നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, November 2, 2024

മു‌ഐമിന്‍ മാഷ് യാത്രയായി

തൊയക്കാവ് മു‌ഐമിന്‍ മാഷ് അല്ലാഹുവിലേക്ക് യാത്രയായി.ഉദയം പഠനവേദിയുടെയും അനുബന്ധ സം‌വിധാങ്ങളുടെയും സജീവ പ്രവര്‍‌ത്തകനായ അബ്‌ദുല്‍ അസീസ് (മുത്തു) സാഹിബിന്റെ ജേഷ്‌ഠ സഹോദരനാണ്‌.

എം.എ.എസ്.എം വെന്മെനാട്  തീരദേശ വിദ്യാലയത്തില്‍ ദീര്‍‌ഘകാലം അധ്യാപകനായിരിക്കെ മുല്ലശ്ശേരി - പാടൂര്‍ പെരിങ്ങാട്‌ പാവറട്ടി പ്രദേശത്തുകാരായ പലരുടെയും ഗുരുനാഥനാണ്‌ പരേതന്‍.

ഖബറടക്കം തൊയക്കാവ് വടക്കെ ജുമാ‌അത്ത് പള്ളി ഖബര്‍‌സ്ഥാനില്‍ 03.11.24 ഞായര്‍ 10.30 ന്‌ വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. 

അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.

===========

അബ്‌ദു റഹ്‌മാന്‍ കേലാണ്ടത്ത് എഴുതുന്നു ....

എനിക്കൊരിക്കലും മറക്കാനാവാത്ത പ്രിയപ്പെട്ട അദ്ധ്യാപകനാണ് മർഹൂം മുഐമിൻ മാഷ്. രണ്ടാഴ്ച മുമ്പ് ഞാൻ ചേറ്റുവ ഹോസ്പിറ്റലിൽ മകന്റെ ചികിത്സാർത്ഥം നിൽക്കവേ  അദ്ദേഹത്തെ അവിടെക്ക് കൊണ്ട് വരികയുണ്ടായി. സോഡിയം കുറഞ്ഞ അവശതയിലാണ് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്സ് കയറ്റികൊണ്ടിരിക്കെ തന്നെ അദ്ദേഹം സുഖം പ്രാപിച്ചു കണ്ടു. തൊട്ടടുത്ത ബെഡിൽ എന്റെ മകനും കിടപ്പുണ്ടായിരുന്നു. ഇരുവരും കമ്പനിയായി. അകത്തേക്ക് കടന്ന എന്നെ സമീപത്തേക്ക് വിളിച്ചു മകനെ എന്തെ പരിചയപ്പെടുത്താഞ്ഞത് എന്ന് എന്നോട് പരിഭവം പറഞ്ഞു.വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.പിന്നെ മനോഹരമായി ചിരിച്ചു കൊണ്ട് എന്നെ കുറെ നോക്കികിടന്നു. ആ ചിരി എന്റെ മനസ്സിൽ തങ്ങി നിന്നത് അത് എനിക്ക് കിട്ടിയ അവസാനത്തെ നോട്ടവും ചിരിയുമായിരുന്നത് കൊണ്ടാവാം എന്ന് ഇപ്പോൾ ഞാൻ വിചാരിക്കുന്നു.

ക്‌ളാസ്‌മുറിയിൽ കുറുമ്പ് കാണിക്കുമ്പോഴും അദ്ദേഹത്തിന് ഇത് പോലെ നിശബ്ദമായ ഒരു നോട്ടവും ചിരിയുമുണ്ടായിരുന്നു. അപ്പോളൊക്കെ വിയർത്തിട്ടുണ്ട് ഞാൻ. അത് ചൂരൽവരവിന്റെ മുന്നോടിയായുള്ള ചിരിയായിരുന്നു. അദ്ദേഹത്തിന്റെ ചൂരൽ പ്രയോഗം  അത്യാവശ്യം ചൂടൊക്കെ ഉള്ളതായിരുന്നു.

