കേന്ദ്ര ജമാഅത്തിന്റെ നേതൃത്വത്തിൽ ദീർഘ കാലത്തെ സേവനത്തിനു ശേഷം ജമാഅത് അമീർ സ്ഥാനം പ്രഗത്ഭ പണ്ഡിതനും ചിന്തകനുമായിരുന്ന ഡോ.അബ്ദുൽ ഹഖ് അൻസാരിയുടെ കരങ്ങളില്‍ ഏൽപ്പിച്ച്, സ്വദേശമായ റായ്ച്ചൂരിലേക്ക് തിരിച്ചു പോകുമ്പോൾ മൗലാന സിറാജുൽ ഹസൻ സാഹിബിന്റെ കൂടെ അതേ ട്രെയിനിൽ യാത്ര ചെയ്യാൻ എനിക്ക് സൗഭാഗ്യമുണ്ടായി. പതിറ്റാണ്ടുകൾ പേറിയ നേതൃത്വത്തിന്റെ ഭാരങ്ങൾ ഇറക്കി വെച്ചുള്ള ആ യാത്രയിൽ മൗലാന ശരിക്കും ഒരു ആശ്വാസം അനുഭവിക്കുന്നതായി തോന്നി.
എസ് ഐ ഓ കേന്ദ്ര പി.ആര്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള എന്റെ നാട്ടിലേക്കുള്ള ആദ്യ യാത്രയായിരുന്നു അത്.എസ്.ഐ.ഒ ദീനിമദാരിസ് സെക്രട്ടറിയായിരുന്ന, ഇപ്പോൾ ജമാഅത് കേന്ദ്രത്തിൽ ഗവേഷണ വകുപ്പ് സെക്രട്ടറിയായ ഡോ. മുഹിയദ്ധീൻ ഗാസിയും ഉണ്ടായിരുന്നു കൂടെ.സുദീര്‍ഘമായി മൗലാനയുമായി ആ യാത്രയിൽ ഞങ്ങൾ സംസാരിച്ചു.
വാത്സല്യത്തോടെ താൻ ലാളിച്ചു വളർത്തിയ ഒരു കുഞ്ഞിനെപ്പോലെ, അദ്ദേഹം എസ്. ഐ. ഒ വിനെ സ്നേഹിക്കുന്നതായി ഞങ്ങൾക്കനുഭവപ്പെട്ടു. അതിനു മുമ്പ് കേരളത്തിൽ എസ്. ഐ. ഒ സമ്മേളനങ്ങളിലും, പ്രവർത്തക യോഗങ്ങളിലും അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളിൽ നിന്ന്ആ സ്നേഹം നേരത്തെയും മനസ്സിലായിരുന്നു.
അത് പോലെത്തന്നെ കേരളത്തോട് വലിയ അടുപ്പവും കേരളക്കാരെ വലിയ ഇഷ്ടവുമായിരുന്നു മൗലാനക്ക്.ആ യാത്രയിൽ അദ്ദേഹം പങ്കു വെച്ച ഒരു സംഭവം ഓർത്തു പോകുന്നു.അമീറായിരിക്കെ, അദ്ദേഹത്തിന്റെ ഗൾഫ് സന്ദർശന വേളയിൽ (സൗദിയിലാണെന്നാണ് മൗലാന പറഞ്ഞതായി ഓർമ്മ-ഖത്തറാകാനും സാധ്യത ഉണ്ട്).ക്ഷണിക്കപ്പെട്ട വി.വി.ഐ.പി കളുടെ ഒരു സദസ്സിൽ ഇന്ത്യയിൽ ജമാഅത് നടത്തിക്കൊണ്ടിരിക്കുന്ന ബഹുമുഖമായ പ്രവർത്തനങ്ങളെ മൗലാന നന്നായി ഒന്നു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രഭാഷണം (ആ രാജ്യത്തെ ഒരു മന്ത്രി അടക്കമുള്ള എന്നും മൗലാന പറഞ്ഞതായി ഓർക്കുന്നു) സദസ്സിനു അറബിയിൽ പരിഭാഷപ്പെടുത്തതിയത് ജ:സലീം മൗലവി ആയിരുന്നു. സലീം മൗലവിയുടെ അറബി ഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തെയും ആ സദസ്സിലുള്ള അറബികളെയും അത്ഭുതപ്പെടുത്തി എന്ന് മൗലാന പറഞ്ഞു.
