നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, September 9, 2021

വെന്മേനാട് ഉദിച്ച സൂര്യൻ

വെന്മേനാട് ഉദിച്ച പ്രഭാത സൂര്യൻ, പുതിയ തലമുറ അറിയേണ്ടത്.‘അബു സ്സബാഹ് - അറിവിന്റെ മലര്‍വാടി - നട്ടു നനച്ച മഹാ മനീഷി.പേര് അന്വര്‍ത്ഥമാക്കുമാറ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് പുതിയ പ്രഭാതം സൃഷ്‌ടിച്ച ഉദയസൂര്യന്‍ അസ്‌‌തമിച്ചത് 1971 സെപ്‌തംബര്‍ 9 നായിരുന്നു.

കേരളത്തിന്റെ “സര്‍സയ്യിദ്” എന്ന് വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ഒരേ ഒരു പരിഷ്‌കര്‍ത്താവ്‌ പക്ഷെ അത്രമേല്‍ ഓര്‍ക്കപ്പെടുന്നില്ല എന്നത് ദുഃഖകരം തന്നെ. സംഘടനാപരമായ പക്ഷപാതിത്വം തന്റെ നിലപാടുകള്‍ക്ക് മുകളില്‍ പ്രതിഷ്‌ടിക്കാത്തതാവാം തന്റെ കാലഘട്ടത്തിലെ സകല പ്രഗത്ഭരുടെയും നേതാക്കളുടെയും, ലോക പണ്ഡിതരുടെയും ആദരവും, സ്നേഹവും അംഗീകാരവും നേടിയിട്ടും സംഘടനാവല്‍ക്കരിക്കപ്പെട്ട സമകാലിക സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാത്തത് എന്ന് കരുതാം.

1906 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത വെന്മേനാട് ആണ് അഹമ്മദ് അലി എന്ന “പ്രഭാത സൂര്യന്‍” ഉദിക്കുന്നത്. പ്രാഥമികവിദ്യാഭാസവും ദര്‍സ് പഠനത്തിനും ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ പ്രവേശനം തേടിയെങ്കിലും പ്രായക്കുറവ് (അഥവാ പ്രായത്തെക്കാള്‍ കവിഞ്ഞ പഠന മികവു) തടസ്സമായി. നിരാശനാകാതെ ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അസ്ഹര്‍ തന്റെ ലക്ഷ്യമാക്കി പുനര്‍ നിര്‍ണ്ണയിച്ചു.നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായെങ്കിലും ഇഛ്ചാ ശക്തിക്കുമുമ്പില്‍ അവയൊക്കെ ആവിയാവുകയാണ് ഉണ്ടായത്.

1924 മുതല്‍ 34 വരെയുള്ള പത്ത് വര്‍ഷത്തെ അസ്ഹര്‍ ജീവിതം പണ്ഡിതലോകവുമായും നേതാക്കളുമായും സംവദിക്കാനും ജീവിത ലക്ഷ്യത്തെ പുനര്‍നിര്‍ണ്ണയം നടത്താനും കാരണമായി. അസ്ഹര്‍ ജീവിതകാലത്താണ്‌ അല്ലാമ ഇഖ്ബാലിനെയും മൌലാന മുഹമ്മദാലി ജൌഹറിനെയും പരിചയപ്പെടുന്നത്. ഈ കാലയളവില്‍ വിശ്വ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും പണ്ഡിതനുമായ റഷീദ് റിദയുമായി നടന്ന ബൌധിക സംവാദം അറബ് സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഞെട്ടിച്ചിരുന്നു. (മൗലാന മുഹമ്മദാലിയുടെ ജനാധിപത്യ ഭരണ വാദത്തെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെയും തള്ളിപ്പറഞ്ഞു കൊണ്ട് റഷീദ് റിദ നടത്തിയ കടുത്ത വിമര്‍ശനങ്ങളാണ് ഈ ചര്‍ച്ചക്ക് കാരണമായത്).

