നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, September 1, 2021

ഫാത്വിമ ടീച്ചർ വിടവാങ്ങി

ഒരുമനയൂര്‍:ഫാത്വിമ ടീച്ചർ അല്ലാഹുവിലേക്ക് യാത്രയായി.പാവറട്ടി വെന്മേനാട്‌ എം.എ.എസ്‌.എം വിദ്യാലയത്തിയിലെ എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപികയയിരുന്നു ആദരണീയയായ ഫാത്വിമ ടീച്ചര്‍. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അം‌ഗമായിരുന്നു.അല്ലാഹു അവരുടെ ബർസഖി ജീവിതം സ്വര്‍‌ഗീയമാക്കി അനുഗ്രഹിക്കട്ടെ.

ചാവക്കാട്‌ മേഖലയിലെ ആദ്യത്തെ ജമാ‌അത്ത് വനിതാ അം‌ഗമാണ്‌.1960 കളുടെ അവസാനത്തിലായിരൂന്നു ടീച്ചര്‍ പ്രസ്ഥാന കുടും‌ബത്തില്‍ പ്രവര്‍‌ത്തന നിരതയായത്.60 കളില്‍ മുതുവട്ടൂര്‍ വനിതാ ഹല്‍‌ഖ നിലവില്‍ വന്നിരുന്നു.

കുഞ്ഞുമാവു ടീച്ചര്‍ ആയിരുന്നു അന്നത്തെ ഹല്‍‌ഖാ നാദിമത്ത്.രണ്ട്‌ ടീച്ചര്‍‌മാരുടെയും നേതൃത്വത്തില്‍ ഒട്ടേറെ സം‌രം‌ഭങ്ങള്‍‌ക്കും സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍‌ക്കും പ്രാരം‌ഭം കുറിക്കുന്നതിലും സജീവമായി രം‌ഗത്തുണ്ടായിരുന്നു.ജമാ‌അത്ത് അം‌ഗത്വം സ്വീകരിച്ചതിന്റെ ശേഷം ചാവക്കാട്‌ പ്രാദേശിക വനിതാ സെക്രട്ടറിയായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്‌. ഡോ.ടി.വി മുഹമ്മദലി സാഹിബും,മൊയ്‌തുണ്ണി ഹാജിയും, അന്ന്‌ ടീച്ചറോടൊപ്പം നേതൃ നിരയില്‍ ഉണ്ടായിരുന്നു.

അധ്യാപികയായി സേവനമനുഷ്‌ടിക്കുമ്പോള്‍ ബാക്കി സമയങ്ങള്‍ ദീനി സേവനത്തിന്‌ നീക്കിവെച്ചിരുന്നു.അധ്യാപന ജീവിതത്തിനു വിരാമമിട്ടപ്പോള്‍ മുഴു സമയ സേവകയായി രം‌ഗത്തുണ്ടായിരുന്നു.

ശാരീരികമായ പ്രയാസങ്ങളാല്‍ പൂര്‍‌ണ്ണ വിശ്രമം വേണ്ടി വന്നപ്പോള്‍ മാത്രമാണ്‌ ഗോദയില്‍ നിന്നും വിട്ടു നിന്നത്.

താന്‍ ഇടപെടുന്ന ഇടങ്ങളില്‍ എല്ലാം ഒരു പൊന്‍ തൂവല്‍ പൊഴിച്ചിടാന്‍ അവര്‍‌ക്ക്‌ സാധിച്ചിരുന്നു.ഫാത്വിമബീ ടീച്ചര്‍,അവരുടെ കൂട്ടില്‍ പൊഴിച്ചിട്ട തൂവലുകള്‍ തലോടി നമുക്ക്‌ പ്രാര്‍‌ഥിക്കാം.

അവലം‌ബം ഡോ.മുഹമ്മദലി സാഹിബിന്റെ ശബ്‌ദ സന്ദേശം.
=============
ഞാൻ കണ്ട ഫാത്തിമ ടീച്ചർ...

1980മെയ് 19ന് എന്റെ വിവാഹപ്പന്തലിൽ ആണ് ഞാൻ ഫാത്തിമ ടീച്ചറെ ആദ്യമായി കാണുന്നത്... അവിടന്നങ്ങോട്ട് വളർന്ന ബന്ധം പാടൂരിലെ പ്രസ്ഥാന വളർച്ചക്ക് എന്നോടൊപ്പം അരിക് പറ്റി നിന്നു പാടൂരിൽ പ്രസ്ഥാനം ഉദയം ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ താമസിക്കുന്ന പരിസരത്തു ക്ലാസുകൾ സംഘടിച്ചു.സ്ത്രീകൾ ക്ലാസ്സ്‌ എടുക്കുന്നത് കേട്ട്‌കേൾവി ഇല്ലാത്ത ഒരു പ്രദേശത്തു ഫാത്തിമ ടീച്ചറുടെ പരലോകം ക്ലാസ്സ്‌ ഏറെ സ്വാധീനം ചെലുത്തി.സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അത് തുടരാൻ കഴിഞ്ഞില്ല.