മൗലനായുടെ ജമാഅത്തിനെ പരിചയപ്പെടുത്തി കൊണ്ടുള്ള സംസാരം കേട്ട് അത്ഭുതം കൊണ്ട, ഒരു വി.വി.ഐ.പി ഇന്ത്യൻ മുസ്ലീംകൾക്കും ജമാഅത്തിനും വേണ്ടി ഞങ്ങൾക്ക് എന്ത് സേവനമാണ് ചെയ്യാൻ സാധിക്കുക എന്ന് പറഞ്ഞാലും ഞങ്ങൾ പരിശ്രമിക്കാം എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ ആ സദസ്സിൽ വെച്ച് തന്നെ മൗലാന പറഞ്ഞത് ഇപ്രകാരമായിരുന്നു.
ഞങ്ങൾക്ക് വേണ്ടി മൂന്ന് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.
1. നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.
2.ഞങ്ങളുടെ രാജ്യത്തെ ഭരണാധിപരുമായി നിങ്ങൾ നല്ല ബന്ധം പുലർത്തണം.ഇത് ഞങ്ങൾക്ക് ഇസ്‌ലാമിക പ്രബോധന രംഗത്ത് വലിയ ഗുണം ചെയ്യും.
3.നിങ്ങൾ ജീവിക്കുന്ന നാട്ടിൽ നിങ്ങൾ യഥാർത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കണം. എങ്കിൽ നിങ്ങൾ അങ്ങോട്ട് നോക്കൂ,അതാണ് ദീൻ എന്ന് ചൂണിക്കാട്ടി ഞങ്ങൾക്ക് പ്രബോധനം നടത്താൻ സാധിക്കും.
മൂന്നാമത്തേത് എന്തെങ്കിലും വല്ല സാമ്പത്തിക സഹായ അഭ്യര്‍ഥനയായിരിക്കും എന്ന് പ്രതീക്ഷിച്ച സദസ്സിന് തീർത്തും വ്യത്യസതമായ ഒരനുഭവം പോലെയായിരുന്നു അത്.
സലീം മൗലവിയെ കുറിച്ച ഈ മതിപ്പ് നിറഞ്ഞ അനുഭവം മാസങ്ങൾക്ക് മുമ്പ് മൗലവിയോട് പറഞ്ഞപ്പോൾ , നമുക്ക് രണ്ടുപേർക്കും മൗലാനയെ ഒന്നു പോയി കണ്ടാലോ എന്ന് സലീം മൗലവി ചോദിക്കുകയുണ്ടായി. ചുരുങ്ങിയ ഇടവേളക്ക് നാട്ടിൽ വരുന്ന പ്രവാസിയായ എനിക്ക് മൗലവിയോടൊത്തുള്ള ആ യാത്ര തരപ്പെട്ടില്ല.
ഹൈദരാബാദിൽ വെച്ച് നടന്ന ജമാഅത് അംഗങ്ങളുടെ കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിൽ സിറാജുൽ ഹസൻ സാഹിബ് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നുണ്ട് എന്നറിഞ്ഞ്,പ്രസരിക്കുന്ന ആ മുഖം അടുത്ത് നിന്ന് കാണാൻ വേണ്ടി സ്റ്റേജിന്റെ അടുത്ത് പോയി നിന്നു.
പ്രായം കൊണ്ടും രോഗം കൊണ്ടും മെലിഞ്ഞ് ശോഷിച്ച ആ മുഖം കണ്ട് എന്റെ കണ്ണുകൾ നനഞ്ഞു.ഉഹ്‌ദിന്റെ രണാങ്കണത്തിൽ രക്തസാക്ഷിയായ മിസ്അബ് (റ) ചേതനയറ്റ ശരീരത്തിലേക്ക് നോക്കി നബി (സ) പറഞ്ഞ വാക്കുകൾ ഓർമ്മവന്നു."........."
റസൂൽ (സ) വാക്കുകൾക്ക് അല്ലാഹു ഖുർആനിലൂടെ നിത്യജീവൻ നൽകി."സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്‌ത കരാറില്‍ പൂർത്തീകരിച്ച ചിലരുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട് അവരിൽ.(33: 23)
ആ കരാൻ പൂർത്തീകരിച്ച് മൗലാന യാത്രയായി.അല്ലാഹു മൗലാനക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.അദ്ദേഹം നമ്മെ നയിച്ച മാർഗത്തിൽ ദൗത്യം പൂർത്തീകരിക്കാൻ നമുക്ക് അല്ലാഹു ഉദവി നൽകട്ടെ..
യാസിര്‍ ഇല്ലത്തൊടി