ഗ്രാമത്തിന്‍റെ പടിഞ്ഞാറെ അതിരാണ് പുഴ. പുഴക്കരയില്‍ നിന്ന് കിഴക്കോട്ട് അല്പം നടന്നാല്‍ റോഡാണ്. റോഡിനിപ്പുറം വയലേല. ഒരു കാലത്ത് സമൃദ്ധമായി കൃഷി ചെയ്തിരുന്ന പുഞ്ചപ്പാടം. നെല്പാടങ്ങളുടെ നടുവിലെ വലിയ വരമ്പ് നടന്നു കയറുന്നത് ഫലഭൂയിഷ്ടമായ ഭൂപ്രദേശമാണ്. കിഴക്കേ കര എന്ന് ഞങ്ങള്‍ വിളിക്കുന്ന ഗ്രാമത്തിന്‍റെ ഒരു ഭാഗം. കിഴക്കേ കര പിന്നെയും കിഴക്കോട്ട് നീളുന്നു. ഹരിത ഭംഗിയില്‍ പട്ടുടുത്ത നെല്‍ വയലുകളിലേക്ക് ഒതുക്കത്തോടെ പടിയിറങ്ങിയാല്‍ ശൃംഗാരത്തിന്‍റെ വരച്ചിട്ട ചായാചിത്രം പോലെ കുന്നിറങ്ങി വരുന്നു...! ചുവന്ന മണ്ണിനാല്‍ ദേഹം പുതച്ച് കവുങ്ങും ഫല വൃക്ഷങ്ങളും അരങ്ങ് ചാര്‍ത്തി സുന്ദരിയായ കുന്ന് താഴെ വയലിനോട് കിന്നാരം പറയുന്ന കാഴ്ചയുണ്ടായിരുന്നു പണ്ട്.
പ്രണയിനികളെ തമ്മില്‍ പിരിച്ച് ഒരു യാഥാസ്ഥിതിക കാരണവരുടെ ഗൌരവത്തോടെയും പിടിവാശിയോടെയും ഇടക്ക് കയറി വന്ന ഒരു കനാല്‍ പുരോഗമനം പ്രസംഗിച്ച് നീണ്ടു നിവര്‍ന്നു ഒഴുകുന്നു..
കോഴിത്തോട്-
പേര് കൊണ്ട് പ്രസക്തമല്ലെന്ന് തോന്നുമെങ്കിലും ഒഴുകുന്ന പ്രദേശങ്ങളിലെ കൃഷിക്ക് പുരോഗമന വാദിയായ കനാലിനേക്കാള്‍ എത്രയോ ബൃഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് കോഴിത്തോട്. കൊല്ലത്തില്‍ ഒന്നോ രണ്ടോ അജ്ഞാത ശവങ്ങളെ നാടിന് സമര്‍പ്പിക്കാറുണ്ട് ഈ കനാല്‍ എന്നത് മറച്ചു വെയ്ക്കുന്നത് നന്ദികേടാവും. കനാല്‍ വന്നപ്പോഴേക്കും പ്രസവത്തിലെ അമ്മ മരിച്ചു എന്ന് പറയുമ്പോലെ വയലുകള്‍ ഇല്ലാതായി. എല്ലാം വിധി.
ആദ്യകാലങ്ങളില്‍ കനാലിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ച് മനോഹരമായി കരിങ്കല്ല് പാകിയ കനാല്‍ തീരത്ത് ഇരിക്കാനും സൊറ പറയാനും പ്രത്യേക സുഖമായിരുന്നു. ഞങ്ങളുടെ കൌമാരങ്ങളില്‍ ഇടക്ക് കാണുന്ന ഒരു സിനിമയില്‍ കവിഞ്ഞ നേരമ്പോക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ കുളിക്കാനിറങ്ങുന്നവരുടെ കാലില്‍ കുപ്പിച്ചില്ല് തറക്കാറില്ലായിരുന്നു.
കനാലിന്‍റെ ബണ്ട് ഇന്ന് കേവലം ഭേദപ്പെട്ട ഒരു റോഡാണ്. പകുതി ടാര്‍ ചെയ്തിരിക്കുന്നു. എങ്കിലും പകലായാലും രാത്രിയായാലും പാമ്പുകളെ ഭയക്കാതെ നടക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയാണ്. കരിങ്കല്‍ പാളികള്‍ക്കിടയില്‍ തഴച്ചു വളര്‍ന്ന മരങ്ങളും വലിയ പുല്ലുകളും ചെടികളും എല്ലാം ചേര്‍ന്ന് ഇഴ ജന്തുക്കള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ലക്ഷം വീട് കോളനിയായി കനാല്‍ തീരം മാറി. വൈകുന്നേരങ്ങളില്‍ ദാഹം തീര്‍ക്കാന്‍ ഇത്തിരി സോമരസം നുണയുന്ന പാമ്പുകളും സാധാരണം. പുരോഗമനം എന്ന വാക്ക് അന്വര്‍ത്ഥമാകുന്നത് സത്യത്തില്‍ ഇങ്ങനെയാണ്. കോഴിത്തോടിന്റെ വരമ്പത്ത് വല്ലപ്പോഴും കണ്ടിരുന്ന ചാരായക്കുപ്പികള്‍ക്ക് പകരം വിശാലമായ കനാല്‍ ബണ്ടില്‍ കിംഗ്‌ഫിഷര്‍, ജോണീ വാക്കര്‍, ബ്ലാക്ക് ലേബല്‍ തുടങ്ങി ഗമയുള്ള പേരുകള്‍ ഉള്ള മദ്യക്കുപ്പികള്‍..പൊട്ടിയും പൊട്ടാതെയും പെരുകി വരുന്നത് സത്യത്തില്‍ നിലവാരമുള്ള പുരോഗമനം തന്നെയാണ്.