പിന്നീട് ഞങ്ങളുടെ താമസം അവിടെ നിന്ന് പറിച്ചു പാടൂർ സെന്ററിൽ ആയപ്പോഴും എന്നിലെ പ്രസ്ഥാന നാമ്പു മുള പൊട്ടി. വീണ്ടും ക്ലാസുകൾ തുടങ്ങി... അപ്പോഴും ഞാൻ ആശ്രയിച്ചത് ഫാത്തിമ ടീച്ചറെ തന്നെയാണ്... അൽഹംദുലില്ലാഹ് പാടൂർ ഇസ്ലാമിക പ്രസ്ഥാനത്തിന് തറക്കല്ല് ഇട്ടതു മുതലുള്ള ആ ബന്ധം കൂടുതൽ ശക്തിപ്പെടുകയും പലപ്പോഴും പാടൂരിൽ ഫാത്തിമ ടീച്ചർ വരികയും ക്ലാസ്സ്‌ എടുക്കുകയും ചെയ്‌‌തിട്ടുണ്ട്. പഴയ പ്രവർത്തകർക്ക് അതൊക്കെ നല്ല ഓർമയുണ്ടാകും.

അന്നും നമ്മുടെ സുബൈദ പ്രസ്ഥാന മാർഗത്തിലെ എന്റെ വലം കയ്യായിരുന്നു. പിന്നീട് ഏരിയ കൺവീനർ സ്ഥാനം ഏറ്റെടുത്തപ്പോൾ ചാവക്കാട് ഏരിയ സമിതിയിലെ നിറ സാന്നിധ്യം ആയിരുന്നു ഫാത്തിമ ടീച്ചർ.ഒറ്റയാനായി ജീവിച്ചു ഇസ്ലാമിക പ്രസ്ഥാനത്തിന് മുഴു ജീവിതവും സമർപ്പിച്ചാണ് ടീച്ചർ കടന്ന് പോയത്.കോവിഡിനു മുൻപ് ആണ് അവസാനമായി വില്യംസിൽ പോയി ഞാൻ കണ്ടത്.. നാളെ ഖത്തറിൽ പോവുകയാണെന്നും ഓർമ കുറവുണ്ടെന്നും ദുആ ചെയ്യാനും പറഞ്ഞാണ് പിരിഞ്ഞത്.

എനിക്കെന്നും പ്രിയങ്കരിയായ ഫാത്തിമ ടീച്ചർ നിന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.ആ മഹതിയെ നീ ഇരു കൈകളും നീട്ടി സ്വീകരിച്ചാലും. നിന്റെ മഹനീയ സ്വർഗം നൽകി ഫാത്തിമ ടീച്ചറെ സ്വീകരിച്ചാലും.നാളെ സ്വർഗ കവാടത്തിൽ വെച്ച് കണ്ട് മുട്ടാൻ നീ തൗഫീഖ് നൽകിയാലും..

ഹഫ്‌സ അബ്‌ദുല്‍ റഹ്‌മാന്‍
=============
ചാവക്കാട് മേഖലയിലെ ഇസ്‌‌ലാമിക പ്രസ്ഥാന വനിതാ നേതൃത്വത്തിലണ്ടായിരുന്ന ടീച്ചർ വനിതകളെ സംഘടിപ്പിച്ചും ക്ലാസുകൾ നടത്തിയും ഘടകങ്ങളുണ്ടാക്കാൻ ചടുലമായി പ്രവർത്തിച്ചു.മേഖലയിലെ റീഡ്‌ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കോർഡിനേററർ കൂടിയായിരുന്നു. 

