നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, January 1, 2015

ഖുര്‍ആന്‍ പഠിക്കുക പകര്‍ത്തുക

പാവറട്ടി: ദര്‍ശന വ്യത്യാസങ്ങളും വീക്ഷണ വൈജാത്യങ്ങളും ബഹുസ്വര സമൂഹഘടനയിലെ വര്‍ണ്ണവൈവിധ്യങ്ങളും ഉള്‍കൊള്ളാനുള്ള ഉയര്‍ന്ന മാനസികാവസ്ഥയിലേയ്‌ക്ക്‌ പഠിതാക്കളെ സര്‍ഗാത്മകമായി കൂട്ടിക്കൊണ്ടുപോകുന്ന ഖുര്‍ആനികാധ്യാപന ശൈലിയെ വിശുദ്ധ ഖുര്‍ആനിന്റെ വക്താക്കാള്‍ എന്നവകാശപ്പെടുന്നവര്‍ പോലും കൃത്യമായി വായിച്ചെടുത്തിട്ടില്ല.ഖാലിദ്‌ മുസ നദ്‌വി പറഞ്ഞു.ജമാഅത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ, പുവ്വത്തൂര്‍ കസവ ഹാളില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു ഖാലിദ്‌ മൂസ.വിശാലതയുടെ വര്‍ത്തമാനങ്ങള്‍ പറയാന്‍ മറ്റെന്തെങ്കിലും ഒരു ഇസത്തെ കൂട്ട്‌ പിടിക്കേണ്ടതുണ്ടെന്ന മിഥ്യാ ധാരണ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്‌.ഖുര്‍ആന്‍ അവതീര്‍ണ്ണമായ കാലവും ക്രോഡീകരിക്കപ്പെട്ട കാലവും എന്നപോലെ ഇതു രണ്ടുമല്ലാത്ത ഒരു കാലത്തിന്റെ തേട്ടങ്ങളെ വിസ്‌മരിക്കാതെ ഖുര്‍ആനിനെ സമീപിക്കണം.ജീവിത ഗന്ധിയായ ഖുര്‍ആനിന്റെ വിഭാവനകളും വിചാരങ്ങളും സംസ്‌കാരങ്ങളും പ്രകാശിപ്പിക്കുന്ന ധ്വനികളെ താളം പിഴപ്പിച്ച്‌ അവതരിപ്പിച്ച്‌ ലോകജനതയ്‌ക്ക്‌ മുന്നില്‍ സമര്‍പ്പിച്ച്‌ വികൃതമാക്കുന്നതില്‍ ശത്രുക്കള്‍ വിജയിക്കുന്നതിനെ കേവല വൈകാരികതയിലൂടെ തടയിടാന്‍ കഴിയില്ല.മറിച്ച്‌ ഖുര്‍ആനിന്റെ ശുദ്ധപതിപ്പുകളാകാനുള്ള തീവ്രശ്രമമാണ്‌ വിശ്വാസികളുടെ ഭാഗത്ത്‌ നിന്ന്‌ ആരംഭിക്കേണ്ടത്‌ നദ്‌വി വിശദീകരിച്ചു.

കേവല നിയനിര്‍മ്മാണങ്ങള്‍കൊണ്ട്‌ ഒരു സമൂഹത്തെ സംസ്‌കരിക്കുക സാധ്യമല്ല.മനുഷ്യ മനസ്സിനെ സ്‌പര്‍ശിക്കും വിധമുള്ള ഉദ്‌ബോധനങ്ങളും ഉണര്‍ത്തുപാട്ടുകളും പരലോകബോധമുള്ള സമൂഹത്തില്‍ നിര്‍വഹിക്കപ്പെട്ടാല്‍ മനുഷ്യ നന്മയിലധിഷ്‌ഠിതമായ ഒരു സംസ്‌കാരം സാക്ഷാല്‍കരിപ്പെടും .ഇതാണ്‌ ചരിത്രം നമുക്ക്‌ നല്‍കുന്ന പാഠം .സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ്‌ ഇ.എ മുഹമ്മദ്‌ അമീന്‍ അഭിപ്രായപ്പെട്ടു.വിശുദ്ധവചനങ്ങളെ മനസ്സിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിനെയാണ്‌ ഖുര്‍ആന്‍ പഠിക്കുക എന്നത്‌ കൊണ്ട്‌ അര്‍ഥമാക്കുന്നത്‌.അമീന്‍ സാഹിബ്‌ വിശദീകരിച്ചു. 

