഴ്‌ച വൈകീട്ട്‌ 07.30 ന്‌ വി.പി ഷം‌സുദ്ധീന്‍ സാഹിബിന്റെ വസതിയില്‍ വെച്ച്‌ ജനറല്‍ ബോഡി കൂടാനും പുതിയ സമിതിയെ തരഞ്ഞെടുക്കാനും തിരുമാനിച്ചു.ജനറല്‍ബോഡി കൂടുന്നതിന്റെ മുമ്പ്‌ തന്നെ ചുരുങ്ങിയത് പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളെങ്കിലും തങ്ങളുടെ വിഹിതങ്ങളും പ്രത്യേക സമാഹരണങ്ങളും വരി സം‌ഖ്യയും പൂര്‍‌ത്തീകരിക്കാന്‍ ശ്രമിക്കണമെന്ന്‌ അധ്യക്ഷന്‍ ഓര്‍‌മ്മിപ്പിച്ചു.ഇവ്വിഷയത്തില്‍ ട്രഷറര്‍ വി.എം റഫീഖിനെയും സെക്രട്ടറി എന്‍.പി ജാസിമിനേയും പ്രത്യേകം ഉത്തരവാദപ്പെടുത്തി.

വൈകിട്ട്‌ 08.30 ന്‌ സെക്രട്ടറി എന്‍.പി ജാസിമിന്റെ പ്രാര്‍‌ഥനയോടെ തുടങ്ങിയ യോഗം 10.30 ന്‌ അസീസ്‌ മഞ്ഞിയിലിന്റെ ഉദ്‌ബോധനത്തോടെ സമാപിച്ചു.