നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, May 23, 2019

ഉദയം ഇഫ്‌ത്വാര്‍ സം‌ഗമം ധന്യമായി

ദോഹ:സത്യവും അസത്യവും വേര്‍ത്തിരിക്കപ്പെട്ട റമാദാനിലെ ചരിത്ര പ്രധാന ദിനങ്ങളിലൂടയാണ്‌ നാം കടന്നു പൊയ്‌കൊണ്ടിരിക്കുന്നത്. യാദൃശ്ചികമെന്നോണം നമ്മുടെ രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ നന്മയുടേയും തിന്മയുടേയും സം‌ഘങ്ങള്‍ വേര്‍‌തിരിക്കപ്പെടുന്ന ഒരു വിധി ദിനത്തിനും നാം സാക്ഷികളാകാന്‍ പോകുന്നു.അലി കുഞ്ഞി മണ്ണില്‍ പറഞ്ഞു.എഫ്‌.സി.സിയില്‍ ഉദയം പഠനവേദി ഒരുക്കിയ ഇഫ്‌ത്വാര്‍ സം‌ഗമത്തില്‍ സന്ദേശം നല്‍‌കുകയായിരുന്നു അലി കുഞ്ഞി സാഹിബ്‌.

ആര്‍‌ക്കും പ്രവചിക്കാന്‍ പോലും സാധ്യമല്ലാത്ത വിധം പ്രവചനങ്ങള്‍ പോലും താറുമാറായ കാലം.ഈ കെട്ട കാലത്തും വികാരങ്ങള്‍ക്ക്‌ അടിമപ്പെടാതെ വിചാരങ്ങള്‍‌ക്ക്‌ മൂര്‍‌ച്ച കൂട്ടാന്‍ വിശ്വാസികള്‍‌ക്ക്‌ കഴിയണം.ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍‌വഹിച്ച്‌ ഭരമേല്‍‌പിക്കേണ്ടവനില്‍ ഭരമേല്‍‌പിച്ച്‌ സഹനത്തിന്റെയും ക്ഷമയുടേയും പാതയില്‍ ആത്മ വിശ്വാസത്തോടെ നടന്നു നീങ്ങണം.നന്മയുടെ പാതയിലുള്ളവര്‍ അടിപതറാന്‍ പാടില്ല.എണ്ണമല്ല മറിച്ച്‌ മേന്മയിലാണ്‌ പ്രധാനം.ഒരു പക്ഷെ നാം ആഗ്രഹിക്കാത്ത ഒരു ഫല പ്രഖ്യാപനം ഉണ്ടായാല്‍ പോലും എല്ലാം അസ്‌തമിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വിപ്ലവകരമായ ഒരു ദര്‍‌ശനത്തിന്റെ വാഹകര്‍‌ക്കും ചരിത്രങ്ങളുടെ രചയിതാക്കള്‍‌ക്കും ഭൂഷണമല്ല. അലി കുഞ്ഞി മണ്ണില്‍ വിശദീകരിച്ചു.

ഉദയം മേഖലയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ഫിദ മുഖ്‌താറിനും,മുഹമ്മദ്‌ സാഹിലിനും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ്‌ ഷറഫു ഹമീദും,സി.ഐ.സി റയാന്‍ സോണ്‍ വൈസ്‌ പ്രസിഡന്റ്‌ അലി കുഞ്ഞി സാഹിബും പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍‌കി ആദരിച്ചു.

ഉദയം പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സം‌ഗമത്തില്‍ വൈസ്‌ പ്രസിഡന്റ്‌ എം.എം അബ്‌ദുല്‍ ജലീല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി നൗഷാദ്‌ പി.എ നന്ദിയും പ്രകാശിപ്പിച്ചു.ഉദയം സീനിയര്‍ അം‌ഗങ്ങളായ എന്‍.പി അഷ്‌റഫ്‌,വി.പി ഷം‌സുദ്ദീന്‍, കെ.എച്ച് കുഞ്ഞു മുഹമ്മദ്‌,എ.പി അബ്‌ദുല്‍ അസീസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍‌കി.

മേഖലയിലെ കുടും‌ബങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട്‌ ഇഫ്‌ത്വാര്‍ സം‌ഗമം ധന്യമായി.പ്രവര്‍‌ത്തക സമിതിയിലെ ജൂനിയര്‍ അം‌ഗങ്ങളുടെ അവസരോചിതമായ സഹകരണം പ്രശം‌സിക്കപ്പെട്ടു.