നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, September 18, 2021

ഹുസൈന്‍ അനുസ്‌മരണം

ദോഹ:ഒരു മടക്ക യാത്രയെ എന്നത്തെക്കാള്‍ കൂടുതല്‍ ഓ‌ര്‍‌മ്മിക്കപ്പെടുന്ന വിശേഷങ്ങളുടെ കാലം.പരസ്‌‌പരം ഒരുമിച്ചിരിക്കാനും സ്‌നേഹാന്വേഷണങ്ങള്‍‌ക്കു പോലും ഒത്തു ചേരാനാകാത്ത കാലം.


എല്ലാ അര്‍‌ഥത്തിലും സ്വന്തത്തിലേക്ക്‌ ഉള്‍‌വലിഞ്ഞ വല്ലാത്ത കാലം. മനുഷ്യര്‍ ഇങ്ങനെയൊന്നും ആകരുതെന്ന്‌ ചിന്തിക്കുന്നവര്‍‌ക്ക്‌ പോലും കരുതല്‍ വാസത്തിന്റെയും മുന്‍ കരുതലിന്റെയും മഹാമാരിയുടെ പശ്ചാത്തല മുന്നറിയിപ്പുകളുടെ പാഠം പഠിപ്പിക്കുന്ന അതിനൂതന കാലം.

എല്ലാം ഔദ്യോഗികവും സാങ്കേതികവുമാകുന്ന ഈ കാലത്ത് പ്രതീക്ഷയുടെ തുരുത്തായി മാറിയ ആധുനിക വിദ്യയുടെ പ്രതലങ്ങളിലും ജാലകങ്ങളിലും തിരക്കേറുന്ന വിവര സാങ്കേതിക കാലം. എണ്ണിതിട്ടപ്പെടുത്തനാകാത്ത അനുഗ്രഹങ്ങള്‍ എന്ന ദിവ്യാക്ഷരങ്ങള്‍‌ക്ക്‌ തിളക്കം കൂടുന്ന സം‌ഭവ ബഹുലമായ കാലം.ഈയൊരു കോലം കെട്ട കാലത്തും നമുക്ക്‌ ഒരുമിച്ചിരിക്കാനായതില്‍ ദൈവത്തെ സ്‌തുതിക്കാം.

വിടപറഞ്ഞ കെ.കെ ഹുസൈന്‍ സാഹിബിനെ അനുസ്‌മരിക്കാനായി സൂം ജാലകം വഴി ഖത്തര്‍ മാധ്യമം ക്ലബ്ബ്‌ ഒരുക്കിയ സദസ്സ് അക്ഷരാര്‍‌ഥത്തില്‍ ദുഃഖസാന്ദ്രമായിരുന്നു.

ബഹളങ്ങളില്ലാതെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിഷ്‌‌കളങ്കമായി നിര്‍‌വഹിച്ചു പോന്ന സൗമ്യ ശീലന്‍.സമയ നിഷ്‌‌ഠ ജീവിതത്തിന്റെ എല്ലാതലങ്ങളിലും കര്‍‌ശനമായി പാലിക്കുകയും അതിനെ പ്രചോദിപ്പിക്കുകയും ചെയ്‌തിരുന്ന കാര്‍‌ക്കശ്യക്കാരന്‍.വിശ്വാസി എന്ന നിലക്ക്‌ നിര്‍‌ബന്ധമായി അനുശാസിപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളിലും കൃത്യതയും സൂക്ഷ്‌‌മതയും പുലര്‍‌ത്തിയ വ്യക്തിത്വം.പ്രാദേശിക സം‌വിധാനം വഴി തന്റെ നിര്‍‌ബന്ധ ദാനത്തിലെ വിഹിതം മുറതെറ്റാതെ ബന്ധപ്പെട്ടവരെ ഏല്‍‌പിക്കുന്നതില്‍ അതി ജാഗ്രത പുലര്‍‌ത്തിയിരുന്ന നിഷ്‌കളങ്കനായ വ്യക്തിത്വം.അനുസ്‌‌മരണ സദസ്സില്‍ ഓര്‍‌മ്മിക്കപ്പെട്ടു.

ഹുസൈന്‍ സാഹിബിന്റെ വിയോഗത്തില്‍ കുടും‌ബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതോടൊപ്പം,അനാഥമായ കുടും‌ബത്തിന്‌ എല്ലാ അര്‍‌ഥത്തിലും സാന്ത്വനമാകാന്‍,അദ്ദേഹം പ്രതിനിധാനം ചെയ്‌ത കൂട്ടായ്‌മകള്‍‌ക്ക്‌ ധാര്‍‌മ്മികമായ ഉത്തരവാദിത്തം ഉണ്ടെന്നും സദസ്സില്‍ സൂചിപ്പിക്കപ്പെട്ടു.

ശ്രീ ആവണി വിജയകുമാറിന്റെ അധ്യക്ഷതിയില്‍ ചേര്‍‌ന്ന യോഗത്തില്‍ പഴയ കാല പ്രവര്‍‌ത്തകരും ഉദയം പഠനവേദി സാരഥികളും സംബന്ധിച്ചു.അറക്കല്‍ ഖാലിദ്,എ.വി.എം ഉണ്ണി,നജീബ്‌ മാടായി,റഷീദ്‌ അഹമ്മദ്,ഫരീദ്‌ തിക്കൊടി,അബ്‌ദുല്‍ ജലീല്‍ കുറ്റ്യാടി,റഫീഖ്‌ മേച്ചേരി,ബഷീര്‍ ചാവക്കാട്‌,ശോഭ നായര്‍,മോളി അബ്രഹാം,അസീസ് മഞ്ഞിയില്‍,എം.എം അബ്‌‌ദുല്‍ ജലീല്‍,വി.വി അബ്‌ദുല്‍ ജലീല്‍,കെ.എച് കുഞ്ഞു മുഹമ്മദ്,എം.എം ഷാജുദ്ദീന്‍,ആര്‍.വി അബ്‌ദു,പി.എ ഷം‌സുദ്ദീന്‍ തുടങ്ങിയ സഹൃദയരുടെ സാന്നിധ്യം കൊണ്ട്‌ സദസ്സ്‌ ധന്യമായി.

സങ്കേതിക കാരണങ്ങളാൽ കൃത്യസമയത്ത് എത്തി ചേരാൻ സാധിക്കാതിരുന്ന മുൻ പ്രസിഡണ്ട് ശ്രീ ഗോപിനാഥ് കൈന്താർ ശബ്‌‌ദ സന്ദേശമയച്ചു.സുഹൈല്‍ ശാന്തപുരം സ്വാഗതവും നന്ദിയും പ്രകാശിപ്പിച്ചു.