പഠനശേഷം ഈജിപ്തില്‍ വക്കീല്‍ ആയി തുടരാന്‍ ആഗ്രഹിച്ചെങ്കിലും മൗലാനാ മുഹമ്മദാലി ജൗഹരിന്റെ ഉപദേശം കാതില്‍ അലയടിച്ചു. “ഇവിടെ എത്രയോ പണ്ഡിതരുണ്ട്. പഠനം കഴിഞ്ഞു ഇന്ത്യയിലേക്ക്‌ തിരിച്ചു പോകണം. നിങ്ങളെ പോലുള്ളവരുടെ സേവനം ഇന്ത്യക്ക് ആവശ്യമുണ്ട്”... തന്റെ ദൌത്യം ജോലിയല്ല, സേവനമാണ് എന്ന ഉള്‍വിളി തിരിച്ചറിഞ്ഞു തിരിച്ചു പോന്നു. ഉപ ഭൂഘണ്ടം മുഴുവന്‍ അലഞ്ഞ ദീര്‍ഘമായ യാത്രയും ഒരു വേള ഒറ്റപ്പെട്ട ഗുഹാജീവിതവും നയിച്ച്‌ അവസാനം തന്റെ കര്മ്മഭൂമിയിലേക്ക് എത്തി.

1942 ല്‍ മലപ്പുറത്തെ ആനക്കയത്ത് “റൌളത്തുല്‍ ഉലൂം” അറബി കോളേജ് ആരംഭിച്ചു. മലബാറില്‍ ഒരു “മിനി അസ്ഹര്‍” എന്ന തന്റെ സ്വപ്ന സാഫല്യത്തിന് വേണ്ടി ആയി ഓരോ ശ്വാസനിശ്വാസവും.  സകല പ്രതിബന്ധങ്ങളും അതിജയിച്ചു 1948 ജൂണ്‍ 12 നു കോളേജ് നിലവില്‍ വന്നതായി പ്രഖ്യാപനം വന്നു. അതേ വര്‍ഷം ആഗസ്ത് 12 നു ഔദ്യോഗിക ഉത്ഘാടനവും  നടന്ന ഫാറൂഖ് കോളേജിന്റെ സംസ്ഥാപനവും അംഗീകാരവും സംബന്ധിച്ച് ഉണ്ടായ പ്രതിബന്ധങ്ങളും അവകളെ അതിജയിച്ചതും പഠിക്കാന്‍ ശ്രമിക്കുന്നത് ഇന്നത്തെ പുരോഗതിക്ക് പിറകില്‍ പൂര്‍വ്വികര്‍ നടത്തിയ പോരാട്ടങ്ങളെ തിരിച്ചറിയാനും,  ഇഛ്ചാ ശക്തി, കഠിനാധ്വാനം, ആത്മാര്‍ഥത, സമര്‍പ്പണം എന്നീ ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഏറെ സഹായകരമായിരിക്കും.

കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങള്‍, ഹൈദ്രോസ് വക്കീല്‍, എ.കെ ഖാദര്‍ കുട്ടി സാഹിബ്, ഹാജി സത്താര്‍ സേട്ട് സാഹിബ് തുടങ്ങിയ മുസ്‌‌ലിം ലീഗ് നേതാക്കള്‍, രാജാ അബ്ദുല്‍ ഖാദര്‍ ഹാജിയെ പോലുള്ള വ്യവസായ പ്രമുഖര്‍, കുഞ്ഞോയി വൈദ്യരെപോലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഫാറൂഖാബാദില്‍ ഏക്രക്കണക്കിന് ഭൂമി വിട്ടു നല്‍കിയ പുളിയാളി അബ്ദുള്ളക്കുട്ടി ഹാജി ...... തുടങ്ങിയവര്‍ ഈ ശ്രമങ്ങളില്‍ താങ്ങായി തുണയായി....   

മെമ്പര്‍ഷിപ്പ് തുകയായി സമാഹരിച്ചിരുന്ന ഇരുപത്തി അയ്യായിരം രൂപയും (അന്ന് അതൊരു ഭീമ സംഖ്യ ആണ്) ഉണ്ടായിരുന്ന കാറും സംഭാവന നല്‍കിയ മുസ്‌‌ലിം ലീഗ് പാര്‍ട്ടിയും അതിന്റെ രാഷ്ട്രീയ പിന്തുണക്കപ്പുറം ഫാറൂക്ക് കോളേജിന്റെ സംസ്ഥാപനത്തിനും അംഗീകാരത്തിനും വളര്‍ച്ചക്കും നല്‍കിയ ഭൗതിക സഹായം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സമ്മാനിക്കാന്‍ പറ്റാത്ത മാതൃക ആണ്.

