നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, October 15, 2021

ടി കെ നിര്യാതനായി

അക്ഷര സമ്പത്ത് കൊണ്ടും കാവ്യാത്മകത കൊണ്ടും കുറിക്കു കൊള്ളുന്ന നർമോക്തികൾ കൊണ്ടും ഇഖ്‌ബാലിന്റെ കവിതകൾ കൊണ്ടും  പ്രഭാഷണ വേദികളെ പ്രകമ്പനം കൊള്ളിച്ച മഹാനായ ഇസ്‌ലാമിക പണ്ഡിതൻ ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ സമിതിയംഗം , ടി.കെ അബ്‌‌ദുല്ല സാഹിബ് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു.

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ശ്രീ.ടി കെ അബ്‌‌ദുല്ല സാഹിബ് നിര്യാതനായി. 

ഷീബ രാമചന്ദ്രന്‍ ...

"നടന്നു തീരാത്ത വഴികൾ " എന്ന ജീവചരിത്ര ഗ്രന്ഥം അനുയായികൾക്കായി ബാക്കി വെച്ച് കാലത്തിന് ഒരു കാതം മുന്നേ സഞ്ചരിച്ച ടി.കെ. അബ്‌‌ദുല്ല സാഹിബ് എന്ന സഞ്ചരിക്കുന്ന ഇസ്ലാമിക ഗ്രന്ഥങ്ങളുടെ സർവ്വ വിജ്ഞാനകോശം (എൻസൈക്കളൊപ്പീഡിയ ) ഗുരുസ്ഥാനീയനായിരുന്ന ടി.കെ സാഹിബ് യാത്രയായപ്പോൾ എനിക്ക് എഴുതാൻ കടപ്പാടിന്റെ ഒരു വലിയ കണക്ക് തന്നെ ഉണ്ട്.

സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വൈസ് പ്രിൻസിപ്പൽ ആയി ഞാൻ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് മക്ക മുസ്ലീം വേൾഡ് ലീഗ് (റാബിത്വ ) അന്താരാഷ്ട്ര ഗവേഷണ പ്രബന്ധ രചനാ മത്സരം നടത്തുന്നത് പ്രവാസ ലോകത്തെ പ്രഥമ പത്രമായ മലയാളം ന്യൂസിലൂടെ എന്റെ ശ്രദ്ധയിൽ പെടുന്നത്.

അതിൽ പങ്കെടുക്കുന്നതിനായി അതിന്റെ വിശദ വിവരങ്ങൾ സമാഹരിച്ച് നൽകിയത് റിയാദിലെ സൗദി ഇസ്ലാമിക് റിസേർച്ച് സെന്ററിലെ മലയാളി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ ജമാഅത്തെ ഇസ്ലാമി സംഘടനയിലെ പണ്ഡിത ശ്രേഷ്ഠൻ ശ്രീ സെെയ്‌‌ദ്‌ സർ ആയിരുന്നു.

"പ്രവാചകന്റെ (സ) കാലഘട്ടത്തിലെ യുദ്ധത്തിന്റെ ധാർമ്മികത" (The Ethics in War observed during Prophet (PBUH) Sirat-) എന്ന വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ അന്താരാഷ്ട്ര ഗവേഷണ തീസിസിന് ആവശ്യമായ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ഉള്ള നിരവധി നൂറിൽപരം പുസ്തകങ്ങൾ ആവശ്യമായിരുന്നപ്പോൾ സൈയ്‌ദ് സർ ആണ് പണ്ഡിതശ്രേഷ്ഠനായ  ടി.കെ സാഹിബിനെ പരിചയപ്പെടുത്തി തന്നത്. 

അദ്ദേഹമാണ് പിന്നീട് എനിക്ക് ആ റിസേർച്ച് തീസിസിന് ആവശ്യമായ പുസ്തകങ്ങൾ മുഴുവനും തികച്ചും സൗജന്യമായി റിയാദിൽ എത്തിച്ചു തന്നതും 1 വർഷം നീണ്ടു നിന്ന റിസേർച്ച് കാലഘട്ടത്തിൽ  എല്ലാ സംശയങ്ങൾക്കും ഒട്ടും Digest ചെയ്യാൻ പറ്റാതെ കടുകട്ടിയായ ഖുറാനിക് ഇന്റർ പ്രൊട്ടേഷൻ ഉൾപ്പടെ എല്ലാം വളരേ ലഘുവായി സരളമാക്കിത്തന്ന് ഒരു ഡിക്ഷ്ണറി പോലെ എഴുത്തിന്റെ അവസാന വാക്കായി എന്നെ സഹായിച്ചത് - ഇന്നും ഏറെ സ്നേഹാദരങ്ങളോടെ ഞാൻ വിനയപൂർവ്വം ഏറെ നന്ദിയോടെ ഈ വേള  ഇവിടെ അദ്ദേഹത്തെ സ്മരിക്കുന്നു. ടി.കെ. സാഹിബിന് ഏറെ വേദനയോടെ ആദരാഞ്ജലികൾ🙏

