നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, May 14, 2008

മന്ദബുദ്ധികളുടെ ലോകത്തെ അമൃതചൈതന്യം

'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍..' ^പാടിപ്പതിഞ്ഞ ഈ ഈരടിയുടെ നാനാര്‍ഥം പിടികിട്ടിയത് ഇതാ, ഇപ്പോള്‍ മാത്രം. അമൃത ചൈതന്യയും സന്തോഷ് മാധവനും ഒന്നാണോ?^ഈ കണ്‍ഫ്യൂഷന്‍ ആദ്യം തലക്കു പിടിച്ചത് ചാനലുകള്‍ക്ക്. ഉടന്‍ പോലിസ് മേധാവികളിലേക്കും പടര്‍ന്നൂ,കണ്‍ഫ്യൂഷന്‍. അനന്തപുരി കടന്ന് കണ്‍ഫ്യൂഷന്‍ ഇന്ദ്രപ്രസ്ഥത്തിലെ സി.ബി.ഐ ആസ്ഥാനം വരെയെത്തി. കൊച്ചിയില്‍ നിന്ന് അവതാരം മുങ്ങും മുമ്പെ ഇന്റര്‍പോളിന്റെ വെബ്സൈറ്റില്‍ നിന്ന് ടിയാന്റെ പടം മുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ ജയറാമിന്റെ ഭാവഹാവാദികളോടെ കോറസ് പാടി: 'കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...''

അപ്പോള്‍ മാത്രമാണ് പ്രവാസ ലോകം ഉണര്‍ന്നത്. ദുബൈയില്‍ 'സ്വാമിജി'യുടെ തട്ടിപ്പിനിരയായ സഫ്റിന്‍ എഡ്വിന്റെ ഊഴം. ചാനലുകള്‍ക്ക് ശരിക്കും കൊയ്ത്തുല്‍സവം. സഫ്റിന്റേത് അടുത്ത കാലത്തു കേട്ട അസ്സല്‍ മലയാളമായിരുന്നു: 'അവന്‍ സ്വാമിയല്ല. തെണ്ടിയാണ്'. ഒടുവിലത്തെ ആ പ്രയോഗം മാത്രം മതി കേരളക്കര മാത്രമല്ല പ്രവാസ ലോകം മുഴുക്കെ കുളിരു കോരാന്‍. അമ്പത് ലക്ഷം പോയതിന്റെ സങ്കടത്തില്‍ സഫ്റിന്‍ ദിവസം മുഴുവന്‍ ജ്വലിച്ചു. 'വ്യത്യസ്തനായ' സന്തോഷ് മാധവ വീരേതിഹാസങ്ങളായിരുന്നു സഫ്റിന്‍ മൊഴിഞ്ഞതത്രയും

താന്‍ നസ്രാണിയാണെന്നും സ്വാമി ഭക്തയല്ലെന്നും അവര്‍ ആണയിടുന്നു. പക്ഷെ, ചോദിച്ച ഉടന്‍ കൈമാറിയല്ലോ നാലു ലക്ഷം ദിര്‍ഹം!. എന്തൊരുദാരത?

ആരോരുമറിയാതെ മനസില്‍ കാത്തുവെച്ച ആ രഹസ്യമുണ്ടല്ലോ, പുള്ളിക്കാരന്‍ അതങ്ങു പറഞ്ഞു. അതോടെ വീണു പോയെന്ന് സഫ്റിന്‍ പറയുന്നു. ആ ഹൈടെക് രഹസ്യം കൂടി കേള്‍ക്കണം:'കുറെ സമ്പാദിക്കുക. ഭാവിയില്‍ പാവങ്ങള്‍ക്കു വേണ്ടി അതൊക്കെയങ്ങ് ചെലവിടുക'.

വിശ്വസിക്കാന്‍ ശãി പ്രയാസം. സഫ്റിനെ പോലെ ദുര്‍ബല മനസ്കര്‍ ഒന്നല്ല, പലരുണ്ട് ഗള്‍ഫില്‍. ബഹ്റൈനില്‍ നാലു കൊല്ലം മുമ്പ് നാരായണീയ വേഷത്തിലായിരുന്നു അമൃത ചൈതന്യ അവതരിച്ചത്. മൂന്നാറില്‍ വിരിയുന്ന ശാന്തിതീരം റിസോര്‍ട്ടും അമൃത ചൈതന്യയുടെ സാന്നിധ്യവും^ആനന്ദലബ്ധിക്കിനിയെന്തു വേണമെന്നായി മനാമയിലെ ഭക്തര്‍. ലക്ഷങ്ങളുടെ നഷ്ടം പുറത്തു പറയാന്‍ തന്നെ പലര്‍ക്കും ഇപ്പോള്‍ നാണം.

ഒന്നുറപ്പായി. എവിടെ ആരു തട്ടിപ്പു നടത്തിയാലും ഗള്‍ഫുകാര്‍ക്കു കാണും പല നറുക്കുകളെന്ന്. തല വെച്ചു കൊടുക്കുകയായിരുന്നു സഫ്റിനെ പോലെ പലരും. 'ആത്മീയ'തട്ടിപ്പുകളുടെ നല്ല വിളനിലമാണിപ്പോള്‍ ഗള്‍ഫ്. സകല ആറ്റുകാല്‍(ല)മാര്‍ക്കും ഇവിടെ നല്ല കാലം. വജ്രമോതിരവും ഉറുക്കും നൂലും ഏലസും വിറ്റ് തടിച്ചു കൊഴുക്കാന്‍ പറ്റിയ വിപണി.

ശിഷ്ടം ഇത്രേം കൂടി. പണം പെരുകുമ്പോള്‍ അരക്ഷിതത്വം കൂടും. ബുദ്ധി പറ്റെ കുറയും. അങ്ങനെ ഗള്‍ഫ് മന്ദബുദ്ധികളെ ഏതു തെണ്ടിക്കും പറ്റിക്കാമെന്ന സ്ഥിതി വരും. കാത്തിരിപ്പിന്‍.