രൂപമുള്ള സഹോദരനെ കാണാന്‍ കഴിയാത്തവന്‌ അരൂപിയായ ഈശ്വരനെ എങ്ങനെ കാണാന്‍ കഴിയും  .ജ്ഞാനകാണ്‌ഠവും കര്‍മ്മകാണ്‌ഠവും ഉപാസനയും ഇസ്‌ലാമിക ശിക്ഷണങ്ങളുടെ മൂല ശിലയത്രെ.ഇതിനെ യഥോചിതം ജീവിതത്തില്‍ പകര്‍ത്തുന്നതിലായിരിക്കണം വിശ്വാസി ബദ്ധശ്രദ്ധനാകേണ്ടത്‌. സാഹിത്യകാരന്‍ രാധാകൃഷ്‌ണന്‍ കാക്കശ്ശേരി സദസ്സിനെ ഓര്‍മ്മിപ്പിച്ചു.

പ്രതീകങ്ങളും പ്രതിമകളും ഇല്ലാത്ത ദേവാലയത്തില്‍, താന്‍ കാണുന്നില്ലെങ്കിലും തന്നെകാണുന്നു എന്ന വിശ്വാസത്തില്‍ മസ്‌ജിദുകളില്‍ ദൈവത്തെ നമസ്‌കരിക്കുന്നു എന്നത്‌ എന്നെ ആശ്ചര്യപ്പെടുത്തി.സിസ്‌റ്റര്‍ ജസ്‌റ്റി ചാലക്കല്‍ പറഞ്ഞു.ക്രൈസ്‌തവ വേദങ്ങള്‍ പറയുന്നതിനേക്കാള്‍ ആകര്‍ഷകമായും ആധികാരികമായും മറിയമും കുടുംബവും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌.എന്റെ വായന ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.ഞാന്‍ ഖുര്‍ആനിനെ അടുത്തറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.അവര്‍ കൂട്ടിച്ചേര്‍ത്തു. 

മനുഷ്യ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന ഖുര്‍ആനിന്റെ വിളിയും വെളിപാടും ലോകം കേട്ടിരുന്നെങ്കില്‍ എന്ന്‌ അറബി അധ്യാപികയായി വിരമിച്ച കെ.ആര്‍  ശൈലജ ടീച്ചര്‍ അത്ഭുതം കൂറി.

ഘര്‍വാപസികളുടെ സംഘര്‍ഷ ഭൂമികയായി വര്‍ത്തമാനകാലം വികൃതമാക്കപ്പെടുമ്പോള്‍ എനിക്കെന്റെ ധര്‍മ്മം നിനക്കു നിന്റെ ധര്‍മ്മം എന്ന ഖുര്‍ആനിക വചനം ഏറെ പ്രശോഭിക്കുന്നുണ്ട്.താന്‍ ഉള്‍കൊണ്ടതിനെ സ്വീകരിക്കാനും തന്റെ ആസ്വാദ്യതയെ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കാനുമുള്ള സര്‍ഗാത്മകമായ സാംസ്‌കാരിക ഭൂമികയെ തകിടം മറിക്കാനുള്ള ഗൂഢശ്രമങ്ങളാണ്‌ അരങ്ങ്‌ തിമര്‍ത്താടുന്നത്‌.ഇവിടെ വികാര ജിവികളാകാതെ വിചാരജീവികളാകാന്‍ വിശ്വാസിക്ക്‌ കഴിയേണ്ടതുണ്ട്.സമ്മേളനത്തിന്റെ സമാപന സന്ദേശ പ്രഭാഷണത്തില്‍  സുലൈമാന്‍ അസ്‌ഹരി ആഹ്വാനം ചെയ്‌തു.ലോക ജനതയെ ഒറ്റ സമൂഹമാക്കുക എന്നത്‌ ദൈവം ഉദ്ധേശിച്ചിട്ടില്ലായിരുന്നു എന്ന ഖുര്‍ആനിക പാഠവും അസ്‌ഹരി ഓര്‍മ്മിപ്പിച്ചു .

എസ്‌.ഐ.ഒ ചാവക്കാട്‌ പ്രതിനിധി ബാസില്‍ തിരുവത്ര ആശംസകള്‍ നേര്‍ന്നു.ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികള്‍ക്ക്‌ പാരിതോഷികങ്ങള്‍ വിതരണം ചെയ്‌തു.മസ്‌ജിദ്‌ ഖുബ ഇമാം അക്‌ഥര്‍ ഇസ്‌ലാം ഖിറാഅത്ത്‌ നടത്തി.ഐ.എം മുഹമ്മദലി,അബ്‌ദുല്‍ വാഹിദ്‌ സാഹിബ്‌, സിദ്ധീഖ്‌ പാടൂര്‍ എന്നിവര്‍ സദസ്സിനെ ധന്യമാക്കി.

ഡോ.സെയ്‌തുമുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എ.വി ഹംസ സാഹിബ്‌ സ്വാഗതം പറഞ്ഞു.റഷീദ്‌ പാവറട്ടി നന്ദി പ്രകാശിപ്പിച്ചു.

അസീസ്‌ മഞ്ഞിയില്‍