നമ്മുടെ സൗഹാ൪ദത്തിന് പരിക്കേല്‍ക്കാതിരിക്കട്ടെ– കെ.സി.അബ്ദുല്ലത്തീഫ്
ദോഹ: ഖത്തറിലെ പ്രവാസി മലയാളി സമൂഹത്തെസ്സംബന്ധിച്ചിടത്തോളം ആശങ്കയുണ൪ത്തുന്ന സംഭവവികാസങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലും ദോഹയിലെ വ്യാപാരകേന്ദ്രത്തിനടുത്തുമായും അരങ്ങേറിയതെന്ന് ഇന്ത്യ൯ ഇസ്‍ലാമിക് അസോസിയേഷ൯ പ്രസിഡന്റ് കെ.സി.അബ്‍ദുല്ലത്തീഫ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവ൪ ദശകങ്ങളായി പരസ്പര ആദരവോടെയും സൗഹാ൪ദത്തിലും കഴിഞ്ഞുവന്ന ഖത്തറിന്റെ മണ്ണില്‍ ഇങ്ങിനെ സംഭവിച്ചുവെന്നത് അവിശ്വസനീയമായി അനുഭവപ്പെടുന്നു. സൗമ്യതയുടെയും ആത്മാ൪ഥതയുടെയും പ്രതീകമായ മലയാളി സമൂഹത്തിന് ആ നിലയിലുള്ള അ൪ഹമായ അംഗീകാരവും ആദരവും ഇവിടത്തെ അധികൃത൪ വകവച്ചുതരുന്നുവെന്നത് അവിത൪ക്കിതമാണ്. ഈ സൗമനസ്യം ദുരുപയോഗം ചെയ്യുന്നത് പ്രവാസി സമൂഹമെന്ന നിലക്കുള്ള നമ്മുടെ അസ്തിത്വത്തെത്തന്നെ ബാധിക്കുമെന്നും ആശങ്കിക്കേണ്ടിയിരിക്കുന്നു.
ജീവിതത്തിന്റെ എല്ലാമേഖലക്കും വേണ്ട ധാ൪മികമൂല്യങ്ങള്‍ വള൪ത്തിയെടുക്കുന്നതിന് കൂടുതല്‍ ശ്രദ്ധയും പ്രാധാന്യവും നല്‍കേണ്ടുന്ന പുതുലോകപശ്ചാത്തലത്തില്‍, ചരിത്രത്തിലുടനീളം എല്ലാവിഭാഗം ജനങ്ങളും ആദരിച്ചുപോരുന്ന ഉന്നതവ്യക്തിത്വങ്ങളെ താറടിക്കുവാനും ഇകഴ്ത്തുവാനുമുള്ള ശ്രമങ്ങള്‍ വ൪ധിച്ചുവരുന്നുവെന്നത് ഖേദകരമാണ്. മാനവസമൂഹത്തിനാകമാനം കാരുണ്യമായവതരിക്കുകയും ലോകം മുഴുവ൯ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാനായ പ്രവാചകനെ നിന്ദിക്കുകയും ഇകഴ്‍ത്തുകയും ചെയ്യുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാ൯ കഴിയില്ല. മാനവികമൂല്യങ്ങളിലും ന൯മയിലും വിശ്വസിക്കുന്ന ആരും ഇത്തരം നിലാപടുകളെ അംഗീകരിക്കുകയുമില്ല. നമ്മുടെ ആതിഥേയരാഷ്ട്രമായ ഖത്തറിന്റെ സംസ്കാരത്തെയും നിയമസംവിധാനത്തെയും വെല്ലുവിളിക്കുന്നതാകുമത്. എന്നാല്‍ അതിന്റെ പേരില്‍ നിയമം പോലും കൈയിലെടുത്തുകൊണ്ട് അത്തരക്കാരെ തെരുവില്‍ കൈയേറ്റം ചെയ്യുന്നത് അത്രതന്നെ ഗുരുതരവും ഒട്ടും ഭൂഷണമല്ലാത്തതുമാണ്. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി ലോകത്ത് ആഗമനം ചെയ്ത പ്രവാചകന്റെ പേരിലാകുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ആ പ്രവാചക൯ സ്വന്തം ജീവിതത്തില്‍ കൈക്കൊണ്ട നിലപാടുകളോടും സമീപനങ്ങളോടും യോജിക്കുന്നതാകണമെന്ന് അത്തരക്കാ൪ ഓ൪മിക്കേണ്ടിയിരുന്നു.
ബഹുസ്വരതയെ അംഗീകരിക്കുന്ന മഹത്തായ ഇന്ത്യ൯ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നാമോരുരുത്തരും വിദേശമണ്ണിലും ആ പാരമ്പര്യം കാത്ത് സൂക്ഷിക്കാ൯ ബാധ്യസ്ഥരാണെന്നത് വിസ്മരിച്ചുകൂടാ. നമ്മുടെ സൗഹാ൪ദത്തിന് പരിക്കേല്പിക്കാ൯ ആരെയും അനുവദിക്കില്ലായെന്ന പ്രതിജ്ഞ പുതുക്കാ൯ ഈയവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നഭ്യ൪ഥിക്കുന്നു.