ദോഹ:അവസരത്തിനൊത്ത് ഉണരുകയും ഉയരുകയും ചെയ്യേണ്ട കാലത്ത് കൂടെയാണ് നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.എല്ലാ അര്‍ഥത്തിലും ശുദ്ധിയും ശുചിത്വവും അതി ജാഗ്രതയോടെയുള്ള അടക്ക അനക്കങ്ങളും പാലിക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് മാത്രമേ ഈ ലോകത്ത് ജീവിക്കാന്‍ അവകാശമുള്ളൂ എന്നാണ് ഒരര്‍ഥത്തില്‍ പ്രകൃതി മനുഷ്യ കുലത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. അഹങ്കാരിയായ ആധുനിക മനുഷ്യനെ അതി സൂക്ഷ്‌മമായ ഒരു അണുവിന്റെ വ്യാപനത്തില്‍ നിശ്ചലമാക്കി നിര്‍ത്തുന്ന കാവ്യ നീതിയ്‌ക്ക് മുന്നില്‍ വര്‍ത്തമാന ലോകം കൈകൂപ്പി നില്‍ക്കുകയാണ്.ഉദയം പഠനവേദി സൂം ഓണ്‍ലൈവില്‍ വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തക സമിതി വിലയിരുത്തി.
അംഗസ്‌നാനത്തിന്റെ പ്രാധാന്യം അടിവരയിടപ്പെടുന്ന നാളുകള്‍ സമാഗതമായപ്പോളാണ് അത് നിത്യവും ചുരുങ്ങിയത് അഞ്ച് നേരമെങ്കിലും നിര്‍വഹിക്കുന്നവര്‍ പോലും അന്താളിച്ചു പോകുന്നത്.നമ്മുടെ പെറ്റമ്മയും പോറ്റമ്മയും എന്ന രണ്ട് രാജ്യങ്ങളും ലോകം മുഴുവനും അതീവ ജാഗ്രത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒന്നിനേയും നിസ്സാര വത്‌കരിക്കാതെ ഗൗരവ പൂര്‍വ്വം മുന്നോട്ട് പോകുന്നതാണ് ബുദ്ധി.യോഗത്തില്‍ വിശദീകരിക്കപ്പെട്ടു.
റമദാന്‍ സമാഗതമാകുന്നതിന്റെ മുമ്പ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നും പൂര്‍ണ്ണമുക്തി നേടുമെന്ന് പ്രതീക്ഷിക്കാം.അവസ്ഥകള്‍ ശാന്തമാകുന്നതോടെ റമദാനിലെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ നടത്താന്‍ കഴിയുമോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ ആലോചിക്കാം.ഏതായാലും സാങ്കേതിക സൗകര്യം ഉപയോഗപ്പെടുത്തി ഓണ്‍ ലൈന്‍ ഒത്തു കൂടല്‍ സാധ്യമാകുമെങ്കില്‍ ഓരോ വാരത്തിലും ആകാവുന്നതാണെന്ന അഭിപ്രായം സ്വാഗതം ചെയ്യപ്പെട്ടു.
പ്രത്യേക സാഹചര്യത്തെ മുന്‍ നിര്‍ത്തി വിളിച്ചു ചേര്‍ക്കപ്പെട്ട ഓണ്‍ലൈന്‍ യോഗ മാതൃക പ്രശംസിക്കപ്പെട്ടു.വര്‍ത്തമാന ലോകത്തിന്റെ തേട്ടമനുസരിച്ച് അതതു കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അടിവരയിടപ്പെട്ടു.
മുന്‍ കരുതല്‍ വാസത്തിന്റെ ഭാഗമായി നിശ്ചലമായ അവസ്ഥയും സമയവും യുക്തി ദീക്ഷയോടെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും,പഠന പാരായണങ്ങള്‍ക്കും വൈജ്ഞാനികവും ക്രിയാത്മകവുമായ സാധ്യതകള്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കണമെന്നും ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ചു കൊണ്ട് ഓര്‍മ്മിപ്പിക്കപ്പെട്ടു.
അബ്‌ദുല്‍ ജലീല്‍ എം.എം,അഷറഫ് എന്‍.പി,നൗഷാദ് പി.എ,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,ജാസ്സിം എന്‍.പി, ഷംസുദ്ധീന്‍ വി.പി,അബ്‌ദുല്‍ ജലീല്‍ വി.വി,ഷമീര്‍ ഇബ്രാഹീം,ഫര്‍ഹാന്‍ മുഹമ്മദ്,മുഖ്‌താര്‍ എം.എം,ഷാജുദ്ദീന്‍ എം.എം തുടങ്ങിയവര്‍ പങ്കെടുത്തു.
മഹാമാരിയുമായി ബന്ധപ്പെട്ട ബോധവത്‌കരണങ്ങള്‍ കൃത്യവും വ്യക്തവുമായ ശീലിലും ശൈലിയിലും രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭ്യമാകുന്നത് പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവശ്യം ആവശ്യമായ തൊട്ടുണര്‍ത്തുലകള്‍ ഉദയം പഠനവേദിയുടെ മീഡിയകളിലൂടെയും പ്രസാരണം ചെയ്യുന്നുണ്ട്.അത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും എല്ലാ അര്‍ഥത്തിലും തുടരും എന്നും യോഗം ഉപസംഹരിച്ചു കൊണ്ട് അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ പറഞ്ഞു. അടുത്തവാരം ചൊവ്വാഴ്‌ച വീണ്ടും സംഗമിക്കാമെന്ന ധാരണയോടെ യോഗം സമാപിച്ചു.
നിര്‍ണ്ണിത സമയം അനുസരിച്ച് 45 മിനിറ്റ് സമയ ക്രമം മതിയാകാതെ വന്നപ്പോള്‍ തല്‍സമയം പുതുക്കി യോഗം തുടരുകയാണ് ചെയ്‌തത്.
....................
അനുബന്ധം:-
നമ്മുടെ ഓണ്‍ ലൈന്‍ യോഗം ഫലപ്രദമാകാനുതകുന്ന ചില കാര്യങ്ങള്‍:-ആദ്യമായി ഓഡിയോ വീഡിയോ ക്രമീകരണങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവണം.വോയ്‌സ് മ്യൂട് ചെയ്‌തു വെക്കണം.സംസാരിക്കുന്ന വ്യക്തി മാത്രമേ മൈക് ഓണ്‍ ചെയ്യാവൂ.ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ കൈ ഉയര്‍ത്തി അനുവാദം ചോദിക്കുകയും അനുവദിക്കപ്പെടുന്ന വ്യക്തി മാത്രം സംസാരിക്കുകയും വേണം.ഷഡ്യൂള്‍ ചെയ്‌തു വെക്കുന്ന യോഗം 40/45 മിനിറ്റില്‍ സമയ പരിതി കഴിയുന്നതോടെ പൂര്‍ത്തിയാകും.അജണ്ട തീരാത്ത സാഹചര്യത്തില്‍ ഉടനെ പുതിയ ഷഡ്യൂളില്‍ യോഗം തുടരാം.