നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, July 29, 2016

മടക്കയാത്ര: സൈനുദ്ധീന്‍ ഖുറൈഷി

മടക്കയാത്ര: സൈനുദ്ധീന്‍ ഖുറൈഷി

വരികയെന്നരികത്തിരിയ്ക്ക നീ ഗതകാല
വരകളും വടുക്കളും പേര്‍ത്തെടുക്ക;
വരദാനമായ് തീര്‍ന്ന വാഴ്‌വിന്‍ പുരാവൃത്ത
വാതായനങ്ങളില്‍ മിഴി നട്ടിരിയ്ക്കാം.
വഴികളില്‍ നാമ്പിട്ട ദര്‍ഭമുന കൊണ്ടേറെ
വാര്‍ന്ന ചുടുചോരയും കരള്‍ നൊന്ത-
വിങ്ങലില്‍ വീര്‍പ്പാല്‍ ശ്രുതിയിട്ട പാട്ടിലെ
വിരഹങ്ങളിഴ ചേര്‍ത്ത വരികളും വായ്ക്കാം.

ആത്ത മൗനങ്ങളിലുയിര്‍കൊണ്ട ഭ്രൂണങ്ങള്‍
അസുരനായ് ഹിംസക്കൊരുങ്ങി നില്‍ക്കെ
അരുതാത്തതന്നെന്ന് മറുവാക്കില്‍ മൊഴി-
ഞ്ഞറുതിയില്‍ നാക്കും മരിച്ചവര്‍ നാം.

പുകയൂതിയൂതിക്കറുത്ത തടങ്ങളില്‍
ഉല കത്തിയാളും തിളങ്ങുന്ന കണ്‍കളില്‍
ഉരുവായതൊക്കെയും ദേവനായ് ദേവിയായ്
തൊഴു കൈയ്യാലപ്രാപ്യ ദൂരത്തിരിക്ക നാം.
സഹസ്രനാമങ്ങളുരുവിടുന്നായിരം
സംപ്രീത സൗഭാഗ്യമൊരുവനിലൊരു വട്ടം!

ചുമടേന്തിയേന്തിത്തളര്‍ന്ന പക്ഷങ്ങളില്‍
ചിറകിന്‍ തലോടലായൊരു കുഞ്ഞു പൃഷ്ടം.
മായ്ക്കാന്‍ പണിപ്പെട്ടു, മാറുകില്ലതു കഷ്ടം
മാറിലൊരു കയ്യാല്‍ വരച്ചതിന്‍ ശിഷ്ടം!

പഴയ മരം, കടഞ്ഞ കാതല്‍
കടം കൊണ്ടതാ കോണിലിരു-
പുരാവസ്തുക്കളെന്നാങ്കലേയം.
കുഴിഞ്ഞ കണ്ണുകളിലശ്രുലയം
കരയാതിര്‍ക്കാന്‍ കനപ്പിച്ച നോട്ടം.

നാനാത്വങ്ങള്‍ക്കേകമാം നാലുകെട്ടില്‍
നാരായവേരാല്‍ വിതാനിച്ച പൈതൃകം.
അളമുട്ടി; ചിതല്‍തിന്ന പഴംതഴപ്പായില്‍
നാക്കിലത്തലക്കലിത്തിരി വെട്ടത്തില്‍
അന്യമാകുന്ന പൈതൃകത്തിന്റെ പ്രേതം!

ഒരു ചുറ്റക്ഷരത്തില്‍ ചുരുങ്ങുന്ന സ്നേഹം
ഒരു വിഷമവൃത്തത്തില്‍ കറങ്ങുന്ന ബന്ധം
ഒരു വിരല്‍ തുമ്പാല്‍ കുരുക്കുന്ന ജന്മങ്ങള്‍
മറുവിരല്‍ തുമ്പാല്‍ മരിക്കുന്ന ബന്ധങ്ങള്‍!

വരികയീ, യരികത്ത് ചേര്‍ന്നിരിക്ക
കണ്ണിലെന്‍ കണ്‍പാര്‍ത്ത് സ്മൃതികള്‍ വായ്ക്കാം.
ഋജുവാകുമായുസ്സിന്നാഴമറിയാത്തവര്‍
ഋതുമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്തിരിക്കാം.
ആരിനി നമ്മളിലാദ്യമായ് പോകിലതു
ആത്യന്ത മരണമിരുപേരിലും സത്യം.
പ്രാര്‍ത്ഥിച്ചിരിക്കാമപൂര്‍വ്വമൊരു യാത്രയ്ക്കൊ,ന്ന്
ഒന്നില്‍ നിന്നടരാതൊരൊമിച്ചൊരു യാത്രയ്ക്ക്.