ഓര്‍മ്മകളിലെ കൈപ്പു നീരും മധുരമുള്ളവയത്രെ :ഖുറൈഷി.
ഓര്‍മ്മകള്‍ മടി പിടിച്ച് തുടങ്ങിയിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും കൂട്ടാക്കാതെ അദൃശ്യമായൊരു വാതിലിന്‍ മറവില്‍ നിന്ന്‍ എത്തി നോക്കി ഓടിയകലുന്നു.പ്രത്യേകിച്ച് സ്കൂള്‍ പഠന കാലം..
എല്‍ പി സ്കൂള്‍ പഠനകാലം ഓര്‍മ്മകള്‍ക്ക് അപ്രിയങ്ങളാകുന്നത് മധുരമുള്ളതൊന്നും അന്നേ നുണയാന്‍ കിട്ടാതിരുന്നതിനാല്‍ ആകും. അല്ലെങ്കില്‍ വര്‍ത്തമാനകാലത്തിന്‍റെ തിരക്കുകള്‍ക്കിടയില്‍ മനഃപൂര്‍വ്വം മറന്ന് വെച്ചതാവാം.
വെറുതെയാണ്...! എത്ര മറക്കാന്‍ ശ്രമിച്ചാലും ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു വഴിത്താരയില്‍ നമ്മളറിയാതെ മുന്നില്‍ വന്ന് ചാടി പൊട്ടിച്ചിരിച്ചു കൊണ്ട് സലാം പറയും. മറുവാക്ക് നമ്മളും പറയും...!
തികച്ചും അനൌപചാരികം. പക്ഷെ അനുചിതമെന്ന് വിധിയെഴുതി ഓര്‍മ്മക്കുറവും അല്പം അന്തക്കേടും ഉണ്ടെന്ന് പുതു തലമുറ അടിക്കുറിപ്പ് ഏഴുതും. സത്യത്തില്‍ ഓര്‍മ്മകളുടെ യഥാര്‍ത്ഥ തിരിച്ചു പിടിക്കലുകള്‍ ആണ് നടക്കുന്നത് എന്ന് അറിയാന്‍ നമ്മളും ആ ഘട്ടത്തിലേക്ക് എത്തേണ്ടി വരും.
മകര മാസത്തിലെ പുലര്‍കാലേ മദ്രസ്സയിലേക്കുള്ള പോക്ക്. പായയില്‍ നിന്ന്‍ എഴുന്നേല്‍പ്പിക്കാന്‍ ഉമ്മ പെടുന്ന പാട്. എങ്ങനെയെങ്കിലും ഉമിക്കരി കൊണ്ട് പല്ല് ഒരു വിധം തേച്ച് മുഖം കഴുകി അടുത്ത പരിപാടി തീ കായലാണ്. വിറകു പുരയിലെയോ ചായ്പ്പിലെ തന്നെയോ ചായ തിളയ്ക്കുന്ന അടുപ്പിനടുത്ത് നനഞ്ഞൊരു തുണിക്കെട്ട് പോലെ ഉമ്മയുണ്ടാകും. പുകയൂതിയൂതി കുഴിഞ്ഞ കവിളുകളില്‍ കരിയുണ്ടാകും. ഉമ്മയോടൊട്ടിയിരുന്ന് സ്റ്റീല്‍ ഗ്ലാസില്‍ ഒരു കട്ടന്‍ ചായ ചൂടാറ്റാന്‍ ഊതിയൂതി കുടിക്കും...മുറ്റത്തൊരു കോണില്‍ തെങ്ങിന്‍ ചുവട്ടില്‍ അടിച്ചു കൂട്ടിയ ചപ്പു ചവറുകള്‍ കൂടിയിട്ട് കത്തിച്ച് തീ കായുന്നുണ്ടാവും ഇത്തയും ഇക്കയും. പിന്നെ തുണിയും കുപ്പായവും തൊപ്പിയും ധരിച്ച് മദ്രസയിലേക്ക്. പടിഞ്ഞാറ് മാളുവിന്‍റെ പറമ്പ് എത്തുമ്പോഴേക്കും എല്ലാവരും ഒത്തുചേരും. കബീര്‍, സലിം..ഹമീദ്,റഫീക്ക്...ഉസൈബ..പാത്തുമോള്‍...സുഹറ...റുക്കിയമോള്‍.
മഞ്ഞിയിലെ പള്ളിയുടെ മുറ്റത്ത് നിന്ന്‍ പാടമിറങ്ങി...നെല്‍വയലുകള്‍ക്കിടയിലെ ചെറിയ വരമ്പിലൂടെ..., തല നീര്‍ത്തി നില്‍ക്കുന്ന കറുകയുടെ നിറുകയിലെ മഞ്ഞു തുള്ളികളെ തട്ടിത്തെറിപ്പിച്ച്....നെല്ല് തിന്നാന്‍ കൂട്ടമായെത്തിയ കുഞ്ഞാറ്റകളെ കല്ലെടുത്തെറിഞ്ഞ്....വരമ്പരികിലുള്ള ചെറു ചാലിലെ പരല്‍ മീനുകളെ നോക്കി....
ഹോ.....!! ഓര്‍ക്കുമ്പോള്‍ മനസ്സും ശരീരവും മകരക്കുളിരാല്‍ മൂടുന്നു.