അബ്‌‌ദുല്‍ വാഹിദ് പാടൂര്‍
=============
ഫാത്തിമ ടീച്ചർ ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന ടീച്ചറായിരുന്നു. ക്ലാസ്സിലുണ്ടായ രസകരമായ ഒരു സംഭവം ഓർക്കുന്നു.ടീച്ചർ ഒരു ചിത്രം ബോർഡിൽ വരച്ചു. കുട്ടികളോട് വരയ്ക്കാൻ ആവശ്യപ്പെട്ടു. ഒരു കുട്ടി വരക്കുന്നില്ല.കാര്യം അന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു ചിത്രം വരയ്ക്കാൻ പാടില്ലെന്ന് നബി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് വരക്കുന്നില്ല. അത് കേട്ട ടീച്ചർ ചോദിച്ചു വിദ്യ അഭ്യസിക്കാൻ നബി പറഞ്ഞിട്ടുണ്ടോ. അതെ എന്ന് കുട്ടി എങ്കിൽ വേഗം വരക്കൂ എന്ന് ടീച്ചർ. അത് കേട്ട മാത്രയിൽ അവൻ വര തുടങ്ങി. പരേതക്ക് അള്ളാഹു മഗ്‌‌ഫിറത്തും മർഹമത്തും നൽകട്ടെ. ആമീൻ.

അബ്‌‌ദുസ്സലാം പൈങ്കണ്ണിയൂര്‍
=============
കുട്ടികളോട് ഒരിക്കല്‍ പോലും ദേഷ്യപ്പെടാത്ത സൗമ്യ പ്രകൃതക്കാരിയായിരുന്ന ടീച്ചറെ ഓർക്കുന്നു.കുട്ടികൾക്ക് എല്ലാവർക്കും പ്രിയങ്കരിയായിരുന്നു ടീച്ചർ.ടീച്ചറുടെ എല്ലാ സൽപ്രവർത്തനങ്ങളും അള്ളാഹു സ്വീകരിക്കുമാറാകട്ടെ. മഗ്‌‌ഫിറത്തും  മർ‌ഹമത്തും നൽകി അനുഗ്രഹിക്കട്ടെ.. 

അക്‌ബര്‍ എം.എ
=============
ടീച്ചറെക്കുറിച്ചു പറയുമ്പോൾ കുറെയേറെ അനുഭവങ്ങൾ പങ്കു വെക്കാനുണ്ട് പ്രതേകിച്ചു ക്‌ളാസ്സിൽ വരുമ്പോൾ കുട്ടികളോട് നടത്തുന്ന സാരോപദേശങ്ങൾ അതൊന്നും ഇപ്പോൾ കുറിക്കാനുള്ള അവസ്ഥയിലല്ലാത്തത് കൊണ്ട് ഒന്നും കുറിക്കുന്നില്ല.എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ടീച്ചർക്ക് അള്ളാഹു മഗ്‌‌ഫിറത്തും മർഹമത്തും നൽകി ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
 
അബ്‌‌ദുല്‍ ലത്വീഫ് പൈങ്കണ്ണിയൂര്‍
=============
എന്റെയൊക്കെ ഓർമയിൽ,സ്‌‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കൗതുകമായിരുന്നു ഫാത്തിമ ടീച്ചർ.കാരണം തട്ടമിട്ട ഒരു ടീച്ചർ പുതിയ  ഒരു അനുഭവമായിരുന്നു. മുസ്ലിം അദ്ധ്യാപികമാർ വേറെയും ഉണ്ടായിരുന്നെങ്കിലും അവർക്ക് തട്ട മിടുന്ന ശീലം ഇല്ലായിരുന്നു.സ്‌‌കൂളിൽ വെച്ച് ദുഹർ നമസ്‌‌കരിക്കുന്ന ഫാത്തിമ ടീച്ചർ.അത്‌ കൊണ്ട് തന്നെ മറ്റു കുട്ടികൾക്കിടയിൽ അടക്കം പറച്ചിൽ ഉണ്ടായിരുന്നു,,"ഇതൊരു വഹാബി യാണ്'' എന്നും മറ്റും,അത് എന്താണ് സാദനം ,എന്ന് കേട്ടു‌കേൾവി പോലും ഇല്ലാത്ത കാലത്തായിരുന്നു, പിന്നീട് കുറച്ചു നാളുകൾക്ക് ശേഷമാണ്  പ്രസ്ഥാന പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന ടീച്ചറെ കാണാനിടയായത്‌.പ്ര.വർത്തകരെ നയിക്കാൻ യോഗ്യതയുള്ള ഒരു കാരണവര്‍ നഷ്‌‌ടപ്പെട്ട‌ ദുഖം,അവരുടെ ഉറ്റ മിത്രങ്ങൾ പ്രസ്ഥാന പ്രവർത്തകരാണ്.അല്ലാഹുവേ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊപ്പം നാമേവരെയും ഒരുമിച്ചു കൂടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

സല്‍‌മത്ത് ഇഖ്‌ബാല്‍
=============
1969 -70 കളിലാണ് തിരുനെല്ലൂരിൽ നിന്നുള്ള ഒരു സംഘം വന്മേനാട് എം.എ.എസ്‌.എം ഹൈസ്‌‌കൂളിൽ എത്തുന്നത്.

