നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, April 3, 2019

വിമോചനത്തിന്റെ കൈകള്‍‌ക്ക്‌ ശക്തി പകരുക

ഇന്ത്യയിലെ പതിനേഴാം ലോക സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കാൻ പോവുകയാണ്.ഇതോടൊപ്പം തന്നെയാണ് ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളിൽ നിന്നായി ലോക്‌സഭയിലേക്ക് വോട്ട് ചെയ്ത തിരഞ്ഞെടുക്കുന്നത്.ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുകയും ചെയ്യുന്നു.

രാജ്യത്തിന്റെ വിമോചനത്തിന്റെ കൈകള്‍‌ക്ക്‌ ശക്തി പകരാന്‍ ജനാധിപത്യ വിശ്വാസികള്‍ ബാധ്യസ്‌തരാണ്‌.'ഒരു ജനം സ്വന്തം അവസ്ഥയെ സ്വയം പരിവര്‍‌ത്തിപ്പിക്കുന്നതുവരെ ദൈവം അവരുടെ അവസ്ഥയെ പരിവര്‍‌ത്തിപ്പിക്കുന്നില്ല'.

അഥവാ വര്‍‌ത്തമാന കാല രാജ്യത്തെ അവസ്ഥയായാലും രാജ്യാന്തര അവസ്ഥാ വിശേഷങ്ങളായാലും കാരണക്കാര്‍ സമൂഹം തന്നെയത്രെ.

പ്രത്യക്ഷത്തില്‍ ലോകം സാക്ഷിയായിക്കൊണ്ടിരിക്കുന്ന വര്‍‌ത്തമാനങ്ങളില്‍ അഭിരമിക്കുന്നതിനു പകരം നന്മയുടെ വക്താക്കള്‍‌ക്ക്‌ ചില ബാധ്യതകള്‍ ഉണ്ട്‌.'ഒരു ജനത്തിനു നല്‍‌കിയ യാതൊരനുഗ്രഹവും ആ ജനം തങ്ങളുടെ കര്‍‌മ രീതി സ്വയം മാറ്റുന്നതുവരെ ദൈവം മാറ്റുന്നതല്ല.'എന്ന ധാര്‍മ്മികമായ അധ്യാപനത്തില്‍ അതി ഗൗരവമുള്ള പാഠം നാം ഉള്‍‌കൊള്ളാതെ പോകരുത്.

ക്ഷേമ രാഷ്‌ട്ര സങ്കല്‍‌പ്പത്തില്‍ നിലവില്‍ വന്ന രാഷ്‌ട്രിയ സം‌വിധാനം വൈകാരികതകള്‍‌ക്കപ്പുറം വൈചാരിതകള്‍‌ക്കാണ്‌ പ്രാമുഖ്യം നല്‍‌കാറുള്ളത്.പുതുതായി രൂപീകരിക്കപ്പെട്ട പാര്‍‌ട്ടിയെക്കുറിച്ചല്ല ഇപ്പോഴത്തെ നമ്മുടെ ചിന്ത മറിച്ച്‌ നമ്മുടെ രാജ്യത്തെ കുറിച്ചാണ്‌.ഫാഷിസത്തെ തൂത്തെറിയുക എന്ന ഒരേ ഒരു ചിന്തക്ക്‌ മാത്രമേ 'ഈ ജീവന്‍ മരണ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തില്‍' പ്രസക്തിയുള്ളൂ.

എന്തൊക്കെ അപജയങ്ങള്‍ ഉണ്ടായാലും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്ഥാനമുള്ള പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസ്സ്‌.ഈ സന്നിഗ്‌‌ദ ഘട്ടത്തില്‍ ബുദ്ധിപൂര്‍‌വമുള്ള തീരുമാനം തന്നെയാണ്‌ വെല്‍‌ഫയര്‍ രാഷ്‌ട്രീയ മുന്നേറ്റം കൈകൊണ്ടിട്ടുള്ളത്.ക്ഷേമ രാഷ്‌ട്ര സങ്കല്‍പമുള്ള ഈ പാര്‍ട്ടിയുടെ പ്രവര്‍‌ത്തനങ്ങളിലെ ചൂടും ചൂരും മുമ്പെന്നത്തെക്കാള്‍ സര്‍‌ഗാത്മകമായി പ്രചരിപ്പിക്കാനും പ്രസരിപ്പിക്കാനും ഈ തെരഞ്ഞെടുപ്പ്‌ കാലം ഉപകാരപ്പെടുന്നുണ്ട്‌ എന്നതും വിസ്‌മരിക്കാവതല്ല.

നാട്ടിലെ രാഷ്‌ട്രീയ പ്രവര്‍‌ത്തനങ്ങളുടെ ചുവടൊപ്പിച്ച്‌ പ്രവാസ ലോകത്തും പ്രവര്‍‌ത്തനങ്ങള്‍ സജീവമാണ്‌.ക്ഷേമ രാഷ്‌ട്ര സങ്കല്‍‌പത്തിന്റെ വിഭാവനയുമായി ഉണര്‍‌ന്നെണീറ്റ വെല്‍‌ഫയര്‍ പാര്‍‌ട്ടിയുടെ ഖത്തര്‍ മുഖമായ കള്‍‌ച്ചറല്‍ ഫോറം ഏറെ സജീവമായി രം‌ഗത്തുണ്ട്‌.പ്രാദേശിക/മണ്ഡല/ജില്ലാ തല പരിപാടികള്‍ അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ വരും ഭാവി നിര്‍‌ണ്ണയിക്കാനുള്ള ഈ തെരഞ്ഞെടുപ്പ്‌ ഗോദയില്‍ ഓരോ പ്രവര്‍‌ത്തകനും കൈമെയ്‌ മറന്ന്‌ രം‌ഗത്തുണ്ടാവണം.അത്‌ നമ്മുടെ ബാധ്യതയാണ്‌.

ഉദയം പഠനവേദി.