നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, April 17, 2016

ഗ്രൂപ്പുകള്‍‌ക്കിടയിലെ പുതിയ ഉദയം

മുല്ലശ്ശേരി ബ്ലോക് പരിധിയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ പാവറട്ടി ആസ്ഥാനമാക്കി പ്രവര്‍‌ത്തിക്കുന്ന ഒരു സം‌ഘടനയാണ്‌ ഉദയം പഠനവേദി.സാമൂഹിക സാം‌സ്‌കാരിക വൈജ്ഞാനിക പ്രബോധന രം‌ഗത്ത്‌ പ്രദേശത്തിന്റെ വിളക്കും വെളിച്ചവുമാണ്‌ ഉദയം.ഈ സം‌ഘത്തിന്റെ പ്രവര്‍‌ത്തനം പ്രവാസ ലോകത്ത്‌ കൂടുതല്‍ സജീവമായി നില്‍‌ക്കുന്നത്‌ ഖത്തറിലാണ്‌.

സ്വദേശത്തും വിദേശ രാജ്യങ്ങളിലുമായി കഴിയുന്ന പ്രദേശത്തെ സഹൃദയരെ പരസ്‌പരം ഇഴ ചേര്‍‌ത്ത് നിര്‍‌ത്തുന്നതിന്റെ ഭാഗമായി ഈയിടെ ഇന്റര്‍‌നാഷണല്‍ ഉദയം എന്നപേരില്‍ രണ്ട്‌ ഗ്രൂപ്പുകള്‍ക്ക്‌ രൂപം കൊടുത്തിരുന്നു.വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ ഔദാര്യം നിലവില്‍ വന്നപ്പോള്‍ ഒരു ഗ്രൂപ്പില്‍ ഒതുക്കാനും കഴിഞ്ഞിട്ടുണ്ട്‌.

ഈ ഗ്രൂപ്പില്‍ കണ്ണി ചേര്‍‌ക്കുന്ന രീതിയും ഗ്രൂപ്പിന്റെ കൃത്യ നിഷ്‌ഠയോടെയുള്ള പ്രവര്‍‌ത്തനങ്ങളും മാതൃകാപരമത്രെ.വര്‍‌ത്തമാന ഗ്രൂപ്പുകളില്‍ നിന്നും തികച്ചും ഭിഹ്നമായ ശൈലിയാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌.ചേര്‍ക്കപ്പെടുന്ന വ്യക്തിയുമായി ആശയവിനിമയം നടത്തി ഗ്രൂപ്പിന്റെ പ്രവര്‍‌ത്തന സ്വഭാവത്തെ കൃത്യമായി ധരിപ്പിച്ചതിനു ശേഷം മാത്രമേ ഗ്രൂപ്പില്‍ ഇടം നല്‍‌കുകയുള്ളൂ.
പ്രദേശത്തെ പ്രധാന വാര്‍‌ത്താ വിശേഷങ്ങള്‍ ഗ്രൂപ്പില്‍ യഥോചിതം പങ്കു വെക്കപ്പെടും.പ്രഭാതം പ്രദോഷം സായാഹ്നം എന്നീ സമയ ക്രമമനുസരിച്ച്‌ മുന്‍‌കൂട്ടി പ്രഖ്യാപിക്കുന്ന അജണ്ടയനുസരിച്ചുള്ള പരിപാടികള്‍ മാത്രമേ പോസ്റ്റു ചെയ്യപ്പെടുകയുള്ളൂ.വൈജ്ഞാനികം സാമൂഹികം സാംസ്‌കാരികം എന്നീ വിഭാഗങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഓരോ ദിവസവും പ്രസാരണവും തുടര്‍ ചര്‍‌ച്ചകളും നടക്കും.പ്രഭാതത്തിലെ വൈജ്ഞാനിക പരിപാടിയും സായാഹ്നത്തിലെ സാം‌സ്‌കാരിക പരിപാടിയും ചിലപ്പോള്‍ ദൈര്‍‌ഘ്യമില്ലാത്ത ശബ്‌ദ സന്ദേശമായും നല്‍‌കപ്പെടും.ഓരോ മാസവും അജണ്ടകള്‍ മാറും ഇടക്ക്‌ അവതാരകരും.ഇടവിട്ട്‌ ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമുള്ള മുഴു ദിന ചര്‍‌ച്ചകളും ആസൂത്രണം ചെയ്യാറുണ്ട്‌.