അന്നൊക്കെ സ്ഥിരമായി വരുന്ന ഫക്കീറുകള്‍ ഉണ്ടായിരുന്നു. ചിലര്‍ തനിച്ചും ചിലര്‍ ഇരട്ടകളായും മറ്റ് ചിലര്‍ രണ്ടില്‍ കൂടുതലുള്ള ഗ്രൂപ്പായും. കൃത്യമായ ദിനക്രമത്തില്‍ ഇടവിട്ട് വരുന്നവരാണ് അധികവും. എനിക്ക് വളരെ പരിചയമുള്ള രണ്ടു മുഖങ്ങള്‍ ഉണ്ടായിരുന്നു ഇവരില്‍. അവര്‍ കൊല്ലത്തില്‍ ഒരു തവണ മാത്രമേ വരാറുള്ളൂ. സഹോദരങ്ങളാണ്. വെള്ള ജൂബ്ബയും മുണ്ടും തലേക്കെട്ടുമായി നല്ല വൃത്തിയില്‍ ആണ് അവര്‍ വരിക.
ഞങ്ങളോട് അവര്‍ക്ക് പ്രത്യേക വാത്സല്യമായിരുന്നു. അവരെ ഭിക്ഷക്കാര്‍ എന്ന്‍ വിളിക്കുന്നത് ഉമ്മാക്ക് ഇഷ്ടമല്ല. അവര്‍ വന്നാല്‍ ഉമ്മറത്ത് ഇരുത്തി ചായയും കടിയും കൊടുക്കും. പ്രായമായ രണ്ടു ഫക്കീറുകള്‍...
എനിക്ക് എന്നും അത്ഭുതമായിരുന്നു ഇത്. ഒരിക്കല്‍ ഉമ്മയോട് ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു. കൊട്ടുക്കല്‍ തറവാട്ടില്‍ കൂട്ടു കുടുംബമായി കഴിയുന്ന കാലത്ത് –
വിശന്ന് കരയുന്ന ഞങ്ങളോട് വെടി പൊട്ടട്ടെ... അപ്പൊ ചോറ് തരാം എന്ന്‍ പറഞ്ഞ് ഉമ്മ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. വെടി പന്ത്രണ്ടിനും ഒന്നിനും രണ്ടിനും ഒക്കെ പൊട്ടി. ഓരോ വെടി മുഴങ്ങുമ്പോഴും ഞാന്‍ “ വെടി പൊട്ടി വറ്റ് തിന്നാന്‍ വാ...” എന്ന് പറഞ്ഞു ഉറക്കെ കരയുമായിരുന്നത്രേ. അകത്ത് ഉമ്മ നിശ്ശബ്ദമായും കരയുകയായിരുന്നു. തിളക്കുന്ന വെള്ളത്തില്‍ അരി ഉണ്ടെങ്കിലല്ലേ വറ്റ് കിട്ടൂ..
മാളിക കണ്ട് ധര്‍മ്മത്തിന് വന്ന ഈ സഹോദരങ്ങള്‍ക്ക് കരഞ്ഞു തളര്‍ന്ന് കിടക്കുന്ന ഞങ്ങളെ കണ്ടു സഹിക്കാനായില്ല. വലിയ വീട്ടിലെ പട്ടിണി വലിയവര്‍ക്കല്ലേ അഭിമാനം കൊണ്ട് മറയ്ക്കാനാവൂ. കുട്ടികള്‍ക്ക് അഭിമാനമല്ല വിശപ്പല്ലേ വലുത്. അവര്‍ അന്ന് നിര്‍ബന്ധിച്ച് കൊടുത്ത ഉര്‍പ്പിക കൊണ്ട് ഞങ്ങളുടെ കരച്ചില്‍ നിന്നു. ഉമ്മയുടെ കരച്ചില്‍ നില്‍ക്കാന്‍ പിന്നെയും സമയമെടുത്തു. കാലമുരുണ്ടു. കഷ്ടപ്പാടുകളും പടിയിറങ്ങി. യാചകര്‍ അപ്പോഴും യാചനയുമായി തുടര്‍ന്നു.
എങ്കിലും എന്നൊക്കെ അവര്‍ വീട്ടില്‍ വന്നിട്ടുണ്ടോ അന്നൊക്കെ ഉമ്മ അവരെ സ്നേഹത്തോടെ സ്വീകരിച്ചു. ഞങ്ങള്‍ക്കും അവരെ ബഹുമാനമായിരുന്നു. പിന്നെപ്പിന്നെ അവരെ കാണാതായി. അല്ലാഹുവിന്‍റെ പ്രിയപ്പെട്ടവരില്‍ അവരും ഉണ്ടാകട്ടെ. ഉണ്ടാകും. സന്മസ്സ് അല്ലാഹുവിന്‍റെ അനുഗ്രഹത്തിന്റെ അടയാളമാണ്.
തമിഴ് നാട്ടില്‍ മരിച്ച യാചകന്റെ സമ്പാദ്യം കോടിയിലേറെ. ജീവിതകാലം മുഴുവന്‍ ജീവിക്കാതെ സമ്പാദിച്ചത് ബാക്കിയാക്കി വെറും ആറടി മണ്ണിലേക്ക്...
യാചകനും കോടീശ്വരനും ഓര്‍ക്കാതെ പോകുന്നത് മരണം എന്ന സത്യമാണ്. ആ ഒരു ചിന്ത മാത്രം മതി മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന മനുഷ്യനാകാന്‍