അനുഭവങ്ങളുടെ ഒരു വൻകര തന്നെ സ്വജീവിതത്തിൽ അടയാളപ്പെടുത്തിയ അടിയന്തരാവസ്ഥയിലെ ജയില്‍വാസമുൾപ്പെടെ അനുഭവിച്ചിട്ടുള്ള ആദരണീയനായ പണ്ഡിതശ്രേഷ്ഠൻ വിട പറയുമ്പോൾ നഷ്ടമാകുന്നത് -കമ്മ്യൂണിസത്തെ സൈദ്ധാന്തിക തലത്തില്‍ നിരൂപണം ചെയ്യാറുള്ള മികച്ച പ്രഭാഷകനും ദേശീയ തലത്തിൽ ഉറുദു / അറബിക് പ്രഭാഷണങ്ങൾ  നടത്താറുള്ള ഇസ്‌ലാമിക ചിന്തകനും  ജമാഅത്തെ ഇസ്ലാമി മുൻ അമീറും -സംസ്ഥാന കൗണ്‍സില്‍ അംഗവും സ്ഥാപന കാലഘട്ടം മുതൽ അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗത്തെയുമാണ്. 

ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്റര്‍. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ പദവികളെ കൂടാതെ മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദുവിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോള്‍ പ്രബോധനം വാരികയുടെ പ്രഥമപത്രാധിപരും പിന്നീട് ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുത്തു.കേരള മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്‌‌ഠിച്ചിട്ടുണ്ട്.

കൂടാതെ ഐ.പി.ടി മെമ്പര്‍, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍, ദല്‍ഹി ദഅ്‌വ ട്രസ്റ്റ് മെമ്പര്‍, അലിഗഢ് ഇദാറെ തഹ്കീകാതെ ഇസ്ലാമി അംഗം, , ഐ. എസ്. ടി. മെമ്പര്‍, ഐ. എം. ടി. മെമ്പര്‍, വിജ്ഞാന കോശം ചീഫ് എഡിറ്റര്‍, ബോധനം ത്രൈ മാസിക ചീഫ് മുന്‍ എഡിറ്റര്‍, ഐ. പി. എച്ച്. ഉപദേശക സമിതി അംഗം, കുറ്റിയാടി ഇസ്ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ നിലവിൽ വഹിക്കുകയായിരുന്നു. 

അദ്ദേഹത്തിന്റെ ലേഖന സമാഹരാണ് നവോത്ഥാന ധര്‍മ്മങ്ങള്‍ . പ്രസിദ്ധമായ പ്രഭാഷണങ്ങള്‍ ‘നാഴികക്കല്ലുകള്‍’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇഖ്ബാലിനെ കണ്ടെത്തല്‍ എന്ന കൃതി കോഴിക്കോട് നടന്ന പ്രഭാഷണങ്ങളുടെ സമാഹാരമാണ്. അലിഗഡ് ഉൾപടെ വിവിധ യൂണിവേഴ്‌‌സിറ്റിയിൽ നടത്താറുള്ള പ്രഭാഷണങ്ങളിൽ അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ ഉൾപ്പെടുത്തിയുള്ള പ്രഭാഷണങ്ങൾ വളരേ ശ്രദ്ധേയമായിരുന്നു. ശരീഅത്ത് വിവാദ കാലത്ത് കേരളത്തില്‍ സജീവമായി ഇസ്‌ലാമികപക്ഷത്ത് നിന്ന് ഇടപെട്ട പ്രഭാഷകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിടവാങ്ങലിൽ  ഇസ്ലാമിക രചനകൾ നടത്തുന്നവർക്ക് നഷ്ടപ്പെട്ടത്ത് ഒരു വലിയ ഗ്രന്ഥപ്പുരയെയാണ്. സഞ്ചരിക്കുന്ന ഗ്രന്ഥപ്പുരയെ -ഏറെ ആദരവോടെ- ഗുരു- പിതൃ സ്ഥാനീയനായിരുന്ന പണ്ഡിത ശ്രേഷ്ഠന് സ്വർഗ്ഗം ലഭ്യമാക്കണമേ എന്ന പ്രാർത്ഥനയോടെ - ശ്രദ്ധാഞ്ജലികൾ.🙏

---------

ഷീബ രാമചന്ദ്രന്‍

എഫ്‌ബി പോസ്റ്റ്

-------------

ടി.കെ എന്ന ടി.കെ അബ്‌‌ദുല്ല സാഹിബിന്റെ വിയോഗാനന്തരം ജീവിതത്തിലെ വിവിധ തുറകളിലുള്ളവരുടെ പ്രതികരണങ്ങള്‍ വായിക്കുകയും കേള്‍‌ക്കുകയും ചെയ്‌തു.എന്നാല്‍ ഫാരിസ്‌ സാഹിബിന്റെ വളരെ ഹ്രസ്വമായ കുറിപ്പ്‌ വിശേഷാല്‍ വിശേഷമായി അനുഭവപ്പെട്ടു.