മുസ്‌‌ലിം ലീഗിനെയും, ലീഗ് നേതാക്കളെയും, ചന്ദ്രിക പത്രത്തെയും ഏറെ ഇഷ്ടപ്പെട്ട സ്മരണീയന്‍ തന്റെ ആശുപത്രി വാസത്തിനു പോകുമ്പോള്‍ പോലും കരുതിയത്‌ ഗ്രന്ഥങ്ങളോടൊപ്പം “ചന്ദ്രിക” ആഴ്ച്ചപ്പതിപ്പുകളാണ്. ഗൗരവ വായനക്കും വിചിന്തനങ്ങള്‍ക്കും പ്രേരണ നല്‍കിയിരുന്ന  മൌലാന അബുസ്സബാഹ് മുസ്‌‌ലിം സമുദായത്തിലെ ശാഖാപരമായ തര്‍ക്കങ്ങളില്‍ അകലം പ്രാപിക്കുകയും ചെയ്‌തു.നൂറുകണക്കിന് പണ്ഡിതശ്രേഷ്ടരും  എഴുത്തുകാരും പ്രഭാഷകരും ഉള്‍പ്പെടെയുള്ള ശിഷ്യ സാമ്പത്തിനുടമായ ആ മാതൃകാ ഗുരുനാഥന്‍, 1971 സെപ്‌തംബര്‍ 9 നു ആണ് ഇഹലോക വാസം വെടിഞ്ഞത്‌.

വിജ്ഞാന പൂങ്കാവനവും, അവയിലെ പൂക്കളിലെ മധു നുകരാന്‍ വരുന്ന പതിനായിരങ്ങളും നില നില്‍ക്കുന്നിടത്തോളം അബു സ്സബാഹു അഹമ്മദ് അലി എന്ന കര്‍മ്മ യോഗി സ്മരിക്കപ്പെടും അഥവാ സ്മരിക്കപ്പെടണം. തന്റെ വിദ്യാര്‍ഥികളോട് അബുസ്സബാഹ് നല്‍കിയ ഉപദേശം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവാനിപ്പിക്കാം. അത് അദ്ധേഹത്തിന് നമ്മോടും പറയാനുള്ള ഉപദേശമാണെന്ന് മനസ്സിലാക്കി പിന്തുടരാന്‍ സാധിച്ചാല്‍ നാമെത്ര ഭാഗ്യവാന്മാര്‍!!!

സ്വാര്‍ത്ഥതാല്‍‌പര്യമോ സ്‌തുതിക്കും സ്‌തുതി പാഠനത്തിനും വേണ്ടിയുള്ള മോഹമോ നിങ്ങളെ തീണ്ടരുത്. കാരണം യഥാര്‍ത്ഥ വിജയത്തിന്റെ മാനദണ്ഡം ആത്മാര്‍ഥതയാണ്. യഥാര്‍ത്ഥ പുഷ്പത്തില്‍ നിന്നേ പരിമളം ഉണ്ടാകൂ. കടലാസ് പുഷ്പങ്ങള്‍ - അവ എത്ര മനോഹരമാണെങ്കിലും – ഒരിക്കലും സുഗന്ധം പൊഴിക്കില്ല. മതപരമായ തര്‍ക്കങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടു നില്‍ക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കണം. തന്റെ അഭിപ്രായങ്ങള്‍ സൗമ്യതയോടെ, സ്നേഹപൂര്‍വ്വം, നയത്തില്‍ എതിരഭിപ്രായക്കാരെ കേള്‍പ്പിക്കാന്‍ ശ്രമിക്കണം. അന്യോന്യം സത്യം ഗ്രഹിപ്പിക്കുക ആയിരിക്കണം സംവാദത്തിന്റെ ലക്ഷ്യം.മറിച്ചു ഏതെങ്കിലും വിധത്തില്‍ താന്‍ ജയിക്കണം എന്ന് കരുതരുത്..............”

സര്‍വ്വാധി രാജന്‍ അദ്ദേഹത്തേയും നമ്മെയും സ്വര്‍ഗ്ഗീയ ലോകത്ത് ഒന്നിപ്പിക്കട്ടെ.. അവരുടെ ജീവിതവും ദര്‍ശനവും നമുക്ക് വഴികാട്ടി ആകട്ടെ.

