നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, December 7, 2018

അവിസ്‌മരണീയം ഈ അന്ത്യയാത്ര.

അവിസ്‌മരണീയം ഈ അന്ത്യയാത്ര.ഷിഹാബ്‌ എം.ഐ..
ചില മരണങ്ങൾ നമുക്ക് വലിയ പാഠങ്ങൾ നൽകുന്നതും പെട്ടെന്ന് മറക്കാൻ കഴിയാത്തതുമായി മനസ്സിൽ തങ്ങി നിൽക്കാറുണ്ട്‌.അത്തരത്തില്‍ ഒരു മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ തെങ്ങ് വീണ് തലക്ക് ഗുരുതരമായി പരിക്ക് പറ്റി ചികിത്സ തുടരുന്നതിനിടയിൽ മരണപ്പെട്ട അബദുൽ വാജിദെന്ന 20 വയസ്സ് പ്രായമുള്ള പൊന്നു മോൻ ചെറുപ്പം മുതലേ  നേരിട്ട് പരിചയമുള്ള കുട്ടി.. 

രണ്ട് വർഷം മുമ്പ് പ്രവാസലോകത്ത് വെച്ച് പിതാവ് മസ്‌തിഷ്‌കാഘാതത്തെ തുടര്‍‌ന്ന്‌ പരലോകം പൂകിയ വേദനയിലും വേര്‍പാടിലും ദിനങ്ങൾ മുന്നോട്ട് നീക്കിയിരുന്ന പൊന്നുമോൻ.കുടുംബ പരമായി എൻറെ അനുജത്തിയുടെ സഹോദരി പുത്രനാണ്.എപ്പോൾ എവിടെവെച്ച് കണ്ടാലും പുഞ്ചിരിക്കുന്ന മുഖവുമായി വിശേഷങ്ങൾ ആരായുന്ന മോൻ....... 

പല മരണങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. ജനാസയെ അനുഗമിക്കുകയും നിസ്ക്കാരവും ഖബറടക്കവും കഴിഞ്ഞതിനു ശേഷമേ തിരിച്ച്‌ പോരാറുളളൂ. പണ്ഡിതൻമാരുടെ ജനാസയിലാണ് ജനങ്ങളുടെ ആധിക്യം നേരിട്ട് കണ്ടിട്ടുള്ളത്. ആ ഒരു അവസ്ഥയായിരുന്നു  സാധാരണക്കാരില്‍ സാധാരണക്കാരനായ വാജിദെന്ന പൊന്നുമോൻറെ ജനാസയിൽ കാണാൻ കഴിഞ്ഞത്.വാടാനപ്പളളിയിലും പാടൂരുമായി ഒഴുകിയെത്തിയ ജനസാഗരം മഹാ സമ്മേളനങ്ങളെ വെല്ലുന്നതായിരുന്നു.

അബ്ദുൽ വാജിദിനെ നെഞ്ചിലേറ്റിയ സുഹൃത്തുക്കൾ ജേഷ്ഠന്മാർ  അക്ഷരാർത്ഥത്തിൽ പാടൂർ പള്ളിയും ഖബർസ്ഥാനും വീർപ്പ് മുട്ടിയ നിമിഷങ്ങൾ.രാത്രി 9 മണിക്കാണ് ജനാസ പള്ളിയിൽ എത്തുന്നത്.പരന്നൊഴുകുന്ന ജനസഞ്ചയം, പരിസര പ്രദേശങ്ങളിലെ നാനാഭാഗത്ത് നിന്നും പാഞ്ഞെത്തിയ സഹോദരങ്ങൾ, വേർതിരിവില്ലാതെ തല മുതിർന്നവർ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ ധാരാളം. എല്ലാറ്റിനും സാക്ഷിയെന്നോണം തന്റെ ജ്ഞാന ഗോപുരത്തിൽ വിടർന്ന പുഞ്ചിരിയുമായി വാജിദിൻറെ ജനാസ. സാധാരണഗതിയില്‍ ഒറ്റതവണയെ മയ്യിത്തിന്റെ മുഖം ഞാൻ  നോക്കാറുള്ളൂ.പതിവ് തെറ്റിക്കുക തന്നെ ചെയ്തു.പുഞ്ചിരി തൂകി കിടക്കുന്ന ആ മോൻറെ പൂമുഖത്തേക്ക് പലവട്ടം നോക്കി. ചുറ്റും കൂടി കണ്ണ് നീർ തുടക്കുന്ന, വിങ്ങി വിങ്ങി തേങ്ങുന്ന പലരിൽ ഒരുവനായി ഈയുള്ളവനും.ഖുര്‍ആന്റെ ഹൃദയമായ യാസീൻ ഓതി പ്രാർത്ഥിച്ചു. പിന്നീട് ഫാതിഹ , ഇഖ്‌ലാസ്, മുഅവ്വദത്തൈനി ഓതി തഹ്‌ലീൽ ചൊല്ലി.ഖൽബിൽ തട്ടിയ പ്രാർത്ഥന നടത്തി.

തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്നും രണ്ട് മണിയോടെ മുളം കുന്നത്ത് കാവ് മെഡിക്കൽ കോളജ് മോർച്ചറിയുടെ പോസ്റ്റ്മോർട്ടം കൗണ്ടറിൽ എത്തിച്ചു.പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകീട്ട് അഞ്ചു മണിയോടെ എസ്‌.വൈ.എസ്‌ സാന്ത്വനം സെൻറെറിൽ മയ്യിത്ത് കുളിപ്പിക്കാൻ എത്തി. അവിടുത്തെ ഉസ്‌താദിൻറെ നേതൃത്വത്തിൽ ഞാനടക്കം മൂന്ന് പേരാണ് മയ്യിത്ത് കുളിപ്പിക്കാൻ ഉണ്ടായിരുന്നത്.കഫൻ ചെയ്‌തതിനു ശേഷം പള്ളിയിൽ നിന്നും മഗ്‌രിബ് ബാങ്കൊലി. ജമാഅത്തിന് ജനങ്ങൾ അണിനിരന്നു.മയ്യിത്ത് പള്ളിയിൽ കയറ്റി.നിസ്‌കാര ശേഷം ജനാസ നിസ്കാരം സാന്ത്വനം സെൻറെറിലെ ഉസ്‌താദ് നേതൃത്വം നൽകി.ദുആക്ക് ശേഷം ജനാസയുമായി വാടാനപ്പളളിയിലെ വീട്ടിലേക്ക് ആംബുലൻസിൽ തഹ്‌ലീല്‍ ചൊല്ലികൊണ്ട് നീങ്ങി. ഏഴര മണിയോടെ മയ്യിത്ത് വീട്ടിൽ എത്തി. ഉറ്റവരെ കാണിക്കാൻ വീടിനകത്ത് വെച്ച് ജനാസ വെച്ചപ്പോഴും സകല നിയന്ത്രണങ്ങളും വിട്ട് ഒരു നോക്ക് കാണാൻ ബന്ധുക്കളും ശേഷം പുറത്ത് വെച്ചപ്പോഴും സുഹൃത്തുക്കൾ അടക്കമുള്ള സഹോദരങ്ങൾ എല്ലാവരുടേയും അവസാന നോക്കിനു ശേഷം വീട്ടിലെ നിസ്ക്കാരം.ശേഷം പാടൂരിലെ ഉമ്മയുടെ വീട്ടിലും പൊതുദർശനം.

എത്രമേൽ ജന ഹൃദയങ്ങളിൽ പ്രിയങ്കരനായിരുന്നു വാജിദ്  എന്നതിന്റെ തെളിവാണ്  വാടാനപ്പളളിയിലെ വീട്ടിലും പാടൂർ ജുമുഅത്ത് പള്ളിയിലും കണ്ടത്.......  ജനപ്രവാഹം രാത്രി ജനാസ മറവ് ചെയ്യുമ്പോഴും അതിന് ശേഷവും തുടരുകയായിരുന്നു.

നാഥനായ റബ്ബിൻറെ തീരുമാനം അത് യഥാസമയം നടന്നു കഴിഞ്ഞു റബ്ബ് നാമെല്ലാവരേയും അപകട മരണങ്ങളിൽ നിന്നും രക്ഷപ്പെടുത്തി തരുമാറാകട്ടെ.വിടപറഞ്ഞ വാജിദിൻറെ ബർസഖിയായ ജീവിതം പ്രഭാ പുരിതമാക്കട്ടെ.പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ. സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.മകൻറെ വേർപാടിൽ വിഷമിക്കുന്ന മാതാവിനും സഹോദരനും കുടുംബങ്ങൾക്കും അല്ലാഹു  ക്ഷമയും സമാധാനവും  നൽകി അനുഗ്രഹിക്കട്ടെ..

ഷിഹാബ്‌ എം.ഐ