നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, April 2, 2020

അനുസ്‌മരണം...

മർഹൂം മൗലാന സിറാജുൽ ഹസ്സൻ സാബിന്റ്റെ വിയോഗ വാർത്തയും അനുബന്ധ കുറിപ്പുകളും നമ്മിൽ വലിയ വേദനയും നഷ്‌‌ട ബോധവുമാണ് സൃഷ്‌‌ടിച്ചിരിക്കുന്നത്.പ്രത്യേകിച്ചും ബഹുമാന്യനായ സലിം മൗലവിയുടെ അനുസ്‌മരണ ശബ്‌‌ദരേഖ. പ്രസ്ഥാന നായകന്മാരുടെ  വിദേശ സന്ദർശനങ്ങളിൽ ഖത്തറിന് മാത്രം അവകാശപ്പെടാവുന്ന ഒന്നായിരുന്നു മർഹൂം മൗലാന സിറാജുൽ ഹസ്സൻ സാബിന്റ്റെയും മർഹൂം മൗലാന ഇജാസുൽ അസ്‌ലം സാഹിബിന്റെയും ആ സന്ദർശനം.

മലയാളി ഉറുദു ജമാഅത്തുകൾ ഒരുപോലെ ആവേശത്തോടെ ഏറ്റെടുത്ത ഒന്നായിരുന്നു ആ പരിപാടി. എയർപോർട്ടിൽ ജനാബ് യാഖൂബ് ശമിഅഃ അവർകൾ തന്റെ ഷെവർലെ കാറുമായി തയ്യാറായി നിന്നിരുന്നുവെങ്കിലും ഒരു ദൈവ നിയോഗം പോലെ മർഹൂം മൗലാന സിറാജുൽ ഹസ്സൻ സാഹിബും,മർഹൂം മൗലാന ഇജാസുൽ അസ്‌ലം സാഹിബും വി.കെ അലി സാഹിബും സലിം മൗലവിയുടെ കാറിലാണ്‌ കയറിയത്.സ്വീകരിക്കാൻ വന്നവർ പല പല വാഹനങ്ങളിലായി അവരെ പിന്തുടർന്നിരുന്നു. ഇന്നത്തെ അലി ബിൻ അലി സിഗ്നലിൽ വെച്ചായിരുന്നു ആ ആക്‌‌സിഡന്റ്‌.

സലിം മൗലവി മാത്രമായിരുന്നു കാറിൽ സീറ്റ് ബൽറ്റ് ധരിച്ചിരുന്നത്.അദ്ദേഹത്തിന് ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.ബാക്കി മൂന്നു പേർക്കും പരിക്ക് അല്‍‌പം ഗുരുതരം തന്നെയായിരുന്നു. ഉടനെ എല്ലാവരെയും ഹമദ് എമർജൻസിയിലെത്തിച്ചു.  ഒരു ആന്ധ്രാ പ്രദേശുകാരനായ ഡോക്‌ടറടക്കം നല്ല പരിചരണം നൽകി.  ആക്‌സിഡന്റിൽ തകർന്ന കാറിന്റെ ചില്ലുകൾ മൗലാന സിറാജുൽ ഹസ്സൻ സാബിന്റ്റെ കാതിലടക്കം കയറിയിരുന്നു.  രണ്ടു പേരുടെയും കാലുകളിൽ ഫ്രാക്ച്ചറും. രണ്ടാഴ്‌‌ചയോളം അവർ ഹോസ്പിറ്റലിൽ കിടക്കേണ്ടിവന്നു.  അലി സാഹിബിനു പിന്നെയും കുറച്ചു കാലം വേണ്ടിവന്നു പൂർണ്ണമായി അസുഖം ഭേദമാവാൻ.

പരിപാടികളൊക്കെ മുടങ്ങി.ആശുപത്രി സന്ദർശനവും ശുശ്രൂഷയുമായി ഞങ്ങളുടെ മുഖ്യപരിപാടികൾ.  മേരിക്കുന്നിൽ ജമാഅത് ഓഫിസിൽ അഖിലേന്ത്യാ നേതാക്കന്മാർക്ക് ഖിദ്‌‌മത്‌ ചെയ്‌‌ത്‌ പരിചയമുള്ളതു കൊണ്ട് ജോലികൾ കൂടുതൽ എളുപ്പമായിരുന്നു.  അതിനാൽ തന്നെ പിന്നീട് വലിയ പള്ളിയിൽ നടന്ന മലയാളി / ഉറുദു സംയുക്ത പരിപാടി വൻ ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി.

ആ ദിവസങ്ങളിലത്രയും പ്രസ്ഥാന നേതൃത്വത്തെ ശരിക്കും അനുഭവിച്ചറിയാൻ കഴിഞ്ഞു. വിശദീകരിക്കുന്നില്ല. സലിം മൗലവി വിവരിച്ച അറബി വി.ഐ.പി പരിപാടിയും അതുപോലെ ഒരനുഭവമായിരുന്നു.  അതിന്റെ വീഡിയോ ഞാനായിരുന്നു പകർത്തിയിരുന്നു.അത് നമ്മുടെ ലൈബ്രറിയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.  സലിം മൗലവി,വി.കെ അലി സാഹിബ്, എ മുഹമ്മദലി സാഹിബ്,കെ.സി ലത്തീഫ് സാഹിബ്,സുബൈർ സാഹിബ് തുടങ്ങിയവരെല്ലാം ആ പരിപാടിയിലുണ്ടായിരുന്നു.

അനുഭവങ്ങൾ മൂലധനമാവുന്ന ഇക്കാലത്തു നമ്മെ വിട്ടു പിരിഞ്ഞ മൗലാന സിറാജുൽ ഹസ്സൻ സാബിനെയും നേതാക്കന്മാരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.  നമ്മെ അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേർത്ത് അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.

പി.പി റഹീം