സിദ്ധീക്ക് തളിക്കുളം
---------------
കൊടുംകാടും കുന്നുകളും നിറഞ്ഞ് ഇരുള്‍മൂടിയ ഫറോക്കിലെ കരിങ്കല്ലായിക്കുന്ന്. ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുര്‍ക്കിത്തൊപ്പിയും പൈജാമയും ധരിച്ചെത്തിയ ഒരു മഹാനുഭാവന്‍ വിജനമായ ഈ പെരുംകാട്ടിലേക്ക് ഒരു നടപ്പാത വെട്ടിത്തെളിച്ചു. അക്ഷരാര്‍ഥത്തില്‍ അറിവിന്റെ പൂങ്കാവനമായി (റൗദത്തുല്‍ ഉലൂം) മാറിയ ഫാറൂഖാബാദിന്റെ പിറവി അങ്ങനെയായിരുന്നു.

1906ല്‍ ചാവക്കാടിനടുത്ത വെന്മേനാട് എന്ന സ്ഥലത്താണ് ജനനം. അനാഥത്വത്തിന്റെ കയ്‌പുറ്റ ജീവിതസാഹചര്യത്തിലായിരുന്നു ശൈശവം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പതിവനുസരിച്ച് കോക്കൂര്‍ പള്ളി ദര്‍സിലും തുടര്‍ന്ന് മാഹിയിലും പഠനം നടത്തി. വെല്ലൂരിനെക്കാള്‍ ഉന്നത നിലവാരമുള്ള മദ്രാസ് ജമാലിയ്യ കോളജിലേക്കാണ് അബുസ്സബാഹ് മൗലവിയെ അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടെത്തിച്ചത്. 1923ല്‍ പതിനെട്ടാം വയസ്സില്‍ അവിടെ പ്രവേശനം ലഭിച്ചു. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം കൊളമ്പോയിലേക്ക് പോയി. അവിടെ വച്ച് ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത ചിലരെ പരിചയപ്പെട്ടതോടെ അല്‍ അസ്ഹര്‍ മോഹമായി മനസ്സിലുദിച്ചു. പൈതൃകമായി കിട്ടിയ ഭൂസ്വത്ത് വിറ്റ് അദ്ദേഹം ആഗ്രഹസാക്ഷാത്കാരത്തിനായുള്ള പണമുണ്ടാക്കി.

ബോംബെയില്‍ വിസക്കായി കാത്തുകഴിഞ്ഞ നാളുകളില്‍ അവിടെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്ന് ഉര്‍ദു പഠിച്ചു. 1924ല്‍ മൗലവി ഈജിപ്തിലേക്ക് കപ്പല്‍ കയറി. അല്‍ അസ്ഹറില്‍ പ്രവേശനം നേടി. സംഘടിത ബോധം കാത്തുസൂക്ഷിച്ചുകൊണ്ടു തന്നെ നല്ല വിദ്യാര്‍ഥിയായി. വിദ്യാര്‍ഥികളെ അല്‍ റാബിത്വത്തുശ്ശര്‍ഖിയ്യ എന്ന പേരില്‍ സംഘടിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്ന വലിയൊരു മെമ്മൊറാണ്ടം തയ്യാറാക്കി അന്നത്തെ ശൈഖുല്‍ അസ്ഹര്‍ ആയിരുന്ന മുസ്ത്വഫ മറാഗിക്ക് സമര്‍പ്പിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്വല അധ്യായമായ മൗലാന മുഹമ്മദലിയുമായി അല്‍അസ്ഹറില്‍ വെച്ചാണ് മൗലവി ബന്ധപ്പെടുന്നത്. 1928ല്‍ തുടങ്ങിയ ഈ ബന്ധം മൗലാനയുടെ മരണംവരെ തുടര്‍ന്നു. അല്ലാമ മുഹമ്മദ് ഇഖ്ബാലുമായി പഠനകാലത്തു തന്നെ ബന്ധമുണ്ടായിരുന്നു. സയ്യിദ് റശീദ് രിദ, മൗലാന മുഹമ്മദലിയെഎതിര്‍ത്തു ലേഖനമെഴുതിയപ്പോള്‍ അബുസ്സബാഹ് മൗലവി അഖ്ബാറുല്‍ യൗം പത്രത്തില്‍ എഴുതിയ മറുപടി അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു. മൗലാന മുഹമ്മദലിയുമായുള്ള ബന്ധം മൗലവിയുടെ ദേശീയ ബോധത്തിന് കരുത്തുപകര്‍ന്നു.

