നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, August 13, 2016

അഛന്‍

അഛന്‍ ( കവിത ) സൈനുദ്ധീന്‍ ഖുറൈഷി

  മിണ്ടാതിരിയ്ക്കൂ.....
  മിഴികളടച്ച് കിടക്കുകയാണഛനക
  മിഴികളാല്‍ കാണുന്നുണ്ടാമൊക്കെയും...
  മന്ദസ്മിതം തൂകുമധരങ്ങളല്ലൂ പറയുന്നു;
  മിഴികള്‍ തുടയ്ക്കുകീയഛനെങ്ങു പോകാന്‍..?

  മേശമേലിപ്പോഴും ചൂടുള്ള ചായ
  പാതിയമ്മയ്ക്കായ് കരുതി വെച്ചതാവാം
  കാലുകളിലിപ്പോഴും ഈര്‍പ്പമുള്ള,ഛന്റെ
  കണ്ണുകള്‍ തേടുന്ന കണ്ണട.
  കട്ടിലില്‍ തലയ്ക്കാമ്പുറത്തഛന്റെ
  നിലച്ച നാഡീമിടിപ്പുകളറിഞ്ഞ
  നിലയ്ക്കാത്ത ഘടികാരം...
  പൂമുഖക്കോണിലെണ്ണ മിനുക്കുള്ള
  പ്രാമാണികത്വത്തിന്‍ ചാരുകസേര..

  ആര്‍ത്തലയ്ക്കുമമ്മയേയും
  അരികില്‍ തേങ്ങുമെന്നെയും നോക്കി
  അന്തിച്ചിരിക്കുന്ന കുഞ്ഞുപെങ്ങള്‍!
  ഇക്കിളിപ്പെടുത്താമഛനെ നമുക്കെന്ന്
  ഇത്തിരിപ്പോന്നെന്റെ പൊന്നുപെങ്ങള്‍!
  ഇന്നലെപ്പോലും കളിപ്പിച്ചു നിശ്ചലനായ്
  ഇക്കിളിയിട്ടപ്പോള്‍ ഉണര്‍ന്നതല്ലേ...?!!
  അമ്മയുടെ തേങ്ങല്‍ കേട്ടുണരാത്തയച്ചനെ
  ആവില്ല പൊന്നൂ ഉണര്‍ത്താനൊരിക്കലും..
  മടിയേതുമില്ലാതെ മാമുണ്ണാമഛാ..
  പിണങ്ങാതെഴുന്നേറ്റ് കളി പറഞ്ഞൂടെ..
  അഛനില്‍ നിന്നാരൊ പറിച്ചെടുത്തവളെ
  പച്ചമരത്തിന്‍ ചില്ലയടര്‍ത്തും പോല്‍.

  നിശ്ചയം, ഈ കരച്ചില്‍ കേട്ടുണരാത്തയഛന്‍
  ഉണര്‍ന്നിരിക്കും നമ്മെ ഉണരാതെ കാണും.
  കരയരുത് മക്കളെയെന്നാരുമറിയാതെന്റെ
  കാതോരമുരുവിടുന്നഛനിപ്പോള്‍..
  അമ്മയ്ക്കു തുണ നീ കുഞ്ഞുമോള്‍ക്കും
  നിങ്ങള്‍ക്കു തുണയായിട്ടഛനെന്നും....