അനുഗ്രഹങ്ങളെ തിരിച്ചറിയാത്തവർ:അബ്‌ദുൾ ഖാദർ പുതിയവീട്ടിൽ.
അല്ലാഹുവിന്റെ അറ്റമില്ലാത്ത അനുഗ്രഹങ്ങളെ അനുഭവിക്കുന്നവരാണ് ജീവജാലങ്ങളൊക്കെയും.അത് മനുഷ്യരാകട്ടെ,ജിന്നുകളാകട്ടെ,പക്ഷിമൃഗാദികളാകട്ടെ, സസ്യലതാതികലാകട്ടെ ഏതൊരു വസ്തുവും അവന്റെ അനുഗ്രഹത്തിന്റെ കീഴിലാണ് നിലകൊള്ളുന്നത്.അതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ,ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. കഅബാലയം പടുത്തുയർത്തിയതിന്ന് ശേഷം ഹസ്രത് ഇബ്രാഹിം (അ) മകൻ ഇസ്‌മാഈലുമൊത്ത് അല്ലാഹുവോട് പ്രാർത്ഥിച്ച പ്രാർത്ഥന ഖുർആൻ വിശദീകരിക്കുന്നുണ്ട്.പല കാര്യങ്ങളും ചോദിച്ച കൂട്ടത്തിൽ അദ്ദേഹം ചോദിച്ചത്,"ഈ നാട്ടിൽ വിശ്വാസികളായ ആളുകൾക്ക് നിന്റെ വിഭവങ്ങളിൽ നിന്ന് അധികരിപ്പിച്ചു നൽകണേ ..."എന്നായിരുന്നു.അതിലിടപ്പെട്ടു കൊണ്ട് അല്ലാഹു തിരുത്തിയ തിരുത്ത് ശ്രദ്ധേയമാണ്."വിശ്വാസികളല്ലാത്തവർക്കും നിശ്ചിതാവുധി വരെ എന്റെ അടുക്കൽ മതിയായ വിഭവങ്ങളുണ്ട് "എന്നായിരുന്നു.സൃഷ്ടി കർമ്മം നിർവ്വഹിച്ചതിന്നു ശേഷം സൃഷ്ടികളെ അവരുടെ പാട്ടിന്ന് വിടുകയായിരുന്നില്ല ,നീതിമാനും സർവശക്തനുമായിട്ടുള്ള അല്ലാഹുവിന്നു യോജിക്കുന്നതുമല്ല ഈ നടപടി.പക്ഷേ കണക്കില്ലാത്ത അനുഗ്രഹങ്ങൾക്ക് ഉടയവനായ നാഥൻ അവന്റെ യുക്തിയും ജ്ഞാനവും അനുസരിച്ച് ഓരോരുത്തർക്കും അവരവരുടെ വിഹിതം കൃത്യമായി നൽകിക്കൊണ്ടിരിക്കുന്നു.വൈവിധ്യമായ അനുഗ്രഹങ്ങൾ വൈരുധ്യങ്ങളില്ലാതെ വിശിഷ്ടമായി നൽകിക്കൊണ്ടിരിക്കുന്നു.ചിലപ്പോൾ കൂടുതലും മറ്റു ചിലപ്പോൾ കുറച്ചും,ചിലപ്പോൾ രോഗിയായും മറ്റുചിലപ്പോൾ ആരോഗ്യവാനായും,ചിലരെ സമ്പന്നനാക്കിയും മറ്റുചിലരെ ദാരിദ്രനാക്കിയും. ഭൌതിക സുഖവും സൌകര്യങ്ങളും പ്രൌഡിയും പ്രതാപവും അല്ലാഹു അനുഗ്രഹിച്ചു നൽകുമ്പോൾ മനുഷ്യൻ അഹങ്കരിച്ചു പോകുന്നു.ഇതെല്ലാം തനിക്ക് അർഹതപ്പെട്ടത് തന്നെയാണ്.തന്റെ കഴിവിന്റെയും ബുദ്ധിശക്തിയുടെയും ഫലമായി തനിക്കു ലഭിക്കേണ്ടത് തന്നെ.എന്നവൻ ഊറ്റം കൊള്ളുന്നു.