അന്നത്തെ അദ്ധ്യാപികമാരിൽ ഫാത്വിമ ടീച്ചറെ ഞാൻ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. (എന്റെ കുഞ്ഞുമ്മയുടെ ഛായയുണ്ടായിരുന്നു ടീച്ചർക്ക്. കുഞ്ഞുമ്മയുടെ പേരും ഫാത്വിമ എന്ന് തന്നെ) സാരിയുടുത്ത് , കൈപ്പടം വരെയുള്ള കുപ്പായമിട്ട മെലിഞ്ഞ ശരീര പ്രകൃതമുള്ള ഫാത്വിമ ടീച്ചർ സ്വന്തം മക്കളെയെന്ന പോലെയാണ് വിദ്യാർത്ഥികളുമായി ഇടപഴകിയിരുന്നത്.  എല്ലായ്പ്പൊഴും ഒരു പുഞ്ചിരി ടീച്ചർ തന്റെ ചുണ്ടിൽ കാത്തുസൂക്ഷിച്ചിരുന്നു. സൗമ്യമായ പെരുമാറ്റം. മിതമായ സംസാരം.

1973 ൽ കുന്നംകുളം ബോയ്‌‌സ്‌ സ്‌‌കൂളിൽ വച്ച് നടന്ന തൃശൂർ ജില്ലാ യുവജനോത്സവത്തിൽ  സ്‌‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീമിൽ ലളിത ഗാന മത്സര വിഭാഗത്തിൽ ഞാനും ഉണ്ടായിരുന്നു.

ഹിന്ദി അധ്യാപകൻ വിജയൻ മാഷും ഫാത്വിമ ടീച്ചറുമാണ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത്.

(ശരീര പ്രകൃതത്തിൽ വിജയൻ മാഷും ടീച്ചറും തുല്യരായിരുന്നു. - മെലിഞ്ഞവർ)

മത്സരത്തിനുള്ള തയ്യാറെടുപ്പുകൾക്കിടയിലും, സ്റ്റേജിൽ കയറുന്നതിന് മുമ്പും മാഷും ടീച്ചറും പകർന്നു നൽകിയ ആത്മവിശ്വാസവും പ്രോത്സാഹനവും വിലമതിക്കാനാകാത്തതാണ്.

അദ്ധ്യാപന ജീവിതത്തിന് ശേഷവും ടീച്ചർ തന്റെ കർമ്മ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

ഏകദേശം മൂന്നര പതിറ്റാണ്ടിന് ശേഷം സ്‌‌കൂളിൽ വച്ച് നടന്ന ഒരു സമാദരണ ചടങ്ങിൽ വച്ചാണ് ടീച്ചറെ അവസാനമായി കണ്ടത്. എന്നെ തിരിച്ചറിയുകയും പഴയകാല ഓർമ്മകൾ അന്ന് പങ്ക് വയ്ക്കുകയും ചെയ്‌‌തു.

ടീച്ചറുടെ പരലോക ജീവിതം അള്ളാഹു വിജയിപ്പിക്കട്ടെ - ആമീൻ...

റഹ്‌‌മാന്‍ തിരുനെല്ലൂർ.
=============
ഒരിക്കല്‍ പോലും ദേഷ്യപ്പെടാത്ത,കുട്ടികളോട് പുഞ്ചിരിച്ചുകൊണ്ട്, സൗമ്യമായി മാത്രം ഇടപഴകുന്ന ആകർഷകമായ വ്യക്തിത്വമായിരുന്നു ടീച്ചറുടെത്. സർവ്വ ശക്തനായ നാഥൻ അവർക്ക് മഗ്‌‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ..

അബ്‌‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍
=============
ടീച്ചർ വളരെ അസുഖ ബാധിതയാകുന്നതിനു മുന്നെ അവധിയിൽ നാട്ടിൽ വന്നാൽ ടീച്ചറുമായി കാണുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്യു മായിരുന്നു. ഒരിക്കൽ ഒരു ഖുർആൻ സ്റ്റഡി സെന്റർ പരിപാടിയിൽ ടീച്ചറുടെ ഒരു ഉഗ്രൻ പ്രഭാഷണം ഞാൻ കേട്ടിരുന്നു. ടീച്ചറെ അനുമോദിച്ചു കൊണ്ട് ഞാൻ പ്രസംഗത്തെ കുറിച്ച് ഓർമിപ്പിച്ചിരുന്നു. അല്ലാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

ഇഖ്‌ബാല്‍ വേത്തില്‍
=============