വെന്മേനാട് സ്‌കൂളില്‍ 8'9'10 ക്ലാസ്സുകളിൽ ഇംഗ്ലീഷും ബയോളജിയും അദ്ദേഹമാണ് പഠിപ്പിച്ചിരുന്നത്. നൂറു മേനി ഹൃദ്യമായിരുന്നു ക്ലാസ്. അത് കൊണ്ട് തന്നെ ഞാനാ വിഷയങ്ങളിൽ ലീഡിങ് നിലനിർത്തി. പാഠ പു‌സ്‌തകങ്ങള്‍‌ക്കപ്പുറത്ത്  ഒരു പാട് ചിന്തനീയമായ പൊതു വീജ്ഞാനങ്ങൾ അദ്ദേഹം പകർന്നു തന്നിരുന്നു. അധികവും ശാസ്ത്ര വിഷയങ്ങൾ.അവയുടെ വിസ്മയലോകങ്ങളിലേക്ക് ചിന്തയെ തട്ടിയുണർത്തുന്ന ഭാഷ്യത്തോടെ, അതെല്ലാം മനസ്സിൽ വെച്ച് ശാസ്ത്രവിചാരം മാസികയിലും മറ്റും പല ലേഖനങ്ങളും പിൽകാലത്ത് ഞാൻ എഴുതിയിട്ടുണ്ട്. അവകൾ പലതും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പോയി സമർപ്പിച്ചിട്ടുണ്ട്.ഇതെല്ലാം മാഷ് ക്ലാസ് എടുക്കുമ്പോൾ നൽകിയ സൂചനകളുടെ എലാബൊറേഷൻ ആണ് എന്ന് പറഞ്ഞു കൊണ്ട്.എന്തൊരു സന്തോഷമായിരുന്നുവെന്നോ അപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്ത്.ഞാൻ ഇടക്കെല്ലാം അദ്ദേഹത്തെ വീട്ടിൽ ചെന്ന് സന്ദർശിക്കുന്നവനായിരുന്നു. അതിന് വേറെയും കാരണമുണ്ട്.

അദ്ദേഹത്തിന്റെ പിതാവ് എന്റെ ബാപ്പാന്റെ  ആത്‌മ മിത്രമായിരുന്നു.ബാപ്പ തൊയക്കാവ് മഹല്ലിലെ ദീർഘകാല ഖത്തീബ് ആയിരുന്നുവല്ലോ. ബാപ്പയോടൊപ്പം ആ തറവാട്ടിൽ ഞാൻ ഒട്ടേറെ തവണ കയറിയിറങ്ങിയിട്ടുണ്ട്. ബാപ്പാന്റെ കാലാശേഷവും ഞാനാ ബന്ധം നിലനിർത്തി പോന്നിരുന്നു.ഇനിയുമുണ്ട് കഥ. തൊയക്കാവ് പള്ളിയിൽ ബാപ്പ നടത്തിയിരുന്ന ദർസിൽ കിതാബ് ഓതി പഠിച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു മുഹൈമിൻ മാഷ്. അതെ ബാപ്പാന്റെ ശിഷ്യൻ എന്റെ ഗുരു!എന്നാൽ താനൊരു ഗുരുവാണ് എന്ന നിലയിലല്ല അദ്ദേഹം പിൽകാലങ്ങളിൽ എന്നെ കണ്ടിരുന്നത്. അടുത്ത ചങ്ങാതിയെ പോലെയാണ് എന്നോട് എവിടെവെച്ചും പെരുമാറിയിരുന്നത്.വിനയം മഹത്വത്തിന്റെ ദർപ്പണമാണല്ലോ.ഗുരു ഭക്തിയും. അത് കൊണ്ട് തന്നെയായിരിക്കണം എല്ലാ റമളാനിലും അദ്ദേഹം ബാപ്പാന്റെ ഖബർ സിയാറത്ത് ചെയ്യാൻ മുടക്കമില്ലാതെ വന്നിരുന്നത്. ഇനി അദേഹത്തിന്റെ ഖബറിടവും നമുക്ക് സിയാറത്ത് ചെയ്യാം...

ഞാനാ നല്ല മനുഷ്യനെ, നല്ല അദ്ധ്യാപകനെ എന്നും ഓർക്കും. അദ്ദേഹം അതിനർഹനാണ്. എന്റെ പ്രാർത്ഥനകളിൽ അദ്ദേഹം ഉണ്ടാവും. ഇൻശാ അല്ലാഹ്.