ചര്‍‌ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അടിയന്തിര നിര്‍ദേശങ്ങള്‍ നല്‍‌കാന്‍ നിര്‍‌ബന്ധിതമാവുന്ന സന്ദര്‍‌ഭത്തില്‍ ബ്രോഡ്‌കാസ്റ്റ് വഴി സന്ദേശം കൈമാറും.ചര്‍‌ച്ചയില്‍ പങ്കെടുത്ത്‌ എഴുതി അറിയിക്കാനുള്ള കാര്യങ്ങള്‍ സാങ്കേതിക പരിജ്ഞാനത്തിന്റെ കുറവ്‌ കൊണ്ട്‌ കൃത്യമായി സാധിക്കാത്തവര്‍ മീഡിയാ ഗ്രൂപ്പിന്‌ അയച്ച്‌ അക്ഷര ശുദ്ധി വരുത്തി തിരിച്ച്‌ അവര്‍‌ക്ക്‌ തന്നെ അയച്ചു കൊടുത്തു  പോസ്റ്റു ചെയ്യാറും ഉണ്ട്.

ഇതര സോഷ്യല്‍ മീഡിയകളില്‍ നിന്നും ഉള്ള എത്ര നല്ല ആശയമാണെങ്കിലും വിശേഷമാണെങ്കിലും ഷയറിങ് അനുവദിക്കപ്പെടുന്നില്ല.അംഗങ്ങള്‍‌ക്ക്‌ ഒരു പക്ഷെ കിട്ടിയിരിക്കാന്‍ സാധ്യതയില്ല എന്നു ഗ്രൂപ്പ്‌ മീഡിയ വിഭാഗത്തിനു അഭിപ്രായമുള്ളവ മുന്‍‌കൂട്ടി പ്രഖ്യാപിച്ചതിനു ശേഷം മധ്യാഹ്നത്തിലെ ഓപ്പന്‍ ഹൗസില്‍ വിശദീകരണ സഹിതം പോസ്റ്റു ചെയ്യും.ഓരോ ദിവസവും നടക്കുന്ന പ്രധാന പരിപാടികള്‍ ഉദയം ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.ഫേസ്‌ പേജില്‍ പങ്കുവെക്കുകയും ചെയ്യും.

ആദരണീയരായ അധ്യാപകര്‍ എ.വി ഹം‌സ,എന്‍.കെ മുഹിയദ്ധീന്‍ തുടങ്ങിയവര്‍ മാര്‍ഗ ദര്‍‌ശികളായ ഈ സം‌വിധാനത്തില്‍ പ്രദേശത്തെ സാമൂഹിക സാം‌സ്‌കാരിക രം‌ഗത്തെ പ്രശസ്‌തരും പ്രഗതഭരുമാണ്‌ അവതാരകര്‍.

കവിയും സാഹിത്യകാരനുമായ സൈനുദ്ധീന്‍ ഖുറൈശി,യുവ കവി സുലൈമാന്‍,പൂനയില്‍ സാമൂഹിക പ്രവര്‍ത്തകനായ കബീര്‍ വി.എം,കവിയും ചിന്തകനുമായ റഷീദ്‌ പാവറട്ടി പ്രബോധന രം‌ഗത്തെ സജീവ സാന്നിധ്യമായ അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,എം.എം അക്‌ബര്‍ സാമൂഹിക രാഷ്‌ട്രീയ രം‌ഗത്തെ പ്രഗത്ഭരായ അബ്‌ദുല്‍ കലാം ആര്‍.വി,മര്‍‌സൂഖ്‌ സെയ്‌തു മുഹമ്മദ്‌,മെഹ്‌ബൂബ്‌ , ഇഖ്‌ബാല്‍ അബ്‌ദുല്ല തുടങ്ങിയവര്‍ ഇന്റര്‍ നാഷണല്‍ ഉദയത്തെ സജീവമാക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ്‌.കൂടാതെ ഈയിടെ റിയാദില്‍ വെച്ച്‌ മസ്‌തിഷ്‌കാഘാതത്തെ തുടര്‍‌ന്നു മരണമടഞ്ഞ പി.എ കബീര്‍, ഗ്രൂപ്പില്‍ ആദ്യം പേര്‍‌ക്കപ്പെട്ട വ്യക്തിയായിരുന്നു.ഉദയം പഠനവേദിയുടെ നാട്ടിലെ ആദ്യത്തെ ഓര്‍‌ഗനൈസറും അദ്ധേഹമായിരുന്നു.

ഉദയം ഖത്തര്‍ ചാപ്‌റ്റര്‍ സാരഥികളായ എം.എം അബ്‌ദുല്‍ ജലീല്‍,ജാസ്സിം എന്‍.പി,അബ്‌ദുല്‍ അസീസ്‌ എ.പി,റബീഉല്‍ ഇബ്രാഹീം തുടങ്ങിയവരാണ്‌ ഇന്റര്‍ നാഷണല്‍ ഉദയം മീഡിയയെ നയിക്കുന്നത്.ഈ കുറിപ്പുകാരനാണ്‌ ഇതിന്റെ അധ്യക്ഷന്‍.

ഉദയത്തെ കൂടുതല്‍ അറിയുവാന്‍ സന്ദര്‍‌ശിക്കുക.  www.iudhayam.blogspot.com