നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, September 8, 2023

രോഗീ പരിചരണത്തിന്‌ ജീവിതം മാറ്റിവെച്ച അബൂബക്കര്‍

പാവറട്ടി: രോഗാവസ്ഥയിൽ പ്രയാസപ്പെടുന്നവർക്കും ആലംബഹീനർക്കും താങ്ങും തണലുമായി 24 മണിക്കൂറും വിശ്രമമില്ലാതെ ഓടിനടക്കുകയാണ് വെൺമേനാട് കവലയിൽ എൻ.പി. അബൂബക്കർ. സൗദിയിലും ഖത്തറിലുമായി 33 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയതാണ് അബൂബക്കർ. 2010ൽ ഒരുമനയൂരിലുള്ള പാലിയേറ്റീവ് കെയറിൽ വളണ്ടിയറായ ശേഷം ഗുരുവായൂരിലുള്ള പാലിയേറ്റീവ് കെയറിലേക്ക് മാറി. ഇവിടെ ആംബുലൻസ് ഡ്രൈവറുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു.

മൂന്ന് വർഷമായി ഇവിടെ പ്രവർത്തിക്കുമ്പോഴാണ് കൂട്ടുകാരായ ആർ.കെ ഹംസ, എ.വി. മുഹമ്മദുണ്ണി, മുഹമ്മദ് ഗായിൻ എന്നിവരുടെ സഹകരണത്തോടെ വീടിന്റെ കാർ ഷെഡിനോട് ചേർന്ന് സാന്ത്വനം സ്പർശം പാലിയേറ്റീവ് കെയറിന് തുടക്കമിടുന്നത്. 2018 ഒക്ടോബറോടെ എ.പി പടുവിങ്കൽ കൂട്ടായ്മ നൽകിയ വാഹനം ഉപയോഗപ്പെടുത്തി ഹോം കെയറിന് തുടക്കമിട്ടു.

തുടർന്ന് പ്രവർത്തന മേഖല കോന്നൻ ബസാറിലേക്ക് മാറ്റി. പീഡിയാട്രിക് സർജൻ, ഗൈനക്കോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, ആയുർവേദം തുടങ്ങിയ ഡോക്ടർമാരുടെ ഒ.പി സൗജന്യമായി ആരംഭിച്ചു. 2021ൽ ചേന്നാട് പള്ളിയുടെ അടുത്തുള്ള വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയതോടെ ഫിസിയോതെറാപ്പി ഡോക്ടറുടെ സേവനം ആരംഭിച്ചു.

ആഴ്ചയിൽ അഞ്ച് ദിവസം സൗജന്യമായാണ് ഫിസിയോതെറാപ്പി നൽകുന്നത്. ദിവസവും കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കാനായി മെഡിക്കൽ പാരാമെഡിക്കൽ വളണ്ടിയർ ടീം പ്രവർത്തിക്കുന്നുണ്ട്. 150 ഓളം കിടപ്പ് രോഗികളെയാണ് വീടുകളിലെത്തി പരിചരിക്കുന്നത്. സാന്ത്വന സ്പർശം രക്ഷാധികാരിയും ഖത്തറിലെ അൽ മുഫ്ത റെൻഡ് എ കാർ ഉടമയുമായ എ.കെ. ഉസ്മാൻ ഹാജി സൗജന്യമായി നൽകിയ 14 സെന്റ് സ്ഥലത്ത് അദ്ദേഹം സൗജന്യമായി നിർമ്മിച്ചുനൽകുന്ന അയ്യായിരം സ്‌ക്വയർ ഫീറ്റിലെ സാന്ത്വന ഭവനത്തിന്റെ പണി പൂർത്തിയായി വരുന്നു. അടുത്ത പാലിയേറ്റീവ് ദിനത്തിൽ ഇത് പ്രവർത്തനമാരംഭിക്കും. പുതിയ സാന്ത്വനം ഭവനത്തിലേക്ക് മാറുന്നതോടെ വരാൻ കഴിയാത്ത രോഗികൾക്ക് ഫിസിയോതെറാപ്പി സൗജന്യമായി വീടുകളിലെത്തിച്ച് നൽകാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. എ.കെ. ഉസ്മാൻ ഹാജി നൽകിയ വാഹനമടക്കം രണ്ട് വാഹനങ്ങളും ഇവിടെയുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്റ്റുഡൻസ് ഇനിഷ്യേറ്റീവ്, സീനിയർ സിറ്റിസൺ ഫോറം, കിടപ്പുരോഗികൾക്കായി സാന്ത്വന സംഗമം, സാന്ത്വന സ്പർശം വായനശാല, ലഹരി വിരുദ്ധ കർമ്മ സമിതി, 24 മണിക്കൂറും സജ്ജമായി റെസ്‌ക്യൂ ടീം, ഡ്രസ് ബാങ്ക്, ഭക്ഷണ കിറ്റ് നൽകൽ, നഴ്‌സിംഗ് സേവനം, ഒ.പി ക്ലിനിക്, ഹെൽപ് ഡെസ്‌ക് തുടങ്ങിയവയുമുണ്ട്. 24 മണിക്കൂറും സൗജന്യ സേവനം ചെയ്യുന്ന വളണ്ടിയർ ടീമാണ് ശക്തിയെന്ന് അബൂബക്കർ പറഞ്ഞു.