അല്ലാഹുമ്മ അദ്ഖിൽനാ വ അദ്ഖിൽഹുൽ ജന്ന:

=========

എഴുപതുകളില്‍ വെന്മെനാട് എം.എ.എസ്.എം വിദ്യാലയത്തില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍,വിവിധ തരങ്ങളിലും വിഷയങ്ങളിലും പഠിപ്പിച്ചു കൊണ്ടിരുന്ന സ്‌നേഹ സമ്പന്നരായ ഗുരുനാഥന്മാരെയും ഗുരുനാഥകളെയും ഓര്‍‌ത്തു പോകുന്നു.ആദരണീയരായ ഉട്ടൂപ്പുണ്ണി ,ജോര്‍‌ജ്‌, വിജയന്‍ ,മുഐമിന്‍ തുടങ്ങിയ അധ്യാപകരും ശാരദ,ഫാത്തിമ,ഐഷ,ജമീല തുടങ്ങിയ അധ്യാപികമാരും ഓര്‍‌മയിലെ താരങ്ങളാണ്‌. 

ഇതില്‍ പലരും മണ്‍‌മറഞ്ഞിരിക്കുന്നു.കഴിഞ്ഞ ദിവസം മുഐമിന്‍ സാറും വിടപറഞ്ഞു.സ്വര്‍‌ണ നിറമുള്ള കണ്ണടവെച്ച് സുസ്‌മേരവദനനായ മുഐമിന്‍ സാറിന്റെ വാര്‍‌ദ്ധക്യ സഹജമായ മാറ്റങ്ങളുള്ള മുഖം കാണുമ്പോഴും പഴയകാല ചിത്രമാണ്‌ തെളിഞ്ഞു നില്‍‌ക്കുന്നത്.

അദ്ദേഹം ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി എന്തെങ്കിലും ഒരു പൊതു വിവരം വിദ്യാര്‍‌ഥികളുമായി പങ്കുവെക്കുമായിരുന്നു.ഒരു പത്ര വാര്‍‌ത്തയായിരിക്കാം അതുമല്ലെങ്കില്‍ വായനാനുഭവത്തില്‍ നിന്ന്‌.ക്ലാസ് മുറി തികച്ചും പാകപ്പെട്ടെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ്‌ തന്റെ പാഠഭാഗത്തിലേക്ക് കടക്കുമായിരുന്നുള്ളൂ.മാത്രമല്ല കഴിഞ്ഞ പാഠഭാഗങ്ങളില്‍ അടിവരയിട്ട കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ ആവര്‍‌ത്തിക്കുകയും കൃത്യതയും വ്യക്തതയും വരുത്തുമായിരുന്നു.കുട്ടികള്‍ ശ്രദ്ദിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പാഠമെടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവും ഉണ്ടായിരുന്നു.

ചോദ്യങ്ങളുടെ കാര്യം കുറിച്ചപ്പോള്‍ രസകരമായ ഒരു അനുഭവം ഓര്‍‌മയിലെത്തുന്നു.

എല്ലാ പദാർഥങ്ങളും നിർമിക്കപ്പെട്ടിരിക്കുന്ന സൂക്ഷ്‌മകണങ്ങളാണ്‌ ആറ്റങ്ങൾ. ആറ്റങ്ങളെ വിഭജിക്കാൻ കഴിയില്ല.ജോൺ ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിലെ പ്രധാന സങ്കൽപങ്ങളിൽ ഒന്നായിരുന്നു ഇത്. വാതകങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെക്കുറിച്ചുള്ള പഠനത്തിനായി പരീക്ഷണങ്ങൾ ആദ്യമായി ആരംഭിച്ച വര്‍‌ഷവും ശാസ്‌ത്രജ്ഞന്റെ പേരും അദ്ദേഹം ഓര്‍‌മിപ്പിച്ചിരുന്നു.പദാർഥങ്ങളിൽ പോസിറ്റീവ് ചാർജ് , നെഗറ്റീവ് ചാർജ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചാർജുകൾ ഉണ്ടെന്നും ഈ ചാർജുകളാണ് ഒരു പദാർഥത്തിന് മറ്റൊരു പദാർഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാക്കുന്നത്,തുടങ്ങിയ കാര്യങ്ങളും വിവരിച്ചു.തുടര്‍‌ന്ന് ഈ ശാസ്‌ത്രജ്ഞന്റെ പേരും വര്‍‌ഷവും അദ്ദേഹം അന്വേഷിച്ചു.