ഈജിപ്തില്‍ തന്നെ ജോലി നോക്കാനാണ് മൗലവി ആഗ്രഹിച്ചതെങ്കിലും ഒത്തുതീര്‍പ്പുകള്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. ഫലസ്ത്വീന്‍, ഇറാഖ്, ഇറാന്‍ തുടങ്ങിയസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം പിന്നീട് ലാഹോറിലാണെത്തിയത്. അവിടെയും പിന്നീട് ബിഹാറിലും അറബിക്കോളജുകളില്‍ സേവനമനുഷ്ഠിച്ചെങ്കിലും അവിടത്തെ യാഥാസ്ഥിതിക പണ്ഡിതന്മാരുമായി ഒത്തുപോവാന്‍ കഴിഞ്ഞില്ല. പിന്നീട് കല്‍ക്കത്തയിലെത്തി. ഒടുവില്‍ പണ്ട് ഉപരിപഠനം നടത്തിയിരുന്ന മദ്രാസ് ജമാലിയ്യ കോളജില്‍ എത്തിച്ചേര്‍ന്നു.

അസാമാന്യമായ നിശ്ചയ ദാര്‍ഢ്യമായിരുന്നു മൗലവിക്ക്. വിഖ്യാതനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും പരിഷ്‌കര്‍ത്താവുമെന്നതിനു പുറമെ വൈദ്യശാസ്ത്രത്തില്‍ നിപുണനുമായിരുന്നു അദ്ദേഹം. മൗലവിയുടെ കുറെകാലത്തെ ജീവിതം തികച്ചും ഒട്ടേറെ അപൂര്‍വതകളാല്‍ ശ്രദ്ധേയമായിരുന്നു. ബീഹാറിലെത്തിയ അദ്ദേഹം അവിടെ കാട്ടില്‍ ഏകാന്തവാസമനുഷ്‌ഠിച്ചു. മൈസൂരില്‍ വന്ന് മലയിലെ ഗുഹയില്‍ കഴിയാനാണ് അദ്ദേഹം തീരുമാനിച്ചത്. കാട്ടുവാസത്തിനിടെ കടുത്ത പനി ബാധിച്ചു. നടുവിനു ചുറ്റും കമ്പിളി ചുറ്റി മലയിലൂടെ നിരങ്ങി നീങ്ങിയാണ് ചോലയിലിറങ്ങി വെള്ളമെടുത്തിരുന്നത്. പിന്നെ അതിനും സാധ്യമല്ലാതായി. ചോലയിലേക്ക് പോവന്‍ ശ്രമിക്കുന്നതിനിടെ വഴിമധ്യേ ബോധരഹി തനായി. അബോധാവസ്ഥയില്‍ കിടക്കുന്ന മൗലവിയെ കണ്ട  മലവാസികള്‍ അവര്‍ക്ക് അങ്ങാടി സാമാനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മുഹമ്മദ് സുല്‍ത്താന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

മുഹമ്മദ് സുല്‍ത്താന്റെ സഹായത്തോടെ ഗുണ്ടല്‍പേട്ടയിലെ ഇടിഞ്ഞുപൊളിഞ്ഞ് ഉപയോഗശൂന്യമായ ഒരു നമസ്‌കാരപ്പള്ളി കണ്ടെത്തി. ആളുകള്‍ എത്തിനോക്കാന്‍ പോലും ഭയപ്പെട്ടിരുന്ന ആ കെട്ടിടത്തില്‍ ഒരു മറയുണ്ടാക്കി മൗലവി അവിടെ താമസിച്ചു. അവിടെ വച്ചാണ് കുഞ്ഞാലിക്കുട്ടി ഹാജിയെ പരിചയപ്പെടുന്നത്. ആ പ്രദേശത്ത് മലയും കൃഷിയും സ്വന്തമായുണ്ടായിരുന്ന ആനക്കയം സ്വദേശിയായ ഹാജി വൈകാതെ മൗലവിയുടെ നിത്യസന്ദര്‍ശകനായി. ഈ ബന്ധമാണ് പിന്നീട് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരു വിപ്ലവത്തിലേക്ക് വരെ എത്തിച്ചത്.