നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, January 7, 2016

ഒരു ചെരുപ്പുകുത്തിയുടെ ഹജ്ജ്...

ദമാസ്‌കസ്സിലെ തെരുവില്‍ മുഫഖ്‌ എന്ന ചെരുപ്പുകുത്തി താന്‍ സമ്പാദിച്ച നാണയത്തുട്ടുകള്‍ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി സമാഹരിച്ചു വെച്ചു. നല്ലൊരു തുകയായപ്പോള്‍ മുഫഖ് ഹജ്ജിനൊരുങ്ങി.അയാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. അയലത്തെവിടെയോ ഉള്ള ഒരു വീട്ടില്‍നിന്ന് ഇറച്ചിക്കറിയുടെ മണം പടര്‍‌ന്നപ്പോള്‍ ഭാര്യയ്‌ക്ക്‌ കൊതിയടക്കാനായില്ല.ഭാര്യയുടെ ആഗ്രഹം എങ്ങനെയെങ്കിലും സാധിച്ചുകൊടുക്കാനായി മുഫഖ് ആ വീടിന്‍െറ മുന്നിലത്തെി.അകത്ത് കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍. അവരെ ആശ്വസിപ്പിക്കുന്ന ഉമ്മയുടെ നിസ്സഹായമായ ശബ്‌ദം.അന്തരീക്ഷത്തില്‍ ഉയരുന്ന ഇറച്ചിക്കറിയുടെ മണം...മുഫഖ് ആശങ്കകളോടെ ആ വാതിലില്‍ മുട്ടി.പുറത്തുവന്ന സ്‌ത്രീയോട്‌ മടിച്ചു മടിച്ചാണെങ്കിലും അയാള്‍ ആഗ്രഹം പറഞ്ഞു.അവരുടെ മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു.... കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു...‘‘സഹോദരാ, വെന്തുകൊണ്ടിരിക്കുന്ന ഈ  ഇറച്ചിക്കറി എന്‍െറ കുട്ടികള്‍ക്ക് അനുവദനീയമാണ്‌.. നിങ്ങള്‍ക്കത് നിഷിദ്ധവും...’’

ആ കുടില്‍ പട്ടിണിയുടെ സ്വന്തം കൂരയായിരുന്നു...വിശന്ന് മരിക്കുമെന്ന ഘട്ടത്തിലായ കുട്ടികള്‍...പട്ടിണി മാറ്റാന്‍ വഴികാണാതെ അലഞ്ഞ ആ ഉമ്മയുടെ കണ്ണില്‍ പെട്ട ചത്ത മൃഗത്തിന്‍െറ ശരീരത്തില്‍നിന്ന് അറുത്തെടുത്ത മാംസമാണ് അവിടെ വേവുന്നത്.മരണത്തെ ചെറുക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് അത് കഴിക്കാം... പക്ഷേ, കൊതിയടക്കാനായി മുഫഖിന്‍െറ ഭാര്യയ്‌ക്ക്‌ അത് കഴിച്ചുകൂടാ...മുഫഖ് നിലവിളിച്ചുകൊണ്ട് സ്വന്തം കുടിലിലേക്ക് ഓടി...ഹജ്ജിനായി കരുതിവെച്ചിരുന്ന പണമെടുത്ത് ആ വീടിന്‍െറ മുന്നിലത്തെി..പട്ടിണികൊണ്ട് തകര്‍ന്ന ആ വീടിന്‍െറ നോവില്‍ അയാള്‍ തന്‍െറ സ്വപ്‌നം മറന്നു കഴിഞ്ഞിരുന്നു...

അക്കൊല്ലത്തെ ഹജ്ജ് കര്‍മം നിര്‍വഹിച്ച ശേഷം അബ്‌ദുല്ലാ ഇബ്‌നു മുബാറക് എന്നയാള്‍ നേരേ പോയത് ദമാസ്‌കസ്സിലേക്കായിരുന്നു... കഅബാലയത്തിന് സമീപം കിടന്നുറങ്ങുമ്പോള്‍ അയാള്‍ ഒരു സ്വപ്നം കണ്ടിരുന്നു.. മാലാഖമാര്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു." ഈ വര്‍ഷത്തെ ഹജ്ജില്‍ സ്വീകരിക്കപ്പെട്ടത് ഹജ്ജിന് ഇവിടെ ഹാജറാകാന്‍ കഴിയാതെ പോയ ഒരാളുടെ ഹജ്ജാണ്. ദമാസ്‌കസ്സിലെ  ഒരു ചെരുപ്പുകുത്തിയുടെ.. മുഫഖ് എന്ന സാധു മനുഷ്യന്‍െറ... അയാളുടെ ഹജ്ജിലൂടെ മറ്റുള്ളവരുടെ ഹജ്ജും അല്ലാഹു സ്വീകരിച്ചിരിക്കുന്നു."ഒടുവില്‍ നേരില്‍ കണ്ടുമുട്ടുമ്പോള്‍ അബ്‌ദുല്ലാ ഇബ്‌നു മുബാറക് ചോദിച്ചു, "സുഹൃത്തേ എങ്ങനെയാണ് താങ്കള്‍ അത് സാധിച്ചത്...?"
മറുപടി പറയാന്‍ മുഫഖിന്‍െറ പക്കല്‍ കുറേയേറെ കണ്ണുനീര്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു...
(സൈനുദ്ധീന്‍ മഖ്‌ദൂമിന്റെ ‘ഇര്‍ശാദുല്‍ ഇബാദ്’ എന്ന കൃതിയില്‍ നിന്ന്.)