നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, June 10, 2021

സഈദ് അലി മൗലവി അന്തരിച്ചു

ദോഹ-ഖത്തറിലെ പ്രമുഖ ഗായകനും സംഘാടകനുമായ മുഹമ്മദ് ത്വയ്യിബിന്റെ പിതാവ് കുറ്റിക്കോടന്‍ സഈദ് അലി മൗലവി അന്തരിച്ചു.90 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയിരുന്ന മൗലവിക്ക് ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ശിഷ്യഗണങ്ങളും സുഹൃത്തുക്കളുമുണ്ട് . ശാന്തപുരം ഇസ് ലാമിയ കോളേജിലടക്കം നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായി ജോലി ചെയ്‌‌തിട്ടുണ്ട്.

ത്വയ്യിബിനെ കൂടാതെ മൂത്ത മകന്‍ അഷ്‌റഫലിയും ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഖൈറുന്നീസ ബീഗം, ബുഷ്‌റ ബീഗം, ഹമീദ ബീഗം, ത്വാഹിറ ബീഗം, മുംതാസ് ബീഗം എന്നിവരാണ് മറ്റു മക്കള്‍. ഖദീജയാണ് ഭാര്യ.മുഹമ്മദ് മുസ്തഫ ( പൂക്കാട്ടിരി), സെയ്‌‌തലവി ( മക്കരപ്പറമ്പ), സെ്‌‌യ്‌താലി ( വടക്കാങ്ങര), റഹ് മതുല്ല ( വാണിയമ്പലം ) , നജീബ് ( വടപുറം) ഐഷ റോഷ്‌നി ( പെരിന്തല്‍മണ്ണ) ഫാത്തിമ ബീഗം ( വളാഞ്ചേരി) എന്നിവര്‍ മരുമക്കളാണ്.ഖബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് ജന്മദേശമായ കട്ടുപ്പാറയില്‍ നടക്കും.
=========
സ‌ഈദ് അലി മൗലവിയെ ഓര്‍‌ത്തു കൊണ്ട്‌ വി.കെ അലി സാഹിബ്‌ എഴുതിയ കുറിപ്പ്‌ താഴെ.പഴയ കാല ഖത്തര്‍ പ്രവാസികള്‍‌ക്ക്‌ ഗൃഹാതുരത്വം നല്‍‌കുന്ന ചിത്രങ്ങള്‍...

===========

ഇസ്ലാമിക വൈജ്ഞാനിക, കാർമ്മികരംഗങ്ങളിൽ ലോക രാജ്യങ്ങളിൽ, പ്രകാശ ഗോപുരങ്ങളായ  ദീപ സംതഭങ്ങളായി നിലക്കൊള്ളുന്ന,ദീനിൽ അവഗാഹ പാണ്ഡിത്യവും , മുജദ്ദിദുകളുമായ ശൈഖ്.യൂസുഫ് ഖർളാവി,ശൈഖ്. അബ്‌‌ദുല്‍ മുഈസ്, ശൈഖ്.അബ്‌‌ദുല്‍ ലത്തീഫ് തുടങ്ങിയവരാൽ അനുഗ്രഹീതമായ കൊച്ചു രാജ്യമായ ഖത്തറിൽ ധാരാളം മലയാളികള്‍ വന്നുകൊണ്ടിരിക്കുന്ന സുവർണ്ണാവസരമായിരുന്നു.  75 - 85 കാലഘട്ടം.

കേരളത്തിലെ ആധുനിക ഇസ്ലാമിക കലാലയങ്ങളായ ശാന്തപുരം, ചേന്ദമംഗല്ലൂർ എന്നീ സംസ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയവരുടെ കൂട്ടത്തിൽ വൈജ്ഞാനിക മണ്ഡലങ്ങളിലും  പ്രബോധന രംഗത്തും പല സവിശേഷ ഗുണങ്ങളാൽ അനുഗ്രഹീതരായ,ഇസ്ലാമിക ദഅ്‌വ രംഗത്ത് ഉജ്ജ്വലരായി പ്രശോഭിച്ചിരുന്ന, സലീം മൗലവി,വി.കെ അലി സാഹിബ്, അബ്‌‌ദുല്ല ഹസ്സൻ സാഹിബ്, ഒ.അബ്‌‌ദുറഹിമാൻ സാഹിബ്, ഒ.അബ്‌‌ദുല്ല സാഹിബ്, ഒ.പി ഹംസ സാഹിബ്, എ. മുഹമ്മദലി സാഹിബ് എന്നീ പണ്ഡിതന്മാരുടെ കൂടെ പള്ളി ദര്‍സുകളിലും അറബി കോളേജുകളിലും പഠനം പൂർത്തിയാക്കിയ ഖുർആനിലും ഹദീഥിലും ഫിഖ്ഹിലും അവഗാഹ പാണ്ഡിത്യമുള്ള ഖാസിം മൗലവിയും സഈദ് മൗലവിയും അക്കുട്ടത്തിലുണ്ടായിരുന്നു.

1976,77 ഇന്ത്യയി ൽ  അടിയന്തിരാവസ്ഥാ കാലഘട്ടമായിരുന്നുവല്ലൊ.

1977 ലാണ്  മേലെ പറഞ്ഞ പണ്ഡിതന്മാർ ഒരുമിച്ചു കൂടി ഖത്തറിൽ ഇന്ത്യൻ ഇസ്ലാമിക്ക് അസ്സോയേഷൻ (ഐ.ഐ.എ) എന്ന സംഘടന ഖത്തറിൽ രൂപീകരിക്കുന്നത്.76 ൽ  ഖത്തറിൽ എത്തിച്ചേർന്ന ഈ എളിയവനും ആ കൂട്ടത്തിലുണ്ടായിരുന്നു.

