നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, July 21, 2015

വായനാ സമൂഹത്തോട്‌ ഒരു വാക്ക്‌

അയല്‍‌പക്കത്തെവിടെയും പട്ടിണിയില്ലെന്നുറപ്പു വരുത്തി ലോകരക്ഷിതാവായ നാഥനെ വണങ്ങാനെത്തിയ ഭക്തജനങ്ങളിലെ പരക്ഷേമ തല്‍‌പരത വരും നാളുകളിലും സജീവമാക്കി നിലനിര്‍‌ത്താനാകുന്നതോടെ മുപ്പതു നാളത്തെ വ്രത വിശുദ്ധി സാര്‍‌ഥകമാകും.നവാസ്‌ അസ്‌ഹരി പറഞ്ഞു.പാവറട്ടി മസ്‌ജിദ്‌ ഖുബയില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍‌വഹിക്കുകയായിരുന്നു അസ്‌ഹരി.
വിശുദ്ധ വേദം അവതരിപ്പിച്ച്‌ കിട്ടിയതിന്റെ നന്ദി സൂചകമായി വ്രതമെടുത്തും സദ്‌കര്‍‌മ്മങ്ങളനുഷ്‌ഠിച്ചും ഒരു മാസക്കാലം കര്‍‌മ്മനിരതരായി.മാറ്റപ്പെടേണ്ട വിധം നിര്‍‌ണ്ണിതമായ കര്‍‌മ്മ പദ്ധതികളൊന്നും ഇല്ലാത്തതിനാല്‍ നിര്‍‌ണ്ണയിക്കപ്പെട്ട വിധി നിര്‍‌ണ്ണയരാവും കടന്നുപോയി.കേവലമായ സ്വപ്‌നങ്ങള്‍ കൊണ്ടോ പ്രാര്‍ഥനകള്‍ കൊണ്ട്‌ മാത്രമോ മാറ്റങ്ങള്‍ സം‌ഭവിക്കുകയില്ല.ലക്ഷ്യ ബോധത്തോടെ പ്രവര്‍‌ത്തന നിരതമാവുമ്പോള്‍ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കപ്പെടും.സാഹചര്യങ്ങളെ ബുദ്ധിപൂര്‍‌വം അനുഗുണമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ക്രമപ്രവൃദ്ധമായി സ്വപ്‌നങ്ങള്‍ പുവണിയുകയും ചെയ്യും.വിശ്വാസികള്‍‌ക്ക്‌ കല്‍‌പിക്കപ്പെട്ട നിര്‍‌ബന്ധാനുഷ്‌ഠാനങ്ങളായ ഓരോന്നും സാമൂഹികമായി ഇണക്കിച്ചേര്‍‌ക്കപ്പെട്ടവയാണ്‌.പ്രായശ്ചിത്തമായി കല്‍‌പിക്കപ്പെടുന്നതില്‍ പോലും ഇസ്‌ലാമിന്റെ മാനവിക മാനുഷിക മുഖം സ്‌പഷ്‌ടമാണ്‌.എന്നിട്ടും ഇസ്‌ലാമിനെ ഭീകരതയോട്‌ ചേര്‍‌ത്തു പറയാനും കോര്‍‌ത്തുപിടിക്കാനുമുള്ള ഗൂഢതന്ത്രങ്ങളും ശ്രമങ്ങളും സാമാന്യം ശക്തമാണ്‌.സാമൂഹിക നീതിയുടേയും സമഭാവനയുടേയും സഹാനുഭൂതിയുടേയും പരക്ഷേമതല്‍‌പരതയുടേയും മുഖമുള്ള ഈ ദര്‍‌ശനത്തെ യഥോചിതം പ്രസരിപ്പിക്കാന്‍ കഴിയാതിരുന്നതാണ്‌ ഈ ദുര്യോഗത്തിനു കാരണം.അത്യത്തമമായ ദര്‍‌ശന വിഭവത്തെ ആകര്‍‌ഷകമല്ലാത്ത പാത്രത്തില്‍ വിളമ്പുകയും എന്നിട്ടും വീമ്പുപറയുകയും ചെയ്യുന്ന ദുരവസ്ഥ വര്‍‌ത്തമാനകാലത്തെ വലിയ ദുരന്തം തന്നെയാണ്‌.പ്രവാചകന്മാരുടെ കാലത്തെ അനുസ്‌മരിപ്പിക്കും വിധമുള്ള വെല്ലു വിളികളും പ്രതിപക്ഷ പ്രവര്‍‌ത്തനങ്ങളും കൊണ്ട്‌ ചരിത്രം ആവര്‍‌ത്തിക്കുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്.എന്നാല്‍ അതിനെ നേരിടുന്ന സം‌സ്‌കരണ പ്രവര്‍‌ത്തനങ്ങള്‍ അതേ അളവില്‍ പ്രകടമല്ലാത്തതിനാല്‍ ചരിത്രത്തിന്റെ തനിയാവര്‍‌ത്തനം അപൂര്‍‌ണ്ണതയില്‍ വിരാമമിടുകയാണ്‌. 
ദൈവത്തിന്റെ പ്രതിനിധിയെന്ന പരികല്‍‌പനയെ ഗൗരവപുര്‍‌വം വായിച്ചെടുക്കാത്തവരാണ്‌ വിശ്വാസി സമൂഹത്തിലെ ബഹു ഭൂരിപക്ഷം പേരും എന്നത് കയ്‌പേറിയ സത്യമത്രെ.വായിക്കാനുള്ള ആഹ്വാനത്തോടെ അവതരിച്ച്‌ തുടങ്ങിയ ഖുര്‍‌ആന്‍ സന്ദര്‍ഭാനുസാരം ഘട്ടം ഘട്ടമായാണ്‌ പൂര്‍‌ത്തീകരിക്കപ്പെട്ടത്.ഒരു വായനാ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന വിധം ക്രോഡീകരിക്കപ്പെട്ടതാണ്‌ ഇന്നു നമ്മുടെ കയ്യിലുള്ള ഖുര്‍‌ആന്‍.ഇതിന്റെ ദര്‍‌ശന ഗാം‌ഭീര്യത്തെ ഉള്‍‌കൊണ്ട്‌ പഠന മനനങ്ങളിലൂടെ വിശുദ്ധ വേദത്തിന്റെ ആത്മാറിഞ്ഞ്‌ കര്‍‌മ്മ നിരതരായ ഒരു സം‌ഘത്തെ എല്ലാ അര്‍‌ഥത്തിലും പിന്തുണക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്‌.ദൈവം അനുഗ്രഹിക്കുമാറകട്ടെ.