വിഭവങ്ങളിൽ അൽപ്പം കുറവ് വരുത്തിയാലോ അപ്പോൾ അവർ വിലപിക്കുകയായി.അല്ലാഹു എന്നെ കൈവെടിഞ്ഞിരിക്കുന്നു നിന്ദിച്ചു കളഞ്ഞു എന്ന്.സമ്പത്തും പദവികളും സമൂഹത്തിലുള്ള മേധാവിത്വവുമെല്ലാം തങ്ങൾ ചെയ്യുന്നതൊക്കെയും തങ്ങൾക്കനുവദിക്കപ്പെട്ടതാണെന്നും അല്ലാഹു തങ്ങളെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുകയാണെന്നതിന്റെയും അനിഷേധ്യ തെളിവായി കരുതി അധർമ്മങ്ങളിൽ ആറാടി പ്രാവാചക സന്ദേശങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല,ഈ അനുഗ്രഹങ്ങളുടെ നിംനോന്നതികൾ വെറും പരീക്ഷണമാണെന്ന്. ഭൌതിക നേട്ടങ്ങളുണ്ടാകുന്നത് അനുഗ്രഹം തന്നെയാണ് ഈ അനുഗ്രഹത്തിന് പക്ഷേ അത് ലഭിച്ചവരുടെ നടപടികളെല്ലാം അല്ലാഹു ഇഷ്ടപ്പെടുന്നു എന്നോ,പരലോകത്തും അവർക്ക് ഇതൊക്കെത്തന്നെ ലഭിക്കുമെന്നോ അർത്ഥമില്ല.കാര്യങ്ങളുടെ ധാർമിക വിധിയും പരലോകാവസ്ഥയും തികച്ചും വ്യത്യസ്ഥമായ മറ്റൊരാടിസ്ഥാനത്തിലാണുണ്ടാവുക.ഭൗതികമായ ഭാഗ്യ നിർഭാഗ്യങ്ങൽക്കു പരീക്ഷണം എന്ന മറ്റൊരു മാനവും കൂടിയുണ്ട്.അതാണ് ഏറ്റവും പ്രധാനപ്പെട്ടത്.സൌഭാഗ്യങ്ങളെ അഥവാ ദൗർഭാഗ്യങ്ങളെ മനുഷ്യൻ എങ്ങനെ സമീപിക്കുന്നു എന്ന് പരീക്ഷിക്കുകയാണ് അല്ലാഹു.സൌഭാഗ്യങ്ങളെ അല്ലാഹു നിശ്ചയിച്ച ധാർമിക സദാചാര പരിധിക്കുള്ളിൽ ഉറച്ചു നിന്ന് കൊണ്ട് കൈകാര്യം ചെയ്തവര്‍ക്ക് അതിലും മികച്ച സൌഭാഗ്യങ്ങൾ പരലോകത്തും ലഭിക്കും.ദൌർഭാഗ്യങ്ങളെ ഈവിധം സമീപിക്കുന്നവർക്കും പരലോകത്ത് മഹത്തായ സൗഭാഗ്യങ്ങൾ കാത്തിരിക്കുന്നു. ഒരുവനെ അവശനാക്കിത്തീര്‍ക്കുന്നുവെങ്കില്‍ അതും പരീക്ഷണംതന്നെ. ആ അവസ്ഥയില്‍ അവന്‍ ഉളളതനുഭവിച്ച് സഹനത്തോടെ സംതൃപ്തനായി ജീവിക്കുകയും അനുവദനീയതയുടെ അതിരുകള്‍ ഭേദിക്കാതെ തന്റെ പ്രശ്‌നങ്ങളെ നേരിടുകയും ചെയ്യുന്നുവോ അതല്ല, ധാര്‍മികതയുടെയും ഭക്തിയുടെയും അതിരുകളെല്ലാം ഭേദിക്കാന്‍ തയ്യാറാവുകയും തന്റെ ദൈവത്തെ ശപിക്കുകയും ചെയ്യുന്നുവോ എന്ന് പരിശോധിക്കുകയാണല്ലാഹു.
അല്ലാഹു അനുഗ്രഹിക്കട്ടെ,
അബ്‌ദുൾ ഖാദർ പുതിയവീട്ടിൽ.