ആ കാലഘട്ടത്തിൽ കേരളത്തിൽ നിന്നു എത്തിച്ചേർന്നവരിൽ ദീനീ വിദ്യാഭ്യാസമോ ഭൗതിക വാദ്യാഭ്യാസമോ ഇല്ലാത്തവരായിരുന്നു മുസ്ലിമീങ്ങളിൽ ഭൂരിപക്ഷം പേരും.എന്തിനേറെ പറയണം നമസ്കരിക്കാൻ  പോലും പള്ളികളിൽ പോകാറില്ലായിരുന്നു. ആ സമയത്താണ് സന്മാർഗ്ഗത്തിന്റെ പ്രകാശം ലഭിക്കാത്ത, അജ്ഞതയുടെ അന്ധകാരത്തിൽ ഉഴലുന്ന ജന സാഗരത്തെ,മേലെ പറഞ്ഞ മഹാ പണ്ഡിതന്മാർ ദോഹയിൽ അപരിചിതത്വം കൊണ്ടോ എന്തോ അവരവരുടെ റൂമുകളിൽ ഒതുങ്ങി കൂടി കഴിയുമ്പോൾ,ഖാസിം മൗലവിയും സ‌ഈദ് മൗലവിയും പള്ളികളിലും റൂമുകളിലുമായി ഖുർആൻ ക്ലാസ്സുകൾ ആരംഭിക്കുന്നത്.

ഈ എളിയവനും ഖാസിം മൗലവിയു‌ടെ നാട്ടുകാരനും അഴീക്കോട് കൊടുങ്ങല്ലൂർക്കാരനായ ഗഫൂർ സാഹിബും കൂടി  ഖത്തറിന്റെ നാനാ ഭാഗത്തും ഈ 2 പണ്ഡിതന്മാരെ ഉപയോഗപ്പെടുത്തി വ്യവസ്ഥാപിതമായി ക്ലാസ്സുകൾ സംഘടിപ്പിക്കുകയും നിലനിർത്തുകയും ചെയ്‌‌തത്. ആ കാലഘട്ടത്തിൽ സുന്നി മുജാഹിദ് തബ്ലീഗ് ജമാഅത്ത് എന്ന ആശയപരമായ സംഘടനാ വിത്യാസമില്ലാതെ നമ്മുടെ ക്ലാസ്സുകളിൽ എല്ലാവരും പങ്കെടുക്കുമായിരുന്നു.

ഈ 2 പണ്ഡിതമാരും,നാടൻ ഭാഷയിൽ പറഞ്ഞാൽ "സാധാരക്കാരിൽ സാധാരണക്കാരായ" ആളുകളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചവരായിരുന്നു.

സ‌ഈദ് അലി മൗലവിയുടെ അനുസ്‌‌മരണത്തിലാണല്ലൊ നാം ഇപ്പോൾ ഉള്ളത്. മൗലവി, പാണ്ഡിത്യത്തിന്റെ ഒരു ഗർവ്വോ നാട്യമോ ഇല്ലാത്ത പെരുമാറ്റത്തിൽ വളരെ എളിമത്തരം കാത്തുസൂക്ഷിച്ചിരുന്ന വിനയാന്വിത സ്വഭാവമുള്ള ഒരു ഒരു വ്യക്തിത്വമായിരുന്നു. മേലെ പറഞ്ഞ സാധാരണക്കാരുടെ കൂടെ ഒരു സാധാരണക്കാരനായി,മഹാ പണ്ഡിതനായ അദ്ദേഹം സദാ സമയവുമുണ്ടാകുമായിരുന്നു. അദ്ദേഹത്തിന്റെ സഹവാസം അവർക്ക് മനസ്സിനു കുളിർമ്മയേകിയിരുന്നുവെന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞത്.

ജമാഅത്ത് ആശയം നേർക്കു നേരെ പറയുകയില്ലെങ്കിലും ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർ ക്രമേണ, ജീവിതത്തിന്റെ നിഖില മേഖലകളെ സമഗ്രമായി ഉൾക്കൊള്ളുന്ന ജമാഅത്തെ ഇസ്ലാമി യുടെ ആശയം ഉൾക്കൊണ്ട് നല്ല ആത്മാർത്ഥതയുള്ള പ്രവർ‌ത്തകരായി മാറുമെന്നതാണ് അദ്ദേഹത്തിന്റെ ക്ലാസ്സി‌ന്റെ പ്രത്യേകത.

സർവ്വ കാരുണികനായ അല്ലാഹു ദീനീ രംഗത്തുള്ള അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും എല്ലാ പോരായ്‌‌മകളും പരിഹരിച്ച് സ്വീകരിച്ച് പാപങ്ങളെല്ലാം പൊറുത്തു കൊടുത്തു ജന്നാത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനം നല്‍‌കി അനുഗ്രഹിക്കുമാറാകട്ടെ امين
 
അദ്ദേഹത്തിന്റെ പത്നിക്കും മക്കൾ ക്കും മറ്റെല്ലാ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ താല്ക്കാലിക വേർപാടിൽ ക്ഷമയും സമാധാനവും ശാന്തിയും പ്രദാനം ചെയ്യുമാറാകട്ടെ....