നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, October 3, 2009

ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചു


'പ്രബോധനം' ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായി അവതരിപ്പിച്ചു: ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: അഭിപ്രായ വ്യത്യാസമുള്ളവര്‍ക്കും വാങ്ങി വായിക്കാന്‍ പ്രയാസം തോന്നിയില്ല എന്നതാണ് 'പ്രബോധന'ത്തിന്റെ ഏറ്റവും വലിയ വ്യതിരിക്തതയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. വളാഞ്ചേരി എടയൂരില്‍ പ്രബോധനം വാരികയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി മലയാളം മാത്രം നിലനിന്നിരുന്ന കാലത്ത് മലയാളത്തില്‍ ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയെന്ന രീതിയില്‍ അവതരിപ്പിച്ചുവെന്നതാണ് പ്രബോധനത്തിന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ചലനങ്ങളെ കേരളക്കരയില്‍ അറിയിക്കുന്നതില്‍ ആത്മാര്‍ഥമായ പങ്കാണ് വാരിക നിര്‍വഹിച്ചത്. മതം, രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങള്‍ വായനക്കാരന് തൃപ്‌തി നല്‍കുന്ന രീതിയില്‍ അവതരിപ്പിച്ച് വ്യവസ്ഥാപിതമായി എത്തിക്കാന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞു. അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ശക്തമായ നിലപാടു സ്വീകരിക്കാന്‍ സാധിച്ചുവെന്നതും നിസാരമല്ല. പലപ്പോഴും ഇസ്‌ലാമിനെ അടുത്തറിയാന്‍ സഹായിച്ച ഹാന്റ് ബുക്കു പോലെയാണ് പ്രബോധനം നിലകൊണ്ടത്. ഇസ്ലാമിനെ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയില്‍ അവതരിപ്പിക്കേണ്ട സന്ദര്‍ഭമുണ്ടായപ്പോഴെല്ലാം റഫറന്‍സിന് താനടക്കമുള്ളവര്‍ പ്രബോധനത്തെയാണ് ഉപയോഗിക്കുന്നത്. 30 വര്‍ഷമായി വാരികയുടെ വായനക്കാരനാണെന്നും മറ്റു പല പ്രസിദ്ധീകരണങ്ങളും ഇസ്‌ലാമിന്റെ പേരില്‍ പരസ്പരം ചെളിവാരിയെറിയാന്‍ താളുകള്‍ ചെലവഴിക്കുമ്പോള്‍ പ്രബോധനം അതിനു തുനിഞ്ഞിട്ടില്ലെന്നത് സന്തോഷകരമാണെന്നും ബഷീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ അവയവമായാണ് പ്രബോധനം നിലനില്‍ക്കുന്നതെന്നും അറുപതാണ്ടായി പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക പ്രസിദ്ധീകരണമെന്നത് ആദ്യത്തെ സംഭവമാണെന്നും അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി. ആരിഫലി പറഞ്ഞു. പുതിയ കാലഘട്ടത്തിന്റെ ഭാഷയിലും ശൈലിയിലും ഇസ്‌ലാമിനെ അവതരിപ്പിച്ചുവെന്നതാണ് പ്രബോധനം നിര്‍വഹിച്ച ദൗത്യം. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളേറ്റെടുക്കാന്‍ ഇസ്‌ലാമിക സമൂഹത്തെ പ്രാപ്‌തമാക്കാന്‍ പ്രബോധനത്തിന് കഴിയേണ്ടതുണ്ടെന്നും അതിനു വേണ്ടിയുള്ള പ്രയാണം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിനെ സാധാരണക്കാരായ ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കാതിരുന്ന കാലത്ത് ആ ദൗത്യം നിര്‍വഹിച്ചത് പ്രബോധനമാണെന്നും ആരിഫലി പറഞ്ഞു. റേഡിയന്‍സ് വീക്‌ലി പത്രാധിപര്‍ ഇഅ്ജാസ് അഹ്മദ് അസ്ലം മുഖ്യ പ്രഭാഷണം നടത്തി. ഇസ്‌ലാമിന്റെ നിറം മങ്ങിയ കാലഘട്ടത്തില്‍ പേനകൊണ്ട് ജിഹാദ് നടത്തി യ യുഗപ്രഭാവനാണ് മൌലാന മൌദൂദിയെന്നും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് ഹാജി സാഹിബ് പ്രബോധനം പ്രസിദ്ധീകരണം തുടങ്ങിയത്. അദ്ദേഹം ദാനം ചെയ്ത ഭൂമിയിലാണ് പ്രബോധനത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നത്. ഇസ്‌ലാമിന് പ്രാമുഖ്യം വരുന്ന ഒരു കാലഘട്ടം വരാനുണ്ടെന്നും അതിനു കളമൊരുക്കേണ്ട ചുമതല പ്രബോധനത്തിന്റേതു കൂടിയാണെന്നും ഇഅ്ജാസ് അസ്ലം പറഞ്ഞു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.പി കമാലുദ്ദീന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. പ്രബോധനം പിന്നിട്ട നാളുകളും നടന്നു തീര്‍ത്ത വഴികളും നിര്‍വഹിച്ച ദൗത്യവും വിശദമാക്കി ആദ്യകാല പത്രാധിപരും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ ടി.കെ. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. എഴുതുക എന്ന സര്‍വേശ്വരന്റെ സന്ദേശം ഉള്‍ക്കൊണ്ട് അത് നിര്‍വഹിക്കുകയും അത് ജനങ്ങളെ വായിപ്പിക്കുകയെന്ന സാര്‍ഥകമായ ദൗത്യവുമാണ് പ്രബോധനം നിര്‍വഹിച്ചതെന്ന് ആശംസയര്‍പ്പിച്ച് സംസാരിച്ച പ്രമുഖ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. ഇസ്‌ലാമിനെ കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുന്നതില്‍ പ്രബോധനം നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും മലയാളത്തില്‍ പ്രസിദ്ധീകരണം തുടങ്ങുകയെന്നത് അതിസാഹസികതയായി പരിഗണിച്ചിരുന്ന കാലത്താണ് പ്രബോധനം തുടങ്ങിയതെന്നും തുടര്‍ന്ന് സംസാരിച്ച കെ.ടി. ജലീല്‍ എം.എല്‍.എ വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന രീതിയില്‍ പ്രബോധനം മുന്നോട്ടു പോകണമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ ആവശ്യപ്പെട്ടു. വി.കെ. അലി, പ്രൊഫ. പി. ഇസ്മാഈല്‍, കെ.കെ. റഹീന, പി.അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രബോധനം പ്രചാരണം കാമ്പയിന്‍ വിജയികള്‍ക്ക് കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍ കാഷ് അവാര്‍ഡ് നല്‍കി. അറുപതാം വാര്‍ഷികത്തിന്റെ എംബ്ലം രൂപകല്‍പന ചെയ്ത കെ.എ.സാജിദിന് കെ.പി രാമനുണ്ണി കാഷ് അവാര്‍ഡ് നല്‍കി. പ്രബോധനം എഡിറ്റര്‍ ടി.കെ. ഉബൈദ് സ്വാഗതവും കെ.ടി ഹംസ നന്ദിയും പറഞ്ഞു.