-------------

ടി.കെ അബ്‌‌ദുല്ല സാഹിബ്

ഫാരിസ് ഒ.കെ

===========

ടി.കെ അബ്‌‌ദുല്ല സാഹിബ് മരണപ്പെടുന്നതിൻറെ രണ്ട് ദിവസം മുമ്പ്‌ രാത്രിയാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്.നല്ല രീതിയിൽ അവശത അനുഭവിക്കുമ്പോഴും സംസാരത്തിന് കൃത്യതയുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു ഫാരിസാണോ, എന്നിട്ടെന്താ ഒന്നും പറയാത്തത്. എനിക്ക് പലതും പറയണമെന്നുണ്ടായിരുന്നു പക്ഷെ ഒന്നും പറയാൻ സാധിച്ചില്ല.

പിന്നെ എന്നോട് പറഞ്ഞു, കുറച്ച് ദിവസം മുമ്പേ നിൻറെ ഉപ്പ ഒരു ഉറുദു വാല ബാർബറെ കൂട്ടി വന്ന് മുടിയും താടിയുമൊക്കെ വെട്ടി തന്നിരുന്നു. അവൻ ഉഷാറാണ് നാളെ അവനെ കൂട്ടി വരാൻ പറ്റുമോ എന്ന് ഉപ്പയോട് ചോദിക്കണം. ഇൻഷാ അല്ലാഹ് എന്നും പറഞ്ഞ് കൂടുതൽ സംസാരിക്കാതെ ഞാൻ പിരിഞ്ഞു.

പിറ്റേന്ന് (മരണപ്പെടുന്നതിന് തലേന്ന്) ഉപ്പ ബാർബറെയും കൂട്ടി ചെന്നു. ഇരിക്കാൻ പ്രയാസമായിരുന്നതിനാൽ കിടന്നിടത്ത് നിന്ന് തന്നെ മുടിയും താടിയും ഒപ്പിച്ചു. കയ്യിൽ കണ്ണാടി വാങ്ങിയിട്ട് മുഖം ഒന്ന് നോക്കി എന്നിട്ട് കുറച്ചുകൂടി നന്നാക്കാനുള്ള ഭാഗങ്ങൾ ശ്രദ്ധയിൽ പെടുത്തി. ബാർബർ ഒന്നു കൂടെ പൂർണ്ണത വരുത്തി. അതെ, കല്യാണ തലേന്ന് പുതുമാരൻ ഒരുങ്ങുന്ന ഒരുക്കമുണ്ടല്ലോ അത് പോലെ.

ഉപ്പ ചോദിച്ചു. ബാർബർക്ക് 300 രൂപ കൊടുത്താൽ പോരെ... ടി കെ പറഞ്ഞു പോര 500 തന്നെ കൊടുക്കണം. സ്വന്തം കൈകൊണ്ട് 500 രൂപ അവന് നൽകി. കല്യാണത്തലേന്ന് പുതുമാരൻ മാർക്കറ്റ് റേറ്റ് നോക്കിയല്ലല്ലോ മുടിവെട്ടിയ ബാർബർക്ക് കാശ് കൊടുക്കാറുള്ളത്.അതെ, അതൊരു ഒരുക്കമായിരുന്നു. ഏതൊരു കാര്യത്തിനും ടി.കെ ഒരുങ്ങാറുള്ള പോലെ ഒരു ഒരുക്കം.പിറ്റേന്ന് കാണാൻ വരുന്ന ആയിരങ്ങളുടെ മുന്നിൽ സുന്ദരനാകാനുള്ള ഒരുക്കം. റൂഹിനെ സ്വീകരിക്കാൻ വരുന്ന മലക്കുകളുടെ മുന്നിൽ മൊഞ്ചുള്ള പുതുമാരനാകാനുള്ള ഒരുക്കം. ഖബറിനകത്ത് പുതുമാരനെ പോലെ ഉറങ്ങുന്ന നല്ലവരായ ആളുകളെപറ്റി പ്രവാചകൻ പറയുന്നുണ്ടല്ലോ അതിനുള്ള ഒരുക്കം. ഒടുവിൽ അല്ലാഹുവിനെയും റസൂലിനെയും കാണാൻ വേണ്ടിയുള്ള ഒരുക്കം. 

അല്ലാഹുവേ... 

അദ്ദേഹത്തിൻറെ നൻമകൾ നീ സ്വീകരിക്കണേ....

പാപങ്ങൾ പൊറുത്ത് കൊടുക്കണേ....... അല്ലാഹ്.....

അദ്ദേഹത്തോടൊപ്പം ഞങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ.... ആമീൻ

===========

ഫാരിസ് ഒ.കെ