ഓര്‍മ്മകളില്‍ കുന്നിറങ്ങി വരുന്ന കുറുന്തോട്ടിയുടെ കെട്ടുകള്‍ അരികില്‍ എത്തുമ്പോള്‍ ഞാറ്റ് പാട്ട് ഈണത്തില്‍ പാടുന്ന പതിയങ്കര എന്ന ചെറുമി തള്ളയിലേക്ക് വെളിച്ചപ്പെടും.“നേരം മോന്ത്യായില്ലേ....കുട്ട്യോളെ....കുടീ പോ...ഉമ്മട്ട്യാര്‍ കാത്തിരിക്കും...”“ഇത് ഉമ്മട്ട്യാര്‍ക്ക് കൊടുത്തോ..” എന്നും പറഞ്ഞ് കുറച്ച് കുറുന്തോട്ടിയും തരും..വഴി മുറിച്ച കനാലിനൊപ്പം കുഴിച്ചു മൂടപ്പെട്ട ചില വാത്സല്യങ്ങള്‍ മേന്മയുള്ളൊരു സമൂഹത്തിന്‍റെ നിഷ്കളങ്കമായ സംസ്കാരത്തെയും ചിതയിലെറിഞ്ഞു. നെഞ്ച് പൊട്ടിയ ഭൂമിയുടെ വ്രണം പഴുത്ത ചലവുമായാണ് ഇന്ന് കനാല്‍ ഒഴുകുന്നത്. കുടിച്ചു വളരാന്‍ മക്കളില്ലാതെ മുല കടയുന്ന നോവുമായി ഒരു കരച്ചില്‍ എവിടെയൊക്കെയോ കേള്‍ക്കാനാകുന്നുണ്ട്.
വളര്‍ച്ച ഇങ്ങനെയൊക്കെയാണോ...? അതെ എന്നാണ് സമൂഹം നമ്മളോട് പറയുന്നത്. തൊട്ടപ്പുറത്തെ മുറിയിലെ ഉമ്മയുടെ ഞരക്കം ഹെഡ് സെറ്റ് വെച്ച് ചാറ്റ് ചെയ്യുന്ന നമുക്ക് കേള്‍വിക്ക് അപ്പുറമാണ്. മൂത്രമൊഴിക്കാന്‍ പോകാന്‍ പര സഹായത്തിനു ശബ്ദമുണ്ടാക്കുന്ന അച്ഛനെ നമ്മള്‍ കേള്‍ക്കുന്നില്ല. കാണുന്നില്ല. കാണാന്‍ കഴിയുന്നത് മുഖപുസ്തകത്തിലെ പുതിയ പ്രിസ്മയാണ്. ദുര്‍ഗന്ധം വരുമ്പോള്‍ എത്തി നോക്കുകയും മാതാപിതാക്കളെ ശകാരിക്കുകയും ചെയ്യുന്ന പലരും സോഷ്യല്‍ മീഡിയയില്‍ ദയാലുവായ സമൂഹ സ്നേഹിയാണ്. അയല്‍പക്കത്ത് മരിച്ചു കിടക്കുന്ന സാധു വൃദ്ധയെ ചീഞ്ഞു നാറുക എന്ന ഒടുക്കത്തെ അനുഗ്രഹത്താല്‍ മാത്രം കണ്ടെത്തുന്ന അവസ്ഥയിലേക്ക് നമ്മുടെ സോഷ്യലിസവും മത പ്രവര്‍ത്തനവും ഒക്കെ വികസിച്ചിരിക്കുന്നു. തൊട്ടപ്പുറത്തെ മുറിയില്‍ കിടന്ന് മയ്യത്തായ ഉമ്മയുടെയോ ബാപ്പയുടെയോ മക്കളുടെയോ ഭാര്യയുടെയോ ഭര്‍ത്താവിന്‍റെയൊ മരണം വാട്സാപ് മെസ്സേജ് വരുമ്പോള്‍ മാത്രം അറിയുന്ന ഒരു ദുരവസ്ഥയും വിദൂരമല്ല എന്ന് ന്യായമായും സംശയിക്കാം, ചിലപ്പോള്‍ അങ്ങനെയും അറിയാന്‍ വൈകും. കാരണം ആരാണ് എന്താണ് എന്നൊന്നും നോക്കാതെ ഒരു “ഇന്നാ ലില്ലാഹി” ഫ്രീയായി കോപി പേസ്റ്റ് ചെയ്യുന്ന വിരുതന്മാരും കുറവല്ലല്ലോ.
പറയാന്‍ തുടങ്ങിയത് വേറെ ചിലതാണ്. പറഞ്ഞു വന്നത് മറ്റ് ചിലതും.ഇനിയും പറയാലോ... അല്ലാഹുവിന്‍റെ ഖജനാവില്‍ ഇഷ്ടം പോലെ സമയം കിടക്കുകയല്ലേ. ഇനി ഒരിക്കല്‍ നിങ്ങളുടെ അഭിപ്രായത്തിന് ശേഷം.
സൈനുദ്ധീന്‍ ഖുറൈഷി