ആരും ഒന്നും പറഞ്ഞില്ല.ഹൃദയതാളം വേഗത്തിലാകുന്ന പോലെ.ഒരുവിധം ഉത്തരമൊക്കെ പറയുന്നയാള്‍ എന്ന പരിഗണനയില്‍ പലപ്പോഴും രക്ഷപ്പെട്ട് പോകാറുണ്ട്.ഇത്തവണ ശരിക്കും കുടുങ്ങി.സത്യത്തില്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു.അറിയില്ലായിരുന്നു.

ഒടുവില്‍ ചോദ്യം എന്റെ നേര്‍‌ക്ക്.

അതൊന്ന്‌ പറഞ്ഞു കൊടുത്തേക്ക് അസീസേ...

ഉത്തരം പറയാനാകാതെ എഴുന്നേറ്റ് നിന്ന രീതി ഇപ്പോഴും ഒരു ചിത്രീകരണത്തിലെന്ന പോലെ മനസ്സിലുണ്ട്.അതിലുപരി അദ്ദേഹം സരസമായി പ്രതികരിച്ച ശൈലിയും.

പിന്നെന്തിനാ മോനേ എല്ലാം അറിയുന്നമട്ടിലിരുന്നത് ...!

ഒരു നിശബ്‌ദ മുഹൂര്‍‌ത്തതിനു ശേഷം അദ്ദേഹം വീണ്ടും പാഠം തുടര്‍‌ന്നു.

(അറ്റോമിക് സിദ്ധാന്തത്തിലെ പ്രധാന സങ്കല്‍‌പങ്ങള്‍ 1859 ല്‍ ജൂലിയസ് പ്ലക്കര്‍.വൈദ്യുതി ചാലകതയെ കുറിച്ചുള്ള പഠനങ്ങള്‍ സര്‍ ഹം‌ഫ്രി ഡേവി ) ഇതായിരുന്നു ഉത്തരം.

ഈ ഓര്‍‌മകളിലൂടെ ഊളയിട്ടിറങ്ങിയപ്പോള്‍ പത്താം തരത്തില്‍ ഒരിക്കല്‍ കൂടെ മുന്‍നിര ബഞ്ചില്‍ ഇരിക്കാനായ പ്രതീതി.

-----------

മറ്റൊരു അനുഭവം

ഭൂമിയില്‍ നിന്നും ഒന്നും നിശേഷം നശിപ്പിക്കാന്‍ മനുഷ്യന്‌ സാധ്യമല്ല എന്ന് അദ്ദേഹം പറഞ്ഞു.എന്തുകൊണ്ട് കഴിയില്ല എന്ന് കുട്ടികളും.

തുടര്‍‌ന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു വസ്‌തുവിനെ രൂപാന്തരങ്ങള്‍ സം‌ഭവിപ്പിക്കാന്‍ മനുഷ്യന്‌ കഴിയും.തീര്‍‌ത്തും ഇല്ലാതാക്കാന്‍ സാധ്യമല്ല.ഒരു വസ്‌തു കത്തിച്ചു കഴിഞ്ഞാല്‍ അത് അത് കനലാകും കരിക്കട്ടയാകും.പിന്നീട് ധൂളികളായേക്കും ശേഷം മണ്ണില്‍ ചേരുമായിരിക്കും.ഒരര്‍‌ഥത്തില്‍ എല്ലാം മണ്ണിന്റെ ഭാഗമാണ്‌.നിര്‍‌മിക്കാനും സം‌ഹരിക്കാനും കഴിവുള്ളവന്‍ ജഗന്നിയന്താവ്‌ മാത്രമാണ്‌.

---------

ആദരണീയനായ ഗുരുനാഥന്റെ സ്‌മരണകളെ ഓര്‍‌ത്തെടുത്തും യശശ്ശാരീരനായ അദ്ദേഹം പൊഴിച്ചിട്ട തൂവലുകളില്‍ തൊട്ടും തലോടിയും പ്രാര്‍‌ഥനയോടെ ....

===========

അസീസ് മഞ്ഞിയില്‍