നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, December 20, 2017

പ്രതിഷേധ സം‌ഗമം

പാവറട്ടി:ഫലസ്ഥീന്‍ ജറുസലേം പ്രശ്‌നത്തില്‍ ലോകത്തിന്‍റെ പ്രതിഷധം ആളിക്കത്തുകയാണ്. നമുക്കും ഈ പ്രതിഷേധത്തില്‍ പങ്കു ചേരാം.ജമാ‌അത്തെ ഇസ്‌ലാമി ഗുരുവായൂര്‍ ഏരിയ നേതൃത്വം ആഹ്വാനം ചെയ്‌തു. ഡിസം‌ബര്‍ 22 വെള്ളിയാഴ്ച വെെകുന്നേരം 4 മണിക്ക് പുവ്വത്തൂര്‍ കസ്‌വ പരിസരത്തുനിന്ന് പ്രകടനം തുടങ്ങി പാവറട്ടിയില്‍ സമാപനം കുറിക്കും എന്ന്‌ സം‌ഘാടകര്‍ അറിയിച്ചു.

വിശ്വാസികളുടെ വിശുദ്ധമായ നഗരങ്ങളെയും മന്ദിരങ്ങളെയും ശത്രുക്കള്‍ തുടര്‍‌ച്ചയായി അവഹേളിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധ്യമല്ല. ആബാലവൃദ്ധം ജനങ്ങളും ഡിസംബര്‍ 22 വൈകീട്ട്‌ 4 ന്‌ മുൻമ്പുതന്നെ പ്രകടനത്തിലേയ്‌ക്ക്‌ എത്തിച്ചേരണമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കും ഏറ്റുമുട്ടലിലേക്കും നയിക്കുക ലക്ഷ്യമാക്കി സയണിസ്റ്റുകള്‍ വീണ്ടും അട്ടഹസിച്ച്‌ രം‌ഗത്തെത്തിയിരിക്കുന്നത്.ജറുസലേം ഇസ്രാഈല്‍ തലസ്‌ഥാനമായി പ്രഖ്യാപിച്ചു കൊണ്ടാണ്‌ പുതിയ ചുവടുവെപ്പുകള്‍ അമേരിക്ക നടത്തിയിരിക്കുന്നത്.സാം‌സ്‌കാരിക നാഗരിക മാനവിക സമൂഹത്തോട്‌ തന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുത്ത ദിവസത്തിനും ചില പ്രത്യേകതകള്‍ ഉണ്ട്‌.ഇന്ത്യന്‍ ജനാധിപത്യ മര്യാദകള്‍ അതിക്രൂരമായി വ്യഭിചരിക്കപ്പെട്ട ഡിസം‌ബര്‍ 6 എന്ന കരിദിനമായിരുന്നു ഈ പ്രഖ്യാപനത്തിനും ട്രം‌പ്‌ തെരഞ്ഞെടുത്തത് എന്നത് യാദൃശ്ചികമാകാന്‍ തരമില്ല.

ജൂതരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ പുണ്യനഗരമായി കരുതുന്ന ജറുസലേം ഇസ്രയേലിന് പതിച്ചുനല്‍കുന്നതിന് സമാനമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.ഡിസംബര്‍ ആറിന് വൈറ്റ്ഹൌസില്‍ നടത്തിയ 12 മിനിറ്റ് പ്രസംഗത്തിലാണ് ഇസ്രയേലെന്ന അധിനിവേശരാഷ്ട്രത്തിനും സയണിസത്തിനും അനുകൂലമായ പ്രഖ്യാപനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ടെല്‍ അവീവിലുള്ള അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അര്‍ഥം തലസ്ഥാനമായി ജറുസലേമിനെയാണ് അമേരിക്ക അംഗീകരിക്കുന്നതെന്നാണ്.

ജറുസലേമിലേക്ക് എംബസി മാറ്റുന്ന ആദ്യരാഷ്ട്രവും അമേരിക്കയായിരിക്കും. 1995 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ജറുസലേം എംബസി ആക്ടിന്റെ ചുവടുപിടിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. മുന്‍ പ്രസിഡന്റുമാര്‍ നടപ്പാക്കാന്‍ മടിച്ച തീരുമാനം താന്‍ നടപ്പാക്കുന്നു എന്ന് ട്രംപ് പറയുന്നതിന്റെ അര്‍ഥമിതാണ്. 1980 ല്‍ ഇസ്രയേല്‍ അംഗീകരിച്ച അടിസ്ഥാന നിയമത്തില്‍ ജറുസലേം ഏകീകൃത ഇസ്രയേലിന്റെ തലസ്ഥാനമാണെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ചുവടുപിടിച്ചാണ് അമേരിക്കന്‍ നിയമനിര്‍മാണവും ഉണ്ടായിട്ടുള്ളത്.

ഇതൊരു തലസ്ഥാനമാറ്റത്തിന്റെമാത്രം കാര്യമല്ല. മറിച്ച് ഇരുരാഷ്ട്ര  രൂപീകരണത്തിലൂടെ പലസ്തീന്‍ പ്രശ്നത്തിന് സമാധാനപരമായ മാര്‍ഗങ്ങളിലുടെ പരിഹാരം കാണാനുള്ള ലോകരാഷ്ട്രങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിന് അന്ത്യമിടല്‍ കൂടിയാണ് ഈ നടപടി. ഇരുരാഷ്ട്ര പദ്ധതി നടപ്പാക്കുന്ന പക്ഷം പലസ്തീന്റെ തലസ്ഥാനമാകേണ്ടത് കിഴക്കന്‍ ജറുസലേമായിരുന്നു. എന്നാല്‍ 1967ലെ ആറുദിന യുദ്ധത്തില്‍ ഈ പ്രദേശം ഇസ്രയേല്‍ കീഴ്പ്പെടുത്തിയിരുന്നു. പശ്ചിമ ജറുസലേമാകട്ടെ 1948ല്‍ സാമ്രാജ്യത്വവഞ്ചനയുടെ ഫലമായി ഇസ്രയേല്‍ രൂപംകൊണ്ട വേളയില്‍ത്തന്നെ അതിന്റെ ഭാഗമായിരുന്നു. പലസ്തീന്റെ ഭാവിതലസ്ഥാനമാണ് കിഴക്കന്‍ ജറുസലേം എന്നതുകൊണ്ടുതന്നെ അവിടെ എല്ലാ അന്താരാഷ്ട്രനിയമങ്ങളും ലംഘിച്ച് ജൂത ആവാസകേന്ദ്രങ്ങള്‍ കെട്ടിപ്പൊക്കുകയായിരുന്നു ഇസ്രയേല്‍. യുദ്ധത്തില്‍ കീഴ്പ്പെടുത്തിയ പ്രദേശങ്ങളിലേക്ക് രാഷ്ട്രങ്ങള്‍ അവരുടെ ജനതയെ മാറ്റിപാര്‍പ്പിക്കരുതെന്ന 1949 ലെ നാലാം ജനീവ കണ്‍വന്‍ഷന്റെ പ്രഖ്യാപനത്തിന് കടകവിരുദ്ധമാണ് ഈ 'സെറ്റില്‍മെന്റ് കൊളോണിയലിസം' യുഎന്‍ രക്ഷാസമിതി അഞ്ച് തവണയെങ്കിലും ഈ ആവാസകേന്ദ്രനിര്‍മാണത്തിലൂടെയുള്ള അധിനിവേശത്തെ എതിര്‍ക്കുന്ന പ്രമേയം പാസാക്കിയിരുന്നു. ഇസ്രയേല്യര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ നിയമലംഘനത്തിനാണിപ്പോള്‍ അമേരിക്ക അംഗീകാരം നല്‍കിയിരിക്കുന്നത്.